23/01/2020
ഇന്ത്യ വിഭജിച്ചത് ജിന്നയാണോ...?
===============================
ഇന്ത്യാ പാകിസ്ഥാൻ വിഭജനത്തിന് ഉത്തരവാദി ആരാണ്?
എന്താ സംശയം മുഹമ്മദലി ജിന്ന, ഒരു സെക്കന്റ് പോലും ആലോചിക്കാതെ ആരും മറുപടി പറയും,മുസ്ലിം ലീഗ് കാർ പോലും പറയും അത്രയേറെ കേട്ട് തഴമ്പിച്ചതാണ് ജിന്നയും വിഭജനവും തമ്മിലുള്ള ബന്ധം.
ഈയിടെ കോൺഗ്രസ്സ് നേതാവ് എംഎം ഹസ്സൻ പ്രസംഗിക്കുന്നത് കേട്ട്, അമിത് ഷായെ അമിത് ജിന്ന എന്നാണ് വിശേഷിപ്പിക്കേണ്ടത് അയാൾ മുഹമ്മദലി ജിന്നയെപ്പോലെ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണ്.
സത്യത്തിൽ ഇന്ത്യ വിഭജിച്ചത് ആരാണ്?
ആർക്കു വേണ്ടിയാണ് ഇന്ത്യ വിഭജിച്ചത്?
മുസ്ലിംകൾ ഇന്ത്യയിൽ നിന്ന് അവകാശം വാങ്ങിപ്പോയവരാണ്, ഒരുത്തനെയും ഇവിടെ കണ്ടുപോകരുത് എന്ന ആക്രോശങ്ങൾ കൂടുതൽ ആവേശത്തോടെ മുഴങ്ങുന്ന ഈ കാലത്ത് ജനാതിപത്യ വിശ്വാസികൾ ഇന്ത്യ വിഭജനം ആരുടെ വകയായിരുന്നു എന്ന് അറിഞ്ഞിരിക്കേണ്ടതാണ്
ഇന്ത്യ വിഭജിക്കുക എന്ന ആശയം ആദ്യമായി ആദ്യമായി ഉന്നയിച്ചത്, ആര്യസമാജത്തിന്റെ നേതാവായിരുന്ന ലാല ലജ്പത് റായിയാണ് 1890 ൽ ഖോരക്പൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ അയാൾ ഈ ആവശ്യം ഉന്നയിക്കുമ്പോൾ ജിന്നക്ക് വെറും 14 വയസ്സേയുള്ളൂ, ജിന്ന ജനിച്ചത് 1876 ലാണ്!
ഹിന്ദു മഹാസഭയുടെ പൂർവ്വരൂപമായ ഭാരത് ധർമ്മ മഹാമണ്ഡൽ നേതാവും ജാതിവെറിയനുമായിരുന്ന നാരായൺ ബസുവിൽ നിന്നാണ് വിഭജന ആശയം റായിക്ക് ലാലക്ക് കിട്ടിയത്!
പല തവണ പലയിടങ്ങളിലായി ആര്യസമാജക്കാർ ഉന്നയിച്ച ഈ ആവശ്യം പിന്നീട് സജീവമായി ഉന്നയിച്ചത് വി ഡി സവർക്കാരാണ്, എന്നെ വിട്ടയച്ചാൽ ബ്രിട്ടീഷ് രാഞ്ജിക്ക് വേണ്ടി പണിയെടുത്തുകൊള്ളാമെന്നും സ്വാതന്ത്ര്യ സമരം നടത്തുന്ന യുവാക്കളോട് കാര്യം പറഞ്ഞു മനസ്സിലാക്കി അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാമെന്നും ബ്രിട്ടീഷുകാർക്ക് എഴുതി ഒപ്പിട്ടുകൊടുത്ത് ജയിൽ മോചനം നേടിയ സവർക്കറാണ് ലാല ലജ്പത് റായിയുടെ മുദ്രാവാക്യം ഏറ്റെടുത്തത്, ബ്രിട്ടീഷുകാരുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായാണ് ഇന്ത്യൻ സത്വതന്ത്ര്യ സമരത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ സവർക്കർ സമാനമനസ്കരായ ഹെഡ്ഗേവാർ, ബി എസ് മൂഞ്ചെ തുടങ്ങിയ ഹിന്ദു വലതു പക്ഷ തീവ്രവാദികളുമായി ചേർന്ന് ആർ എസ്സ് എസ്സ് രൂപീകരിച്ചത്.
