18/06/2024
കഥ: വിഴുപ്പ്
രചന: ധന്യ ജി
***************
മറ്റാർക്കോ വേണ്ടിയുള്ള വിഴുപ്പിന്റെ ഭാണ്ഡവും പേറി ആ മനുഷ്യൻ ഓടിത്തുടങ്ങിയിട്ട് നാളേറെയായി. ജീവിതഭാരം സമ്മാനിച്ചതാണ് അയാളുടെ മുതുകിലുള്ള ആ കൂന്.
ഈ അറുപതാം വയസ്സിലും, ഇരുപത്തിയഞ്ചുകാരന്റെ ചുറുചുറുക്കോടെ പണിയെടുക്കുന്ന ബീരാനിക്കയുടെ ചുണ്ടിൽ കത്തിച്ചുവെച്ച ബീഡിക്കുറ്റി എരിയുന്നുണ്ട്. ഇടയ്ക്കിടെ ചുമയ്ക്കുന്നുണ്ടെങ്കിലും,അതൊന്നും കാര്യമാക്കാതെ ചുമടുകൾ ചുമന്നിടുകയാണ് അദ്ദേഹം. അത് ചുമന്നു കയറ്റിയിട്ട് വേണം പുരയിലേക്കുള്ള പലവ്യഞ്ജനങ്ങൾ വാങ്ങാൻ.
മക്കളെയെല്ലാം പഠിപ്പിച്ചു വലുതാക്കി. എല്ലാവരും വിദേശത്ത് ഡോക്ടർമാരും എഞ്ചിനീയർമാരുമൊക്കെ ആയെങ്കിലും,
അയാളിപ്പോളും ഒരു ചുമട്ടുതൊഴിലാളിയാണ്. പുതുപ്പെണ്ണുങ്ങൾ വന്നപ്പോൾ ഉപ്പയുടെ
ജോലിയും വേഷവും രൂപവുമൊക്കെ അവർക്കു നാണക്കേടായി.
മൂത്ത മകൻ ഒരിക്കൽ ചോദിച്ചു, ദേഹത്തെന്തോ നാറ്റമാണ് ഉപ്പായെന്ന്! അന്നതു കേട്ട് ഊറിക്കൂടിയ കണ്ണുനീർ ആരും കാണാതെ തുടച്ചുമാറ്റിയെങ്കിലും നെഞ്ചിലേറ്റ മുറിവിന്നും വിങ്ങലായി തന്നെയുണ്ട്.
തന്നെ ആദ്യമായി ഉപ്പായെന്ന് വിളിച്ച മൂത്ത മകൻ വളർന്നപ്പോൾ ഉപ്പയുടെ വിയർപ്പവനു ഹറാമായി. ഈ വിയർപ്പുകൊണ്ടാണ് അവനെ പഠിപ്പിച്ചു ഡോക്ടറാക്കിയത്.
അന്നൊക്കെ ഉപ്പ ജോലി കഴിഞ്ഞു വിയർത്തൊലിച്ചു വരുമ്പോൾ, നനഞ്ഞു കുതിർന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ആദ്യം മുട്ടായിയെടുത്തു വായിലിടുന്നത് അവനായിരുന്നു. കാലം മാറിയപ്പോൾ എല്ലാവരുടെയും കോലവും മാറി; മാറ്റത്തിനൊത്തു മാറാൻ തനിക്കായില്ല.
ബീരാനിന്നും പഴയ ബീരാൻ തന്നെ.
ഇപ്പോൾ മക്കളാരും ഇങ്ങോട്ടേക്ക് വരാറേയില്ല. ഉമ്മയേം ഉപ്പയേം കാണേണ്ട അവർക്ക്. പുരയിലിന്ന് അയാളും ബീവിയും പിന്നെയവർ എടുത്തു വളർത്തിയ മകൾ റസിയയും മാത്രം.
ജന്മം കൊടുത്ത മക്കളെക്കാൾ, തങ്ങളെ സ്നേഹിക്കുന്നത് അവളാണന്ന് ബീവി എപ്പോഴും പറയുന്നത് സത്യം തന്നെയാണ്. റസിയയുടെ നിക്കാഖിനായിട്ടാണ് ഇപ്പോഴുള്ള ഈ കഷ്ടപ്പാടൊക്കെ. അവളെ ആരുടെയെങ്കിലും കയ്യിൽ പിടിച്ചു ഏൽപ്പിക്കണം.
എന്നാൽ റസിയ പറയും ഉപ്പയെയും ഉമ്മിച്ചിയെയും വിട്ടു താൻ എങ്ങോട്ടുമില്ലന്ന്.
അതവളുടെ സ്നേഹമാണെന്ന് തനിക്കറിയാം.
ആസ്വദിക്കാത്ത യുവത്വത്തിനൊപ്പം, ജീവിതത്തിന്റെ കെട്ടുപാടുകളിൽ തളച്ചിട്ട ഒരു മനുഷ്യന്റെ നേർചിത്രമാണിവിടെ കാണാവുന്നത്.
ചോര നീരാക്കി വളർത്തി വലുതാക്കിയ മക്കൾക്കൊക്കെ ആ വിയർപ്പുനാറ്റം ഇന്നു പുച്ഛം; ബീരാനിക്ക ഇന്നും ഓട്ടത്തിലാണ്.
ഇതുപോലെ ഒരുപാട് ബീരാനിക്കമാർ ഈ ലോകത്തുണ്ടാകുമല്ലോ!!!
***************