fyzie_rahim

fyzie_rahim fly high! nothing more!

പണ്ട്, വളരെ കാലം മുമ്പ് നാട്ടിലെ പള്ളിയിൽ പുതിയൊരു ഉസ്താദ് വന്നു. നാട്ടിലെ സകലരെയും അദ്ദേഹം പള്ളിയിലേക്ക് ക്ഷനിക്കുകയും ...
19/11/2023

പണ്ട്, വളരെ കാലം മുമ്പ് നാട്ടിലെ പള്ളിയിൽ പുതിയൊരു ഉസ്താദ് വന്നു. നാട്ടിലെ സകലരെയും അദ്ദേഹം പള്ളിയിലേക്ക് ക്ഷനിക്കുകയും ഏറെക്കുറെ അദ്ദേഹമതിൽ വിജയിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ ജാതിമത ഭേദമന്യേ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയ ഉസ്താദിനോട് കുറച്ച് പേർ ചേർന്ന് ഒരു സ്വകാര്യം അവതരിപ്പിച്ചു.

"ഉസ്താദേ,
ജമാലിനെ ഇങ്ങള് ഒന്ന് നന്നാക്കിയെടുക്കണം"

"നാട്ടിലെ പേരുകേട്ട തറവാട് ഒക്കെയാണ്. പക്ഷെ ഓൻ ഫുൾ ടൈം തണ്ണിയാണ്"

"പോരാത്തേന് പെരുന്നാളും വെള്ളിയാഴ്ച്ചയും ഒപ്പരം വന്നാ പോലും പള്ളിന്റെ മുറ്റത്തേക്ക് പോലും ഓൻ കേറൂല"

ആളോഹരി അഭിപ്രായങ്ങൾ
ഉസ്താദ് ഗൗരവത്തോടെ കേട്ടു. ഒന്നിരുത്തി മൂളിയ ശേഷം ഉസ്താദ് പറഞ്ഞു :
"നമുക്ക് നോക്കാം"

"നോക്കാം എന്ന് ഉസ്താദ് പറഞ്ഞിട്ടുണ്ടെങ്കി ഇത് നടക്കും" -
അന്ന് പള്ളിയിൽ നിന്നിറങ്ങിപ്പോരുമ്പൊ കൂട്ടത്തിലുള്ള ഒരുത്തൻ പറഞ്ഞു.

"പോടാവ്ട്ന്ന്. ജമാല് ഇയ്യ് വിജാരിച്ച ആളല്ല."

അങ്ങനെയിരിക്കെ ഒരു ദിവസം ജമാല് ഉസ്താദിന്റെ മുന്നിൽ വന്നുപെട്ടു.

ജമാലിനെ ഉസ്താദ് കുറെ ഉപദേശിച്ചു നോക്കിയെങ്കിലും കോൺക്രീറ്റ് കട്ട കണക്കെ ഉറച്ച നിലപാടുള്ള ജമാൽ അയഞ്ഞില്ല.

അവസാനം ഉസ്താദ് ജമാലിനായി ഒരു ഓഫർ വെച്ചു.

"ഇന്ന് മുതൽ ആറ് മാസത്തേക്ക് അഞ്ച് നേരം പള്ളിയിൽ വരികയാണെങ്കിൽ നിനക്ക് ഞാൻ ഒരു പോത്തിൻ കുട്ടിയെ സമ്മാനമായിട്ട് തരും" - ഉസ്താദ്

ജമാലിന്റെ കണ്ണ് തെളിഞ്ഞു. പണ്ടത്തെ കാലമാണ്. പോത്ത് എന്നൊക്കെ പറഞ്ഞാൽ ആഢംബരം ഉള്ള കാലം. ജമാൽ അതിൽ വീണു.

ദിവസങ്ങൾ കഴിഞ്ഞു.
ജമാലിന്റെ മാറ്റം കണ്ട് ആളുകൾ ഞെട്ടി. നാട്ടിലാകെ സംസാരം ഉസ്താദും ജമാലുമാണ്. ഉസ്താദിന് ദിവ്യത്വം ഉണ്ടെന്നും അതുകൊണ്ടാണ് ഒരിക്കലും നന്നാവാത്ത അബൂജഹലിന്റെ കൂട്ടുള്ള ജമാല് വരെ നന്നായത് എന്നും വാമൊഴി പരന്നു.
ചായപ്പീടികയിലും തോണിക്കടവുകളിലും കൊപ്രക്കളത്തിലും ഒക്കെ ഇത് തന്നെ സംസാരം.

