News of Kerala

  • Home
  • News of Kerala

News of Kerala An online news channel from Haripad

*വയോജന പരിപാലന കേന്ദ്രത്തിൻെറ തറക്കല്ലിടീൽ വ്യാഴാഴ്ച നടക്കും.*ഹരിപ്പാട്: കഴിഞ്ഞ പത്തുവർഷമായിമുട്ടം കേന്ദ്രമാക്കി പ്രവർത്...
10/09/2024

*വയോജന പരിപാലന കേന്ദ്രത്തിൻെറ തറക്കല്ലിടീൽ വ്യാഴാഴ്ച നടക്കും.*

ഹരിപ്പാട്: കഴിഞ്ഞ പത്തുവർഷമായി
മുട്ടം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന
സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലുള്ള വസഥം പകൽ വീടിൻ്റെ അനുബന്ധമായി നിർമ്മാണം ആരംഭിക്കുന്ന വയോജന പരിപാലന കേന്ദ്രത്തിൻെറ തറക്കല്ലിടൽ കർമ്മം വ്യാഴം രാവിലെ 10.30 ന് രമേശ് ചെന്നിത്തല എം എൽ എ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തേ ഇതേ സംഘടന ജില്ലാ പഞ്ചായത്തിന്
കൈമാറിയ 7 സെൻ്റ് സ്ഥലത്ത് ജില്ലാ പഞ്ചായത്ത് കെട്ടിടം നിർമ്മിച്ച് ചേപ്പാട് ഗ്രാമ പഞ്ചായത്തിന് കൈമാറിയിരുന്നു. ഇതിന്റെ നടത്തിപ്പ്ച്ചുമതല സാന്ത്വനെത്തെ തന്നെ ഏല്പിക്കുകയും അത് വളരെ നല്ല രീതിയിൽ നടന്നുവരികയുമാണ്.ഇവിടെ പതിനഞ്ച് അന്തേവാസികളാണുള്ളത്. ഇവരെ സാന്ത്വനത്തിന്റെ വാഹനത്തിൽ തന്നെ രാവിലെ അവരവരുടെ വീടുകളിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയും വൈകിട്ട് തിരികെ എത്തിക്കുകയുമാണ് പതിവ്. ഇവർക്ക്
ദൈനംദിന ഭക്ഷണം, വസ്ത്രം, മരുന്ന്
ഇതെല്ലാം സംഘടന തന്നെയാണ് നൽകുന്നത്. അന്തേവാസികളുടെ നിരന്തരമായുള്ള ആവശ്യവും നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള വയോജനങ്ങളെ അന്തേവാസികളായി ഏറ്റെടുക്കുമോ എന്നുള്ള നിരന്തര അന്വേഷണങ്ങളുമാണ് വയോജന പരിപാലന കേന്ദ്രം തുടങ്ങിയാലെന്തെന്നുള്ള ചിന്താഗതിയിലേക്ക് ഭാരവാഹികളെ നയിച്ചത്. ഇതിന്റെ തുടർച്ചെയെ ന്നോണമാണ് ഒരു കോടി രൂപ ചിലവിൽ
32 മുറികളും ലിഫ്റ്റും മറ്റു സൗകര്യങ്ങളുമുള്ള ഇരുനില കെട്ടിടത്തിന് തറക്കല്ലിടുന്നത്. ഇതുകൂടാതെ പ്രതിമാസ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ്, സൗജന്യ നേത്രചികിത്സാ ക്യാമ്പ് എന്നിവയും നടത്തുന്നു. 36 ഓളം കിടപ്പു രോഗികൾക്ക് കട്ടിലുകൾ, 50 വീൽച്ചെയറുകൾ, ഓക്സിജൻ സിലിണ്ടറുകൾ എന്നിവയും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.

തറക്കല്ലിടൽ കർമ്മ
ത്തോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം
എ ശോഭ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് സി പി ഉണ്ണികൃഷ്ണൻ,
ബ്ലോക്ക് പഞ്ചായത്ത് അംഗം എം ശിവപ്രസാദ്, ചേപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ വേണുകുമാർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡി കൃഷ്ണകുമാർ, കെ വിശ്വപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ എം മണിലേഖ,സനിൽകുമാർ,ജാസ്മിൻ, ഷൈനി, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. ജോർജ്ജ് ജോഷ്വ, ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ അബ്ദുൾ സലാം, ഡോ ശ്രീനിവാസഗോപാൽ, മുരളീധരൻ തഴക്കര, കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ ഡേവിഡ്, ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ്
ഷെമീർ എന്നിവർ പങ്കെടുക്കുമെന്ന്
ഭാരവാഹികളായ ജോൺ തോമസ്, പ്രൊഫ ആർ അജിത്, എം കെ ശ്രീനിവാസൻ, കെ പി ദേവദാസ്, ടി വി വിനോബ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

*നെല്ല് സംഭരിച്ച് 5 മാസം പിന്നിടുമ്പോഴും കർഷകർക്ക് പണം ലഭിച്ചില്ലെന്ന്  പരാതി.* ഹരിപ്പാട് : പള്ളിപ്പാട് കോയിക്കേലേത്ത്കി...
06/09/2024

*നെല്ല് സംഭരിച്ച് 5 മാസം പിന്നിടുമ്പോഴും കർഷകർക്ക് പണം ലഭിച്ചില്ലെന്ന് പരാതി.*

ഹരിപ്പാട് : പള്ളിപ്പാട് കോയിക്കേലേത്ത്
കിഴക്ക് വശം പാടശേഖര
നെല്ലുൽപ്പാദക സമിതി ഭാരവാഹികളാണ് വാർത്താ സമ്മേളനത്തിൽ പരാതി ഉന്നയിച്ചത്. എസ് ബി ഐയിൽ രജിസ്റ്റർ ചെയ്ത 70 ഓളം കർഷകർക്കാണ് ഈ ദുർവിധി. കഴിഞ്ഞ മേയ് മാസം ആദ്യ വാരത്തിലാണ് സംഭരിച്ച നെല്ലിൻ്റെ പി ആർ എസ് എഴുതിയത്. ഇതിനോടൊപ്പം
കാനറ ബാങ്കിൽ രജിസ്ററ്റ്ർ ചെയ്ത മുഴുവൻ കർഷകർക്കും പണം ലഭിച്ചതായും ഭാരവാഹികൾ പറഞ്ഞു.
കർഷകർക്ക് സംഭരണവില കൊടുക്കാനായി 50 കോടി അനുവദിച്ചതായി സർക്കാർ പറയുന്നുണ്ടെങ്കിൽ
കർഷകർ ബാങ്കിൽ എത്തുമ്പോൾ ബാങ്കധികൃതർ കൈമലർത്തുകയാണ് പതിവ്. കർഷകർ ആത്മഹത്യയുടെ വക്കിലാണ്. പാഡി ഓഫീസറുടെ ഒത്താശയോടെ മില്ലുടമകൾ സംഭരിക്കുന്ന
നെല്ലിൻ്റെ തൂക്കം അന്യായമായി
കുറച്ചതായും അവർ ആരോപിച്ചു. കർഷകരുടെ പ്രതിസന്ധി മനസ്സിലാക്കി അടിയന്തിരമായി തുക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒപ്പം സമയബന്ധിതമായി പാടശേഖരങ്ങളുടെ പുറം ബണ്ടുയർത്തി കാർഷിക കലണ്ടറിന് അനുസരിച്ച് കൃഷിയിറക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു തരണമെന്നും ഈ കാര്യങ്ങളിൽ നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും ഭാരവാഹികൾ' വ്യക്തമാക്കി. 200 ഏക്കറോളം വരുന്ന
കോയിക്കേലേത്ത് കിഴക്കുവശം
പാടശേഖരവും, തൊട്ടടുത്ത് തന്നെ 200 ഏക്കർ വിസ്തൃതിയുള്ള ആയിരത്തിൽ
പടവ് പാടേശേഖരവും കൂട്ടി ചേർത്ത് ഇവയുടെ പുറം ബണ്ടുകൾ ഉയർത്തി
കൊണ്ട് സമയ ബന്ധിതമായി കൃഷിയിറക്കിയാൽ കുട്ടനാട്ടിലെ
പോലെ അപ്പർ കുട്ടനാട്ടിലും
രണ്ടാം കൃഷി ചെയ്യാൻ പറ്റുമെന്നും
അതുവഴി കാർഷിക രംഗത്ത് പുത്തനുണർവ്വും മുന്നേറ്റവും
കൈവരിക്കുവാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി. കീച്ചേരിൽ ശ്രീകുമാർ, എസ് കൃഷ്ണൻകുട്ടി, സജി ബി, കെ വാസുദേവൻ, എസ് സുരേഷ്,എന്നിവർ വാർത്താ സമ്മേളനത്തിൽ
പങ്കെടുത്തു.

