30/12/2022
പ്രതിഷേധിക്കുന്നവരെ അവര്‍ ദേശദ്രോഹികളാക്കും
ദളിതരും ആദിവാസികളും നേരിടുന്ന നീതിനിഷേവത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരായ വേട്ടയും ഇതോടൊപ്പം ഉയര്‍ന്നുവരുന്ന വിഷയമാണ്. അടിയന്തരാവസ്ഥയെക്കാള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് ജാതിവ്യവസ്ഥയിലൂടെ ഇവര്‍ നേരിടുന്നത്. അധികാരം മാത്രമായിരുന്നു അടിയന്തരാവസ്ഥയിലെ വിഷയം്, അതിനുവേണ്ടി ജനാതിപത്യ അവകാശങ്ങള്‍ നിഷേധിച്ചു. പ്രതിഷേധക്കാരെ ശാരീരികമായി തടവിലാക്കുക മാത്രമല്ല ചിന്തകളെയും ആത്മാവിനെപോലും കൂച്ചുവിലങ്ങിടുന്ന ഹീനമായ തന്ത്രമാണ് ഭരണാധികാരികളും സര്‍ക്കാരുകളും പയറ്റുന്നത്.
സ്വതന്ത്രചിന്തകര്‍ക്കും പുരോഗമനവാദകള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടാകുന്ന ആക്രമണവും അധികാര ദുര്‍വിനിയോഗവും നിര്‍ബാധം തുടരുന്നു. ഗോവിന്ദ് പന്‍സാരെ, കലബുര്‍ഗി, നരേന്ദ്ര ധാബോല്‍ക്കര്‍, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തി ഭീതി സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഏറ്റവും ഉന്നതമായ അക്കാദമിക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കുന്നു.
കേരളത്തിലും സ്ഥിതി മോശമല്ല 'വിദ്യാഭ്യാസം നമ്മുടെ ജന്മാവകാശമാണ്' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. കൊച്ചി രാജേന്ദ്ര മൈതാനത്തിനടുത്തുള്ള ഗാന്ധി സ്‌ക്വയറില്‍ നിന്ന് ഹൈക്കോടതി ജംഗ്ഷനിലേക്ക് ആദിവാസി-പട്ടികജാതി വിഭാഗങ്ങളിലെ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തുടര്‍വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസ അഭിലാഷങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ നടത്തുന്ന സമ്മര്‍ സ്‌കൂള്‍ കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. പുതിയ ഹോസ്റ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ചില ഉദ്യോഗസ്ഥപ്രഭുക്കന്‍മാര്‍ ദളിത് വിദ്യാര്‍ത്ഥികളോട് വ്യക്തമായ വിവേചനം കാണിക്കുതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ദളിതരുടെ ഉന്നമനത്തിനായി ലക്ഷങ്ങള്‍ സര്‍ക്കാര്‍ കടലാസുകളില്‍ മാത്രമായി ഭരണാധികാരികള്‍ മാറ്റുമ്പോഴാണ് ഇവര്‍ക്ക് തെരുവിലിറങ്ങേണ്ടിവരുന്നത്.
കോട്ടയം കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കോളേജിലെ അവസ്ഥയും വ്യത്യസ്ഥമല്ല. വിദ്യാര്‍ത്ഥികളെ കൂടാതെ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു വിഭാഗം തൊഴിലാളികളും ജാതിയുടെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെട്ടു. സ്ഥാപനത്തിലെത് കൂടാതെ മേലുദ്യോഗസ്ഥന്റെ വസതിയിലെ ടോയ്ലറ്റുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കാന്‍ സ്ഥാപന ഡയറക്ടര്‍ ആവശ്യപ്പെടുന്നു.
വീട്ടില്‍ കയറുതിന് മുമ്പ്, അവന്‍ എന്റെ ജാതിയെക്കുറിച്ച് അന്വേഷിക്കുകയും പ്രവേശനത്തിന് മുമ്പ് കുളിച്ച് വസ്ത്രം മാറണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു വെന്ന് ജീവനക്കാരി മാധ്യമങ്ങളോട് പറയുന്നു. പലതവണ ഓഫീസില്‍ പ്രശ്‌നം ഉന്നയിച്ചെങ്കിലും പരാതി ചെവിക്കൊള്ളാന്‍ ആരും തയ്യാറായില്ല. ഗുണനിലവാരമില്ലെന്ന് ആരോപിച്ച് എസ്സി / എസ്ടി വിഭാഗത്തിലെ വിദ്യാര്‍ത്ഥിക്ക് എഡിറ്റിംഗ് കോഴ്സിലേക്കുള്ള പ്രവേശനം നിഷേധിച്ചതും. ഇതേ കോഴ്‌സിലേക്കുള്ള നാല് സംവരണ സീറ്റിലേക്ക് ആളെ എടുക്കാതിരുന്നതും അവരുടെ ജാതിവെറി കൊണ്ടാണെന്ന് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ വിളിച്ചു പറഞ്ഞു. സിനിമാ സംഘടനകള്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രവഹിക്കുന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. അതേസമയം ജനാതിപത്യ സ്വാതന്ത്ര്യത്തിനും തൊഴിലാളികളുടെയും പര്‍ശ്വവര്‍ക്കരിക്കപ്പെട്ടവരടെയും അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയാണിവിടെ.