12/04/2020
നിലവിളി കേട്ടത് കുളിമുറിയുടെ ഭാഗത്തു നിന്നാണ്. അമ്മ പേടിച്ചു വിറച്ചു നിൽക്കുന്നു. ചോരയിൽ പൂണ്ടു കിടക്കുന്ന അമ്മുവും. ഒട്ടും അമാന്തിക്കാതെ അവളെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടി. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിമിഷങ്ങൾ..
മണിക്കൂറുകൾക്ക് ഒടുവിൽ അമ്മു ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്ന വാർത്തയെത്തി. ഇതുവരെ അവൾ ഒന്നും ചോദിച്ചില്ല. ഇനി പറ്റില്ല. "നിനക്ക് എന്തു പറ്റി അമ്മുസേ?"ഒന്ന് മാത്രമേ അമ്മു മറുപടി പറഞ്ഞുള്ളു, എനിക്ക് പഠിക്കണം ചേച്ചി, പഠിക്കണം. "അവൾക്ക് സന്തോഷം തോന്നി. കുറ്റബോധം അമ്മുവിനെ മറ്റൊരാളാക്കി മാറ്റിയിരിക്കുന്നു. അമ്മയെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം എന്നവൾ കരുതി.
പിന്നീട് അങ്ങോട്ട് ഒരു ഓട്ടം തന്നെ ആയിരുന്നു. അച്ഛന്റെ ആഗ്രഹം പോലെ അമ്മുവിനെ ഒരു ഡോക്ടർ ആക്കണം. അമ്മുവിന്റെ ഇഷ്ടവും അതു തന്നെ.
അമ്മു ഉയർന്ന മാർക്കോടെ പ്ലസ്ടു പാസ്സായി. അവളുടെ ചോര നീരാവുന്നതും അവൾ ആസ്വദിച്ചു. അമ്മുവിനെ എൻട്രൻസ് കോച്ചിങ്ങിനു ചേർത്തു. ചിലവുകൾ കയ്യിൽ ഒതുങ്ങുന്നില്ല എന്നു മനസ്സിലായപ്പോൾ അടുത്തുള്ള ചെരുപ്പ് കമ്പനിയിൽ കൂടെ ജോലിക്ക് പോയി തുടങ്ങി. അവിടെ വെച്ചാണ് ആനന്ദിനെ അവൾ കാണുന്നത്. ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ.ആദ്യമൊക്കെ സംസാരിക്കുമ്പോൾ അവൾക്ക് അയാളോട് ദേഷ്യമാണ് തോന്നിയത്. ഒരു സാധാരണ ചെറുപ്പക്കാരന്റെ സ്ഥിരം വാചകമടിയാണന്നവൾ കരുതി. പിന്നീട് ഓരോ തവണയും അയാൾ സംസാരിക്കാൻ തുടങ്ങുമ്പോൾ അവൾ ഒഴിഞ്ഞു മാറി. ഉള്ളിൽ ഒരു ലക്ഷ്യം മാത്രം അമ്മുവിന്റെ പഠിത്തം.
ദിവസങ്ങൾ കടന്നു പോയി. അമ്മുവിന്റെ എൻട്രൻസ് പഠനം തകൃതിയായി മുന്നേറിക്കൊണ്ടിരുന്നു.
അന്ന് വൈകിയും കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. മുകളിലത്തെ നിലയിൽ ചെരുപ്പ് അടുക്കി വെക്കാൻ പോയതാണ് അവൾ. ഇരുട്ടിൽ ആരോ മറയുന്നത് അവളുടെ കണ്ണിൽ പെട്ടു.ആ സമയത്ത് അവിടെ ആരും ഉണ്ടാവുന്നതല്ല. സ്ഥിരം ജോലിക്കാർ മിക്കവരും പോയി കഴിഞ്ഞിരുന്നു. കൂടുതൽ സമയം ജോലി ചെയ്താൽ അത്രയും ആയി. അതു കൊണ്ടാണ് അവൾ രാത്രി വൈകിയും ജോലിക്ക് നിൽക്കുന്നത്.
ഇരുട്ടിൽ മറഞ്ഞ ആ രൂപം പുറകിൽ വന്നതായി അവൾക്ക് തോന്നി. പൊടുന്നനെ ആ രൂപം അവളുടെ വായ പൊത്തിപ്പിടിച്ചു. അവൾ കുതറി മാറി. ഇരുണ്ട വെളിച്ചത്തിൽ അവൾ ആ മുഖം കണ്ടു, മാനേജർ...
"എടി ഒരക്ഷരം വെളിയിൽ പറഞ്ഞാൽ കൊല്ലും നിന്നെ "അയാൾ മുരണ്ടു. "നായെ പണത്തിനു കുറവുണ്ടെന്ന് കരുതി മാനത്തിനും അന്തസ്സിനും വില പറയുന്നോടാ?" അവൾ അലറി. ശബ്ദം കേട്ട് ആനന്ദ് അവിടേക്ക് ഓടി ചെന്നു. കാര്യം തിരക്കി.
"ഇയാൾക്കിട്ട് ഒന്ന് നീ പൊട്ടിക്കുവോ അതോ ഞാൻ പൊട്ടിക്കണോ? "ആനന്ദ് ചോദിച്ചു. ഒന്നും നോക്കിയില്ല, കരണം നോക്കി പൊട്ടിച്ചു അവൾ. ആ നിമിഷം അവിടെ നിന്നിറങ്ങി. കൂടെ ആനന്ദും. പേടിയല്ല മറിച്ച് അഭിമാനം ആണവൾക്ക് തോന്നിയത്. ആനന്ദും അവളും പുറത്തേക്ക് ഇറങ്ങി.
