പ്രകൃതി / Prakruthi

  • Home
  • പ്രകൃതി / Prakruthi

പ്രകൃതി / Prakruthi Prakruthi publishing articles Related to Nature. All contents anyone can access easily and free of cost.

കോവിഡ് കാലത്തെ ആ​ഗോള സ്ത്രീ ജീവിതം - അന്റോണിയോ ​ഗു‌ട്ടറസ്( 2020 ഏപ്രിൽ 30 ന് ദ ഹിന്ദു ദിനപത്രിത്തിൽ ‘A greater impact on...
30/04/2020

കോവിഡ് കാലത്തെ ആ​ഗോള സ്ത്രീ ജീവിതം - അന്റോണിയോ ​ഗു‌ട്ടറസ്

( 2020 ഏപ്രിൽ 30 ന് ദ ഹിന്ദു ദിനപത്രിത്തിൽ ‘A greater impact on women’ എന്ന തലക്കെട്ടോടെ പ്രസിദ്ദീകരിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടറസിന്റെ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ )

കൊവിഡ് പുരുഷന്മാർക്ക്, പ്രത്യേകിച്ച് പ്രായമായ പുരുഷന്മാർക്ക് കൂടുതൽ ആരോഗ്യപരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നായിരുന്നു നാം ആദ്യം കരുതിയത്. എന്നാൽ ഈ പക‌‍ച്ചവ്യാധി ലോകത്തെ ലിംഗപരമായ അസമത്വം ഉൾപ്പെടെ എല്ലാത്തരം അസമത്വങ്ങളും തുറന്നുകാട്ടുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, സ്ത്രീകളുടെ ആരോഗ്യം, അവകാശങ്ങൾ, സ്വാതന്ത്ര്യങ്ങൾ എന്നിവയിൽ ഇത് ചെലുത്തുന്ന സ്വാധീനം നമുക്കെല്ലാവർക്കും ദോഷം ചെയ്യും.

ലോക്ക്ഡൗണുകളുടെ മാരകമായ ആഘാതം സ്ത്രീകൾ ഇതിനകം അനുഭവിക്കുന്നുണ്ട്. നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ അനിവാര്യമാണ്, പക്ഷേ അവ ദുരുപയോഗം ചെയ്യുന്ന പങ്കാളികളടൊത്ത് വീട്ടിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമ സാധ്യത വർദ്ധിക്കുന്നു. ഗാർഹിക പീഡനങ്ങളിൽ ആഗോളതലത്തിൽ ഭയാനകമായ ഒരു കുതിച്ചുചാട്ടം കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായിട്ടുണ്ട്; യു‌കെയിലെ ഹെൽപ് ലൈന് കോളുകളിൽ‌ 700% വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, അപകടസാധ്യതയുള്ള ഇടങ്ങളിൽ ഹെൽപ് ലൈൻ സേവനങ്ങളടക്കം വെട്ടിക്കുറയ്ക്കുന്നതായാണ് പലയിടത്തും കാണുന്നത്.

ലോകമെമ്പാടുമുള്ള വീടുകളിൽ സമാധാനത്തിനായി ഞാൻ അടുത്തിടെ അഭ്യർത്ഥിച്ചതിന്റെ കാരണം ഇതാണ്. അതിനുശേഷം, 143 ൽ അധികം സർക്കാരുകൾ പകർച്ചവ്യാധി സമയത്ത് അക്രമം നേരിടാൻ സാധ്യതയുള്ള സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുണയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രഖ്യാപിച്ചു. സേവനങ്ങൾ ഓൺലൈനിൽ നൽന്നതിലൂടെയും, ഗാർഹിക പീഡനമേറ്റവ‍‍‌‍ർക്ക് കൂടുതൽ സഹായ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിലൂടെയും, മുൻനിര ഓർഗനൈസേഷനുകൾക്ക് പിന്തുണ വർദ്ധിപ്പിച്ചും, ഓരോ രാജ്യത്തിനും പടിപടിയായി നടപടിയെടുക്കാൻ കഴിയും. യൂറോപ്യൻ യൂണിയനുമായുള്ള ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്തം, സ്പോട്ട്‌ലൈറ്റ് ഇനിഷ്യേറ്റീവ്, 25-ലധികം രാജ്യങ്ങളിലെ സർക്കാരുകളുമായി ഇവയിലും സമാനമായ നടപടികളിലും പ്രവർത്തിക്കുന്നു, ഒപ്പം അതിന്റെ പിന്തുണ വിപുലീകരിക്കാനും ഞങ്ങൾ തയാറാണ്.

എന്നാൽ COVID-19 ഉയർത്തുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമുള്ള ഭീഷണി ശാരീരിക അതിക്രമത്തിനും അതീതമാണ്. പകർച്ചവ്യാധിയുടെ പിന്നാലെയെത്തുന്ന സാമ്പത്തിക മാന്ദ്യത്തിന്റെയും കെടുതികൾ സ്ത്രീകളുടെ മേലാണ് ആഴത്തിൽ പതിക്കുന്നത്.

ജോലി ചെയ്യുന്ന സ്ത്രീകളോട് അന്യായവും അസമവുമായ പെരുമാറ്റം കണ്ടാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1960 കളുടെ അവസാനത്തിൽ, ലിസ്ബണിലെ ദരിദ്ര പ്രദേശങ്ങളിൽ ഒരു വിദ്യാർത്ഥിനി സന്നദ്ധപ്രവർത്തക എന്ന നിലയിൽ, വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത് മാറേണ്ടതുണ്ടെന്ന് എനിക്കറിയാം - എന്റെ ജീവിതകാലത്ത് പ്രധാനപ്പെട്ട മാറ്റങ്ങൾ പലതും ഞാൻ കണ്ടു. എന്നാൽ പതിറ്റാണ്ടുകൾക്ക് ശേഷം, ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകളുടെ മേൽ COVID-19 ഈ അവസ്ഥകൾ തിരികെ കൊണ്ടുവരുമെന്ന് ഞാൻ ഭയപ്പെടുന്നു.

മോശം ശമ്പളമുള്ള ജോലികളിൽ സ്ത്രീകൾ അനുപാതമില്ലാതെ പ്രതിനിധീകരിക്കുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ മാത്രം 200 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന കണക്കാക്കുന്നു - അവയിൽ പലതും കൃത്യമായി ഈ മേഖലകളിലാണ്. അവർക്ക് ശമ്പളമുള്ള തൊഴിൽ നഷ്ടപ്പെടുന്നതിനോടൊപ്പം, സ്കൂൾ അടച്ചുപൂട്ടൽ, അമിതമായ ആരോഗ്യ സംവിധാനങ്ങൾ, പ്രായമായവരുടെ വർദ്ധിച്ച ആവശ്യങ്ങൾ എന്നിവ കാരണം നിരവധി സ്ത്രീകൾ പരിചരണ ജോലികളിൽ നേടുകയും ചെയ്യും. അതേസമയം വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളെ നമ്മൾ മറക്കരുത്. സിയറ ലിയോണിലെ ചില ഗ്രാമങ്ങളിൽ, എബോള പകർച്ചവ്യാധിയെത്തുടർന്ന് കൗമാരക്കാരായ പെൺകുട്ടികളുടെ സ്കൂൾ പ്രവേശന നിരക്ക് 50% ൽ നിന്ന് 34% ആയി കുറഞ്ഞു, ആ സമൂഹത്തിൽ ആജീവനാന്ത പ്രത്യാഘാതങ്ങൾ അത് സൃഷ്ടിക്കും.

പല പുരുഷന്മാരും തൊഴിൽ നഷ്ടവും പരസ്പരവിരുദ്ധമായ ആവശ്യങ്ങളും നേരിടുന്നു. എന്നാൽ ഏറ്റവും മികച്ച സമയങ്ങളിൽ പോലും സ്ത്രീകൾ പുരുഷന്മാരേക്കാൾ മൂന്നിരട്ടി വീട്ടുജോലി ചെയ്യുന്നു. കൂടാതെ സ്കൂളുകൾ അടച്ചിരിക്കുമ്പോൾ പലയിടത്തും കുട്ടികളെ പരിപാലിക്കാനൊക്കെ സ്ത്രീകളെ വിളിക്കാൻ കൂടുതൽ സാധ്യതയുണ്ട്, എന്നാലും ശമ്പളമുള്ള തൊഴിലിലേക്കുള്ള മടക്കം വൈകും.

ആരോഗ്യസംരക്ഷണ തൊഴിലാളികളിൽ 70% സ്ത്രീകളാണെങ്കിലും, സ്വന്തം ആരോഗ്യ പരിപാലനത്തിൽ അവർ പുരുഷന്മാരേക്കാൾ എത്രയോ പിന്നിലാണ്, ലോകമെമ്പാടും ഓരോ 10 രാഷ്ട്രീയ നേതാക്കളെയെടുത്താൽ ഒരാൾ മാത്രമാണ് സ്ത്രീയായുള്ളത് - ഇത് നമ്മെയെല്ലാം ബാധിക്കുന്നുണ്ട്. എന്നാൽ പകർച്ചവ്യാധിയെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങൾക്ക് സ്ത്രീകളെ ആവശ്യമുണ്ട്താനും.