1923 ൽ ഔദിൽ നടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തിൽ മൂഞ്ചെ പ്രസംഗിച്ചു
"ഇംഗ്ലണ്ട് ഇംഗ്ളീഷുകാരുടേതും ജർമ്മനി ജർമ്മൻകാരുടേതും, ഫ്രാൻസ് ഫ്രഞ്ച് കാരുടേതും എന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ്"
1924 ൽ സവർക്കർ എഴുതി " സിന്ധു നദി മുതൽ കടൽ വരെയുള്ള ഭാരത വർഷത്തെ മാതൃഭൂമിയായും വിശുദ്ധ ഭൂമിയായും തന്റെ മതത്തിന്റെ കളിത്തൊട്ടിലായും കരുതുന്നവനാണ് യഥാർത്ഥ ഹിന്ദു. ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ്"
1924 നവംബർ 26 മുതൽ ഡിസംബർ 7 വരെ യുള്ള ദിവസങ്ങളിൽ ദി ട്രിബ്യുണ് പത്രത്തിൽ ലാല ലജ്പത് റായി ഒരു ലേഖന പരമ്പര എഴുതി.
വിഷയം എന്തായിരുന്നെന്നോ...? ഇന്ത്യാ വിഭജനം!
ബ്രിട്ടീഷുകാരുടെ സഹായത്തോടെ എങ്ങനെ ഹിന്ദു രാഷ്ട്രം സഥാപിക്കാം മുസ്ലിംകളെയും മറ്റും എങ്ങനെ ഒഴിവാക്കാം തുടങ്ങിയ വിഷയങ്ങളിൽ നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് കൊണ്ടുള്ള സമഗ്രമായ ലേഖന പരമ്പര!
1925 ൽ കാൺപൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'പ്രതാപ്' പത്രത്തിൽ ലാല ഹർദയാൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തല്ലിയോടിച്ച് ഹിന്ദുക്കളുടെ രാജ്യം സ്ഥാപിക്കണമെന്ന് എഴുതി.
ഇതൊക്കെ നടക്കുമ്പോൾ, 1913 മുതൽ ആൾ ഇന്ത്യ മുസ്ലിം ലീഗിന്റെ നേതാവായി മുഹമ്മദലി ജിന്ന ഇന്ത്യയിൽ ഉണ്ടായിരുന്നു, ഒരിക്കൽ പോലും വിഭജനം എന്നൊരു വാക്ക് ആ മനുഷ്യൻ ഉച്ചരിച്ചിട്ടില്ല.!
1930 ൽ കൽക്കത്തയിൽ ചേർന്ന ഹിന്ദുമഹസഭയുടെ സമ്മേളനത്തിൽ ഇന്ത്യ വിഭജിച്ച് ഹിന്ദു രാഷ്ട്രം ഉണ്ടാക്കണമെന്ന് പ്രമേയം പാസാക്കി
1937 ൽ അഹമ്മദാബാദിൽ നടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് വി ഡി സവർക്കർ പ്രസംഗിച്ചു
"ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്പിക്കാൻ പോലും സാധ്യമല്ല, അത് മുഖ്യമായും രണ്ട് രാഷ്ട്രങ്ങളാണ്, ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും പരസ്പരം ശത്രുക്കളായ രണ്ട് രാഷ്ട്രങ്ങൾ"
1939 ൽ ആർ എസ് എസ്സിന്റെ രണ്ടാം സർസംഘ ചാലക് എം എസ് ഗോൾവാക്കർ വി ഓർ ഔർ നേഷൻ ഹുഡ് ഡിഫൈൻസ് എന്ന കൃതിയിൽ "ഹിന്ദു രാഷ്ട്രം സ്ഥാപിക്കണം, മുസ്ലിംകൾ അടക്കമുള്ള ന്യുനപക്ഷങ്ങൾ ഒന്നുകിൽ ഹിന്ദു സമൂഹത്തിൽ ലയിച്ച് വംശശുദ്ധീകരണത്തിന് വിധേയമാവുകയോ, രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു"
ഹിന്ദുയുവാക്കൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കരുത്, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തല്ലിയൊടിച്ച് ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി നിങ്ങളുടെ ശക്തിയും സമ്പത്തും മാറ്റിവെക്കണം എന്ന് ആഹ്വാനം ചെയ്തു
വെറും എഴുത്തും പ്രസംഗവും മാത്രമായിരുന്നില്ല,
വിഭജനത്തെ എതിർക്കുന്ന നേതാക്കളെ ഭീഷണിപ്പെടുത്തി,വിഭജനത്തെ എതിർത്തതിന്റെ പേരിൽ, 1934 മുതൽ ഗാന്ധിജിയെ കൊല്ലാൻ ശ്രമിച്ചത് 5 തവണയാണ്!
