14/02/2024
ഒരു
Old love story
അപഥങ്ങൾ
.............................
1
അവൾ വരുമ്പോൾ ഒരു പേരറിയാപ്പൂവിന്റെ സുഗന്ധം അവിടമാകെ നിറഞ്ഞു. നിള കമ്പ്യൂട്ടർസ്ക്രീനിൽ നിന്നു കണ്ണുയർത്തി. നിറയെ പൂക്കളുള്ള ദുപ്പട്ട തോളിലൂടെ അലസമായിട്ട്, ഒരു സുന്ദരി. ആ പൂവുകളാണോ സുഗന്ധം ചുരത്തുന്നത് ?
"ഇരിയ്ക്കൂ.... "
കെന്നി റോജേഴ്സിന്റെ പ്രശസ്തമായ ഗാനം നേർത്ത ശബ്ദത്തിൽ ആ ക്യാബിനിൽ ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു.
....you decorated my life
" ഞാൻ നന്ദിനി, മേഘനാഥന്റെ ഭാര്യ...."
നിളയുടെ നീൾമിഴികളിൽ ഒരു നടുക്കം പിടയുന്നുണ്ടോയെന്ന് നന്ദിനി, നിരീക്ഷിച്ചു. ആഴങ്ങളിൽ വൻചുഴി രൂപപ്പെടുമ്പോഴും പ്രശാന്തമായി ആകാശം നോക്കുന്ന താമരമുഖമോർമ്മവന്നു അവൾക്ക്.
"രണ്ടു വർഷമായി ഞങ്ങൾ പിരിഞ്ഞുകഴിയുകയായിരുന്നു..."
നിള നിശബ്ദയായിരുന്നു. ആ മനോഹരഗാനം അവസാനിച്ചിരിയ്ക്കുന്നു.
നന്ദിനി പോകാനായി എഴുന്നേറ്റു. വാതിൽക്കലോളം നടന്നപ്പോൾ പിന്നിൽ നിളയുടെ സ്വരം കേൾക്കായി.
"നന്ദിനീ...., എനിക്ക് അറിയില്ലായിരുന്നു "
......................
2
പാളത്തിനു സമാന്തരമായി, നീണ്ടുകിടക്കുന്ന വിജനമായ റോഡ്. ആവഴി ഡ്രൈവുചെയ്തു വരികയായിരുന്നു നിള. അകലെനിന്നേ കാണാം, വെയിൽ തിളയ്ക്കുന്ന പാളത്തിലൂടെ ദൂരേയ്ക്ക് നടന്നുനീങ്ങുന്നൊരാൾ ....
അടുത്തെത്തിയപ്പോൾ അവൾ വേഗത കുറച്ചു. റോഡിനും പാളത്തിനുമിടയിൽ കുറ്റിക്കാടുകളുണ്ട്. നിറയെപൂത്ത്, തീവെയിലിൽ കരിഞ്ഞുപോയ പൂങ്കുലകളുണ്ടതിൽ.
നിള, വണ്ടി പാതയോരത്തെ തണൽമരത്തിനുകീഴെ നിർത്തി.
അടുത്തൊരിടത്തും ഒരാൾപോലുമില്ല, ആ ഏകാകിയല്ലാതെ....
ട്രെയിൻ കടന്നുപോകേണ്ട സമയമാണ്.
ചെറുകാടുകൾക്കിടയിലൂടെ നടക്കുമ്പോൾ അവളുടെ കാലുകളിൽ, മുള്ളുകൾ വരഞ്ഞ് മുറിവുകളുണ്ടായി.
പൊളളുന്ന കരിങ്കൽച്ചീളുകൾ വിരിച്ച പാളത്തിനുനടുവിലൂടെ ഒപ്പം നടക്കുമ്പോഴും അയാളതൊന്നുമറിയുന്നില്ലെന്ന് അവൾക്കു തോന്നി.