സുരക്ഷിതമല്ലാത്ത ജോലികളിലുള്ള സ്ത്രീകൾക്ക് ആരോഗ്യ ഇൻഷുറൻസ്, ശമ്പളമുള്ള അസുഖ അവധി, ശിശു സംരക്ഷണം, വരുമാന പരിരക്ഷ, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ തുടങ്ങി അടിസ്ഥാന സാമൂഹിക പരിരക്ഷകൾ അടിയന്തിരമായി ആവശ്യമാണ്. മുന്നോട്ട് നോക്കുമ്പോൾ, പണം കൈമാറ്റം, വായ്പകൾ, ജാമ്യവ്യവസ്ഥകൾ തുടങ്ങി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികൾ സ്ത്രീകളെകൂടി ലക്ഷ്യം വച്ചുള്ളതായിരിക്കണം.

ഒരിക്കലും ശമ്പളം ലഭിക്കാത്ത ഗാർഹിക തൊഴിലാളികളായ സ്ത്രീകളുടെ കഴിവുകൾ പൊതു സേവനങ്ങൾക്കും സ്വകാര്യ ലാഭത്തിനുമായി നമ്മൾ എത്രത്തോളം ഉപയോ​ഗിക്കുന്നുവെന്ന് COVID-19 വ്യക്തമാക്കുന്നു. ഈ തിരിച്ചറിവ് ഭാവിയിലെ നമ്മുടെ പ്രവ‌ത്തനങ്ങളിൽ പ്രതിഫലിപ്പിക്കണം. ആളുകളുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയണം, വീട്ടിൽ അവരെടുക്കുന്ന ജോലി വിലമതിക്കുന്ന ഒന്നായി മാറണം.

ഈ പകർച്ചവ്യാധി ആഗോള ആരോഗ്യ സംവിധാനങ്ങളെ വെല്ലുവിളിക്കുക മാത്രമല്ല, സമത്വത്തോടും മനുഷ്യന്റെ അന്തസ്സിനോടും ഉള്ള പ്രതിബദ്ധത കൂടി വെളിവാക്കാനാവശ്യപ്പെടുന്നു. സ്ത്രീകളുടെ താൽ‌പ്പര്യങ്ങളും അവകാശങ്ങളും മാനിച്ച്, നമ്മൾക്ക് ഈ മഹാമാരിയെ അതിവേഗം മറികടക്കാനാകും. എല്ലാവർക്കും പ്രയോജനകരവും കൂടുതൽ തുല്യതയുമുള്ള സമൂഹത്തെ നിർമ്മിക്കാനും നമുക്ക് കഴിയും.

Published at - @പ്രകൃതി / Prakruthi

27/04/2020

കബൂയ എന്ന ചാന്ദ്ര ഉപഗ്രഹം പകർത്തിയ ഭൂമിയുടെ ഉദയം 🌍 | കടപ്പാട് - ട്വിറ്റർ |

26/04/2020

💚 കടപ്പാട് - ട്വിറ്റർ

26/04/2020

വയനാട്ടിൽ ഇന്ന് ആലിപ്പഴം പെയ്തപ്പോൾ 💚

ഇത് നമ്മൾ വരുത്തിവച്ച വിന : തോമസ് ലൌജോയ്ഭാവിയിലെങ്കിലും ഇത്തരം മഹാമാരികളെ പ്രതിരോധിക്കാന് പ്രകൃതിയെ നമ്മൾ ബഹുമാനിച്ചേ പറ...
26/04/2020

ഇത് നമ്മൾ വരുത്തിവച്ച വിന : തോമസ് ലൌജോയ്

ഭാവിയിലെങ്കിലും ഇത്തരം മഹാമാരികളെ പ്രതിരോധിക്കാന് പ്രകൃതിയെ നമ്മൾ ബഹുമാനിച്ചേ പറ്റൂ

( പ്രമുഖ അമേരിക്കന് പരിസ്ഥിതി വിദഗ്ധന് തോമസ് ലൌജോയെ ഉദ്ദരിച്ച് ദ ഗാർഡിയന് 2020 ഏപ്രില് 25ന് പ്രസിദ്ദീകരിച്ച റിപ്പോർട്ടിന്റെ സ്വതന്ത്ര പരിഭാഷ )

ഒരു നിയന്ത്രണവുമില്ലാത്ത വന്യജീവികളുടെ വില്പനയും , മനുഷ്യന്റെ അനധികൃതമായ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റവും തന്നെയാണ് ഈ പകർച്ചവ്യാധിക്ക് കാരണമെന്ന് അമേരിക്കയിലെ പ്രമുഖ ശാസ്ത്രജ്ഞന് തോമസ് ലൌജോയ്, ഇത് നമ്മൾ വരുത്തിവച്ചത് തന്നെയാണെന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു.

വർഷത്തില് കുറഞ്ഞത് രണ്ട് പുതിയ വൈറസുകളെ ശാസ്ത്രജ്ഞർകണ്ടെത്തുന്നു. ഇതെല്ലാ തന്നെ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ അനധികൃത കയ്യേറ്റത്തിന്റെ ഫലമായി രൂപമെടുത്തവയാണ്. അത്തരം വൈറസുകൾ അപ്പോൾ വേണമെങ്കിലും പകർച്ചവ്യാധികളായി രൂപപ്പെട്ടേക്കാമെന്നും തോമസ് ലൌജോയ് ചൂണ്ടിക്കാട്ടുന്നു. 1980ൽ ആദ്യമായി ബയോളജിക്കല് ഡൈവേഴ്സിറ്റിയെന്ന പദം ഉപയോഗിച്ചത് തോമസ് ലൌജോയ് ആണ്. ജൈവവൈവിധ്യ മേഖലയിലെ ഗോഡ്ഫാദറെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. നിലവില് യുണൈറ്റഡ് നേഷന്സ് സീനിയർ ഫെല്ലോയും ജോർജ് മാന്സൺ സർവകലാശാലയിലെ പരിസ്ഥിതി വിഭാഗം പ്രൊഫസറുമാണ് ഇദ്ദേഹം.

അനധികൃതമായും തികച്ചും അശാസ്ത്രീയമായും പ്രകൃതിക്കുമേലുള്ള കടന്നുകയറ്റവും , വന്യജീവികളുടെ വില്പനയുമാണ് നിലവിലെ സാഹചര്യങ്ങളുടെ മൂലകാരണം. കൃത്യമായി പറഞ്ഞാല് ലോകത്തെമ്പാടുമുള്ള വന്യജീവി മാർക്കറ്റുകൾ, സൌത്തേഷ്യയിലെ വെറ്റ് മാർക്കറ്റുകൾ, ആഫ്രിക്കയിലെ ബുഷ് മീറ്റ് മാർക്കറ്റുകൾ എന്നിവയാണ് നിലവിലെ ലോകത്തെ പ്രതിസന്ധിക്ക് മൂലകാരണമായിട്ടുള്ളത്.

വെറ്റ് മാർക്കറ്റുകൾ പരമ്പരാഗത വിപണികളാണ്, മൃഗങ്ങളെയും (കൃഷി, കാട്ടുമൃഗങ്ങൾ) അതുപോലെ പുതിയ പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയും വില്ക്കപ്പെടുന്നു. പലപ്പോഴും ശുചിത്വമില്ലാത്ത അവസ്ഥയിലാണ് ഇത്തരം മാര്ക്കറ്റുകളുടെ പ്രവർത്തനം. ആഫ്രിക്കയിലും ഏഷ്യയിലും ഉടനീളം ഇവ കാണപ്പെടുന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നൽകുന്നു. കോവിഡ് -19 ന്റെ ഉറവിടമാണെന്ന് വിശ്വസിക്കപ്പെടുന്ന വുഹാനിലെ വെറ്റ്മാർക്കറ്റിൽ കുറുക്കൻ, എലികൾ, അണ്ണാൻ, ചെന്നായ്‌ക്കുട്ടികൾ, സലാമാണ്ടറുകൾ എന്നിവ ഉൾപ്പെടെ നിരവധി വന്യമൃഗങ്ങൾ വില്ക്കപ്പെടിരുന്നു.

ഇത്തരം മാർക്കറ്റുകളില് വളർത്തു മൃഗങ്ങളിൽ നിന്ന് കാട്ടുമൃഗങ്ങളെ വേർതിരിക്കുന്നത് രോഗം പകരാനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുമെന്ന് ലവ്ജോയ് പറയുന്നു. കാരണം, വൈറസുകൾ‌ക്ക് മറ്റുള്ളവയുമായി ഒത്തുചേരാനുള്ള വഴി ഇത്തരത്തില് ചെയ്താല് കുറവായിരിക്കും. വിപണിയില് ഇത് പ്രാവർത്തികമാക്കിയാല് പുതിയ വൈറസുകളുടെ ആവിർഭാവം ഒരു പരിധിവരെ കുറയ്ക്കാന് സാധിക്കും.

ഇപ്പോൾ കൊവിഡിന്റെ പേരിന് ചില കാര്യങ്ങൾ ചെയ്യുന്നു, അതിനാൽ അല്ർപം ആശ്വാസം കിട്ടും. എന്നാല് നിങ്ങൾ അവ അടച്ചുപൂട്ടുകയാണെങ്കിൽ അവ കരിഞ്ചന്തകളിലേക്കു പോകും, അവ രഹസ്യമായി കൈകാര്യം ചെയ്യുന്നതിനാല് കണ്ടെത്താനും ബുദ്ധിമുട്ടാണെന്ന് തോമസ് പറയുന്നു.