ഹരിപ്പാട് : നങ്ങ്യായാർകുളങ്ങര റെയിൽവേ മേൽപ്പാലം നിർമ്മാണം പദ്ധതി ബാധിതരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടി...
04/09/2024

ഹരിപ്പാട് : നങ്ങ്യായാർകുളങ്ങര റെയിൽവേ മേൽപ്പാലം നിർമ്മാണം പദ്ധതി ബാധിതരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിയ്ക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

750 മീറ്റർ നീളം വരുന്ന റെയിൽവേ മേൽപ്പാലം ചേപ്പാട്, പള്ളിപ്പാട് വില്ലേജുകളിലെ വിവിധ സർവേകളിൽപ്പെട്ട 135.06 ആർസ് ഏറ്റെടുത്താണ് നടപ്പാക്കുന്നത്. ഇതിൻ്റെ വ്യക്തമായ വിശദീകരണം ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. വസ്തു ഏറ്റെടുക്കുന്നതിന് മുന്നോടിയായി മഞ്ഞക്കല്ലുകൾ സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഓൺലൈനായി പാലത്തിൻ്റെ തറക്കല്ലീടലും നിർവഹിച്ചു. ഭൂമിയ്ക്ക് ന്യായവില ഉറപ്പാക്കുക, നഷ്ടപ്പെടുന്ന വീടുകൾ, കടകൾ, മതിലുകൾ, ഗേറ്റുകൾ എന്നിവയ്ക്ക് എൻജിനിയറൻമാരുടെ മേൽനോട്ടത്തിൽ വില നിർണ്ണയം നടത്തുക, വൃക്ഷലദാതികൾക്ക് ന്യായവില ലഭ്യമാക്കുക, വെള്ളകെട്ട് ഉണ്ടാകാത്ത രീതിയിൽ വെള്ളം ഒഴുകി മാറാൻ ഓടകൾ നിർമ്മിക്കുക, രണ്ട് വശങ്ങളിലും വരുന്ന സർവ്വീസ് റോഡുകൾ നിർമ്മിക്കുന്നതിനും സംരക്ഷിയ്ക്കുന്നതിനും നടപടിയുണ്ടാകുക, അധികൃതർ തദ്ദേശവാസികളുമായി സംസാരിച്ച് പ്രവർത്തികളുടെ സുതാര്യത ഉറപ്പ് വരുത്തുക, മേൽപ്പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിയ്ക്കുകയും നിർവഹണ ചുമതല തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുക, നിലവിലുള്ള ബസ് സ്റ്റോപ്പുകൾ നിലനിർത്തി മേൽപ്പാലത്തിലേക്ക് കയറാനുള്ള ചവിട്ട് പടികൾ നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ സ്ഥലം എം എൽ എ ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി കളക്ടർ, റോഡ്സ് ആൻ്റ് ബ്രിഡ്ജസ് അധികൃതർ എന്നിവർ തദേശവാസികളുടെ യോഗം വിളിച്ച് ചേർത്ത് നിയമപരമായ വ്യക്തത ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ആണ് ആക്ഷൻ കൗൺസിൽ മുന്നോട്ട് വയ്ക്കുന്നത്. മേൽപ്പാലം നിർമ്മാണത്തിന് എതിരല്ലെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥര്യമായി നിസ്സഹകരണം ആയിരിക്കുമെന്നും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്യം നൽകുമെന്നും ഭാരവാഹികൾ ആയ ഇല്ലത്ത് ശ്രീകുമാർ, എം കെ ശ്രീനിവാസൻ, ഷാഫി കാട്ടിൽ, മാത്യൂ ജോർജ്ജ് പ്ളാക്കാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹരിപ്പാട് : സൗഹാർദ്ദോദയം 37 മത് വാർഷികവും അവാർഡ് ദാനവും ഞായറാഴ്ച കാട്ടിൽ മാർക്കറ്റ് പുത്തൻകരയിൽ ക്ഷേത്ര ആഡിറ്റോറിയത്തിൽ ...
20/08/2024

ഹരിപ്പാട് : സൗഹാർദ്ദോദയം 37 മത് വാർഷികവും അവാർഡ് ദാനവും ഞായറാഴ്ച കാട്ടിൽ മാർക്കറ്റ് പുത്തൻകരയിൽ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്, ആദരവ്, കവിയരങ്ങ്, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. രാവിലെ 8. 30ന് നേത്ര ചികിത്സാ ക്യാമ്പ് ഡോ. കെ ബി ദീപ്തി ഉദ്ഘാടനം ചെയ്യും. സൗഹാർദ്ദോദയം പ്രസിഡന്റ് വി. രോവിഷ് കുമാർ അധ്യക്ഷത വഹിക്കും. ജി ഉത്തമൻ, ബി സുദർശൻ, വി മദനൻ, ആർ രാജു എന്നിവർ പങ്കെടുക്കും. വൈകിട്ട് 3ന് നടക്കുന്ന കവിയരങ്ങ് പ്രശസ്ത യുവ കവി കാശിനാഥൻ ഉദ്ഘാടനം ചെയ്യും. സെൽവറാണി വേണു അധ്യക്ഷത വഹിക്കും. കരുവാറ്റ പങ്കജാക്ഷൻ മുഖ്യപ്രഭാഷണം നടത്തും. സത്യശീലൻ കാർത്തികപ്പള്ളി, അബ്ദുൽ ലത്തീഫ് പതിയാങ്കര, ഗീതാ കുമാരി, ഭാസ്കരൻ നായർ, പ്രിയ എസ് പൈ, കരുവാറ്റ വിശ്വൻ, തുടങ്ങിയവർ പങ്കെടുക്കും.
4ന് നടക്കുന്ന സാംസ്കാരിക സമ്മേളനവും അവാർഡ് ദാനവും
രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യും. ആതുരസേവനം ആയുർവേദത്തിലൂടെ ജീവിത വ്രതമാക്കിയ ഡോ. എസ് പ്രസന്നന് സൗഹാർദോദയം അവാർഡ് നൽകും. ജലമേളകളിലെ കമന്ററി രംഗത്ത് 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഡി സജി, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ , ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും. പ്രസിഡന്റ് രോവിഷ് കുമാർ അധ്യക്ഷത വഹിക്കും.. കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ, മുൻ എം എൽ എ ബി ബാബുപ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, എം സത്യപാലൻ, കെ ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ സൂസി, എസ് വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ യമുന, കുമാരനാശാൻ സ്മാരക ജലോത്സവ സമിതി പ്രസിഡന്റ് യു ദിലീപ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി തിലകരാജ്, സുരേഷ് മണ്ണാറശാല, എസ് സുരേഷ് കുമാർ, എ കെ രാജൻ , വി പ്രസന്ന, ദിവ്യ അശോക്, ജെ മായ, ഡോ. സി പ്രമോദ് കുമാർ എന്നിവർ സംസാരിക്കും.
സെക്രട്ടറി കെ രാജേന്ദ്രൻ സ്വാഗതവും ഡി ബിജു നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി കെ രാജേന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ പി ബി ശശികുമാർ, ജനറൽ കൺവീനർ കെ കമലാസനൻ, ഡി ഉത്തമൻ, ഡി ധനരാജൻ എന്നിവർ പങ്കെടുത്തു.

സ്ട്രീം പ്രോജക്ട് പുനർജജനി 2024 അധ്യാപക വിദ്യാർത്ഥി ആശയരൂപീകരണ ശില്പശാല നടന്നു.ഹരിപ്പാട് : പൊതുവിദ്യാഭ്യാസ വകുപ്പും, എസ്...
18/08/2024

സ്ട്രീം പ്രോജക്ട് പുനർജജനി 2024 അധ്യാപക വിദ്യാർത്ഥി ആശയരൂപീകരണ ശില്പശാല നടന്നു.

