04/07/2024
*വചനവായന*
💐🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦🇻🇦💐
*5 - ജൂലൈ - 2024*
Friday of week 13 in Ordinary Time
Liturgical Colour: Green.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*ഒന്നാം വായന*
ആമോസ് പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന്.
8:4-6,9-12
ദരിദ്രരെ ചവിട്ടിമെതിക്കുകയും പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേള്‍ക്കുവിന്‍. ധാന്യങ്ങള്‍ വിറ്റഴിക്കേണ്ടതിന് അമാവാസി കഴിയുന്നതെപ്പോള്‍, ഗോതമ്പ് വില്ക്കേണ്ടതിനും ഏഫാ ചെറുതാക്കുന്നതിനും ഷെക്കല്‍ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോടി ചെരുപ്പിനും വിലയ്ക്കു വാങ്ങേണ്ടതിനും പതിരു വിറ്റഴിക്കേണ്ടതിനും സാബത്തു കഴിയുന്നതെപ്പോള്‍ എന്നു നിങ്ങള്‍ ചോദിക്കുന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു മധ്യാഹ്നത്തില്‍ സൂര്യന് അസ്തമിക്കും. നട്ടുച്ചയ്ക്കു ഞാന്‍ ഭൂമിയെ അന്ധകാരത്തില്‍ ആഴ്ത്തും. നിങ്ങളുടെ ഉത്സവദിനം മരണദിനമായും ഗാനങ്ങള്‍ വിലാപമായും ഞാന്‍ മാറ്റും. സകലരെയും ഞാന്‍ ചാക്കുടുപ്പിക്കും. എല്ലാ ശിരസ്സും കഷണ്ടിയാക്കും. അത് ഏകജാതനെക്കുറിച്ചുള്ള വിലാപം പോലെയാകും. ആ ദിനം അവസാനംവരെ തിക്തമായിരിക്കും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദേശത്ത് ഞാന്‍ ക്ഷാമം അയയ്ക്കുന്ന നാളുകള്‍ വരുന്നു. ഭക്ഷണക്ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്റെ വചനം ലഭിക്കാത്തതുകൊണ്ടുള്ള ക്ഷാമമായിരിക്കും അത്. അന്ന് അവര്‍ കടല്‍ മുതല്‍ കടല്‍ വരെയും വടക്കു മുതല്‍ കിഴക്കുവരെയും അലഞ്ഞുനടക്കും. കര്‍ത്താവിന്റെ വചനംതേടി അവര്‍ ഉഴലുമെങ്കിലും കണ്ടെത്തുകയില്ല.
*കർത്താവിൻ്റെ വചനം*
*ദൈവത്തിനു നന്ദി.*
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*പ്രതിവചന സങ്കീർത്തനം
സങ്കീ 119:2,10,20,30,40,131
*മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്.*
അവിടുത്തെ കല്പനകള് പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്മാര്. പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങേ കല്പന വിട്ടു നടക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ!
*മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്.*
അങ്ങേ കല്പനകള്ക്കു വേണ്ടിയുള്ള അഭിനിവേശം നിരന്തരം എന്നെ ദഹിപ്പിക്കുന്നു. ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങേ ശാസനങ്ങള്‍ എന്റെ കണ്മുന്പില് ഉണ്ട്.
*മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്.*
ഇതാ, അങ്ങേ പ്രമാണങ്ങളെ ഞാന്‍ അഭിലഷിക്കുന്നു; അങ്ങേ നീതിയാല്‍ എന്നില്‍ പുതുജീവന്‍ പകരണമേ! അങ്ങേ പ്രമാണങ്ങളോടുള്ള അഭിവാഞ്ഛ നിമിത്തം ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു.
*മനുഷ്യന് അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്.*
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*സുവിശേഷ പ്രഘോഷണവാക്യം*
മത്തായി 11 : 28
അല്ലേലൂയ! അല്ലേലൂയ!
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
അല്ലേലൂയ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*സുവിശേഷം*
മത്തായി എഴുതിയ വിശുദ്ധ സുവിശേഷത്തിൽ നിന്നുള്ള വായന.
9:9-13
അക്കാലത്ത്, യാത്രാമധ്യേ, മത്തായി എന്നൊരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് യേശു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന് എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യന്മാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയര്‍ ഇതുകണ്ട് ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവന് പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.
*കർത്താവിൻ്റെ സുവിശേഷം*
*ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി.*