കൊവിഡ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ വർഷം ഒരു ട്രില്യൺ ഡോളർ ബാധ്യതയാകും, വേൾഡ് ഇക്കണോമിക് ഫോറം അനുസരിച്ച്, ദുർബല സമൂഹങ്ങളെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക, ആഫ്രിക്കയിലുള്ളവരുടെ പകുതിയോളം ജോലികളും നഷ്ടപ്പെടും. “ഇത് പ്രകൃതിയുടെ പ്രതികാരമല്ല, നമ്മൾ സ്വയം വരുത്തിവച്ചതാണ് എന്നതാണ് സത്യം. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാരണങ്ങൾ കണക്കിലെടുത്ത് ഭാവി പ്രവർത്തനങ്ങളില് മനുഷ്യന് പ്രകൃതിയോട് മാന്യത കാണിക്കണം. കാണിച്ചേ പറ്റൂ.

തോമസ് ലൌജോയിയുടെ അഭിപ്രായങ്ങൾ ഈ മാസം ആദ്യം പ്രൊസീഡിംഗ്സ് ഓഫ് റോയൽ സൊസൈറ്റി ബി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ ഓർമിപ്പിക്കുന്നു, ഇപ്പോഴത്തെ പകർച്ചവ്യാധിയുടെ അടിസ്ഥാന കാരണം വന്യജീവികളുമായുള്ള മനുഷ്യ സമ്പർക്കം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലായിരുന്നു ആ പഠനത്തിന്റെ കാതല്.

മൃഗങ്ങളുടെ വ്യാപാരം എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ച് വിദഗ്ദ്ധർ പോലും അഭിപ്രായത്തില് ഭിന്നിച്ചിരിക്കുന്നു, പലരും കരുതുന്നത് ദരിദ്രർ ഏറ്റവും കൂടുതൽ അപകടകാരികളാണ് എന്നാണ്. വന്യജീവി കച്ചവടത്തിൽ അടിയന്തിര നടപടി ആവശ്യമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ കൺസർവേഷൻ ബയോളജിസ്റ്റ് ഡോ. ആമി ഡിക്ക്മാൻ പറഞ്ഞു, എന്നാൽ വന്യജീവി കച്ചവടത്തിന് വിവേചനരഹിതമായ വിലക്ക് ഏർപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തപ്പോൾ അവർ പരിഭ്രാന്തരായി എന്നതും ശ്രദ്ദേയമാണ്. ലോകാരോഗ്യ സംഘടനയ്ക്കും ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗത്തിനും അയച്ച തുറന്ന കത്തില് ഒപ്പുവച്ച 250 ൽ അധികം പേരില് ഒരാളാണ് ഡോ. ആമി ഡിക്ക്മാൻ , ലോകത്തിലെ ഏറ്റവും ദുർബലരായ ആളുകളുടെ ഉപജീവനമാർഗമായതിനാല് പരിഗണിക്കണം - അതിൽ നിന്ന് വ്യതിചലിക്കരുത് - അതിജീവനത്തിനായി അവരിൽ പലരും വന്യ വിഭവങ്ങളെ ആശ്രയിച്ചിരിക്കുന്നു, കത്തില് പറയുന്നു.

ആഫ്രിക്കൻ വൈൽഡ്‌ലൈഫ് ഫൌണ്ടേഷൻ, ഫ്രാങ്ക്ഫർട്ട് സുവോളജിക്കൽ സൊസൈറ്റി, ഐ.യു.സി.എൻ (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) എന്നിവയുടെ പ്രതിനിധികളും മറ്റ് ഒപ്പുവച്ചവരില് ഉൾപ്പെടുന്നു. കത്തിൽ ഇങ്ങനെ പറയുന്നു: “കോവിഡ് -19 രാജ്യങ്ങൾക്കും സമുദായങ്ങൾക്കും അഭൂതപൂർവമായ സാമൂഹികവും സാമ്പത്തികവുമായ ബാധ്യതകൾ വരുത്തുന്നു, ദരിദ്രരും ദുർബലരുമായ ആളുകൾക്കാണ് ഏറ്റവും കൂടുതൽ ആഘാതം. ചൈനീസ് ‘വെറ്റ് മാർക്കറ്റ്’ യുമായുള്ള വൈറസിന്റെ സംശയകരമായ ബന്ധങ്ങൾ വെറ്റ്മാർക്കറ്റുകളെ നിരോധിക്കുന്നതിനും വ്യാപാരം,ഔഷധത്തിനടക്കമുള്ള വന്യജീവികളുടെ ഉപഭോഗം എന്നിവ നിയന്ത്രിക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ ഉള്ള നടപടികളിലേക്ക് നയിച്ചു. എന്നിരുന്നാലും, വിവേചനരഹിതമായ നിരോധനങ്ങളും നിയന്ത്രണങ്ങളും ഫലപ്രദമല്ല. ”

ലളിതമായ ഇത്തരം നിയന്ത്രണങ്ങൾ ദാരിദ്ര്യത്തെയും അസമത്വത്തെയും വർദ്ധിപ്പിക്കുമെന്നും, അത് കുറ്റകൃത്യങ്ങളുടെ വർദ്ധനവിന് കാരണമാകുമെന്നും ശാസ്ത്രജ്ഞരും എൻ‌ജി‌ഒകളും ആശങ്കപ്പെടുന്നു. ഇത് കാട്ടിലെ ജീവജാലങ്ങളുടെ ചൂഷണവും വംശനാശവും ത്വരിതപ്പെടുത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. നിരോധനം അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കില്ല എന്നതിനാൽ ആളുകൾ വിദൂര വിപണികളിലേക്ക് വിരൽ ചൂണ്ടാൻ കൂടുതൽ സന്നദ്ധരാണെന്ന് തോന്നുന്നു - എന്നിരുന്നാലും അവ വളരെ ദുർബലരായ ആളുകളുടെ അവകാശങ്ങളെ ബാധിക്കും, ”ഡോ. ആമി ഡിക്ക്മാൻ പറയുന്നു.

എന്നാല് ഒറിനോക്വിയയിലെയും അമസോണിയയിലെയും ഗോത്രവർഗക്കാർ പോലുള്ള നിരവധി തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സമ്പൂർണ നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ട്, പ്രതിനിധികൾ ഇത് അവരുടെ ഉപജീവനത്തിന് നേരെയുള്ള ഒരു ആക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്.

കാമറൂൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോണ്ടേഷൻ കാമറൂനൈസ് ഡിലാടെറെ വിവാന്റെ (എഫ്‌സിടിവി) എന്ന എൻ‌ജി‌ഒ പറയുന്നു. വന്യജീവി വ്യാപാരം നിരോധിക്കുന്നത് സാധാരണക്കാരുടെ ഉപജീവനത്തിന് ദോഷം ചെയ്യും: “കാട്ടിലെ ആളുകൾക്ക് ബുഷ് മാംസം വളരെ പ്രധാനമാണ്, നല്ല ഭക്ഷണം ലഭിക്കാന്ർ അവരുടെ ഏറ്റവും പ്രധാനമായ വഴിയാണത്. ഈ ദാരിദ്ര്യ പ്രശ്നവും വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരുമായതിനാല് അവർക്ക് മറ്റു മാംസം തേടുന്നത് എളുപ്പമല്ല.

ചില സമയങ്ങളിൽ ചില ആളുകൾ തീരുമാനമെടുക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയായാണ്. യാഥാർത്ഥ്യമറിഞ്ഞായിരുന്നെങ്കില് ഇത്തരം തീരുമാനങ്ങളില് പലതും മാറിയേനേ.

ചിത്രം - തോമസ് ലവ്ജോയ്.

Published - പ്രകൃതി / Prakruthi

Thanks for reading, You can share this article on just one click. Share..

21/04/2020

കോവിഡ് പകർച്ചവ്യാധിക്ക് കാരണം പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ ക്രൂര ഇടപെടൽ തന്നെ | ഗ്ലോബൽ വൈൽഡ് ലൈഫ് കണ്സർവേഷനും Global Wildlife Conservation സീലെഗസിയും SeaLegacy ചേർന്ന് നിർമിച്ച ഷോർട്ട് ഫിലിം |

പ്രാർത്ഥന മാത്രം മതിയാകില്ല : കൊറോണയെ അനുകമ്പയോടെ നേരിടാം - ദലൈ ലാമ  സ്വതന്ത്ര പരിഭാഷ:  onnatt ചില അവസരങ്ങളിൽ എന്റെ സുഹൃ...
19/04/2020

പ്രാർത്ഥന മാത്രം മതിയാകില്ല : കൊറോണയെ അനുകമ്പയോടെ നേരിടാം - ദലൈ ലാമ

സ്വതന്ത്ര പരിഭാഷ: onnatt

ചില അവസരങ്ങളിൽ എന്റെ സുഹൃത്തുക്കൾ എന്നോട് ചോദിക്കാറുണ്ട് ഈ ലോകത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് എൻ്റെ കൈവശം ഉള്ള ചില 'മാന്ത്രികവിദ്യകൾ' ഉപയോഗിച്ചുകൂടെ എന്ന്.
ഞാൻ അവരോട് പറയും ദലൈലാമയുടെ കയ്യിൽ അത്തരം മന്ത്രശക്തികൾ ഒന്നുമില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ കാലുവേദനയോ തൊണ്ടയടപ്പോ ഒന്നും എനിക്ക് നേരിടേണ്ടിവരില്ലല്ലോ. നാമെല്ലാരും ഒരുപോലെയാണ്. ഓരോത്തരും അനുഭവിക്കുന്ന ആശങ്കകൾ, പ്രത്യാശകൾ, അനിശ്ചിതത്വങ്ങൾ എല്ലാം ഒന്ന് തന്നെ.