ഹരിപ്പാട് : പൊതുവിദ്യാഭ്യാസ വകുപ്പും, എസ് എസ് കെ യും, കുസാറ്റും സംയുക്തമായി നടത്തുന്ന സ്ട്രീം പ്രോജക്ട് പുനർജജനി 2024 ൻ്റെ ആശയ രൂപീകരണ ശില്പശാല നടത്തി. കെ വി സാൻസ്ക്രിറ്റ് എച്ച് എസ് എസ് പ്രിൻസിപ്പൽ കൃഷ്ണകുമാരി ശിൽപ്പശാല ഉദ്ഘാടനും ചെയ്തു. യു പി, എച്ച് എസ് വിഭാഗങ്ങളിലെ പഠന ഭാഗവുമായി ബന്ധപ്പെട്ട് കണ്ടും കേട്ടും അറിഞ്ഞും തുടർ പ്രവർത്തനങ്ങളായും അതുവഴി കുട്ടികളുടെ അന്വേഷണ ത്വരയും മനോഭാവവും ഗവേഷണ സ്വഭാവവും താല്പര്യവും ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. സബ് ജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത 6 സ്കൂളുകളിലെ ഒമ്പതാം ക്ലാസ് ജീവശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ ആശയ രൂപീകരണ ശില്പശാലയും, വിദ്യാർത്ഥികളുടെ ആശയ രൂപീകരണ ശില്പശാലയും നടന്നു.
കെ വി സാൻസ്ക്രിറ്റ് എച്ച് എസ് എസ് എച്ച് എം രാകേഷ് കെ ആർ ൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ. സ്ട്രീം പ്രൊജക്റ്റ് ഉപദേശക സമിതി വൈസ് ചെയർമാൻ ബി കൃഷ്ണകുമാർ പദ്ധതി വിശദീകരണവും, ഹരിപ്പാട് ബി പി സി ജൂലി എസ് ബിനു, കായംകുളം ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ രതീഷ്, വിദഗ്ധയും റിട്ട. പ്രിൻസിപ്പലുമായ പൊന്നമ്മ കെ, ബി ആർ സി കസ്റ്റർ കോർഡിനേറ്റർ ശ്രീകല എന്നിവർ സംസാരിച്ചു.
വിദഗ്ധയും മുൻ റിട്ട പ്രിൻസിപ്പലുമായ പൊന്നമ്മ കെ പ്രോജക്ടിന്റെ ആശയ അവതരണം അധ്യാപകരിൽ എത്തിച്ചു. കാർത്തികപ്പള്ളി സെന്റ് തോമസ്സ് അദ്ധ്യാപിക റീജ മറിയം വർഗീസ്
6 സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 30 കുട്ടികളെ ആറു ഗ്രൂപ്പുകളായി തിരിച്ച് പദ്ധതിയെ സംബന്ധിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

കർക്കിടകവാവ് ബലിതർപ്പണം തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്ര...
29/07/2024

കർക്കിടകവാവ് ബലിതർപ്പണം തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കർക്കിടക വാവ്ബലി ആചരണം ഓഗസ്റ്റ് 03ന് നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിതൃബലി തർപ്പണത്തിനു പ്രസിദ്ധിയാർജ്ജിച്ച കേരളത്തിലെ ശംഖുമുഖം, തിരുവല്ലം, വർക്കല, തിരുനെല്ലി എന്നീ പ്രദേശങ്ങളെപ്പോലെ തന്നെ ചരിത്ര പ്രാധാന്യമുള്ളതും പരശുരാമനാൽ പിതൃപൂജയ്ക്ക് പ്രാധാന്യം നൽകി പ്രതിഷ്ഠിക്കപ്പെട്ടതെന്ന ഐതിഹ്യം ഉള്ളതുമായ മഹാക്ഷേത്ര സങ്കേതമാണ് തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം. ക്ഷേത്രം അഖിലഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അധിനിതയിലുള്ള 301-ആം നമ്പർ ശാഖയുടെ ഭരണത്തിലാണ്. വാവ് ബലിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ അധ്യക്ഷതയിൽ യോഗം കൂടി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മധ്യതിരുവിതാംകൂറിലെ ഭൂരിഭാഗം ആളുകളും പിതൃബലിക്കായി എത്തിച്ചേരുന്നത് തൃക്കുന്നപ്പുഴയിലാണ്. ഈ വർഷം 4-ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ഹരിപ്പാട്, മാവേലിക്കര, കായംകുളം,ചെങ്ങന്നൂർ, എന്നീ സ്ഥലങ്ങളിൽ നിന്നും ആവശ്യത്തിന് കെ. എസ് ആർ ടി സി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പാലം ദേശീയ ജലപാതയുടെ വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചു നീക്കി പുനർനിർമാണം നടന്നു കൊണ്ടിരിക്കുന്നതിനാൽ കിഴക്ക് നിന്നും വരുന്ന ഭക്തജനങ്ങൾ നങ്ങ്യാർകുളങ്ങര- കാത്തികപ്പള്ളി വഴി പടിഞ്ഞാറോട്ട് പുളിക്കീഴ് പാലത്തിനു വടക്കു ഭാഗത്തു കൂടി എൻടിപിസി ഗ്രൗണ്ടിലും കൂടാതെ തൃക്കുന്നപ്പുഴ പാലത്തിന് കിഴക്കുവശം വന്ന് ചീരച്ചേരി പാലം മുതൽ വടക്കോട്ട് എൻടിപിസി ഗ്രൗണ്ട് വരെയും വാഹന പാർക്കിങ്ങിന് ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം തൃക്കുന്നപ്പുഴ പാലത്തിന് സമാന്തരമുള്ള താൽക്കാലിക പാലത്തിലൂടെ ക്ഷേത്രത്തിലേക്കും സമുദ്രതീരത്തേക്കും ബലിതർപ്പണത്തിനായി പോകാവുന്നതാണ്. ബലിതർപ്പണ ശേഷമുള്ള പിതൃപൂജ- തിലഹവനം എന്നിവ ക്ഷേത്രത്തിൽ നടത്തി തിരിച്ചു പോരുന്ന ഭക്തജനങ്ങൾ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ള കാണിക്ക മണ്ഡപത്തിന്റെ സമീപത്തുകൂടി ജങ്കാർ വഴി തിരികെ പോകേണ്ടതാണ്. വടക്കു നിന്നു വരുന്ന ഭക്തജനങ്ങൾ തൃക്കുന്നപ്പുഴ പെട്രോൾ പമ്പിന് സമീപമുള്ള ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. കരുവാറ്റ, വീയപുരം, എടത്വ ഭാഗങ്ങളിൽ നിന്നും വരുന്ന ഭക്തജനങ്ങൾ കരുവാറ്റ ഹൈസ്കൂളിന് വടക്കുവശത്തുനിന്ന് പല്ലന-കുമാരകോടി പാലം വഴി തൃക്കുന്നപ്പുഴയിൽ എത്തിച്ചേരാവുന്നതാണ്.
40-ൽ പരം പുരോഹിതന്മാർക്കുള്ള ഇരിപ്പിടങ്ങൾ ക്ഷേത്രത്തിന്റെ മേൽനോട്ടത്തിൽ കടപ്പുറത്തു തയ്യാറാക്കിയിട്ടുണ്ട്. കർമ്മികളായി എത്തുന്നവരുടെ ആധാർ കാർഡ്, പൗരോഹിത്യത്തിന് അർഹത നിശ്ചയിക്കുന്ന രേഖകൾ, സെക്യൂരിറ്റി തുക 5000/- സഹിതം ആഗസ്റ്റ്‌ 2ന് ഉച്ചയ്ക്ക് 2ന് മുൻപ് ദേവസ്വം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം ക്ഷേത്രത്തിൽ പ്രഭാഷണം, ഭക്തിഗാനസുധ എന്നിവ നടക്കും. ഭക്തജങ്ങൾക്കു പ്രാഥമിക ചികിത്സ ആവശ്യങ്ങൾക്ക് അലോപ്പതി, ആയുർവേദ ,ഹോമിയോ വിഭാഗങ്ങളുടെ സേവനം, ആംബുലൻസ് സൗകര്യം എന്നിവ ക്ഷേത്ര പരിസരത്തു ലഭ്യമായിരിക്കും. കൂടാതെ ചുക്ക് കാപ്പി-ചുക്കുവെള്ള വിതരണവും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് അപ്പം, അട, അരവണ എന്നീ പ്രസാദങ്ങൾ ക്ഷേത്ര ത്തിലെ പ്രത്യേക കൗണ്ടറുകളിൽ നിന്നും വാങ്ങാവുന്നതാണ്. പുലർച്ചെ നാല് മണി മുതലാണ് ബലികർമങ്ങൾ ആരംഭിക്കുന്നത്. ബലിതർപ്പണം നടക്കുന്ന കടപ്പുറവും ക്ഷേത്ര പരിസരവും താൽക്കാലിക പാലം, ജങ്കാർ സർവീസ് ഏരിയ എന്നിവിടങ്ങളും സി സി ടി വി നിരീക്ഷണത്തിലായിരിക്കും. പൊലീസ്, ഫയർ ഫോഴ്സ് വകുപ്പു കളുടെ സഹായത്തിനായി ക്ഷേത്രത്തിൽ നിന്നും വാളൻറ്റിയേഴ്സിനെ ചുമതലപ്പെടിത്തിയിട്ടുണ്ട്. ഭക്തജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി ദേവസ്വം വക ബലിതർപ്പണം നടക്കുന്ന കടൽത്തീരവും ക്ഷേത്ര പരിസരവും ഇൻഷ്വർ ചെയ്തിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ കെ ഉദയഭാനു, സെക്രട്ടറി ഇൻ ചാർജ് എം മനോജ്, വൈസ് പ്രസിഡന്റ് കെ സുധാകരൻ നായർ, ട്രഷറർ പി പത്മാലയൻ, ദേവസ്വം മാനേജർ ബി ഉണ്ണി എന്നിവർ പങ്കെടുത്തു.

