04/02/2024
ആറ്റിങ്ങലിന് നരേന്ദ്രമോദി നൽകിയ ഗ്യാരണ്ടിയാണ് വി.മുരളീധരൻ
വൈദേശിക ശക്തികൾക്കെതിരെ സംസ്ഥാനത്ത് ആദ്യമായി സംഘടിതമായ പ്രതിരോധം തീർത്ത മണ്ണാണ് ആറ്റിങ്ങൽ. 1697ൽ തന്നെ ഇവിടുത്തുകാർ വെള്ളക്കാരുടെ ഭരണത്തെ ചോദ്യം ചെയ്തു തുടങ്ങി. 1721ൽ ബ്രിട്ടീഷുകാർ ആദ്യമായി തിരുവിതാംകൂറുകാരുടെ പോരാട്ട വീര്യം അറിഞ്ഞു. അതായിരുന്നു പുകൾപെറ്റ ആറ്റിങ്ങൽ കലാപം. ആത്മാഭിമാനം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്നവരാണ് ഈ നാട്ടുകാരെന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അന്ന് ബോധ്യപ്പെട്ടു. ഇന്ന് ഇതാ വീണ്ടും ഈറ്റ് ഇന്ത്യാ കമ്പനിയെ തുരത്താനുള്ള തയ്യാറെടുപ്പിലാണ് ആറ്റിങ്ങൽ പാർലമെന്റിലെ ജനങ്ങൾ. വർഷങ്ങളോളം ആറ്റിങ്ങലിനെ ലോകസഭയിൽ പ്രതിനിധീകരിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. അവർ ഈ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാത്തത് കൊണ്ട് തലസ്ഥാന ജില്ലയിലായിരുന്നിട്ട് കൂടി ആറ്റിങ്ങൽ കേരളത്തിലെ ഏറ്റവും പിന്നാക്ക മണ്ഡലങ്ങളിലൊന്നായി മാറി. കഴിഞ്ഞ തവണ വലതൻമാർക്ക് ഈ നാട്ടുകാർ ഒരു അവസരം കൊടുത്തു. എന്നാൽ ഇലക്ഷന് ശേഷം ഇവിടെ നിന്നും ജയിപ്പിച്ചുവിട്ട എംപിയെ ആറ്റിങ്ങലുകാർ കണ്ടിട്ടില്ല. ഇപ്പോഴിതാ ഇടതനും വലതനും നിലനിൽപ്പിന് വേണ്ടി ഒന്നിച്ച് ഈറ്റ് ഇന്ത്യാ കമ്പനിയായി വരുകയാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കൊടുത്തതിന് സമാനമായ മറുപടി ഈറ്റിന്ത്യാ കമ്പനിക്കും കൊടുക്കാൻ ഈ നാട്ടിലെ ദേശീയവാദികൾക്ക് ഇതിലും നല്ലൊരു അവസരം ഇനിയുണ്ടാവില്ല.