പള്ളിയിലെ മുൻ വരിയിൽ തന്നെ നേരത്തേ സ്ഥാനം പിടിച്ചിരുന്ന ജമാലിനോട് അൽപ്പം സ്നേഹവും ഉസ്താദിനുണ്ടായി.

പോകെപ്പൊകെ പള്ളിയിൽ ആണ്ടുനേർച്ച വന്നു. നിരനിരയായി ആളുകൾ. ഉരുളക്കിഴങ്ങിട്ട് വെച്ച ഇറച്ചിക്കറിയും മഞ്ഞച്ചോറും വാങ്ങാനുള്ള തിരക്ക്. എല്ലാം കണ്ട് നിർനിമേഷനായി ഉസ്താദ് നിൽക്കുന്നു.
പെട്ടെന്ന്
നേർച്ചച്ചോറ് പാത്രത്തിലാക്കി നടന്നു പോകുന്ന ആളുകളെ വകഞ്ഞു മാറ്റി ഉസ്താദിനോട് ജമാൽ ഉറക്കെ ചോദിച്ചു.

"അല്ലുസ്താ, ഞമ്മല് പറഞ്ഞ കാര്യം എന്തായി"

"എന്താണ് ജമാലെ"

"അല്ല പോത്തുങ്കുട്ടിന്റെ കാര്യം"!?
ജമാൽ അൽപ്പം അങ്കുഷിയൊടെ ചോദിച്ചു.

" അത് പിന്നെ ജമാലേ" - ഉസ്താദ് പരുങ്ങി. സത്യത്തിൽ ആറു മാസം ആയ കാര്യം ഉസ്താദിന് മറന്ന് പോയിരുന്നു. കൂടാതെ ആറു മാസമൊക്കെ പള്ളിയിൽ സ്ഥിരമായി വന്നാൽ ജമാൽ നന്നായിപ്പൊകുമെന്നുമെന്നാണ് ഉസ്താദ് കരുതിയത്.

"ന്തായ് പറയിം" - ജമാൽ അൽപ്പം കൂടി ഉറക്കെ ആണ് ചോദിച്ചത്.

ഉസ്താദ് നിന്ന് പരുങ്ങി. ആളുകൾ ഉസ്താദിനെ നോക്കുന്നു. നേർച്ചച്ചോറ് വിളമ്പണോ ഉസ്താദിന്റെ മറുപടി കേൾക്കണോ എന്ന രീതിയിൽ വിളമ്പുകാരൻ നിൽക്കുന്നു.

നിശ്ചലമായിരിക്കുന്ന ആ അവസ്ഥയിൽ ജമാൽ പറഞ്ഞു :
"ഇങ്ങള് ചാമ്പും എന്നെനിക്കറിയേനു ഉസ്താദേ. അതോണ്ട് ഇത്രേം കാലം ഞാൻ 'ഒളു'(അംഗശുദ്ധി)എടുക്കാതെയാണ് നിസ്ക്കരിച്ചീനത്"

വുളു ഇല്ലാതെ പ്രാർഥിച്ചാൽ ആ പ്രാർഥന കമ്പ്ലീറ്റ് ആകില്ലെന്നറിയാവുന്ന
ആളുകൾ മൊത്തം അന്തം വിട്ട് വാ പൊളിച്ച് നിൽക്കേ
മഞ്ഞച്ചോറിന്റെ ചെമ്പിൽ കാക്ക പോത്തിൻ കഷ്ണമെടുത്ത് പറന്നു.. ഉത്തരത്തിലെ പല്ലി ആരെയോ കളിയാക്കുവാനെന്ന മട്ടിൽ ചിലച്ചു. ഉസ്താദ് പള്ളിക്കകത്തേക്ക് ഓടിക്കയറി വാതിലടച്ചു.

പറഞ്ഞു വന്നത് കഥയല്ല. ഈ കഥയിലെ ജമാലാണ് നമ്മുടെ കെ.എസ്.ആർ.ടി.സി. കാലാകാലങ്ങളായി നഷ്ടത്തിലോടുക എന്നല്ലാതെ യാതൊരു നല്ല റിസൾട്ടും കാണിക്കാത്ത, കടമെടുത്ത് ശമ്പളം നൽകേണ്ടി വരുന്ന ഒരു പ്രസ്ഥാനം.