ടിൻസ് ക്ലബ് ഉൽഘാടനം ചെയ്തു.ഹരിപ്പാട് : ഹരിപ്പാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് വിഭാഗത്തിൽ ടിൻസ് ക്ലബ് ഉ...
25/07/2024

ടിൻസ് ക്ലബ് ഉൽഘാടനം ചെയ്തു.

ഹരിപ്പാട് : ഹരിപ്പാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് വിഭാഗത്തിൽ ടിൻസ് ക്ലബ് ഉൽഘാടനം ചെയ്തു. ടീൻസ് ക്ലബ്ബ് ഉത്ഘാടനം പ്രശസ്ത ലൈഫ് സ്കിൽ ട്രെയിനർ രാജീവ്‌ കണ്ടല്ലൂർ നിർവഹിച്ചു. തുടർന്ന് ടീൻസ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ക്ക്‌ മോട്ടിവേഷൻ ക്ലാസും എടുത്തു. പീ റ്റീ എ പ്രസിഡന്റ്‌ ബി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അദ്ധ്യാപകൻ എസ് ശശി കുമാർ, ടീൻസ് ക്ലബ്ബ് കോർഡിനേറ്റർ ബീനാ ഡാനിയേൽ, കൗൺസിലർ നീതു മാർട്ടിൻ എന്നിവർ സംസാരിച്ചു.

ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ആരംഭിച്ചു.ഹരിപ്പാട് : ഹരിപ്പാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആണ് ഓണത്തിന് ഒരു മുറം...
25/07/2024

ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ആരംഭിച്ചു.

ഹരിപ്പാട് : ഹരിപ്പാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആണ് ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ആരംഭിച്ചത്. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്തത്തിൽ നടന്ന തൈനടീൽ യോഗം പി റ്റി എ പ്രസിഡന്റ് ബി കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു. സ്കൂളിൽ പ്രത്യേകം തയ്യാർ ആക്കിയ സ്ഥലങ്ങളിൽ വിവിധ ഇനം വഴുതന, വെണ്ട, മുളക്, വെള്ളരി തുടങ്ങിയവയുടെ തൈകൾ സ്കൂൾ പ്രിൻസിപ്പൾ ജയശ്രീ എ, എൻ എസ് എസ് കോർഡിനേറ്റർ ജസീന്ത സീ, എൻ എസ് എസ് ലീഡർ സന്ദീപ് സുരേഷ്, സീനിയർ ടീച്ചറമാരായ അബ്ദുൾ സലാം എന്നിവർ തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു. സുനിൽകുമാർ ഡി, സ്റ്റാഫ് സെക്രട്ടറി എസ് നസീമുദീൻ എന്നിവർ സംസാരിച്ചു.

പഠനം ഇല്ലാതെ പണം പാഴാകുന്ന പഠന യാത്രകൾ ഹരിപ്പാട് : നമ്മുടെ ചുറ്റുപാടുമുള്ള പല തദ്ദേശ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികൾ കിലയ...
14/07/2024

പഠനം ഇല്ലാതെ പണം പാഴാകുന്ന പഠന യാത്രകൾ

ഹരിപ്പാട് : നമ്മുടെ ചുറ്റുപാടുമുള്ള പല തദ്ദേശ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികൾ കിലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചകളിൽ പഠന യാത്രകൾ നടത്തി. ഇനിയും പല പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ ഈ പഠന യാത്രയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്യാൻസർ രോഗികൾക്ക് നൽകുന്ന പെൻഷൻ തുടങ്ങി വിവിധ മേഖലകളിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് നൽകുന്ന വിവിധതരം സാമ്പത്തിക സഹായങ്ങൾ കൃത്യമായി കൊടുക്കുവാൻ സർക്കാർ വലിയ പ്രയാസപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇക്കാര്യത്തിൽ എല്ലാം പ്രതിബദ്ധതയോടെ സംസ്ഥാന സർക്കാർ ഇടപെടുമ്പോഴും സാമ്പത്തികമായി കേരളത്തെ ഞെരുക്കി കളയുക എന്ന കേന്ദ്ര നിലപാടിന്റെ ഭാഗമായി ഒരുപാട് വൈഷ്യമങ്ങൽ സർക്കാർ നേരിടുന്നു. അനിവാര്യമായതൊഴികെ മറ്റ് എല്ലാ ചിലവുകളും ക്രമപ്പെടുത്തേണ്ടതാണ് എന്ന സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടത്. കിലയുടെ നേതൃത്വത്തിൽ ഇങ്ങനെ പോകുന്ന യാത്രകളിൽ എന്തെങ്കിലും പഠനം നടക്കുന്നുണ്ടോ ? സമീപകാലത്ത് പോയവരൊന്നും ഒന്നും പഠിച്ചില്ല എന്ന് മാത്രമല്ല ഒരു വിനോദയാത്രയാണ് ഇതിലൂടെ അവരൊക്കെ ഉദ്ദേശിച്ചതെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യവുമാണ്. ആഘോഷങ്ങൾ നടത്തുന്നതിനോ വിനോദയാത്രകൾ പോകുന്നതിനോ ഒന്നും ആരും എതിരല്ല എല്ലാ വ്യക്തികൾക്കും അതിനെല്ലാം ഉള്ള അവകാശം ഈ രാജ്യത്ത് എല്ലാവർക്കുമുണ്ട് . എന്നാൽ ഒരു ഗവൺമെന്റ് ചരിത്രത്തിൽ മുൻപൊരുകാലത്തുമില്ലാത്ത നിലയിൽ വലിയ സാമ്പത്തിക പ്രയാസങ്ങളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ സർക്കാരിന്റെ ചിലവിൽ ഇത്തരം ആഘോഷയാത്രകൾ അതിന് പഠനയാത്ര എന്നൊരു ഓമന പേരിട്ട് പൊതു ഖജനാവിലെ പണം ധൂർത്ത് നടത്തുന്നത് ഒട്ടും യോജിക്കാൻ കഴിയാത്ത കാര്യമാണ്. സംസ്ഥാന ഗവൺമെന്റ് ഇക്കാര്യത്തിൽ വളരെ അടിയന്തരമായ ഇടപെടൽ നടത്തും എന്ന് പ്രതീക്ഷിക്കുന്നു . പരിശീലനങ്ങൾക്ക് ഓൺലൈൻ സംവിധാനങ്ങളുടെ അനന്ത സാധ്യതകൾ ഉള്ള കാലത്ത് ലോകത്ത് എവിടെയും നടക്കുന്ന കാര്യങ്ങൾ സ്വന്തം വീടിനുള്ളിൽ ഇരുന്നു പോലും അറിയാൻ കഴിയുന്ന കാലത്ത് ഇത്രയധികം പണച്ചിലവോടുകൂടി തന്നെ പഠിക്കണം എന്ന വാശി എന്തിനാണ്. ഏറ്റവും രസകരമായ കാര്യം സ്വന്തം പഞ്ചായത്തിൽ നടക്കുന്ന വിവിധ യോഗങ്ങളിലും പഞ്ചായത്തിലും ബ്ലോക്കിലും സ്വന്തം ജില്ലയിലും നടക്കുന്ന വിവിധ പരിശീലനങ്ങളിലും പങ്കെടുക്കാൻ താല്പര്യം കാണിക്കാത്ത പലരും ഇത്തരം പഠന യാത്രകളിൽ പൂർണ്ണസമയ പഠിതാക്കളായി ദിവസങ്ങളോളം ചിലവഴിക്കുന്നു എന്നതാണ്. ഇത് ധൂർത്താണ് സർക്കാർ ഈ കാര്യം ഗൗരവമായി തന്നെ ആലോചിച്ച് തിരുത്തണം.