"താൻ എന്തിനാടോ ജോലി കളഞ്ഞത്? "അവൾ ചോദിച്ചു. "അതേയ് എനിക്ക് വേണ്ടപ്പെട്ട ഒരാളും ജോലി കളഞ്ഞു അതാ "അയാൾ പറഞ്ഞു. "വേണ്ടപ്പെട്ട ആളോ? എന്നു തൊട്ട്? " "കുറച്ചു നാളായി, ഒന്ന് പറയാൻ സമ്മതിക്കണ്ടേ. നമ്മളെ ഒന്ന് അടുപ്പിച്ചിട്ട് വേണ്ടേ മാഡം." അയാൾ പറഞ്ഞു.
ഹഹഹ !അവൾ പൊട്ടിച്ചിരിച്ചു. അവിടെ മറ്റൊരു ലോകം തുടങ്ങുകയായിരുന്നു. പ്രണയത്തിന്റെ ലോകം.
അമ്മുവിന്റെ എൻട്രൻസ് റിസൾട്ട് വന്നു. അവൾക്ക് പാലക്കാട് മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടി. ആനന്ദിന്റെ സഹായത്തിൽ അവൾ മറ്റൊരു സ്ഥാപനത്തിൽ കൂടെ ജോലിക്ക് പോയി. എങ്കിലും ചിലവിനു ഒത്ത വരവ് കുറവായിരുന്നു. അത് അവളെ വല്ലാതെ അലട്ടിയിരുന്നു. പൈസ ഇനി കുറെ വേണ്ടി വരും അമ്മു കോളേജിൽ പോയി തുടങ്ങുമ്പോൾ. അവൾ വല്ലാതെ വിഷമിച്ചിരുന്നത് ആനന്ദ് ശ്രദ്ധിച്ചിരുന്നു. ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ തുറന്നു പറഞ്ഞു. "ആഹാ ഇത്രയേ ഉള്ളോ? അതിനു താൻ ഇങ്ങനെ വിഷമിക്കുകയാണോ വേണ്ടത്? അവളെ ഇത്രയൊക്കെ ആക്കാൻ തനിക്ക് കഴിഞ്ഞില്ല, ഇതും നടക്കും. നമുക്ക് വഴിയുണ്ടാക്കാമെന്നേ. "
ആനന്ദ് വഴിയാണ് സ്ഥലം MLA യെ പരിചയപ്പെടുന്നത്. പഠന ചിലവിന്റെ ഒരു ഭാഗം അദ്ദേഹം ഏറ്റെടുത്തു. ബാക്കി എങ്ങനെ? "നമ്മൾ രണ്ടാളും ജീവനോടെ ഇല്ലെടോ, നല്ല അന്തസ്സായിട്ട് പണിയെടുക്കും. "അയാളുടെ ആ വാക്കുകൾ അവൾക്ക് പകർന്ന ശക്തി വളരെ വലുതായിരുന്നു. "താൻ എന്തിനാടോ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്? "അവൾ ചോദിച്ചു. "അതോ അത് എനിക്കറിയില്ലെടോ " എന്നയാളും.
അഞ്ചു വർഷം കടന്നു പോയത് പെട്ടെന്നാണ്. അമ്മു ഉയർന്ന മാർക്കോടെ എംബിബിസ് പൂർത്തിയാക്കി. ദിവസങ്ങൾ കടന്നു പോയി. അച്ഛന്റെ ആഗ്രഹം പോലെ ഇന്നാണ് അമ്മു പ്രാക്ടീസ് തുടങ്ങുന്നത്. സന്തോഷത്തിന്റെ നാളുകൾ. അമ്മുവിൽ അവൾ അവളെ തന്നെ കണ്ടു. ഒന്നും ആകാൻ കഴിഞ്ഞില്ലെങ്കിലും അവൾക്ക് അച്ഛന്റെ ഒരു ആഗ്രഹമെങ്കിലും നിറവേറ്റാൻ സാധിച്ചു, അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കാണാൻ സാധിച്ചു. എല്ലാത്തിനും അവൾക്ക് ധൈര്യം തന്നു കൂടെ ഉണ്ടാവാൻ ഒരു മനുഷ്യൻ ഉണ്ടായി. കാലം ഒടുവിൽ അവൾക്ക് മുന്നിൽ അടിയറവു പറഞ്ഞു. യാത്ര തുടരുകയാണവൾ. ഒന്നുമല്ല എന്നു കരുതിയവളെ എന്തെങ്കിലുമൊക്കെ ആക്കാൻ കൂടെ നിന്നവന്റെ കൈ കോർത്ത്...
നാം ഇവരെപ്പോലെ അനേകർക്ക് ഇന്ന് സാക്ഷികൾ ആവുന്നു. നമുക്ക് ചുറ്റും നമുക്കിടയിലും സമൂഹത്തിൽ ഒരു പുഞ്ചിരിയുടെ മറവിൽ അവരുടെ പ്രശ്നങ്ങളെ മറച്ചു വെച്ച് ജീവിത വിജയം നേടുന്ന അവൾ "സാക്ഷി "...