23/01/2020
" മാരുതി ഡ്രൈവിംഗ് മിഡിൽ ക്ലാസ് ഹിന്ദു വിമൻ " ഗുജറാത്ത് വംശഹത്യാ കാലത്ത് സ്വന്തം അടുക്കളയിലെ ഗ്യാസ് കുറ്റിയെടുത്ത് മാരുതി കാറിൽ കേറ്റി മുസ്ലീം വീടുകൾ കത്തിക്കാൻ കാലപകാരികൾക്ക് സപ്ലൈ ചെയ്ത ഗുജറാത്തി കുലസ്ത്രീകളെ കുറിച്ചുള്ള വിശേഷണമായിരുന്നു അത്. " സ്നേഹം, അനുകമ്പ , കരുണ , പരിചരണം " ഇവയൊക്കെ കുലസ്ത്രീ ലക്ഷണമാക്കി അടിച്ചേൽപ്പിച്ച് വീട്ടുപണി ചെയ്യിച്ചിരുന്ന പഴയ പിതൃദായ ഹിന്ദുത്വത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഹിന്ദുത്വ ഫാഷിസം വീട്ടിലേക്ക് കടക്കുന്നത് അടുക്കള വഴിയാണ്. ദുർഗാവാഹിനിയിലെ വിഷം കുടിച്ച പുതിയ കുല സ്ത്രീ രംഗത്ത് വന്നിരിക്കുന്നു.
കേരളത്തിലെ ഏത് കലാലയവും നോക്കൂ. മഹാഭൂരിപക്ഷവും പെൺകുട്ടികളാണ്. മത്സരിച്ച് പഠിക്കുന്ന , ആടി തിമിർക്കുന്ന ലോകം കണ്ട മിടുക്കിക്കുട്ടികൾ. പക്ഷെ കേരളത്തിന്റെ സംഘടിത തൊഴിൽ മേഘലയിൽ 20% നടുത്താണ് സ്ത്രീ പങ്കാളിത്തം. അഭ്യസ്ത വിദ്യരായ , ലോകം കണ്ട പെൺകുട്ടികൾ എവിടെ പോകുന്നു ? അവർ കല്യാണം കഴിഞ്ഞ് വീട്ടിലിരിക്കുന്നു. വിശാലമായ ലോകത്ത് നിന്ന് വിഛേദിക്കപ്പെട്ട് വീട്ടിലൊതുങ്ങുന്ന അവരുടെ ലോകത്തേക്ക് കടന്നു വരുന്ന പുറം ലോകത്തിന്റെ ഏക സാന്നിധ്യം സമാനരായ കുല
സ്ത്രീകളാണ്. അവരുടെ ഒരേയൊരു പൊതുമണ്ഡലമാകട്ടെ അമ്പലവുമായി ചേർന്ന ഇക്കോ സിസ്റ്റവും. പൊങ്കാല പൊങ്കാലയാകുന്നത് പുണ്യം കിട്ടാൻ മാത്രമല്ല അത് സൃഷ്ടിക്കുന്ന വിപുലമായൊരു ലോകത്തിന്റെ സാധ്യതയിൽ കൂടിയാണ്. മതപ്രഭാഷണങ്ങൾ , സ്ത്രീ കൂട്ടായ്മകൾ , തീർത്ഥയാത്രകൾ , സ്വയം സഹായ സംഘങ്ങൾ , അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വാതിലുകളിലൂടെ സംഘപരിവാരം 'അടുക്കളകളിലേക്കുള്ള വഴി ' കണ്ടെത്തുന്നു.
അവരാണ് ഹിന്ദുത്വ ഫാഷിസത്തിന്റെ അടുത്ത കാലാൾപ്പട. " ഞാനീ നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെൺകുട്ടികളെ കാക്കാൻമാർ കൊത്തി കൊണ്ടു പോകാതിരിക്കാനാണ് " എന്നാക്രോശിക്കുന്ന ദുർഗാവാഹിനി സേന. ഗുജറാത്ത് വംശഹത്യ കാലത്ത് മുസ്ലീം സ്ത്രീകളെ ചൂണ്ടി കാണിച്ച് " റേപ് ഹെർ , റേപ് ഹെർ " എന്ന് ആൺ തീവ്രവാദികളോട് ആക്രോശിച്ച അതേ കുല സ്ത്രീകൾ
നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളെല്ലാം ആൺ കസർത്തുകളായി മാറുന്നിടത്തോളം കേരളത്തിലെ പാതി ജനത സംഘ പരിവാരത്തിന്റെയോ മത രാഷ്ട്രീയത്തിന്റെയോ മാത്രം പ്രേക്ഷകരും കാലാൾപ്പടയും ആയി മാറും. അതു കൊണ്ട് ഫാഷിസത്തെ പ്രതിരോധിക്കാനുള്ള പ്രധാന രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയ ഇടം സ്ത്രീകളുടേത് കൂടിയാവുക എന്നത് തന്നെയാണ്."
Sreejith Sivaraman