20/07/2024
*ജവാഹർ കോളനിയെ സ്വന്തം കോളനിയായി പ്രഖ്യാപിച്ച് വാനര സേന.*
*പാലായനത്തിൻ്റെ വക്കിൽ നാട്ടുകാർ.*
പാങ്ങോട് - പെരിങ്ങമ്മല പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ജവാഹർകോളനിയും ഹൈ സ്കൂൾ പരിസരവും സമീപ പ്രദേശങ്ങളും ഇപ്പോൾ വാനരൻമാരുടെ നിയന്ത്രണത്തിലാണ്
നൂറുകണക്കിന് കുരങ്ങുകളാണ് പ്രദേശത്ത് ദിവസവും എത്തി തമ്പടിച്ചു ശല്യക്കാരായി മാറുന്നത്.
കാലങ്ങളായി തുടരുന്ന വാനരശല്യം മൂലം ജനജീവിതം കടുത്ത ദുരിതത്തിലാണ്. പരാതികൾ പലതവണ വനം വകുപ്പിനെ അറിയിച്ചിട്ടും കണ്ടതോ കേട്ടതോ ആയ ഭാവമില്ലെന്നും ജവാഹർക്കോളനി ഹൈസ്കൂളിലും കുരങ്ങ് ശല്യം രൂക്ഷമാണെന്നും കുട്ടികൾക്ക് വരെ കടുത്ത ഭീഷണി ഉയർത്തുന്നതായും നാട്ടുകാർ പറയുന്നു. വീടുകൾക്കുള്ളിൽ വരെ കടന്നെത്തി ആഹാര സാധനങ്ങൾ നശിപ്പിക്കുന്നു.
നാളികേരം അടക്കമുള്ള കൃഷിവിളകൾ വ്യാപകമായി നശിപ്പിക്കുന്നത് മൂലം ആരും കൃഷി ചെയ്യാൻ തയാറാകുന്നില്ല. വീടുകൾക്ക് വരുത്തുന്ന നാശനഷ്ടങ്ങളും ചെറുതല്ല. മിക്ക വീടുകളിലെയും കേബിളുകളും ബൾബുകകളും ജനാല ഗ്ലാസുകളും പൊട്ടിക്കുന്നത് പതിവ് സംഭവമായിട്ടുണ്ട്. വാട്ടർ ടാങ്കുകളിൽ ഇറങ്ങി മലിനമാക്കുന്നതും കുരങ്ങുകളുടെ വിനോദമാണ്. തുരത്താൻ ശ്രമിച്ചാൽ അക്രമകാരികളായി മാറുന്നതായും നാട്ടുകാർ പറയുന്നു. ദിവസേന കുട്ടികളടക്കം കൂട്ടമായി എത്തുന്ന കുരങ്ങുകൾ പകൽ മുഴുവൻ ശല്യക്കാരായി മാറുകയാണ്. സ്കൂളിൽ ക്ലാസ് മുറികളിൽ കയറിയും ശല്യക്കാരായി മാറുന്നു. വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണെമന്ന ആവശ്യം ശക്തമായിട്ടുണ്ട്.