ബുദ്ധമത വീക്ഷണത്തിൽ, സചേതനമായ ഏതൊരു ജീവിയും പ്രയാസങ്ങളും അസുഖങ്ങളും വാർദ്ധക്യവും മരണവും അതിന്റെ സത്യത്തിൽ അറിയുന്നു. മനുഷ്യന് കോപവും പരിഭ്രാന്തിയും ദുരാഗ്രഹവുമൊക്കെ അതിജീവിക്കാനുള്ള കഴിവുണ്ട്. അടുത്ത കാലത്തായി ഞാൻ ഊന്നൽ കൊടുത്തു പറയുന്ന ഒന്നാണ് “വൈകാരിക നിരായുധീകരണം" (emotional disarmament) എന്നത്. ഭയത്തിനോ, കോപത്തിനോ വഴിപ്പെടാതെ കാര്യങ്ങളെ യാഥാർഥ്യത്തോടെയും വ്യക്തമായും കാണാൻ ശ്രമിക്കുക എന്നതാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രശ്‌നത്തിന് പരിഹാരമുണ്ടെങ്കിൽ അത് കണ്ടെത്താൻ നമ്മൾ പ്രവർത്തിക്കണം. എന്നാൽ അതിന് സാധിക്കുന്നില്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിച്ച് നമ്മൾ സമയം കളയേണ്ടതില്ല.

ഞങ്ങൾ ബുദ്ധമതസ്ഥർ ഈ ലോകം പരസ്പരം ആശ്രയിച്ചു നിൽക്കുന്നു എന്ന് വിശ്വസിക്കുന്നവരാണ് . അതുകൊണ്ടാണ് ഞാൻ പലപ്പോഴും സാർവത്രിക ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കുന്നത്. ഈ ഭയാനകമായ കൊറോണ വൈറസ് ഒരു വ്യക്തിയിൽ ഏല്പിക്കുന്ന ആഘാതം
മറ്റെല്ലാ ജീവികളെയും ഏറെ താമസിയാതെ ബാധിക്കുമെന്ന് നമ്മൾക്കറിയാം. അനുകമ്പാർദ്രമോ ക്രിയാത്മകമോ ആയ പ്രവർത്തികൾ-അത് ആശുപത്രികളിൽ രോഗികളെ പരിശോധിക്കുന്നതോ സാമൂഹിക അകലം പാലിക്കുന്നതോ ആകട്ടെ- പലർക്കും വലിയ സഹായകമാകുമെന്ന് ഈ മഹാമാരി നമ്മെ ഓർമിപ്പിക്കുന്നു.

വുഹാനിലെ കൊറോണ വൈറസിനെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതുമുതൽ ചൈനയിലും മറ്റെല്ലായിടത്തുമുള്ള എന്റെ സഹോദരീസഹോദരന്മാർക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ഈ വൈറസ് ബാധയിൽ നിന്ന് ആരും ഒഴിവായി നിൽക്കുന്നില്ല എന്ന് ഇപ്പോൾ നമുക്ക് അറിയാം. നമ്മുടെ വീടുകളെയും പ്രിയപ്പെട്ടവരെയും ഭാവിയേയും സമ്പദ്‌വ്യവസ്ഥയെയും ഒക്കെ ഓർത്ത് നാമെല്ലാവരും ആശങ്കാകുലരാണ്. എന്നാൽ അതിന് പ്രതിവിധി പ്രാർത്ഥന മാത്രം ആകുന്നില്ല.

ഈ പ്രതിസന്ധി പറഞ്ഞു തരുന്നത് നാമെല്ലാം കഴിയുന്നിടത്തോളം ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നാണ്. ഡോക്ടർമാരും നഴ്സുമാരും അനുഭവസാക്ഷ്യമായി കാട്ടിത്തരുന്ന ധൈര്യം ഈ സാഹചര്യത്തെ ദിശമാറ്റാനും വരും നാളുകളിൽ ഇത്തരം ഭീഷണികളിൽ നിന്ന് നമ്മെ സംരക്ഷിക്കാനും സഹായിക്കും.

നാമെല്ലാം വളരെയധികം ഭയപ്പെടുന്ന ഈ സമയത്ത്, ലോകം നേരിടുന്ന ദീർഘകാല വെല്ലുവിളികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നമ്മൾ ചിന്തിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ നീല ഗ്രഹത്തിന്‌ യഥാർത്ഥ അതിരുകളില്ലെന്ന് ബഹിരാകാശത്തു നിന്നുള്ള ഫോട്ടോഗ്രാഫുകൾ വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ അതിനെ സംരക്ഷിക്കുകയും അത് നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തെയും മറ്റ് വിനാശകരമായ ശക്തികളെയും തടയാൻ പ്രവർത്തിക്കുകയും വേണം. ഒറ്റക്കെട്ടായി ആഗോളതലത്തിൽ നാമെല്ലാം ഒത്തുചേരുന്നതിലൂടെ മാത്രമേ ഈ വെല്ലുവിളികളെ നേരിടാൻ നമ്മുക്ക് കഴിയുള്ളൂ എന്ന മുന്നറിയിപ്പ് കൂടി ഈ മഹാമാരി തരുന്നു.

ആരും കഷ്ടപ്പാടുകളിൽ നിന്ന് മുക്തരല്ലെന്നും വീടുകളോ വിഭവങ്ങളോ കുടുംബമോ ഇല്ലാത്ത മറ്റുള്ളവർക്ക് സംരക്ഷണത്തിന്റെ ഒരു കൈത്താങ്ങാകാൻ നമ്മൾക്ക് കഴിയണം. ലോകത്തിന്റെ പല കോണിൽ ആണെങ്കിലും നാമെല്ലാവരും അകന്നു നിൽക്കുന്നവരല്ല. അത് കൊണ്ട് തന്നെ അനുകമ്പയും സഹായവും നൽകേണ്ട ഉത്തരവാദിതം നമ്മൾക്ക് ഉണ്ട്.

ഒരു ബുദ്ധവിശ്വാസി എന്ന നിലയിൽ ഞാൻ അനിത്യതയുടെ തത്വത്തിൽ വിശ്വസിക്കുന്നു. ഈ വൈറസ് കടന്നുപോകും. എന്റെ ജീവിതകാലത്ത് യുദ്ധങ്ങളും മറ്റ് ഭയാനകമായ ഭീഷണികളും കടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഭീഷണികൾ എല്ലാം ഒഴിയുമ്പോൾ ഈ ലോകത്തെ പുനർനിർമ്മിക്കാനുള്ള അവസരം നമ്മളിൽ വന്നു ചേരും. അത് നമ്മൾ നിരവധി തവണ ചെയ്തിട്ടുണ്ടമുണ്ട്. എല്ലാവരും സുരക്ഷിതരായി തുടരാനും ശാന്തത പാലിക്കാനും കഴിയുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. അനിശ്ചിതത്വത്തിന്റെ ഈ സമയത്ത്, മനുഷ്യരുടെ സൃഷ്ടിപരമായ ശ്രമങ്ങളിൽ നമുക്ക് പ്രതീക്ഷയും ആത്മവിശ്വാസവും അർപ്പിക്കാം.

( ടൈം മാഗസിനിൽ 2020 ഏപ്രിൽ 15നു പ്രസിദ്ധീകരിച്ച ലേഖനം )

Published - പ്രകൃതി / Prakruthi

WHATSAPP SHARE 🤳🏽Please watch and show to your kids some lovely documentaries released by forest department of Karnataka...
18/04/2020

WHATSAPP SHARE 🤳🏽

Please watch and show to your kids some lovely documentaries released by forest department of Karnataka.

1. Wild Karnataka
https://www.zoosofkarnataka.com/wild-karnataka

2. The Unsung - A life at Bhadra Tiger Reserve

https://youtu.be/hhleR81clus
https://youtu.be/dAUfpcrL_rE
https://youtu.be/Rszpqf0vTxk

3. River terns of Bhadra

https://youtu.be/JO4qHg2xwe4

4. Daroji Bear Sanctuary

https://youtu.be/HiTJiWXYlpo

5. The Western Ghats of India

https://youtu.be/7uPBKxODeh0

6. Namaami Aranyaka - Honnavara Division

https://youtu.be/ersBvr57oVI

7. Aganashini

https://youtu.be/N85N3JspPOE
https://www.zoosofkarnataka.com/wild-karnataka

8. A day at Mysore zoo

https://youtu.be/MuB7HHeuNbc

Produced, directed and filmed by Shekar Dattatri, this film was commissioned by the Sri Chamarajendra Zoological Gardens, Mysuru, India, to commemorate its 1...

