27/09/2021
അതീ തീവ്ര മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ പ്രദേശങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. അടിയന്തര സഹായം നൽകണമെന്ന് റവന്യൂ വകുപ്പിനോട് നിർദേശം നൽകിയതായും ചിറ്റയം പറഞ്ഞു. കഴിഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയിൽ അടൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലിൽ വെള്ളം കയറുകയും വീടുകൾ വെള്ളത്തിനടിയിലാക്കുകയും ചില സ്ഥലങ്ങൾ ആളുകൾക്ക് താമസിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാവുകയും ഒറ്റപ്പെടുകയും ചെയ്തിരുന്നു. കൃഷിയിടങ്ങളിൽ വെള്ളം കയറിയത് വഴി കർഷകർക്ക് നാശനഷ്ടമുണ്ടായി. അടൂർ നഗരസഭയിലെ പന്നിവിഴ , പന്തളം തെക്കേക്കര തോലുഴം, പന്തളം നഗരസഭയിലെ പറന്തൽ, കുരമ്പാല, പള്ളിക്കൽ പഞ്ചായത്തിലെ പഴകുളം എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.ഈ സ്ഥലങ്ങൾ എല്ലാം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. പറന്തൽ വല്ലാറ്റൂർ ഭാഗത്ത് പതിനൊന്ന് വീടുകളും കുരമ്പാല തോട്ടുകര ഭാഗത്ത് പത്തു വീടുകളും വെള്ളത്തിനടിയിലായി.തോലുഴത്തും പത്ത് വീടുകൾ വെള്ളത്തിനടിയിലായി. ഈ ഭാഗങ്ങളിൽ എല്ലാം തന്നെ തോടുകൾ നിറഞ്ഞ് കവിഞ്ഞ് ആണ് വെള്ളം കയറിയത്. തോടുകളുടെ ആഴംകൂട്ടി കെട്ടി ഉയർത്തി കഴിഞ്ഞാൽ നീരൊഴുക്ക് ശക്തമാകുകയും വീടുകളിൽ വെള്ളം കയറുന്നത് ഇല്ലാതാക്കാൻ സാധിക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. ബന്ധപ്പെട്ട ജനപ്രതിധികളും അടൂർ തഹസീൽദാർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരും ചിറ്റയത്തിന് ഒപ്പം ഉണ്ടായിരുന്നു. വെള്ളം കയറിയ പ്രദേശങ്ങളിലെ ജനങ്ങള മാറ്റിപ്പാർപ്പിക്കാനും അവർക്ക് വേണ്ട ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശം നൽകിയതായി ചിറ്റയം ഗോപകുമാർ പറഞ്ഞു.മഴ മാറിയാൽ ഉടൻ തന്നെ തോടുകളുടെ ആഴംകൂട്ടി സംരക്ഷണഭിത്തി കെട്ടി വെള്ളം കയറുന്നത് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.