പലയിടങ്ങളിലും ആർ എസ് എസ്സ് മുസ്ലിംകൾക്കെതിരെ വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കി, കോൺഗ്രസ്സിലെ ആർഎസ്എസ് ചായ്‌വുള്ളവരെ സ്വാധീനിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തിൽ നിന്ന് മുസ്ലിം ലീഗിനെയും മുസ്ലിംകളെയും ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടായി, ഒരു കാരണവശാലും ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കില്ല എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ്, ഗാന്ധിജിയോടൊത്ത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ നയിച്ചിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രഗത്ഭനായിരുന്ന ജിന്ന, 1940 ലാഹോറിൽ നടന്ന സമ്മേളനത്തിൽ, വേറെ രാജ്യമല്ല, സ്വയം ഭരണാവകാശമുള്ള പ്രദേശം മുസ്ലിംകൾക്ക് വേണം എന്ന് ആവശ്യപ്പെട്ടത്.
7 വർഷത്തെ നിരന്തര ശ്രമണങ്ങളുടെ ഫലമായി സ്വയംഭരണ പ്രദേശം എന്നത് മറ്റൊരു രാജ്യം എന്നാക്കി മാറ്റാൻ ആർഎസ്എസ് നു കഴിഞ്ഞു.
മാപ്പെഴുതി ജയിൽ മോചിതനായ കാലം മുതൽ ബ്രിട്ടീഷുകാർക്ക് വേണ്ടി പ്രവർത്തിച്ച സവർക്കറിന്റെയും ആർഎസ്എസ് നേതാക്കളുടെയും താല്പര്യ പ്രകാരമാണ് , 1947 ൽ സർ സിറിൽ റാഡ്ക്ലിഫ് എന്ന ബ്രിട്ടീഷ് ലോയറെ കൊണ്ട് വരപ്പിച്ച വിഭജിക്കപ്പെട്ട ഇന്ത്യയെ നെഹ്രുവും പട്ടേലും ജിന്നയും ഉൾപ്പടെ ഇന്ത്യയിലെ ദേശീയ നേതാക്കളെക്കൊണ്ട് മൗണ്ട് ബാറ്റൺ പ്രഭു അംഗീകരിപ്പിക്കുന്നത്.
ജിന്നയെ സമ്മതിപ്പിച്ച നിമിഷത്തെക്കുറിച്ച് മൗണ്ട് ബാറ്റണെ ഉദ്ധരിച്ച് എഴുതപ്പെട്ട വാക്കുകൾ ഇങ്ങനെയാണ്
"'കെല്ലി യുടെ ക്യാപ്റ്റനും ഇമ്ഫാൽ സമതലത്തിൽ വെച്ച് ജപ്പാൻകാരാൽ വളയപ്പെട്ട സൈന്യ വിഭാഗത്തിന്റെ സുപ്രീം കമാണ്ടറുമായിരുന്ന മൗണ്ട് ബാറ്റൺ, തൻ്റെ ജീവിതത്തിലെ ഏറ്റവും ഉത്കണ്ഠാകുലമായ നിമിഷമായി അനുസ്മരിക്കുന്നത് ഈ നിമിഷത്തെയാണ്, അവസാനമില്ലത്ത ഒരു നിമിഷം.