"ഹേയ്.... ട്രെയിൻ വരുന്നുണ്ട്"
നിള അയാളുടെ കയ്യിൽ പിടിച്ചു. അയാൾ ഒന്നു നടുങ്ങി. പാതിയും മരിച്ചുകഴിഞ്ഞിരിക്കുന്നു എന്നപോലെ അയാളുടെ വിരലുകൾ തണുത്തു തുടങ്ങിയിരുന്നു......
വിറകൊണ്ട ആ കൈയ്യിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
" ട്രെയിൻ വരുന്നു "
അയാൾ അവളെ നോക്കി. ഏതോ ഒരു പെണ്ണ്'.... അവളുടെ മനോഹരമായ മിഴികളിൽ നീർതിളങ്ങുന്നു....
തനിക്കുവേണ്ടി...
അവർ അരികിലേയ്ക്കുമാറിയ നിമിഷം, പുൽക്കാടുകളെ കാറ്റിലുലച്ച്, നിലമാകെ വിറപ്പിച്ച് ട്രെയിൻ കടന്നുപോയി.
അയാളുടെ കൈവിട്ട്, അവൾ നിലത്ത് പാറക്കഷ്ണങ്ങൾക്കു മീതെയിരുന്നു. തൊട്ടു മുൻപനുഭവിച്ച സംഘർഷം അവളെ ക്ഷീണിപ്പിച്ചിരുന്നു.
അവൾ തന്റെ പാദങ്ങളിലേയ്ക്കു നോക്കി.
മുള്ളുകൊണ്ട് അവിടവിടെ ചോര പൊടിഞ്ഞിരിക്കുന്നു. സാരിത്തുമ്പുകൊള്ളുമ്പോൾ വേദനിയ്ക്കുന്നു.
......................
3
ഏതാനും നാൾ കഴിഞ്ഞ്, ഒരു വിവാഹവിരുന്നു നടക്കുന്ന രാത്രിയിൽ, അയാൾ വന്ന് അവളുടെ ചുമലിൽ കൈവച്ചു. തിരിഞ്ഞു നോക്കിയ അവളുടെ നയനങ്ങളിലെ നക്ഷത്രദീപ്തി അയാളുടെ ഉള്ളിലെവിടെയോ അലകളുണർത്തി..
"അറിയുമോ...?" അയാൾ ചോദിച്ചു.
." ഇല്ലല്ലോ... " അവൾ കുസൃതിയോടെ പുഞ്ചിരിച്ചു.
"ഇവിടെയെന്താണ്....? "
" ഞാൻ മേഘനാഥൻ. ഗായകനാണ്. ഞങ്ങൾക്ക് ഇന്നിവിടെ പ്രോഗ്രാമുണ്ട്."
"സുഖമാണോ ?"
മന്ദസ്മിതത്തോടെ അയാളവളുടെ മുഖത്തുനോക്കി ഒരുക്ഷണം നിന്നു. പിന്നെ ഉറക്കെ പാടിക്കൊണ്ട് വധൂവരന്മാരിരിയ്ക്കുന്ന വേദിയിലേയ്ക്ക് കയറിപ്പോയി.
"നിയെന്റെ പ്രാണനിൽ നിലാവായ് നിറയുന്നു അഭൗമസൗന്ദര്യമേ ...."
സംഗീതം മഴപോലെയാണ്. നനഞ്ഞാലും നനഞ്ഞാലും മതിവരാതെ, അവിരാമം പെയ്യുന്ന മഴപോലെ.... പ്രണയi
വുമങ്ങനെ.... നനഞ്ഞാൽ മതിവരാതെ .... മഴപോലെ......
അശുഭചിന്തകൾ മനസ്സിനെ പൊളളിച്ച് പനിച്ചുകിടന്ന ഒരു രാത്രിയിൽ ദൂരെദേശത്തെവിടെയോ നിന്ന് അയാൾ വിളിച്ചു.
"ഞാനൊരു ഗാനം പരിശീലിക്കുകയാണ് നീയതു കേൾക്കുമോ..?"
"....ഉം പാടൂ..."
' "...ദേവശില്പമേ, നീയെന്റെ മുരളിയിൽ
അവിരാമമുണർത്തുന്നു സംഗീതം..."