ഡോ. വന്ദന ദാസിന്റെ നീറുന്ന ഓർമ്മയിൽ തൃക്കുന്നപുഴയിൽ കനിവിന്റെ ആതുരാലയംഹരിപ്പാട്: ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി വ...
12/07/2024

ഡോ. വന്ദന ദാസിന്റെ നീറുന്ന ഓർമ്മയിൽ തൃക്കുന്നപുഴയിൽ കനിവിന്റെ ആതുരാലയം

ഹരിപ്പാട്: ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി വിടപറഞ്ഞ ഡോ. വന്ദന ദാസിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നിന്റെ സാക്ഷാത്കാരത്തിന് ഒരുങ്ങുകയാണ് മാതാപിതാക്കൾ. മത്സ്യതൊഴിലാളികളും സാധാരണക്കാരും തിങ്ങി പാർക്കുന്ന തൃക്കുന്നപുഴയിൽ ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ടൈൽ, പ്ലബിങ്, പെയിന്റിംഗ് ജോലികൾ ബാക്കിയുണ്ട്. ലൈസൻസ്, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ചിങ്ങ മാസത്തിൽ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ചികിത്സ നൽകാനും ആഗ്രഹമുണ്ടെന്ന് വന്ദനയുടെ പിതാവ് കെ ജി മോഹൻദാസും, ടി വസന്തകുമാരിയും പറഞ്ഞു. മകളുടെ വിവാഹം മനോഹരമാക്കി നടത്താനായി കരുതി വെച്ചിരുന്ന തുക ഉപയോഗിച്ചാണ് മാതാപിതാക്കൾ മകളുടെ സ്വപ്നമായ ക്ലിനിക് നിർമ്മിക്കുന്നത്. ക്ലിനിക്കായി പ്രവർത്തനം തുടങ്ങി, സാധാരണക്കാർക്കായി ഡിസ്പെൻസറി ആയി ഉയർത്താനും ആഗ്രഹമുണ്ട്. മകളുടെ പേരിലുള്ള എന്തും ഉയർന്ന നിലവാരത്തിൽ ആകണമെന്ന ആഗ്രഹവും ഇവർ പങ്കുവെയ്ക്കുന്നു. 2023 മെയ് 10ന് പുലർച്ചെ 4.50ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപെടുത്തുകയായിരുന്നു. മകളുടെ വേർപാടിന്റെ ഒരു വർഷം പിന്നിടുമ്പോളാണ് തൃക്കുന്നപുഴ വാലയിൽകടവിൽ വസന്തകുമാരിയ്ക്ക് കുടുംബ ഓഹരിയായി ലഭിച്ച സ്ഥലത്ത് ക്ലിനിക് നിർമ്മിക്കുന്നത്. മകൾക്ക് അവധി കിട്ടുമ്പോൾ മാത്രമാണ് കുടുംബം ഒന്നിച്ചു തൃക്കുന്നപുഴയിൽ വന്നിരുന്നത്. വരുമ്പോൾ താമസിക്കാനായി ഒരു ചെറിയ ഔട്ട്‌ ഹൗസ് തയ്യാറാക്കിയിരുന്നു. ഇവിടെ എത്തുമ്പോൾ വീടിന്റെ വശത്തുള്ള ആറ്റിൽ വന്ദന ദാസ് ചൂണ്ട ഇട്ടിരുന്നു. ഇവിടുത്തെ പ്രകൃതി ഭംഗിയും കാറ്റും മോൾക്ക് ഏറെ ഇഷ്ടമായിരുന്നു എന്നും ഇവിടെ ശുദ്ധ വായു ആണെന്നും എപ്പോഴും പറയുമായിരുന്നു എന്നും മാതാവ് വസന്തകുമാരി ഓർക്കുന്നു. ഇവിടെ ഒരു ക്ലിനിക് പണിയണമെന്നും ആഴ്ചയിൽ 2 ദിവസം എങ്കിലും എത്തി സാധാരണക്കാർക്ക് സൗജന്യ ചികിത്സ നൽകണമെന്നും വന്ദന ദാസ് പറയുമായിരുന്നു. കിട്ടിയിരുന്ന സ്റ്റൈപെന്റ് ഉൾപ്പടെ സാധാരണക്കാർക്ക് സഹായം ചെയ്യാനാണ് വന്ദന ഉപയോഗിച്ചിരുന്നത്. മരണത്തിനു ആറു മാസം മുൻപാണ് അവസാനമായി വന്ദന ഇവിടെ എത്തിയത്. അന്നും ഈ ആഗ്രഹം പറഞ്ഞിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഔട്ട്‌ ‌ ഹൗസ് പുതുക്കി പണിതാണ് ക്ലിനിക് ആക്കുന്നത്. ഉദ്ഘാടന ദിവസം രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകുമെന്ന് പറഞ്ഞിരുന്ന തുകയും കൈമാറാൻ ഉദ്ദേശിക്കുന്നതായി മാതാപിതാക്കൾ പറഞ്ഞു.

മതിൽ അപകടാവസ്ഥയിൽ എത് സമയത്തും നിലം പൊത്താം. ഹരിപ്പാട് : ഹരിപ്പാട് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഓഫിസിന് കിഴക്ക...
12/07/2024

മതിൽ അപകടാവസ്ഥയിൽ എത് സമയത്തും നിലം പൊത്താം.

ഹരിപ്പാട് : ഹരിപ്പാട് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഓഫിസിന് കിഴക്ക് വശത്തു കുട്ടി തെക്കോട്ട് പോകുന്ന വഴിയിലെ 50 വർഷത്തോളം പഴക്കമുള്ള മതിലാണ് അപകടാവസ്ഥയിൽ എത് നിമിഷവും നിലം പൊത്തുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നത്. ബലക്ഷയത്താൽ മതിൽ വഴിയിലേക്ക് ചരിഞ്ഞ് നിൽക്കുകയാണ്. നുറ് കണക്കിന് സ്കൂൾ കുട്ടികളും കാൽനടയാത്രക്കാര്യം ഇരുചക്ര വാഹന യാത്രക്കാരും സഞ്ചരിയ്ക്കുന്ന വഴിയാണ്. കച്ചേരി ജംഗ്ഷനിൽ നിന്നും എളുപ്പമായി ദേശിയ പാതയിലേക്കും കെ എസ് ആർ റ്റീ സി ബസ് സ്റ്റേഷനിലേക്കും എത്തുന്നതിന് ഉപയോഗിക്കുന്ന വഴിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽ പി എസ് എന്നിവടങ്ങളിലേക്ക് ഉള്ള കുട്ടികൾ ആശ്രയിക്കുന്നത് ഈ പൊതുവഴിയാണ്. പകൽ സമയത്ത് അപകടം സംഭവിച്ചാൽ ജീവഹാനി അടക്കം സംഭവിയ്ക്കാൻ ഇടയാകും. ഈ മതിലിന്റെ കുറെ ഭാഗം നേരത്തേ ഇടിഞ്ഞു വീണിരുന്നു. ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കാർത്തികപ്പള്ളി വില്ലേജ് ആഫീസിലേക്ക് മാർച്ചും ധർ...
12/07/2024

കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കാർത്തികപ്പള്ളി വില്ലേജ് ആഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

കയർ തൊഴിലാളികളുടെയും ഫാക്ടറി തൊഴിലാളികളുടെയും കൂലി വർദ്ധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, സഹകരണ സംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകുക, പൂട്ടി കിടക്കുന്ന സഹകരണ സംഘം തൊഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസ് നൽകുക, ക്ഷേമനിധി അംഗങ്ങൾക്ക് വിരമിക്കൽ ആനൂകൂല്യം നൽകുക, പിരിഞ്ഞു പോയ സഹകരണ സംഘം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാർത്തികപ്പള്ളി താലൂക്ക് കയർ വർക്കഴ്സ് യൂണിയൻ (സി ഐ ടി യു) നേതൃത്വത്തിൽ കാർത്തികപ്പള്ളി വില്ലേജ് ആഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു, കെ.മോഹനൻ അദ്ധ്യക്ഷനായി. താലൂക്ക് കയർ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ബി അബിൻഷാ, ആർ അമ്പിളി, എം സെൽവി, കെ എൻ.തമ്പി, എം പുഷ്കരൻ, ജി ശശിധരൻ എന്നിവർ സംസാരിച്ചു.