നേതൃത്വമില്ലാതെ കൊറോണയോട് പൊരുതുന്ന ലോകം - യുവാൽ നോഹ് ഹരാരി ( യുവാൽ നോഹ ഹരാരി ടൈം മാസികയിൽ കഴിഞ്ഞ മാർച്ച് 15 ന് എഴുതിയ ല...
11/04/2020

നേതൃത്വമില്ലാതെ കൊറോണയോട് പൊരുതുന്ന ലോകം - യുവാൽ നോഹ് ഹരാരി

( യുവാൽ നോഹ ഹരാരി ടൈം മാസികയിൽ കഴിഞ്ഞ മാർച്ച് 15 ന് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം: ആദർശ് ഓണാട്ട് )

ആഗോളവൽക്കരണമാണ് കൊറോണ പകർച്ചവ്യാധിക്ക് കാരണമെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. അവരുടെ അഭിപ്രായത്തിൽ ഇത്തരം മഹാമാരികൾ കൂടുതലായി പൊട്ടിപ്പുറപ്പെടാതിരിക്കാനുള്ള ഏക മാർഗം ലോകത്തെ ചുരുക്കുക എന്നതാണ്. മതിലുകൾ നിർമ്മിക്കുക, യാത്ര നിയന്ത്രിക്കുക, വ്യാപാരം കുറയ്ക്കുക. അങ്ങനെ ലോകത്തെ ചുരുക്കിക്കോണ്ടേയിരിക്കുക.

ആഗോളവൽക്കരണത്തിന് മുന്നേ തന്നെ പകർച്ചവ്യാധികൾ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിൽ വിമാനങ്ങളൊ ക്രൂയിസ് കപ്പലുകളൊ ഉണ്ടായിരുന്നില്ല, എന്നിട്ടും കറുത്ത മരണം എന്ന് വിളിക്കപ്പെട്ട മഹാമാരി കിഴക്കൻ ഏഷ്യയിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് ഒരു ദശാബ്ദത്തിനുള്ളിൽ വ്യാപിച്ചു. ഇത് 75 ദശലക്ഷത്തിനും 200 ദശലക്ഷത്തിനും ഇടയിൽ മനുഷ്യരെ കൊന്നൊടുക്കി. യുറേഷ്യയിൽ അന്നുണ്ടായിരുന്ന ജനസംഖ്യയുടെ നാലിലൊന്ന് വരും കൊല്ലപ്പെട്ടവർ. ഇംഗ്ലണ്ടിൽ പത്തിൽ നാലുപേർ ഈ രോഗം വന്നു മരിച്ചു. ഫ്ലോറൻസ് നഗരത്തിലെ ഒരു ലക്ഷം പേരിൽ പകുതിയും ഈ രോഗത്തിന് കീഴടങ്ങി.

1520 മാർച്ചിൽ ഫ്രാൻസിസ്കോ ഡി എഗ്വയ എന്ന വസൂരി വാഹകൻ മെക്സിക്കോയിൽ എത്തുന്നു. അക്കാലത്ത് മധ്യമേരിക്കയിൽ ട്രെയിനുകളോ ബസുകളോ എന്തിനേറെ കഴുതകളേ ഉപയോഗിച്ചുള്ള ഗതാഗതം പോലും ഇല്ലായിരുന്നു. എന്നിട്ടും ഡിസംബറോടെ വസൂരി മധ്യമേരിക്കയെ മുഴുവൻ നശിപ്പിച്ചു. ചില കണക്കുകൾ പ്രകാരം, ജനസംഖ്യയുടെ മൂന്നിലൊന്ന് മനുഷ്യർ ആ മഹാമാരിയിൽ ഒടുങ്ങി.

1918-ൽ പ്രത്യേക വൈറസ് ബാധയുള്ള ഒരു പകർച്ചപ്പനി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ലോകത്തിന്റെ വിദൂര കോണുകളിലേക്ക് വ്യാപിച്ചു. ഇത് അരക്കോടിയിലധികം ജനങ്ങളെ ബാധിച്ചു. അന്നത്തെ മനുഷ്യവർഗ്ഗത്തിന്റെ നാലിലൊന്നിലധികം വരും രോഗം വന്നവർ. ഇന്ത്യയിലെ ജനസംഖ്യയുടെ 5 ശതമാനം പേർ ഈ പകർച്ചപ്പനിയിൽ ഇല്ലാതായി. താഹിതി ദ്വീപിൽ 14 ശതമാനം പേർ മരിച്ചു. സമോവയിൽ 20 ശതമാനവും. മൊത്തത്തിൽ ഈ മഹാമാരി ഒരു വർഷത്തിനുള്ളിൽ 100 ദശലക്ഷം വരെ മനുഷ്യരെ ഇല്ലാതാക്കി. നാലു വർഷം കൊണ്ട് ഒന്നാം ലോകമഹായുദ്ധം കൊന്നൊടൊക്കിയതിനേക്കാൾ മനുഷ്യർ ഈ പകർച്ചവ്യാധിക്ക് കീഴടങ്ങി.

കഴിഞ്ഞ നൂറ്റാണ്ടിലെ ജനസംഖ്യാ വർധനവും മെച്ചപ്പെട്ട ഗതാഗത സൗകര്യവും കാരണം മനുഷ്യരാശി കൂടുതലായി പകർച്ചവ്യാധികൾക്ക് ഇരയായി. അത് കൊണ്ട് തന്നെ ടോക്കിയോ, മെക്സിക്കോ സിറ്റി പോലുള്ള ആധുനിക നഗരങ്ങൾ വൈറസുകൾക്ക് മധ്യകാലത്തെ ഫ്ലോറൻസിനേക്കാൾ സമ്പന്നമായ വേട്ട നിലങ്ങൾ പ്രദാനം ചെയ്യുന്നു. 1918 നെ അപേക്ഷിച്ച് ആഗോള ഗതാഗത ശൃംഖല ഇന്ന് വളരെ വേഗതയുള്ളതാണ്. ഒരു വൈറസിന് പാരീസിൽ നിന്ന് ടോക്കിയോയിലേക്കും മെക്സിക്കോ സിറ്റിയിലേക്കും 24 മണിക്കൂറിനുള്ളിൽ പോകാൻ കഴിയും. അതിനാൽ പകർച്ചവ്യാധികൾ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന നരകത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നതെന്ന് വേണം കരുതാൻ.

എന്നിരുന്നാലും, പകർച്ചവ്യാധികളുടെ ആവിർഭാവവും ആഘാതവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എയ്ഡ്‌സ്, എബോള തുടങ്ങിയ ഭീകരമായ പകർച്ചവ്യാധികൾ ഉണ്ടായിരുന്നിട്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പകർച്ചവ്യാധികൾ മുമ്പുണ്ടായിരുന്നതിനേക്കാൾ ചെറിയ അളവിൽ മാത്രമാണ് മനുഷ്യരെ കൊല്ലുന്നത്. രോഗവാഹകരായ വൈറസുകളെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗം അകന്നുനിൽക്കൽ അല്ല മറിച്ച് അറിവാണ് എന്ന് കാലം പറഞ്ഞുതന്നു.

പകർച്ചവ്യാധികൾക്കെതിരായ യുദ്ധത്തിൽ മനുഷ്യരാശി വിജയിക്കുകയാണ്.കാരണം രോഗകാരികളും ഡോക്ടർമാരും തമ്മിലുള്ള കിട മത്സരത്തിൽ രോഗകാരികൾ അന്ധമായി മ്യൂട്ടേഷനെ ആശ്രയിക്കുന്നു. അതേസമയം ഡോക്ടർമാർ വിവരങ്ങളുടെ ശാസ്ത്രീയ വിശകലനത്തെ ഉപയോഗിച്ച് അവയെ നേരിടുന്നു.

രോഗാണുവിനെതിരായ യുദ്ധം വിജയിക്കുന്നതിന്റെ ആവശ്യം

പതിനാലാം നൂറ്റാണ്ടിൽ കറുത്ത മരണം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അതിന്റെ കാരണമെന്തെന്നും എന്തുചെയ്യണമെന്നും ആളുകൾക്ക് അറിയില്ലായിരുന്നു. ആധുനിക കാലം വരെ മനുഷ്യർ കോപാകുലരായ ദേവന്മാരിലോ ക്ഷുദ്ര ഭൂതങ്ങളിലോ മോശം വായുവിലോ ഒക്കെ രോഗങ്ങളുടെ കാരണത്തെ ആരോപിച്ചു. മാത്രമല്ല ബാക്ടീരിയകളും വൈറസുകളും ഉണ്ടോ എന്ന് തന്നെ അവർക്ക് അറിയുമായിരുന്നില്ല . ആളുകൾ മാലാഖമാരിലും യക്ഷിയിലും വിശ്വസിച്ചു. എന്നാൽ ഒരു തുള്ളി ജലത്തിൽ ഒരു കുലത്തെ മുഴുവൻ മുടിക്കാൻ പോന്ന മാരകമായ ഒരു കൂട്ടം വേട്ടക്കാർ ഉണ്ടാകുമെന്നു കരുതാൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ ബ്ലാക്ക് ഡെത്ത് അല്ലെങ്കിൽ വസൂരിയുടെ ആക്രമണം ഉണ്ടായപ്പോൾ , അധികാരികൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം വിവിധ ദേവന്മാരോടും വിശുദ്ധരോടും കൂട്ടത്തോടെ പ്രാർത്ഥിക്കുക എന്നതായിരുന്നു. ഇത് ഒരു തരത്തിലും അവരെ സഹായിച്ചില്ല. കൂട്ടത്തോടെയുള്ള പ്രാർത്ഥനയ്ക്കായി ആളുകൾ ഒത്തുകൂടിയപ്പോൾ, വലിയ തോതിലുള്ള അണുബാധകൾക്ക് അത് കാരണമായി.