ഈ പ്രസ്ഥാനത്തിനെ നന്നാക്കാനായി സർക്കാർ എന്ന ഉസ്താദ് നോക്കാത്ത വഴികളില്ല. ഏഴ് വർഷമായി നല്ല രീതിയിൽ ഭരിക്കുന്ന ഇടതുപക്ഷത്തിനു പോലും കെ.എസ്.ആർ.ടിസിയെ രക്ഷപ്പെടുത്താൻ പറ്റുന്നില്ല. ഇതിനു പുറമെ സ്വിഫ്റ്റ് എന്ന പൊതുമേഖലാ സ്ഥാപനം കൊണ്ടുവന്നു, പലവിധം ഗതാഗത കമ്മീഷണർമാരെയും മാറി മാറി വെച്ചു നോക്കി. എന്താണ് ഫലം!?

ജനത്തിന്റെ നികുതിപ്പണം ഒരു എം.എൽ.എമാരോ മന്ത്രിമാരോ കണ്ണട വാങ്ങുന്നതിലോ മന്ത്രിമാർക്ക് ജനസമ്പർക്കത്തിനായി യാത്ര ചെയ്യാനുള്ള ബസ്സിനോ ചിലവാക്കുന്നതിന്റെ എത്രയോ ഇരട്ടിയിലിരട്ടി കെ.എസ്.ആർ.ടി.സി മുടിപ്പിക്കുന്നുണ്ട്.

അതിൽ ജോലി ചെയ്യുന്ന ഒരൊറ്റ തൊഴിലാളിയോടും വിരോധമില്ല. തൊഴിലാലികൾക്ക് ഒപ്പമാണ്, തൊഴിലാളി ഉണ്ടാകണം എങ്കിൽ തൊഴിൽ ദാതാവ് വേണം. തൊഴിൽ ചെയ്യുന്നതിന് ശമ്പളം സർക്കാർ ഖജനാവിലെ നികുതിപ്പണം അല്ല നൽകേണ്ടത്. അത്തരത്തിൽ ഉള്ള ഒരു ജോലി അല്ല പൊതുഗതാഗത സംവിധാനം എന്നത്.

ലോകത്താകമാനമുള്ള പട്ടണങ്ങളിൽ ഒക്കെ പൊതുഗതാഗത സംവിധാനം സ്വകാര്യവൽക്കരിച്ച് കമ്പനികൾക്ക് കോണ്ട്രാക്ട് നൽകുകയും അവർ ലാഭമുണ്ടാക്കുകയും ചെയ്യുമ്പോൾ
രണ്ട് കോടി ജനം തിങ്ങിപ്പാർക്കുന്ന കേരളത്തിൽ മാത്രം ലാഭകരമല്ലാതെ പോകുന്നത്? അതും പതിറ്റാണ്ടുകളായി!?

ഇത് അവസാനിപ്പിക്കേണ്ട സമയമായി.
സർക്കാർ തന്നെ കത്തി വെക്കണം എന്ന് പറയുന്നില്ല. തൊഴിലാളി യൂണിയനുകൾ അതിന് സമ്മതിക്കുകയുമില്ല.
പക്ഷേ എന്തുകൊണ്ട് കോമ്പറ്റീഷന് വിട്ടുകൊടുത്തുകൂട. പരാജയം ആണെങ്കിൽ പിന്നീടതിൽ കൈവെക്കരുത്. കേന്ദ്രസർക്കാർ നിയമം അനുസരിച്ച് ബസ്സുകൾ ഓടുന്നെങ്കിൽ ഓടട്ടെ എന്ന് വിചാരിച്ച് കൂടേ!?. ഇതുവരെ സർക്കാരിന് യാതൊരു ലാഭവും ഉണ്ടാക്കാത്ത കെ.എസ്.ആർ.ടി.സിക്ക് വേണ്ടി കോടതിയിലും വക്കീലിനും ചിലവാക്കുന്നത് പോരാതെ കെ.എസ്.ആർ.ടി.സി ബിൽഡിങ്ങുകൾ പാട്ടത്തിന് കൊടുക്കേണ്ടി വരുന്നു.
നഷ്ടക്കണക്കുകൾ മാത്രം തരുന്ന കെ.എസ്.ആർ.ടി.സി പൊളിച്ചെഴുതുകയോ മൊത്തമായി സ്വകാര്യ കമ്പനികൾക്ക് നടത്തിപ്പവകാശം നൽകുകയോ വേണം. ആ കമ്പനികളോട് മറ്റ് സ്വകാര്യ ബസ്സ് കമ്പനികൾ കോമ്പറ്റീറ്റ് ചെയ്യട്ടെ!
അതല്ലെങ്കിൽ മൊത്തം സ്വകാര്യ ബസ് ഓണേഴ്സും ഒരൊറ്റ കുടക്കീഴിൽ വരുത്തുന്ന ഒരു അതോറിറ്റി വരട്ടെ.