മാലിന്യമുക്ത നവകേരളം 2.0 ഏകദിന ശില്പശാല സംഘടിപ്പിച്ചു  ഹരിപ്പാട്: നഗരസഭയിൽ മാർച്ച് 31ന് മുൻപ് നടപ്പിലാക്കേണ്ട മാലിന്യ സം...
12/07/2024

മാലിന്യമുക്ത നവകേരളം 2.0 ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഹരിപ്പാട്: നഗരസഭയിൽ മാർച്ച് 31ന് മുൻപ് നടപ്പിലാക്കേണ്ട മാലിന്യ സംസ്കരണ സംവിധാനങ്ങളെ സംബന്ധിച്ച് ഏകദിന ശില്പശാല നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്നു. നഗരത്തിൽ നടപ്പിലാക്കിയിട്ടുള്ള സംവിധാനങ്ങളുടെ സ്ഥിതി വിലയിരുത്തുകയും പോരായ്മകൾ കണ്ടെത്തി വിടവുകൾ പരിഹരിക്കുന്നതിന് ആവിശ്യമായ പദ്ധതികളുടെ സാദ്ധ്യതകളും ചർച്ച ചെയ്തു. പൊതുജന പങ്കാളിത്തത്തോടുകൂടി 2025 മാർച്ച് 31 നകം നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ ചർച്ചയുടെ ഭാഗമായി തയ്യാറാക്കി. നിലവിലുള്ള സംവിധാനങ്ങളുടെ പോരായ്മകൾ പരിഹരിക്കുന്നതിനും നൂതന സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനും തീരുമാനം ഉണ്ടായി. വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ ശിൽപശാല ഉൽഘാടനം നിർവ്വഹിച്ചു. യോഗത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എസ് നാഗദാസ്, എസ് കൃഷ്ണകുമാർ, നിർമല കുമാരി, മിനി സാറാമ്മ, അസിസ്റ്റൻ്റ് ഡയറക്ടർ സന്തോഷ് ജോർജ്, മുനിസിപ്പൽ സെക്രട്ടറി ഷെമീർ മുഹമ്മദ്, ക്ലീൻ സിറ്റി മാനേജർ സന്ദേശ് പി എന്നിവർ സംസാരിച്ചു.കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന പ്രവർത്തകർ, ശുചിത്വ മിഷൻ, കില പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഹരിപ്പാട്  ചിങ്ങോലി ലയൺസ് ക്ലബ്ബ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം 14ന് രാവിലെ 9.30 ന് ചിങ്ങോലി പി വി കുമ...
12/07/2024

ഹരിപ്പാട് ചിങ്ങോലി ലയൺസ് ക്ലബ്ബ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം 14ന് രാവിലെ 9.30 ന് ചിങ്ങോലി പി വി കുമാരൻ വക്കീൽ മെമ്മോറിയൽ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുതിയ ഭാരവാഹികളായി അനൂപ് എം (പ്രസിഡന്റ്), ബിച്ചുരവി (സെക്രട്ടറി), ശ്രീകുമാർ (ട്രഷറർ) എന്നിവർ ചുമതലയേൽക്കും. ചടങ്ങിൽ ചിങ്ങോലി ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് സജീവ് എസ് അദ്ധ്യക്ഷനാകും. ലയൺ ഇന്റർ നാഷണൽ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ ബി അജയ്യ കുമാർ ഉദ്ഘാടനം നിർവ്വഹിക്കും. പുതിയ അംഗങ്ങളുടെ അംഗത്വ വിതരണ ചടങ്ങ് ഡിസ്ട്രിക്ട് ചീഫ് സെക്രട്ടറി ആർ ഹരീഷ്ബാബു, സ്‌കൂൾ കുട്ടികൾക്കുള്ള ശുദ്ധജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്‌ട് ചീഫ് സെക്രട്ടറി ഡോ രവികുമാർ കല്ല്യാണിശ്ശേരിൽ എന്നിവർ നിർവ്വഹിക്കും. മുഖ്യ അതിഥിയായി പ്രശസ്‌ത സിനിമ തിരക്കഥാകൃത്ത് സിന്ധുരാജ് പങ്കെടുക്കും. റീജിയൺ ചെയർപേഴ്‌സൺ മുരളിപിള്ള, സോൺ ചെയർപേഴ്‌സൺ ലൗറാം, ഗൈഡിംഗ് സി സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും. ഡിസ്ട്രിക്‌ട് ഗവർണ്ണർ എം എ വഹാബിന്റെ നേതൃത്വത്തിൽ കേരളാ സർക്കാരുമായി സഹകരിച്ച് ഭവന രഹിതർക്ക് 100 വീടുകൾ വെച്ച് കൊടുക്കുന്ന അതിബൃഹത്തായ കർമ്മ പദ്ധതിക്ക് ചിങ്ങോലി ലയൺസ് ക്ലബ്ബിന്റെ പരിപൂർണ്ണ പിന്തുണ ഉണ്ടായിരിക്കും. ലയൺസ്‌ ക്ലബ്ബിന്റെ 108-ാം വാർഷികത്തൊടനുബന്ധിച്ചു അന്ധതാ നിവാരണ യജ്ഞത്തിന്റെ ഭാഗമായി സൗജന്യമായി ഏഷ്യയിലെ ഏറ്റവും വലിയ നേത്രരോഗ ചികിത്സാലയമായ അരവിന്ദ് കണ്ണാശുപത്രി, ഹരിപ്പാട് രത്‌നൻസാർ ഫൗണ്ടേഷനുമായി സഹകരിച്ച് കുറഞ്ഞത് 108 പേർക്ക് തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തും. ചിങ്ങോലി ആറാട്ടുപുഴ പഞ്ചായത്തുകളെ തിമിര വിമുക്ത പഞ്ചായത്തുക ളായി പ്രഖ്യാപിച്ച് പ്രവർത്തനം നടത്തുവാനും തീരുമാനിച്ചു. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ യുവ തലമുറ ലഹരിക്ക് അടിമപ്പെടുന്ന അവസ്ഥയ്ക്കെതിരായി അവബോധം സൃഷ്‌ടിക്കാൻ ബോധവൽക്കരണ ക്ലാസ്സുകൾ കേരളാ ജനമൈത്രി പൊലീസും, എക്സൈഡ് വകുപ്പുമായി സഹകരിച്ച് ലഹരി വിപണന ശൃംഗല കണ്ടെത്തി ബ്രേക്ക് ചെയിൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. സ്‌കൂൾ കുട്ടികളിൽ പരീക്ഷാപേടി അകറ്റുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും, കരിയർ കൗൺസിലിംഗ് സ്ഥാപനമായ ആകടീവ് മൈൻസ്, കോട്ടയം ആയി ചേർന്ന് ക്രിസ്‌മസ്‌ അവധിക്ക് നാല് സ്‌കൂളുകളിൽ കൗൺസിലിംഗ് ക്ലാസ്സുകൾ നടത്തും. ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തുടങ്ങിയ തീരദേശ മേഖലകളിൽ എറണാകുളം ലേക്‌ക്ഷോർ ആശുപത്രിയുടെ സഹകരണത്തോടെ കോഴിക്കോട് ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി, ഹരിപ്പാട് സാരംഗ കൾച്ചറൽ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്ന് ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ സ്തന, ഗർഭാശയ ക്യാൻസറിനെപ്പറ്റി സ്ത്രീകൾക്ക് അവബോധം നൽകുന്നതിനും ലേക്ക്ഷോർ ആശുപത്രിയിലെ ഡോ. ചിത്രധാര ഗംഗാധരന്റെ ക്ലാസ്സും സംഘടിപ്പിക്കും. കലാ - സാംസ്‌കാരിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനും താൽപ്പര്യമുള്ളവർക്ക് അഭിനയ മികവ് വളർത്തുന്നതിനും ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, സംവിധായകൻ ഷാജൂൺ കാര്യാലുമായി പ്രാരംഭ ചർച്ചകൾ നടത്തി. നിർദ്ധന വിദ്യാർത്ഥികൾക്ക് ഉന്നത പഠനം നടത്തുന്നതിനാവശ്യമായ ഗുണഭോക്താക്കളെ കണ്ടെത്തി സഹായം ചെയ്യുവാൻ തീരുമാനിച്ചു. യുവാക്കളിലെ കായികശേഷി പ്രോത്സാഹിപ്പിക്കുന്നതിന് യൂത്ത് എംപവർമെന്റ് പ്രോഗ്രാമായി കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് ലയൺസ്ക്ലബ്ബ് സെക്രട്ടറി ബിച്ചു രവിയുടെ നേത്യത്വത്തിൽ സ്‌കൂൾ കുട്ടികൾക്ക് ക്രിക്കറ്റ് കോച്ചിംഗ് നടത്തിവരുന്നു. ഐ എം എയുമായി സഹകരിച്ച് ചിങ്ങോലി പി എച്ച് സി യിൽ ഒരു ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിപ്പിക്കുവാനും പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കിടപ്പുരോഗികൾക്ക് ആവശ്യമായ മരുന്നുകളും മറ്റ് സേവനങ്ങളും സമയബന്ധിതമായി നൽകുവാനും തീരുമാനിച്ചു.