കഴിഞ്ഞ നൂറ്റാണ്ടിൽ, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഡോക്ടർമാരും നഴ്സുമാരും പരമാവധി വിവരങ്ങൾ ശേഖരിക്കുകയും പകർച്ചവ്യാധികളുടെ പ്രവർത്തനവും അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളും കണ്ടെത്തുകയും ചെയ്തു. പുതിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതും പഴയ രോഗങ്ങൾ കൂടുതൽ പടരുന്നതും എന്തുകൊണ്ട്, എങ്ങനെ എന്ന് പരിണാമ സിദ്ധാന്തം വഴി വിശദീകരിച്ചു. രോഗകാരികളുടെ സ്വന്തം ഇൻസ്ട്രക്ഷൻ മാനുവലിൽ ചാരപ്പണി നടത്താൻ ജനിതകശാസ്ത്രം ശാസ്ത്രജ്ഞരെ പ്രാപ്തമാക്കി. കറുത്ത മരണത്തിന് കാരണമായത് എന്താണെന്ന് മധ്യകാല മനുഷ്യർ ഒരിക്കലും കണ്ടെത്തിയില്ലെങ്കിലും, കൊറോണ വൈറസ് തിരിച്ചറിയാനും അതിന്റെ ജനിതകഘടന ക്രമീകരിക്കാനും രോഗബാധിതരെ തിരിച്ചറിയുന്നതിന് വിശ്വസനീയമായ ഒരു പരിശോധന വികസിപ്പിക്കാനും ശാസ്ത്രജ്ഞർക്ക് രണ്ടാഴ്ച മാത്രം കൊണ്ട് കഴിഞ്ഞു.

പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് എന്താണെന്ന് ഒരിക്കൽ ശാസ്ത്രജ്ഞർ മനസ്സിലാക്കി കഴിഞ്ഞാൽ, അവയ്ക്കെതിരെ പോരാടുന്നത് വളരെ എളുപ്പമാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ, ആൻറിബയോട്ടിക്കുകൾ, മെച്ചപ്പെട്ട ശുചിത്വം, മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങൾ എന്നിവ കൊണ്ട് മനുഷ്യർക്ക് ഈ അദൃശ്യരായ വേട്ടക്കാർക്ക് മേൽ അധീശത്വം നേടാം.

1967 ൽ വസൂരി 15 ദശലക്ഷം ആളുകളെ ബാധിക്കുകയും അതിൽ 2 ദശലക്ഷം പേർ കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദശകത്തിൽ വസൂരി പ്രതിരോധ കുത്തിവയ്പ്പ് ആഗോള പ്രചാരണം വഴി ലോകമാനം വിജയിക്കുകയും. 1979 ൽ ലോകാരോഗ്യ സംഘടന ഈ മഹാമാരിക്കുമേൽ മനുഷ്യരാശി വിജയിച്ചതായും വസൂരി പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെട്ടതായും പ്രഖ്യാപിച്ചു. 2019 ൽ ഒരു വ്യക്തിക്ക് പോലും വസൂരി ബാധിക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടില്ല.

അതിർത്തികൾ നമ്മൾ തന്നെ കാക്കണം

നിലവിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് ഈ ചരിത്രം നമ്മെ എന്താണ് പഠിപ്പിക്കുന്നത്?
ആദ്യം, നിങ്ങളുടെ അതിർത്തികൾ ശാശ്വതമായി അടച്ചുകൊണ്ട് നിങ്ങൾക്ക് സ്വയം പരിരക്ഷിക്കാൻ കഴിയില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ആഗോളവൽക്കരണ കാലഘട്ടത്തിന് വളരെ മുമ്പുതന്നെ മധ്യകാലഘട്ടത്തിൽ പോലും പകർച്ചവ്യാധികൾ അതിവേഗം പടർന്നിരുന്നവെന്ന് മനസ്സിലാക്കുക . അതിനാൽ, നിങ്ങളുടെ ആഗോള ബന്ധങ്ങൾ 1348 -ലെ ഇംഗ്ലണ്ടിന്റെ നിലവാരത്തിലേക്ക് കുറച്ചാലും അത് പര്യാപ്തമാകില്ല. അടിച്ചിട്ട് കൊണ്ട് മധ്യകാലത്തേക്ക് പോകുന്നത് പ്രയോജനം ചെയ്യില്ല. എന്നാൽ അത്തരമൊരു മാർഗം സ്വീകരിച്ച് കൊണ്ട് ഇതിനു പ്രതിരോധം തീർക്കാനാണ് നിങ്ങളുടെ ശ്രമം എങ്കിൽ നിങ്ങൾ തീർച്ചയായും പൂർണ്ണ ശിലായുഗ കാലത്തേക്ക് പോകേണ്ടിവരും. ആ കാലത്തേക്ക് മടങ്ങാൻ നിങ്ങൾക്ക് കഴിയുമോ?

രണ്ടാമതായി, വിശ്വസനീയമായ ശാസ്ത്രീയ വിവരങ്ങൾ പങ്കിടുന്നതിൽ നിന്നും ആഗോള ഐക്യദാർഢ്യത്തിൽ നിന്നും യഥാർത്ഥ സംരക്ഷണം ലഭിക്കുന്നുവെന്ന് ചരിത്രം നമ്മുക്ക് കാട്ടിത്തരുന്നു. ഒരു രാജ്യം ഒരു പകർച്ചവ്യാധി ബാധിക്കുമ്പോൾ, സാമ്പത്തിക ദുരന്തത്തെ ഭയക്കാതെ അതേപ്പറ്റിയുള്ള വിവരങ്ങൾ സത്യസന്ധമായി പങ്കിടാൻ തയ്യാറാകണം. അതേസമയം മറ്റ് രാജ്യങ്ങൾക്ക് ആ വിവരങ്ങൾ വിശ്വസിക്കാനും കഴിയണം. ഒപ്പം തന്നെ ആ രാജ്യത്തെ ഒറ്റപ്പെടുത്തുന്നതിന് പകരം അവർക്കു സഹായഹസ്തം നീട്ടാൻ സന്നദ്ധമാകുകയും വേണം. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് കൊറോണ വൈറസിനെക്കുറിച്ച് നിരവധി പ്രധാന പാഠങ്ങൾ ചൈനയ്ക്ക് പഠിപ്പിക്കാൻ കഴിയും. ആയതിന് മറ്റു രാജ്യങ്ങളുടെ വിശ്വാസവും സഹകരണവും ആവശ്യമാണ്.

ഫലപ്രദമായ അടച്ചിടൽ നടപടികൾക്കും അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. പകർച്ചവ്യാധികൾ തടയുന്നതിന് സംസർഗനിഷേധവും അടച്ചിടലും ആവശ്യമാണ്. എന്നാൽ രാജ്യങ്ങൾ പരസ്പരം അവിശ്വസിക്കുകയും ഓരോ രാജ്യവും സ്വാർത്ഥതയോടെ ചിന്തിക്കുകയും ചെയ്യുമ്പോൾ ഗവൺമെന്റുകൾ അത്തരം കടുത്ത നടപടികൾ സ്വീകരിക്കാൻ മടിക്കുന്നു. നിങ്ങളുടെ രാജ്യത്ത് 100 കൊറോണ വൈറസ് കേസുകൾ കണ്ടെത്തിയാൽ, നിങ്ങൾ ഉടനെ മുഴുവൻ നഗരങ്ങളും പ്രദേശങ്ങളും പൂട്ടിയിടുമോ? അങ്ങനെ നിങ്ങൾ ചെയ്യുന്നത് മറ്റു രാജ്യങ്ങളുടെ തീരുമാനത്തെ ആശ്രയിച്ചിരിയ്ക്കും. നിങ്ങളുടെ നഗരങ്ങൾ പൂട്ടുന്നത് സാമ്പത്തിക തകർച്ചയിലേക്ക് നയിക്കാം. മറ്റ് രാജ്യങ്ങൾ നിങ്ങളുടെ സഹായത്തിനെത്തുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ അടച്ചിടുക എന്ന കടുത്ത നടപടി സ്വീകരിക്കാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങൾ നിങ്ങളെ ഉപേക്ഷിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ നിങ്ങൾ ഇത്തരമൊരു അടിച്ചിടൽ നടപടി സ്വീകരിക്കാൻ മടിക്കും.