ജിന്നയുടെ നിർവ്വികാരവും ഭാവശൂന്യവുമായ മുഖത്തേക്ക് അദ്ദേഹം തുറിച്ചു നോക്കി, അപ്പോൾ പതുക്കെ ഓരോ രോമ കൂപത്തിലൂടെയും നിലവിളിക്കുന്ന മനസ്സില്ലായ്മയോടെ തന്നാലാവുന്ന ഏറ്റവും ദുർബലവും ഏറ്റവും മടിപിടിച്ചതുമായ തലകുലുക്കൽ കൊണ്ട് ജിന്ന സമ്മതം പ്രകടിപ്പിച്ചു. അദ്ദേഹത്തിൻറെ താടി കഷ്ടിച്ച് അര ഇഞ്ച് താഴോട്ട് ചലിച്ചു, മൗണ്ട് ബാറ്റൺ പദ്ധതിക്ക് അംഗീകാരം നൽകിക്കൊണ്ട് അതിനു സഞ്ചരിക്കാവുന്ന ഏറ്റവും കുറഞ്ഞ ദൂരം! (Freedom at Midnight, Written by Larry Collins and Dominique Lapierre)
ആ മനുഷ്യനെയാണ് നിങ്ങൾ വിഭജനത്തിന്റെ ഉത്തരവാദിയായി മുദ്രകുത്തുന്നത്!
ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി മുസ്ലിംകളെ പുറത്താക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ആർഎസ്എസിന് കഴിഞ്ഞു, നെഹ്രുവും മറ്റു ദേശീയ നേതാക്കളും അവസരത്തിനൊത്ത് ഉയർന്നത് കൊണ്ട് ഇന്ത്യയുടെ ഭരണത്തിൽ എത്താൻ അവർക്ക് സാധിച്ചില്ല, നിരാശപൂണ്ട ആർ എസ് എസ് നേതൃത്വം ഗാന്ധിയെ അല്ല, നെഹ്രുവിനെയായിരുന്നു കൊല്ലേണ്ടിയിരുന്നത് എന്ന് പലവട്ടം വിളിച്ചു പറഞ്ഞിട്ടുണ്ട്.
ഇന്ത്യാ വിഭജനം ഒരു തെമ്മാടിത്തമായിരുന്നെങ്കിൽ അത് ചെയ്ത തെമ്മാടികളിൽ ഒന്നാമൻ
ലാലാ ലജ്പത് റായിയായിരുന്നു,
സവർക്കറും, ഹെഡ്ഗേവാറും, മൂഞ്ചെയും, ഗോൾവാക്കറും തുടങ്ങി നൂറു തെമ്മാടികളുടെ പേരെങ്കിലും പറഞ്ഞ ശേഷമേ വിഭജനത്തിന് ഉത്തരവാദിയായി ജിന്നയുടെ പേര് പറയാൻ സാധിക്കുകയുള്ളൂ...
മുസ്ലിംകൾ അവകാശം വാങ്ങിപ്പോയതല്ല, പാകിസ്ഥാനിലേക്ക് അവരെ ഓടിച്ചു വിട്ടതാണ്.
അന്ന് ഓടിപ്പോകാതിരുന്ന ലക്ഷക്കണക്കിന് മനുഷ്യരെ നിരവധി കലാപങ്ങളിലൂടെ കൂട്ടക്കുരുതിക്ക് ഇരയാക്കിയിട്ടുണ്ട്, ഇന്നും അവരത് ചെയ്തു കൊണ്ടിരിക്കുന്നു
ഒന്നേകാൽ കോടി മനുഷ്യരുടെ പാലായനവും പത്തു ലക്ഷം മനുഷ്യരുടെ കൊലപാതകവും നടന്ന ആ പാതകത്തിന് ഉത്തരവാദി ആർഎസ്എസ് ആണ്.
ജിന്നയെ വെറുതെ വിട്ടേക്കുക.
-ആബിദ് അടിവാരം
.