എല്ലാവരാലും അവഗണിക്കപ്പെട്ട ആറ്റിങ്ങലിനെ ചേർത്തുനിർത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ വിശ്വസ്തനായ സഹപ്രവർത്തകൻ കേന്ദ്രമന്ത്രി വി.മുരളീധരനെ തന്നെ ആറ്റിങ്ങലിന്റെ വികസന പിന്നാക്ക അവസ്ഥ പരിഹരിക്കാൻ പ്രധാനമന്ത്രി അയച്ചു. കഴിഞ്ഞ അഞ്ചുവർഷമായി ആറ്റിങ്ങലുകാർ ജയിപ്പിച്ചുവിട്ട എംപി തിരിഞ്ഞു നോക്കാത്ത മണ്ഡലത്തിൽ വി.മുരളീധരൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ 6,000 കോടി രൂപയുടെ പദ്ധതിയാണ് ആറ്റിങ്ങലിൽ പ്രഖ്യാപിച്ചത്. വർക്കല റെയിൽവെ സ്റ്റേഷൻ രാജ്യത്തെ തന്നെ ഏറ്റവും മികച്ച റെയിൽവെ സ്റ്റേഷനുകളിൽ ഒന്നാകാൻ പോവുന്നു. നിരവധി കേന്ദ്ര പദ്ധതികൾ ആറ്റിങ്ങലിൽ നടപ്പാക്കാൻ വി.മുരളീധരന് സാധിച്ചു. അതാണ് നരേന്ദ്രമോദിയുടെ ആറ്റിങ്ങലുകാർക്കുള്ള ഗ്യാരണ്ടി. നരേന്ദ്രമോദിയുടെ ഭരണത്തിൽ പങ്കാളിയാവാൻ ഒരു ജനപ്രതിനിധിയെ ആറ്റിങ്ങലുകാർ ദില്ലിയിലേക്ക് അയച്ചാൽ ഒരു സംശയവും വേണ്ട കേരളത്തിലെ നമ്പർ വൺ പാർലമെന്റ് മണ്ഡലമായി ആറ്റിങ്ങൽ മാറും.
ആവേശോജ്ജ്വലമായ സ്വീകരണമാണ് ആറ്റിങ്ങലിൽ കേരള പദയാത്രയ്ക്ക് ലഭിച്ചത്. രാവിലെ വർക്കല ജനാർദ്ദന സ്വാമിയെ തൊഴുതാണ് മണ്ഡലത്തിലെ പര്യടനം ഞങ്ങൾ ആരംഭിച്ചത്. കോവളത്തെ പോലെ തന്നെ വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ട ഇടമാണ് വർക്കല കടപ്പുറവും ക്ലിഫ് ബീച്ചുമെല്ലാം. എന്നാൽ ടൂറിസം വകുപ്പിന്റെ അലംഭാവം കാരണം ആ നിലയിലേക്ക് ഉയരാൻ വർക്കലയ്ക്ക് സാധിക്കുന്നില്ല. ശ്രീനാരായണ ഗുരുദേവന്റെ ശിവഗിരി മഠം സന്ദർശിക്കാനായത് ഭാഗ്യമായി കരുതുന്നു. ശിവഗിരിയിലെ സ്വാമിമാരോടൊപ്പമായിരുന്നു പ്രാതൽ. എന്തൊരു ഊർജമാണ് ഈ മണ്ണിൽ നിന്നും പ്രസരിക്കുന്നതെന്ന് ചിന്തിച്ചുപോയി. ആത്മീയ ഭാരതത്തിന്റെ മർമ്മങ്ങളിലൊന്നാണ് ഈ പുണ്യഭൂമിയെന്ന് പറയാതെ വയ്യ. അന്ന് എതിർത്തവർ പോലും ഇന്ന് ഗുരുദേവനെ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. അല്ലെങ്കിലും നിത്യന്യൂതനമാണല്ലൊ സനാതനധർമ്മവും അതിന്റെ പതാകവാഹകരും. മണ്ഡലത്തിലെ വിവിധ സാമുദായിക നേതാക്കളെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ കൂടെ സന്ദർശിച്ചു. എല്ലാവരും മോദി ഗ്യാരണ്ടി സ്വീകരിച്ചു കഴിഞ്ഞു. ജനപങ്കാളിത്തം കൊണ്ടും കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ വ്യത്യസ്ത പ്ലോട്ടുകൾ ഒരുക്കിയും ആറ്റിങ്ങലിലെ പദയാത്ര ശ്രദ്ധിക്കപ്പെടുന്നതായി മാറി. ഇത്രയും നല്ല സ്വീകരണം ഒരുക്കിയ ആറ്റിങ്ങലുകാർക്ക് എന്റെയും കേരളപദയാത്ര ടീമിന്റെയും ഹൃദയം നിറഞ്ഞ നന്ദി.
K.Surendran