ചിങ്ങോലിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുവാൻ ഇനിയുള്ള ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ സജീവ് എസ്, ബിജു ബി, അനൂപ് എം, ബിച്ചു രവി, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

കരുവാറ്റ മുതലക്കുറിച്ചിക്കല്‍ പാലത്തിൻ്റെ ബാലൻസ് വർക്കിൻ്റെ ടെണ്ടറിന് എൽ ഡി എഫ് സർക്കാർ .അംഗീകാരം നൽകി. കരുവാറ്റ മുതലക്ക...
12/07/2024

കരുവാറ്റ മുതലക്കുറിച്ചിക്കല്‍ പാലത്തിൻ്റെ ബാലൻസ് വർക്കിൻ്റെ ടെണ്ടറിന് എൽ ഡി എഫ് സർക്കാർ .അംഗീകാരം നൽകി.

കരുവാറ്റ മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ നിര്‍മ്മാണത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമായി. ഇന്നലെ ചേർന്ന(11.7.2024) മന്ത്രിസഭായോഗം പാലത്തിൻ്റെ ബാലൻസ് വർക്കിനുള്ള ടെണ്ടറിന് അംഗീകാരം നൽകി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയത്. നബാര്‍ഡ് ആര്‍ ഐ ഡി എഫ് ട്രാഞ്ചെ 20 ല്‍ പെടുത്തിയാണ് ഇതിനുള്ള തുക അനുവദിച്ചത്. എന്നാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് 2017 ലാണ്. 28 കോടി രൂപയായിരുന്നു പദ്ധതിയുടെ അടങ്കല്‍ തുക. . 2014 ലെ ഡി എസ് ആര്‍ പ്രകാരമാണ് എസ്റ്റിമേറ്റ് നിര്‍ണ്ണയിച്ചിരുന്നത്. നിര്‍വ്വഹണത്തിലെ വീഴ്ച്ചകള്‍ കാരണം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രസ്തുത വര്‍ക്ക് കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ റദ്ദാക്കുകയും ബാലന്‍സ് വര്‍ക്ക് റീടെണ്ടര്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. കുറിച്ചിക്കല്‍ പാലത്തിന്റെ നിര്‍മ്മാണം 65 ശതമാനം വര്‍ക്കും പൂര്‍ത്തീകരിച്ചിരുന്നു. . പാലത്തിന്റെ ആകെയുളള 9 സ്പാനുകളില്‍ 7എണ്ണത്തിന്റേയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇനി പ്രധാനപ്പെട്ട 2 സ്പാനുകളുടെ നിര്‍മ്മാണവും, അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവുമാണ് നടത്താനുള്ളത്. 4 തവണയാണ് ബാലന്‍സ് വര്‍ക്കിന്റെ റീടെണ്ടര്‍ ക്ഷണിച്ചത്. എന്നാല്‍ കരാറുകാരില്‍ നിന്നും പ്രതികരണം ലഭിച്ചിരുന്നില്ല. അവസാനമായി കരാറെടുത്ത കമ്പനി 89% ഉയര്‍ന്ന നിരക്കാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ധനകാര്യവകുപ്പ് നിരസിച്ചതിനെ തുടര്‍ന്ന് വര്‍ക്കിന്റെ നിര്‍വ്വഹണം വീണ്ടും അനിശ്ചിതത്വത്തിലായി. കൂടാതെ നബാര്‍ഡ് ആര്‍ ഐ ഡി എഫ് - 20 പ്രകാരം അനുവദിക്കപ്പെട്ടിരുന്ന വര്‍ക്കുകളുടെ നിര്‍വ്വഹണ കാലാവധി മാര്‍ച്ച് 2022 ല്‍ അവസാനിക്കുകയും ചെയ്തു. ഇതോടെ മുതലക്കുറിച്ചിക്കല്‍ പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അനിശ്ചിതത്വത്തിലായി. കുറിച്ചിക്കല്‍ പാലത്തിന്റെ ബാലന്‍സ് വര്‍ക്കിന്റെ എസ്റ്റിമേറ്റ് 2018 ഡി എസ് ആര്‍ റേറ്റ് പ്രകാരം പരിഷ്‌കരിക്കുകയും (18% ജിഎസ്ടി തുക ഉള്‍പ്പെടെ) അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിനുള്ള തുക കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു. 12 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പി ഡബ്ലി യു ഡി വകുപ്പ് തയ്യാറാക്കുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റില്‍ ഇതിനുള്ള തുക ഉള്‍ക്കൊള്ളിക്കുകയും ബാലന്‍സ് വര്‍ക്കിനുള്ള ഭരണാനുമതി സര്‍ക്കാരില്‍ നിന്നും ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് വര്‍ക്ക് ടെണ്ടര്‍ ചെയ്തെങ്കിലും ഒരു കരാറുകാരന്‍ മാത്രമാണ് പങ്കെടുത്തത്. ആയതിനാല്‍ വര്‍ക്ക് റീടെണ്ടര്‍ ചെയ്തു അതിലും ഒരു കരാറുകാരന്‍ മാത്രമാണ് പങ്കെടുത്തത് കൂടാതെ 43 ശതമാനം അധിക നിരക്ക് ക്വാട്ട് ചെയ്യുകയും ചെയ്തു. ടെണ്ടറിൻ്റെ അംഗീകാരത്തിനായി ഫയല്‍ സര്‍ക്കാരിലേക്ക് അയച്ചെങ്കിലും വീണ്ടും റീടെണ്ടര്‍ ചെയ്യുന്നതിനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിത്. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ക്ക് വീണ്ടും റിടെണ്ടർ ചെയ്തു. അധിക നിരക്കായതിനാൽ വീണ്ടും ഫയൽ സർക്കാരിൻ്റെ അംഗികാരത്തിനായി നൽകുകയായിരുന്നു. ഇതിനാണ് ഇപ്പോൾ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഊരാളുങ്കൽ സൊസൈറ്റിയാണ് വർക്കിൻ്റെ കരാറുകാർ. ഇതോടെ മുതല കുറിച്ചിക്കൽ പാലത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗം നിർവ്വഹിക്കാൻ കഴിയും.

ഹരിപ്പാട് :കാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഹരിപ്പാട്, കായംകുളം എന്നീ നിയോജകമണ്ഡലങ്ങളിൽ ഏപ്രിൽ 26 ന് പാർലമെൻ്റ് ...
12/07/2024

ഹരിപ്പാട് :കാർത്തികപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഹരിപ്പാട്, കായംകുളം എന്നീ നിയോജകമണ്ഡലങ്ങളിൽ ഏപ്രിൽ 26 ന് പാർലമെൻ്റ് ഇലക്ഷനോട് അനുബന്ധിച്ച് ഈ പ്രദേശങ്ങളിലെ ടാക്സി വാഹനങ്ങൾ കായംകുളം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിച്ചെടുത്ത് ഓടിക്കുകയുണ്ടായി. ഇതിൽ രണ്ടു ദിവസം മുതൽ 13 ദിവസം വരെ ഓടിയ വാഹനങ്ങൾ ഉണ്ട്. ജില്ലയിൽ കാർത്തികപ്പള്ളി താലൂക്ക് ഒഴിച്ച് മറ്റ് എല്ലാ താലൂക്കുകളിലും പൈസ കിട്ടിയിട്ടുണ്ട്. ബിൽ മാറി പൈസ വിതരണം ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ കൊണ്ടാണ് വാഹന വാടക കിട്ടാൻ താമസിക്കുന്നതെന്ന് വാഹന ഉടമകൾ ആരോപിക്കുന്നു. വാഹനങ്ങൾക്ക് ഓട്ടം കുറവുള്ള ജൂൺ ജൂലൈ മാസങ്ങളിൽ വീടുകളിൽ കഴിഞ്ഞുകൂടേണ്ട ഒരു അവസ്ഥയാണുള്ളത്. എത്രയും വേഗം വാഹന വാടക വിതരണം ചെയ്യണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.

*ക്ഷേമപ്രവർത്തനങ്ങളും നൈപുണ്യ വികസന പദ്ധതികളുമായിമുട്ടം റോട്ടറി ക്ളബ് പുതിയ വർഷത്തിലേക്ക് .* ഹരിപ്പാട് :-  ക്ഷേമ പ്രവർത്...
12/07/2024

*ക്ഷേമപ്രവർത്തനങ്ങളും നൈപുണ്യ വികസന പദ്ധതികളുമായി
മുട്ടം റോട്ടറി ക്ളബ് പുതിയ വർഷത്തിലേക്ക് .*

ഹരിപ്പാട് :- ക്ഷേമ പ്രവർത്തനങ്ങളും നൈപുണ്യ വികസന പരിശീലന പദ്ധതികളുമായി
മുട്ടം റോട്ടറി ക്ളബ് ഈ വർഷത്തെ പ്രവർത്തനം തുടങ്ങുന്നു. മുട്ടം റോട്ടറി ക്ളബിൻറെ പുതിയ പ്രസിഡന്റായി കെ പി
അനിൽകുമാർ
ജൂലൈ 13 ശനിയാഴ്ച വൈകുന്നേരം 6:30 ന് മുട്ടം മണിമല ജങ്ഷനിലുളള റോട്ടറി ക്ളബ് ഹാളിൽ വച്ച് ചുമതലയേൽക്കും. ഇതിനോടനുബന്ധിച്ചുള്ള യോഗം റോട്ടറി ഡിസ്ട്രിക്ട് 3211 മുൻ ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഭിഷഗ്വരൻ ഡോ.
കെ ആർ വിനയകുമാർ
ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കും.