ഇതൊന്നും നടക്കുന്ന കേസല്ല എന്ന്
ഇത് വായിക്കുന്ന നിങ്ങൾക്കും എനിക്കും അറിയാം. പ്രായമായാൽ അർഹിക്കുന്ന ഒരു മരണം നൽകുന്നത് പോലെ എങ്കിലും കെ.എസ്.ആർ.ടി.സിക്ക് ഒരുക്കിക്കൊടുക്കണം.

പുതിയ കേന്ദ്ര സർക്കാർ നിയമം ഇപ്പൊഴുള്ള ഗതാഗത സംവിധാനങ്ങളെ പൊളിച്ചെഴുതും എന്ന് ഏറ്റവും നന്നായി അറിയാവുന്നത് കെ.എസ്.ആർ.ടിസിയിൽ ഉള്ളവർക്കാണ്. അതുകൊണ്ടാണ് പല്ലും നഖവും ഉപയോഗിച്ച് അവരതിനെ എതിർക്കുന്നത്. പക്ഷെ ഇത് കൊണ്ട് ആർക്കാണ് ഗുണം!? കേരളത്തിലെ രണ്ട് കോടി ജനത്തിനാണോ? അതോ കെ.എസ്.ആർ.ടി.സിയിലെ വെറും ഇരുപത്തിയാറായിരം തൊഴിലാളികൾക്ക് ആണോ? ആർക്കാന് ഗുണം?
തൊഴിലാളികൾക്ക് ഒരുവർഷത്തെ വേതനം അഡ്വാൻസായി നൽകി പിരിച്ച് വിട്ടാൽ പോലും ലാഭകരമെന്നേ ഞാൻ പറയൂ.

ഇനി കെ.എസ്.ആർ.ടിസി കഥയിലെ ജമാൽ ആണെങ്കിൽ ആ ജമാലിനെ കടത്തി വെട്ടുന്ന മറ്റൊരു ജമാലാകാൻ ശ്രമിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. കേന്ദ്രസർക്കാർ നിയമം അനുസരിച്ചു നിരത്തിലിറങ്ങിയ ബസ്സിനെ ചുരുങ്ങിയ ദൂരത്തിൽ തന്നെ വട്ടമിട്ട് പിടിച്ച് ഫൈൻ ഇട്ട എം.വിഡിയുടെ അവസ്ഥ എന്താണ്? ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം വേണം. ഉല്ലസിക്കാൻ പോകുന്നവർക്ക് അതിനനുസരിച്ച് ബസ്സുകളെ ഒരുക്കാൻ പാടില്ല. എന്നാൽ ഭക്തി ആണെങ്കിൽ പ്രശ്നമില്ല. ശബരിമല ട്രിപ്പ് കെ.എസ്.ആർ.ടി.സി ബസ്സ് കണ്ട് ഞെട്ടി. ഇരു വശത്തും വാഴയും ചുറ്റിനും എൽ.ഇ.ഡിയും ബസ്സിൽ നിറയെ ഗ്ലാസിലടക്കം ചന്ദനവും വരയിട്ടിരിക്കുന്നു. ആഹഹ! അത് നിയമലംഘനമല്ലേ?
ഇനി ഭക്തി അവിടെ നിൽക്കട്ടെ. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിനുപയോഗിക്കുന്ന വാഹനങ്ങളിലെ എം.വി.ഡി തൊടുമോ?
എക്സ്ട്രാ ഫിറ്റിങ്ങ്സുകളിൽ എംവിഡി കാണിക്കുന്ന പിഴയീടാക്കലിൽ എത്ര കോടിയുടെ നികുതി നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത് എന്നറിയണമെങ്കിൽ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന എക്സ്ട്രാ ഫിറ്റിങ്ങ്സ് ബിസിനസ്സിനെ പറ്റി ചെറിയ ഒരു ധാരണ ഉണ്ടായാൽ മതി.