ഇത്തരം പകർച്ചവ്യാധികളെക്കുറിച്ച് ആളുകൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുത എന്തെന്നാൽ ഏതൊരു രാജ്യത്തും പകർച്ചവ്യാധി പടരുന്നത് മുഴുവൻ മനുഷ്യവർഗ്ഗത്തെയും അപകടത്തിലാക്കുന്നുവന്നതാണ്. വൈറസുകൾ പരിണമിക്കുന്നതിനാലാണിത്. കൊറോണ പോലുള്ള വൈറസുകൾ വവ്വാലുകൾ പോലുള്ള മൃഗങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അവർ മനുഷ്യരിലേക്ക് പകരുമ്പോൾ, തുടക്കത്തിൽ വൈറസുകൾ അവരുടെ മനുഷ്യ ഹോസ്റ്റുകളുമായി പൊരുത്തപ്പെടുന്നില്ല. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ, വൈറസുകൾ‌ ഇടയ്‌ക്കിടെ പരിവർത്തനങ്ങൾ‌ക്ക് വിധേയമാകുന്നു. മിക്ക മ്യൂട്ടേഷനുകളും നിരുപദ്രവകരമാണ്. എന്നാൽ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന മ്യൂട്ടേഷൻ ഒരു വൈറസിനെ കൂടുതൽ അപകടകാരിയായ പകർച്ചവ്യാധിയാക്കുന്നു. അത് മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനത്തെ തടുക്കുന്നു. മാത്രമല്ല ഈ വൈറസിന്റെ പെരുകൽ മനുഷ്യരിൽ അതിവേഗം വ്യാപിക്കുകയും ചെയ്യും. തനിപ്പകർ‌പ്പിന് നിരന്തരമായ വിധേയമാകുന്ന ട്രില്യൺ കണക്കിന് വൈറസ് കണങ്ങളെ ഒരു വ്യക്തി വഹിക്കുമെന്നതിനാൽ രോഗബാധിതനായ ഓരോ വ്യക്തിയും മനുഷ്യരുമായി കൂടുതൽ‌ പൊരുത്തപ്പെടാൻ‌ വൈറസിന് അനവധി പുതിയ അവസരങ്ങൾ‌ നൽ‌കുന്നു. വൈറസ് ബാധിച്ച ഓരോ മനുഷ്യനും ഒരു ചൂതാട്ടയന്ത്രം പോലെയാണ്. അത് വൈറസിന് ട്രില്യൺ കണക്കിന് ലോട്ടറി ടിക്കറ്റുകൾ നൽകുന്നു. മാത്രമല്ല ഈ വൈറസിന് വളരാൻ അതിൽ നിന്ന് ഒരു വിജയി ഉണ്ടാവേണ്ടതും ഉണ്ട്.

ഇത് കേവലം ഊഹമല്ല. 2014ൽ എബോള പൊട്ടിപ്പുറപ്പെട്ട സംഭവങ്ങളുടെ ഒരു ശൃംഖലയെക്കുറിച്ച് റിച്ചാർഡ് പ്രെസ്റ്റണിന്റെ റെഡ് സോണിലെ പ്രതിസന്ധി ( Crisis the Red Zone) എന്ന പുസ്തകം വിവരിക്കുന്നു. ചില എബോള വൈറസുകൾ ഒരു വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകർന്നപ്പോളാണ് പൊട്ടിത്തെറി ആരംഭിച്ചത്. ഈ വൈറസുകൾ വളരെയധികം ആളുകളെ രോഗികളാക്കി. പക്ഷേ മനുഷ്യ ശരീരത്തേക്കാൾ കൂടുതൽ വവ്വാലുകൾക്കുള്ളിൽ ജീവിക്കാൻ അവ അപ്പോഴും അനുയോജ്യമായിരുന്നു. താരതമ്യേന അപൂർവമായ ഒരു രോഗത്തിൽ നിന്ന് എബോളയെ ഒരു പകർച്ചവ്യാധിയായി മാറ്റിയത് എബോള വൈറസിലെ ഒരൊറ്റ ജീനിന്റെ മ്യൂട്ടേഷനാണ്. അത് ഒരു മനുഷ്യനെ ബാധിച്ചു, പശ്ചിമാഫ്രിക്കയിലെ മക്കോണ പ്രദേശത്ത് എവിടെയോ ഉള്ള ഒരു മനുഷ്യൻ. ഈ എബോള മ്യൂട്ടേഷൻ സ്‌ട്രെയ്‌നിനെ മകോണ സ്ട്രെയിൻ എന്ന് വിളിക്കുന്നു. ഈ സ്‌ട്രെയിൻ മനുഷ്യകോശങ്ങളിലേക്ക് കൊളെസ്ട്രോൾ എത്തിക്കുന്ന വാഹകരുമായി ബന്ധം സ്ഥാപിക്കുകയും കൊളസ്ട്രോളിനുപകരം ഇവർ എബോളയെ കോശങ്ങളിലേക്ക് കടത്തിവിടുകയും ചെയ്തു. ഈ പുതിയ മക്കോണ ഇനം വൈറസുകൾ മനുഷ്യരിൽ നാലിരട്ടി വേഗത്തിൽ പകരാൻ ശേഷിയുള്ളതാണ്.

നിങ്ങൾ ഈ ലേഖനം വായിച്ചു കൊണ്ടിരിക്കുമ്പോൾ ടെഹ്റാനിലെയോ മിലാനിലെയോ വുഹാനിലെയോ ഒരാളിൽ പകർന്ന കൊറോണ വൈറസിലെ ഒരു ജീൻ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയായിരിക്കും. ഇങ്ങനെയൊന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് കരുതുക. ഇത് ഇറാനികൾക്കോ ഇറ്റലിക്കാർക്കോ ചൈനക്കാർക്കോ മാത്രമല്ല ഭീഷണിയാകുക അത് നിങ്ങൾക്ക് കൂടി ആണ്. കൊറോണ വൈറസിന് അത്തരമൊരു അവസരം നൽകാതിരിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ ജീവൻമരണ പോരാട്ടത്തിൽ ആണ് . അതിനർത്ഥം എല്ലാ രാജ്യങ്ങളിലെയും എല്ലാ വ്യക്തികളെയും നമുക്കു സംരക്ഷിക്കാൻ കഴിയണമെന്നാണ്.

1970 കളിൽ വസൂരി രോഗത്തെ പരാജയപ്പെടുത്തിയത് എല്ലാ രാജ്യങ്ങളിലെയും മനുഷ്യർക്ക്‌ പ്രതിരോധ കുത്തിവയ്പ് നൽകിയാണ്. ഏതെങ്കിലും ഒരു രാജ്യം ഈ പ്രതിരോധ കുത്തിവയ്പ് നൽകുന്നതിൽ പരാജയപ്പെട്ടിരുന്നെങ്കിൽ അത് മാനവരാശിയെ ആകെ അപകടത്തിലാക്കുമായിരുന്നു. വസൂരി വൈറസ് നിലനിൽക്കുകയും അതവിടെ കിടന്ന് പരിണാമത്തിന് വിധേയമായാൽ വീണ്ടും ആ രോഗം എല്ലായിടത്തും പടർന്നു പിടിക്കുകയും ചെയ്യും.

വൈറസുകൾക്കെതിരായ പോരാട്ടത്തിൽ മനുഷ്യർ അതിർത്തികളെ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള അതിരുകളല്ല അത്. മറിച്ച്, മനുഷ്യലോകവും വൈറസ് ഗോളവും തമ്മിലുള്ള അതിർത്തിക്കാണ് കാവൽ നിൽക്കേണ്ടത്. ഭൂമിയിൽ അസംഖ്യം വൈറസുകൾ ഉണ്ട്. ജനിതകമാറ്റം കാരണം പുതിയ വൈറസുകൾ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഈ വൈറസ് ഗോളത്തെ മനുഷ്യ ലോകത്തിൽ നിന്ന് വേർതിരിക്കുന്ന അതിർത്തി രേഖ ഓരോ മനുഷ്യന്റെയും ശരീരത്തിനുള്ളിലൂടെയും കടന്നുപോകുന്നു. അപകടകരമായ ഒരു വൈറസ് ഭൂമിയിലെവിടെയും നിന്ന് ഈ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുന്നുവെങ്കിൽ, അത് മുഴുവൻ മനുഷ്യവർഗ്ഗത്തെയും അപകടത്തിലാക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിൽ മനുഷ്യരാശി ഈ അതിർത്തി മുമ്പെങ്ങുമില്ലാത്തവിധം ശക്തിമത്താക്കി. ആ അതിർത്തിയെ സംരക്ഷിക്കുന്ന മതിലായി ആധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ മാറ്റി. നഴ്സുമാരും ഡോക്ടർമാരും ശാസ്ത്രജ്ഞരും ആ അതിർത്തി കാവൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ തുരത്തി.എന്നിരുന്നാലും, ഈ അതിർത്തിയിലെ കുറച്ചു ഭാഗങ്ങൾ അപകടമാവിധം മലർക്കെ തുറന്നു കിടക്കുന്നു. അടിസ്ഥാന ആരോഗ്യ സേവനങ്ങൾ പോലും കിട്ടാതെ ദശലക്ഷക്കണക്കിന് മനുഷ്യർ ലോകമെമ്പാടും ഉണ്ട്. ഇത് എല്ലാവരെയും അപകടത്തിലാക്കുന്നു. ദേശീയതലത്തിൽ നമ്മൾ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നു. എന്നാൽ ഇറാനികൾക്കും ചൈനക്കാർക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നൽകുന്നതിലൂടെ ഇസ്രായേലികളെയും അമേരിക്കക്കാരെയും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കാൻ നമ്മുക്ക് കഴിയും. ഈ ലളിതമായ സത്യം എല്ലാവർക്കും വ്യക്തമാകണം. നിർഭാഗ്യവശാൽ ഇത് ലോകത്തിലെ പ്രധാനപ്പെട്ട ആളുകൾക്ക് മനസ്സിലാകുന്നില്ല.

