25/07/2022
മറ്റ് ചിന്തകൾക്കൊന്നും ഇടം കൊടുക്കാതെ, തീയ്യറ്ററിലെ ഇരുട്ടിൽ നിന്ന് പതുക്കെ സിനിമയിലെ കഥാപശ്ചാത്തലത്തിലേക്ക് അദൃശ്യനായി നടന്നുകയറി കഥാപാത്രങ്ങൾക്കൊപ്പം നിന്ന്, ആ ഭൂപ്രകൃതിയിലെ മഞ്ഞും കാറ്റും മഴയും കൊണ്ട് അനുഭവിച്ചറിയേണ്ടുന്ന തരം ചില സിനിമകളുണ്ട്. അത്തരം സിനിമകൾ ഒരിക്കലും, എത്ര മികച്ചതെന്ന് അവകാശപ്പെട്ടാലും, എത്ര വലിയ സാങ്കേതിക സൗകര്യമുള്ള മൊബൈൽ ഫോണിലോ ടീവിയിലോ പോലും, തീയറ്ററിൽ മറ്റാരുടെയും ശല്യമില്ലാതെ കാണുമ്പോൾ കിട്ടുന്ന ആ പൂർണ്ണതയിൽ അനുഭവിക്കാൻ കഴിയില്ല. 'ഇലവീഴാപൂഞ്ചിറ' അത്തരത്തിൽ കാണേണ്ടുന്ന ഒരു സിനിമയാണ്. ഒന്നേമുക്കാൽ മണിക്കൂർ നേരം ഒരു കുന്നിന്മുകളിലെ ഒറ്റമുറിയിലുള്ള പോലീസ് വയർലസ് സ്റ്റേഷനിലേക്ക് ഒരു യാത്ര. പ്രമേയം കൊണ്ട് പുതിയതല്ലെങ്കിലും അവതരണം കൊണ്ടും കഥ വിന്യസിപ്പിച്ച പശ്ചാത്തലവും ഭൂപ്രകൃതിയും കഥാപാത്രങ്ങളും 'ഇലവീഴാപൂഞ്ചിറ'യെ വേറിട്ട് നിര്ത്തുന്നു. സാങ്കേതിക തികവുകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ത്രില്ലിംഗ് സ്വഭാവം കൊണ്ടും ഇലവീഴാപൂഞ്ചിറ സിനിമാപ്രേമികൾ തീയറ്ററിൽ മിസ് ചെയ്യരുതാത്ത സിനിമയാണെന്ന് മാത്രം പറഞ്ഞു നിർത്തുന്നു.