ജനങ്ങളുടെ പണം ഇറങ്ങുന്ന രണ്ട് മാർഗങ്ങളെ അടച്ച് പിടിക്കാനാണ് എം.വി.ഡിയും കെ.എസ്.ആർ.ടിസിയും ശ്രമിക്കുന്നത്.
1. യാത്രാപ്രിയരായ ഇന്ത്യക്കാർക്കും കേരളക്കാർക്കും ഉല്ലാസകരമായ, ആകർഷകമായ ബസ്സുകളിലെ യാത്രകൾ -
2. വാഹനങ്ങളിലെ ആക്സസറി ബിസിനസ്. വൻ ഇമ്പോർട്ട് എക്സ്പോർട്ട് സാധ്യതകൾ. വണ്ടി പ്രാന്തന്മാരായ മലയാളികളുടെ തള്ളിക്കയറ്റം ആയിരിക്കും ഈ മേഖലയെ സർക്കാർ എക്സ്പ്ലോർ ചെയ്യാൻ ശ്രമിച്ചാൽ. നികുതിയിനത്തിലും മറ്റും വൻ ബിസിനസ് സാധ്യതയുള്ള മേഖലയാണിത്.

നിർത്തുന്നതിന് മുമ്പ്.
ദുബായ് റോഡ് ട്രാൻസ്പോർട്ട് ബസ്സുകളിൽ 37 ലക്ഷം ദിനേന യാത്ര ചെയ്യുന്നുണ്ട്

TfL ലണ്ടൻ 60 ലക്ഷം ചില്ലാനം യാത്രക്കാർ ദിനേന ഉപയോഗിക്കുന്നു.

30 ലക്ഷം യാത്രക്കാർ ഡൽഹി ബസ്സുകളിൽ ദിനേന യാത്ര ചെയ്യുന്നുണ്ട് (According to dtc)

ലോകത്തെ മികച്ച സിറ്റികളിൽ ഒക്കെ ബസ്സ് സർവ്വീസ് ലാഭകരമാണ്. വരുന്ന ആഴ്ച്ചയിൽ ദുബായ് അവരുടെ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയെ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാൻ പോകുന്നു.

ദുബായിയേയോ ലണ്ടനേയോ താരതമ്യം ചെയ്യാൻ പറ്റുമോ എന്ന ചോദ്യം ഉണ്ടായേക്കാം. എന്നാൽ കേരളം ദേശീയ ശരാശരിയേക്കാൾ ജനസാന്ദ്രത ഉള്ള സ്റ്റേറ്റ് എന്നത് കൊണ്ട് തന്നെ താരതമ്യം സാധ്യമാണെന്ന് ഞാൻ പറയും.
കാരണം
കേരളത്തിൽ ദിനേന ശരാശരി മുപ്പത് ലക്ഷത്തിലധികം ബസ്സ് യാത്രക്കാർ ഉണ്ടെന്നാണ് കണക്ക്!

ഇത് ലാഭകരമാക്കാൻ പറ്റാത്തത് ആരുടെ കുറവാണ്!?
ഇന്ത്യയിൽ മൊത്തം റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ നാൽപ്പത്തി അഞ്ചിൽ 43 എണ്ണവും നഷ്ടത്തിലാണ് എന്നാണ് കണക്ക്. പക്ഷെ അവിടെയും പഞ്ചാബും യുപിയും ലാഭമുണ്ടാക്കുന്നുണ്ട്.

ഒരു പൊതുഗതാഗത സംവിധാനം കൊണ്ട് ലാഭമുണ്ടാക്കണം എന്നോ അതിനെ ബിസിനസ് ആക്കണമെന്നൊ അല്ല പറഞ്ഞുവരുന്നത്.
തൊഴിലാളികളുടെ ശമ്പളത്തേക്കാൾ കോടികളുടെ ബസ്സുകൾ, അതിൽ സി.എൻ.ജി, ഇലക്ട്രിക്, ഡീസൽ, ലക്ഷ്വറി ലോ ഫ്ലോർ എന്ന് വേണ്ട പല വിധം പരീക്ഷണങ്ങൾ. കൂടെ യൂണിയനുകളുടെ സമരങ്ങൾ.
ലാഭകരം അല്ലെങ്കിലും ഒരു ലാഭവും നഷ്ടവും ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്.