നേതൃത്വമില്ലാത്ത ലോകം

ഇന്ന് മനുഷ്യകുലം നേരിടുന്ന പ്രതിസന്ധികൾക്ക് കൊറോണ മാത്രമല്ല കാരണം. മനുഷ്യർ തമ്മിലുള്ള വിശ്വാസക്കുറവ് മൂലമാണ് ഇന്ന് മാനവികത രൂക്ഷമായ പ്രതിസന്ധികൾ നേരിടുന്നത്. ഒരു പകർച്ചവ്യാധിയെ പരാജയപ്പെടുത്താൻ ആളുകൾ ശാസ്ത്രജ്ഞരെ വിശ്വസിക്കേണ്ടതുണ്ട്. പൗരന്മാർ പൊതു അധികാരികളെ വിശ്വസിക്കേണ്ടതുണ്ട്. രാജ്യങ്ങൾ പരസ്പരം വിശ്വസിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രാഷ്ട്രീയക്കാർ മന:പൂർവ്വം ശാസ്ത്രത്തിലും പൊതു അധികാരികളിലും അന്താരാഷ്ട്ര സഹകരണത്തിലുമുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തി. അത് കൊണ്ട് എന്ത് സംഭവിച്ചുവെന്നാൽ ലോകത്തെയാകെ ചേർത്തുനിർത്താനും പ്രചോദിപ്പിക്കാനും ധനസമാഹരണം നടത്തി ഒരു ആഗോളകൂട്ടായ്മക്ക് നേതൃത്വം നൽകാനും ശേഷിയുള്ള നേതാക്കളുടെ അഭാവമാണ് ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്നത്.

2014 -ൽ എബോള പകർച്ചവ്യാധിയുടെ സമയത്ത് അമേരിക്ക അത്തരത്തിൽ നേതൃത്വം നൽകിയിരുന്നു. 2018 - ലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും യുഎസ് സമാനമായ പങ്ക് നിറവേറ്റി. ആഗോള സാമ്പത്തിക മാന്ദ്യം തടയാൻ മറ്റ് രാജ്യങ്ങൾക്ക് അമേരിക്ക പിന്തുണ നൽകിയിരുന്നു. അടുത്ത കാലത്തായി യുഎസ് ഇത്തരമൊരു ഉത്തരവാദിത്തത്തിൽ നിന്ന് പിൻവാങ്ങി. നിലവിലെ യു‌എസ് ഭരണകൂടം ലോകാരോഗ്യ സംഘടന പോലുള്ള അന്തർ‌ദ്ദേശീയ സംഘടനകൾക്കുള്ള പിന്തുണ വെട്ടിക്കുറച്ചു. മാത്രമല്ല തങ്ങൾക്കു യഥാർത്ഥ ചങ്ങാതിമാരെയല്ല സംരക്ഷിക്കേണ്ടതെന്നും മറിച്ചു ചില താൽ‌പ്പര്യങ്ങൾ‌ മാത്രമേ ഉള്ളുവെന്നും ലോകത്തെ അവർ ബോധ്യപെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോൾ യുഎസ് ഒന്നും ചെയ്യാതെ അരികിൽ മാറി നിന്നു. എന്തെങ്കിലും പ്രധാന പങ്ക് വഹിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. ഒടുവിൽ അവർ ഇനി നേതൃത്വം ഏറ്റെടുക്കാൻ ശ്രമിച്ചാലും, നിലവിലെ യുഎസ് ഭരണത്തിലുള്ള വിശ്വാസമില്ലായ്മ മറ്റു രാജ്യങ്ങളെ അവരോടു സഹകരിക്കുന്നതിൽ നിന്ന് അകറ്റി നിർത്തും. “ഞാൻ മുൻപേ, ഞാൻ മുൻപേ ” എന്ന മുദ്രാവാക്യം വിളിക്കുന്ന ഒരു നേതാവിനെ നിങ്ങൾ പിന്തുടരാൻ കഴിയുമോ?

യുഎസ് അവശേഷിപ്പിച്ച ശൂന്യത മറ്റാരും പൂരിപ്പിച്ചിട്ടില്ല. വിദേശീയവിദ്വേഷം, ഒറ്റപ്പെടുത്തൽ, അവിശ്വാസം എന്നിവയാണ് ഇപ്പോൾ മിക്ക അന്താരാഷ്ട്ര സംവിധാനങ്ങളുടെയും സവിശേഷത. വിശ്വാസവും ആഗോള ഐക്യദാർഢ്യവും ഇല്ലാതെ നമുക്ക് കൊറോണ വൈറസ് പകർച്ചവ്യാധിയെ തടയാൻ കഴിയില്ല. ഭാവിയിൽ ഇത്തരം കൂടുതൽ പകർച്ചവ്യാധികൾ നാം നേരിടേണ്ടതായി വരും. എന്നാൽ ഓരോ പ്രതിസന്ധിയും ഓരോ അവസരമാണ്. ആഗോള അന്തഃഛിദ്രംമൂലമുണ്ടാകുന്ന കടുത്ത അപകടം മനസ്സിലാക്കാൻ നിലവിലെ പകർച്ചവ്യാധി മനുഷ്യരാശിയെ സഹായിക്കുമെന്ന് പ്രത്യാശിക്കാം .

ഈ പകർച്ചവ്യാധി യൂറോപ്യൻ യൂണിയന് അടുത്തകാലത്തായി നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാനുള്ള ഒരു സുവർണ്ണാവസരമായി കാണാവുന്നതാണ്. യൂറോപ്യൻ യൂണിയനിലെ സമ്പന്നരായ അംഗങ്ങൾക്ക് ഈ മഹാമാരി മൂലം പ്രതിസന്ധി നേരിടുന്ന സഹരാജ്യങ്ങളെ പണവും ഉപകരണങ്ങളും ആരോഗ്യപ്രവർത്തകരുടെ സേവനവും ഉറപ്പാക്കി സഹായിക്കാൻ കഴിയുമെങ്കിൽ ഇത് ഏത് പ്രസംഗം കൊണ്ട് നേടാൻ കഴിയുന്ന പിന്തുണയേക്കാൾ അംഗീകാരം യൂറോപ്യൻ യൂണിയന് കൊണ്ടുവരും. മറുവശത്ത്, യൂണിയനിലെ ഓരോ രാജ്യവും സ്വയം പ്രതിരോധിക്കാനാണ് നിലകൊള്ളുന്നതെങ്കിൽ ഈ പകർച്ചവ്യാധി യൂറോപ്യൻ യൂണിയന്റെ മരണമണിയാകും.

പ്രതിസന്ധിയുടെ ഈ നിമിഷത്തിൽ, ഒരു നിർണായക സമരം മനുഷ്യരാശിക്കുള്ളിൽ നടക്കുന്നു. ഈ പകർച്ചവ്യാധി മനുഷ്യരിൽ കൂടുതൽ അനൈക്യത്തിനും അവിശ്വാസത്തിനും കാരണമായാൽ അത് വൈറസിന്റെ ഏറ്റവും വലിയ വിജയമായിരിക്കും. മനുഷ്യർ തമ്മിൽ തർക്കിക്കുമ്പോൾ വൈറസുകൾ ഇരട്ടിയാകുന്നു. ഇതിനു വിപരീതമായി, പകർച്ചവ്യാധി ആഗോള സഹകരണത്തിന് കാരണമായാൽ അത് കൊറോണ വൈറസിനെതിരെ മാത്രമല്ല, ഭാവിയിലെ എല്ലാ രോഗകാരികൾക്കും എതിരായ വിജയമായിരിക്കും. ഭാവിയിൽ ഇത്തരം കൂടുതൽ പകർച്ചവ്യാധികൾ നാം നേരിടേണ്ടതായി വരും. എന്നാൽ ഓരോ പ്രതിസന്ധിയും ഒരു അവസരമാണ്. ആഗോള അന്തഃഛിദ്രംമൂലമുണ്ടാകുന്ന കടുത്ത അപകടം മനസ്സിലാക്കാൻ നിലവിലെ പകർച്ചവ്യാധി മനുഷ്യരാശിയെ സഹായിക്കുമെന്ന് പ്രത്യാശിക്കാം.

( യുവാൽ നോഹ് ഹരാരി ഇസ്രായേല് സ്വദേശിയായ ലോകപ്രശസ്ത ചരിത്രകാരനാണ്. നിലവിൽ ജറുസലേമിലെ ഹീബ്രു സ‍ര്‌വകലാശാലയിൽ അധ്യാപകനാണ്. ഇദ്ദേ​ഹം എഴുതിയ പുസ്തകങ്ങളായ സാപിയൻസും, ഹോമോ ഡിയൂസും വളരേയേറെ ശ്രദ്ദിക്കപ്പെട്ട രചനകളാണ്, വ്യത്യസ്തമായ രീതീയിൽ ലോകചരിത്രത്തെ നോക്കിക്കാണുന്നതാണ് ഇദ്ദേ​ഹത്തിന്റെ രീതി. ലേഖനത്തിന്റെ ഒറിജിനല് ലിങ്ക് - https://time.com/5803225/yuval-noah-harari-coronavirus-humanity-leadership/ )

NB - ഓരോ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും ബഫറിങ്ങില്ലാതെ ആർക്കും എളുപ്പത്തിൽ വായിക്കാവുന്ന / കാണാവുന്ന രീതിയിലാണ് പ്രകൃതി കണ്ടന്റുകൾ പ്രസിദ്ദീകരിക്കുന്നത്, ഒറ്റക്ലിക്കില്‍ ലേഖനം മൊത്തത്തില്‍ കോപ്പി ചെയ്ത് നിങ്ങള്‍ക്കും ഇത് മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കാം. തെറ്റുണ്ടെങ്കില് കമന്റിലൂടെ ചൂണ്ടിക്കാണിക്കുമല്ലോ.

ചിത്രം - യുവാല് നോഹ് ഹരാരി.

Published at - @പ്രകൃതി / Prakruthi
..................

Address


Website

Alerts

Be the first to know and let us send you an email when പ്രകൃതി / Prakruthi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share