05/01/2024
സംസ്ഥാനത്ത് ആദ്യമായി തടങ്ങുന്ന ഹോമിയോ ഡി-അഡിക്ഷൻ സെന്റർ കരുനാഗപ്പള്ളിയിൽ....
കരുനാഗപ്പള്ളി : സംസ്ഥാനത്ത് ആദ്യമായി തടങ്ങുന്ന ഹോമിയോ ഡി-അഡിക്ഷൻ സെന്റർ കരുനാഗപ്പള്ളിയിൽ ഒരുങ്ങുന്നു. നഗരസഭയിലെ മൂന്നാം ഡിവിഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ചാണ് സെൻ്റർ തുടങ്ങുക. ഇവിടെ സെൻ്റർ ആരംഭിക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉൾപ്പെടെ ഉള്ളവ സംബന്ധിച്ച പ്രാഥമിക പരിശോധനയ്ക്കായി എക്സൈസ് ആരോഗ്യവകുപ്പ് അധികൃതർ സംയുക്ത പരിശോധന നടത്തി. ഹോമിയോ താലൂക്ക് ആശുപത്രിയിൽ സെൻ്റർ തുടങ്ങുന്നതിന് ആവശ്യമായ മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് സംഘം വിലയിരുത്തി.
മദ്യവും മയക്കുമരുന്നും ഉൾപ്പടെയുള്ളവയ്ക്ക് അടിമപ്പെടുന്നവരെ ഹോമിയോ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ ജില്ലയിൽ പരവൂരിലെ നെടുങ്ങോലത്ത് മാത്രമാണ് അലോപ്പതി മേഖലയിൽ സർക്കാർ തലത്തിൽ ഡി- അഡിക്ഷൻ സെന്റർ പ്രവർത്തിച്ചു വരുന്നത്. എന്നാൽ ഹോമിയോ ചികിത്സാരംഗത്തും 'പുനർജനി ' എന്ന പേരിൽ പദ്ധതി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ഹോമിയോ ഡി അഡിക്ഷൻ സെന്ററാവും കരുനാഗപ്പള്ളിയിൽ പ്രവർത്തനം തുടങ്ങുക. മനോരോഗ വിദഗ്ധനും മനശാസ്ത്ര വിദഗ്ധനും ഉൾപ്പെടെ മൂന്നു ഡോക്ടർമാരുടെയും മൂന്നു നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെയും സേവനം ഇവിടെ ഉണ്ടാകും. കൂടാതെ, മൂന്നൂ ഡോക്ടർമാരുടെ കൂടി സേവനവും ലഭ്യമാക്കും. നിലവിൽ താലൂക്ക് ആശുപത്രിയിൽ ഉള്ള മനോരോഗ വിദഗ്ധൻ്റ സേവനം ഇവിടേക്ക് കൂടി വിട്ടുനൽകും.
എട്ട് കിടക്കകൾക്കുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. രോഗികൾക്കൊപ്പം ഓരോ കൂട്ടിരിപ്പുകാർക്കുള്ള സൗകര്യവും ഏർപ്പെടുത്തും. കൂടാതെ, കായിക വിനോദനങ്ങൾക്കുള്ള സൗകര്യവും ഉണ്ടാകും. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവരിൽ കൂടുതൽപ്പേരെയും നിലവിൽ സ്വകാര്യ ആശുപത്രികളിലെ ഡി- അഡിക്ഷൻ കേന്ദ്രങ്ങളിലാണ് പ്രവേശിപ്പിക്കുന്നത്. ഇതിന് വലിയ തോതിലുള്ള സാമ്പത്തികെ ചെലവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹോമിയോ മേഘലയിൽ കൂടി ഡി - അഡിക്ഷൻ സെൻ്റർ തുടങ്ങുന്നത്. കരുനാഗപ്പള്ളിയിലെ സെന്ററിൽ സമീപ ജില്ലകളിൽ നിന്നുള്ളവർക്കും ചികിത്സയ്ക്കായി ആശ്രയിക്കാനാകും.
നിലവിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ വിമുക്തിയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കരുനാഗപ്പള്ളിയിൽ തന്നെ സംസ്ഥാനത്തെ ആദ്യത്തെ സെൻ്റർ തുടങ്ങാൻ ആലോചിക്കുന്നത്. സെന്ററിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ, കിടക്കകൾ, കെട്ടിട സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭ നിർവഹിച്ചു നൽകുമെന്നും പ്രത്യേക പദ്ധതിയായി ഇത് നടപ്പിലാക്കുമെന്നും സെന്ററിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഹോമിയോ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ വിശദമായ യോഗം ഉടൻ ചേരുമെന്നും നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അറിയിച്ചു. ഡി അഡിക്ഷൻ സെന്റർ തുടങ്ങുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഹോമിയോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി എക്സൈസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൻ വിജിലാൽ, പ്രിവന്റീവ് ഓഫീസർ പി എ അജയകുമാർ, എസ് ആർ ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, സാജൻ, ഹോമിയോ വകുപ്പിലെ പ്രൊജക്റ്റ് സ്റ്റേറ്റ് കൺവീനർ ഡോ മുഹമ്മദ് ടെസ്റ്റ് മാൻ, ഡോ ഹരിലാൽ, ഡോ ദിനേശ്, ഡോ ഹരീഷ് ബാബു, ഡോ രാജീവ് എബ്രഹാം, ഡോ ഭുവനേശ്വരി, ഡോ മിനി, ഡോ ചിത്ര, രാജശ്രീ എന്നിവരും പങ്കെടുത്തു.
ചിത്രം: കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ആശുപത്രിയിൽ എക്സൈസ് - ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.