2020 ൽ പ്രവർത്തനം ആരംഭിച്ച മുട്ടം റോട്ടറി ക്ളബ് 1000 ൽ പരം പ്രോജക്ടുകളുമായി ചേപ്പാട്, പളളിപ്പാട്, കാർത്തികപ്പള്ളി, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളിലും, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലും പ്രവർത്തനം നടത്തി വരുന്നു. അന്നദാനം മഹാദാനം എന്ന ഭക്ഷണ വിതരണം, ആരോഗ്യം സർവ്വ ധനാൽ പ്രധാനം എന്ന പേരിൽ അലോപ്പതി- ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ, പഠനത്തിന് കൈത്താങ്ങ് എന്ന കുട്ടികൾക്കുളള ധനസഹായം, സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികൾ തുടങ്ങിയവ തനത് പരിപാടികളായി ക്ളബ് ചെയ്തു വരുന്നു.

തിരുവനന്തപുരം മുതൽ അരൂർ വരെ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണ്ണറായ മേജർ ഡോണർ എ കെ എസ് എം ഡോ. സുധി ജബ്ബാർ ആണ് ഈ വർഷത്തെ ഡിസ്ട്രിക്റ്റ് പ്രോജക്റ്റായി ഉയരെ എന്ന പദ്ധതി തീരുമാനിച്ചത്. സമൂഹത്തിലെ സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കം നിൽക്കുന്ന തൊഴിൽ രഹിതർക്ക് വേണ്ടി നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയാണിത്. ഇതിൻറെ ഭാഗമായി തൊഴിൽ പരിശീലനവും, തൊഴിൽ സംരംഭകത്വത്തിന് വേണ്ടിയുള്ള സഹായവും ചെയ്യുന്നതാണ്. മുട്ടം റോട്ടറി ക്ളബ് ഏവൂർ ദേശബന്ധു ഗ്രന്ഥശാല വനിതാ വേദിയുമായി ചേർന്ന് പേപ്പർ ക്യാരി ബാഗ് നിർമ്മാണ പരിശീലനം നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് ഏവൂർ ദേശബന്ധു ഗ്രന്ഥശാലയിൽ വച്ച് മുതുകുളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ഇതിനായി ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചു. വനിതകൾക്ക് തയ്യൽ പരിശീലനം നടത്തുകയും പത്ത് പേർക്ക് തയ്യൽ മെഷീൻ സൌജന്യമായി വിതരണം ചെയ്യുന്നതുമാണ്. ചന്ദൻ എൻറർപ്രൈസസുമായി അലൂമിനിയം ഫാബ്രിക്കേഷൻ പരിശീലനത്തിനായും, മാടയിൽ കൺസ്ട്രക്ഷൻ കമ്പനിയുമായി സിവിൽ എൻജിനീയറിങ്ങിൽ പരിശീലനം നേടുന്നതിനായും, നന്ദനം ഓട്ടോമൊബൈൽ വർക്ക് ഷോപ്പുമായി മെക്കാനിക് പരിശീലനം നേടുന്നതിനായുമുളള ധാരണാപത്രം ഒപ്പിടും. ജൂലൈ 21 ന് മുട്ടം കണിച്ചനല്ലർ എൽപി സ്കൂളിൽ വച്ച് സൌജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. പഠനസഹായവും, ചികിത്സ സഹായവും തദവസരത്തിൽ വിതരണം ചെയ്യും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ പി അനിൽകുമാർ, സെക്രട്ടറി ഇ കെ ചന്ദ്രൻ, ട്രഷറർ രാജീവ് കുമാർ മാടയിൽ, അഡ്വ. ജി ഷിമുരാജ്, പി കെ അലക്സാണ്ടർ വൈദ്യൻ, ജോർജ് വർഗീസ് തരകൻ
തുടങ്ങിയവർ പങ്കെടുത്തു.

*നിരവധി ക്ഷേമ പ്രവർത്തനങ്ങളുമായി മണ്ണാറശാല റോട്ടറി ക്ളബ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നു.* ഹരിപ്പാട് : നിരവധി ക്ഷേമ പ്ര...
12/07/2024

*നിരവധി ക്ഷേമ പ്രവർത്തനങ്ങളുമായി
മണ്ണാറശാല റോട്ടറി ക്ളബ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നു.*

ഹരിപ്പാട് : നിരവധി ക്ഷേമ പ്രവർത്തനങ്ങളും യുവ പരിശീലന പദ്ധതികളുമായി മണ്ണാറശാല റോട്ടറി ക്ളബ് ഈ വർഷത്തെ പ്രവർത്തനം തുടങ്ങുന്നു. മണ്ണാറശാല റോട്ടറി ക്ളബിൻറെ പുതിയ പ്രസിഡന്റായി പി ജി ഗോപകുമാർ ജൂലൈ 14 ഞായറാഴ്ച രാത്രി 7:30 ന് ഡാണാപ്പടി ചോയിസ് പ്ലാസയിൽ വച്ച് ചുമതലയേൽക്കും. ഇതിനോടനുബന്ധിച്ചുള്ള യോഗം റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ നോമിനി കൃഷ്ണൻ ജി നായർ ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ ഗസ്റ്റ് ഓഫ് ഓണർ ആയി പങ്കെടുക്കും. ആറ് വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ക്ളബ് മുഴുവൻ അംഗങ്ങളും പി എച് എഫ് ആയ ഒരു ക്ളബ് ആണ്.
തിരുവനന്തപുരം മുതൽ അരൂർ വരെ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണ്ണറായ മേജർ ഡോണർ എ കെ എസ് എം ഡോ.സുധി ജബ്ബാർ ആണ് ഈ വർഷത്തെ ഡിസ്ട്രിക്റ്റ് പ്രോജക്റ്റായി 'ഉയരെ'എന്ന പദ്ധതി തീരുമാനിച്ചത്. സമൂഹത്തിലെ സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കം നിൽക്കുന്ന തൊഴിൽ രഹിതർക്ക് വേണ്ടി നടപ്പാക്കുന്ന സ്കിൽ ഡവലപ്‌മെൻ്റ് പ്രോഗ്രാമാണ് ഇത്. ഇതിൻറെ ഭാഗമായി തൊഴിൽ പരിശീലനവും, തൊഴിൽ സംരംഭകത്തിന് വേണ്ടി സഹായവും ചെയ്യുന്നതാണ്. കുടുബശ്രീ സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പാചകപരിശീലനം, തയ്യൽ ക്ലാസുകൾ തുടങ്ങിയവ നടത്തും. ഈ പദ്ധതി ഹരിപ്പാട് നഗരസഭ കൗൺസിലർ വ്യന്ദ ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്തിരുന്നു.
ഏഴോളം സർവീസ് പ്രോജക്ടുകൾ ക്ളബ് നേരിട്ട് നടത്തി വരുന്നു. "ജനനി " എന്ന പേരിൽ ഗർഭിണികൾക്ക് പോഷകാഹാരം നൽകുക, "ജാഗ്രത" എന്ന പേരിൽ കുട്ടികളേയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ബോധവത്ക്കരണ പരിപാടി, കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ വനിതകൾക്കായി ലെററ്സ് ക്രിക്കറ്റ് എന്ന പരിപാടി, ബിസിനസ് ചെയ്യുന്നവരെ സഹായിക്കാനായി സ്പാർക്കിൾ, ഇൻസ്പയർ ആൻഡ് ഇഗ്നൈററ് എന്ന പദ്ധതിയും ക്ളബ് നടത്തുന്നുണ്ട്.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി ജി ഗോപകുമാർ, സെക്രട്ടറി സോണി എ സാമുവൽ, ട്രഷറർ ജിതേഷ്, എ ജി സുരേഷ് ഭവാനി, പ എ ജി ആൻഡ് ട്രെയിനർ ബി രവികുമാർ, മുൻ പ്രസിഡന്റുമാരായ അഖിൽ, ബിനു തുടങ്ങിയവർ പങ്കെടുത്തു

Address

Haripad

690514

Alerts

Be the first to know and let us send you an email when News of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News of Kerala:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share