പിന്നെയോരോ രാവുകളും സാന്ദ്രമായി. സംഗീതമയമായി... കാതോർത്തുകാത്തിരുന്ന രാത്രികൾ.....
നിള തന്റെ ഡയറിയിൽ കുറിച്ചിട്ടു: പൂക്കൾക്ക് കൂടുതൽ സുഗന്ധം... നിശബ്ദതയിൽപോലും സംഗീതം കേൾക്കാവുന്നു. മധുരമീരാഗം ....
.............
4
ഒരു ഈറൻസന്ധ്യയിൽ വെറുതെയെന്തൊക്കെയോ സംസാരിച്ചുകൊണ്ട് പുൽമൈതാനത്തിലൂടെ നടക്കുകയായിരുന്നു അവർ. ഏതോ മരത്തിന്റെ താഴ്ന്ന ചില്ലയിൽ നിന്ന് ഇറുത്തെടുത്ത ഒരു മഞ്ഞപ്പൂങ്കുല അവളുടെ കയ്യിലുണ്ടായിരുന്നു.
"അന്ന്, നമ്മൾ ആദ്യമായി കണ്ട ദിവസം, ആ വഴി നീ എവിടെപ്പോവുകയായിരുന്നു ?" അയാൾ ചോദിച്ചു.
"അന്നോ ?" താഴെ വീണുപോയ ഒരു മഞ്ഞപ്പൂവ് എടുക്കണോ വേണ്ടയോ എന്നു ശങ്കിച്ച് അവൾ ഒരുനിമിഷം നിന്നു
അന്ന്, അന്നാണ് ഭർത്താവ് കാമുകിയോടൊപ്പം......
"മരണം വല്ലപ്പോഴുമൊക്കെ എല്ലാവരെയും പ്രലോഭിപ്പിക്കാറുണ്ട്." അവൾ പറഞ്ഞു.
..................
5
അലയൊടുങ്ങാതെ സാഗരം. തീരത്ത് ആളൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു.
"നീ പോവുകയാണോ...? നീയില്ലാതെ ഞാനില്ല.... സംഗീതമില്ല, ......." മേഘനാഥൻ പറഞ്ഞു.
ചാറിവന്നമഴ കനത്തു പെയ്തു തുടങ്ങി.
"ഒരിക്കൽ ജീവനെക്കാൾ സ്നേഹിച്ചതല്ലേ അവളെ ....? നന്ദിനിയെ ...? അവൾ വന്നിട്ടുണ്ടിവിടെ......"
മഴത്തുള്ളികൾ അവളുടെ നെറ്റിയിലൂടെ, കവിളിലൂടെ ഒഴുകിയിറങ്ങി......
ഗിറ്റാറിന്റെ തന്ത്രികൾ മീട്ടി തഴമ്പുവീണ അയാളുടെ വിരലുകളിൽ ഒന്ന് ഉമ്മവയ്ക്കണമെന്ന് അവൾക്കു തോന്നി. തണുത്തമഴയോടൊപ്പം അവളുടെ നനഞ്ഞ കണ്ണുകളിൽ പെയ്യുന്ന കണ്ണീരിന്റെ ചൂടറിയണമെന്ന് അയാളും...
അവൾ പക്ഷേ, തിരതല്ലുന്ന ആ തീരത്തുകൂടെ അകലേയ്ക്ക് തനിയെ നടന്നുപോയി. എന്നന്നേയ്ക്കുമായി തംബുരുവിന് ശ്രുതി കൈമോശം വന്നിരിയ്ക്കുന്നു. കടലിന് ആത്മവ്യഥയുടെ കരിനീലവർണ്ണം.
നിവർത്തിപ്പിടിച്ച കുടയുമായി, നന്ദിനി മേഘനാഥന്റ അരികിലേയ്ക്കു വരുന്നുണ്ടായിരുന്നു.
(കഥ , ജൂൺ 2018)
................................
ജെസി അന്ന ജേക്കബ്