കെ.എസ്.ആർ.ടി.സി തൊഴിലാളികൾ ശമ്പളം ചോദിക്കുമ്പോൾ ഖജനാവ് കാലി എന്ന് പറയുന്നിടത്ത് നിന്ന് കോർപ്പറേഷൻ സ്വന്തം കാശെടുത്ത് ശമ്പളം നൽകുന്ന ഒരു അവസ്ഥ ഉണ്ടാകേണ്ടതുണ്ട്.
പണ്ടാരോ പറഞ്ഞ പോലെ, പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും വീടിനു മുകളിലേക്ക് ചാഞ്ഞാൽ വെട്ടണം.
~fyzierahim

29/12/2022

പുതുവർഷം വരികയാണല്ലോ. നിലമ്പൂർക്കാരോട് ചില കാര്യങ്ങൾ പറയാമെന്ന് കരുതി. ഞാൻ ഒരു നിലമ്പൂർ സ്വദേശിയല്ല. നിലമ്പൂർ സ്വദേശമല്ലാത്ത ഒരാൾക്ക് നിലമ്പൂരിനെ പറ്റി എന്ത് പറയാനാണ് എന്നൊരു സംശയം എല്ലാർക്കും ഉണ്ടാകും. പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല,
നിലമ്പൂരും ജനങ്ങളും എന്ത് അർഹിക്കുന്നു, എന്തിന് വേണ്ടി ശബ്ദമുയർത്തണം എന്നതിനെ പറ്റിയാണ്.

1. നിലമ്പൂർ പട്ടണത്തിൽ നിന്ന് അൽപ്പം മാറി ഒരു സർക്കാർ ആശുപത്രി. ഇപ്പൊ ഉള്ള ആശുപത്രി സൗകര്യങ്ങൾ അതേ പടി‌ മറ്റൊരിടത്തേക്ക് മാറ്റുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുള്ള ഗുണം ആശുപത്രി വികസനത്തിന് സ്ഥലത്തിന്റെ വില, നഗരത്തിന്റെ വളർച്ച ഒന്നും തടസ്സമാകില്ല എന്നതാണ്.

നിങ്ങൾ ഒന്നാലോചിച്ച് നോക്കൂ. കോഴിക്കോട് മെഡിക്കൽ കോളേജ് കോഴിക്കോട് ടൗണിൽ ആയിരുന്നെങ്കിൽ ഇപ്പൊ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ബ്ലോക്ക് അടക്കം പുതുതായി വന്ന വികസനങ്ങൾ നടക്കുമായിരുന്നൊ!?
അതുകൊണ്ട് നിലമ്പൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ പുതിയ സ്ഥലത്തേക്ക് മാറണം. ഈ ഹോസ്പിറ്റൽ അതിന്റെ ഒരു സബ് ആയോ അമ്മയും കുഞ്ഞും ഹോസ്പിറ്റൽ ആയോ മറ്റോ നിലനിർത്തുകയും ചെയ്യാം.

അല്ലാതെ കോഴിക്കോടിനെയുംമഞ്ചേരിയേയും ആശ്രയിച്ച് എത്ര നാൾ കഴിയും!?
പ്രൈവറ്റ് ആശുപത്രി മേഖല അനിയന്ത്രിതമായി വളർന്നാൽ അവയവ മാഫിയ അടക്കം മരുന്ന് കമ്പനികൾ വരെ രോഗികളെ ഉപയോഗിക്കും. ഗവണ്മന്റ് സംവിധാനം ശക്തമായാലേ സാധാരണക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടൂ. അവന് നല്ല ചികിൽസ കിട്ടൂ.

2. ഇപ്പോഴുള്ള പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് അപകടം പിടിച്ചതാണ്. കൂനിന്മേൽ കുരു പോലെ ബ്ലോക്ക് ഉള്ള സൗകര്യം കുറഞ്ഞ റോഡിൽ നിന്നും കുത്തനെ വെട്ടിത്തിരിയുന്ന ബസ്സുകൾ. പുറത്തേക്ക് ഇറങ്ങുന്ന ഭാഗം കുഴപ്പമില്ല.
പക്ഷെ ബസ്സ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന ഭാഗം അപകടം തന്നെ. അപകടത്തേക്കാൾ ഉപരി റോഡിലെ ബ്ലോക്ക് വർദ്ധിപ്പിക്കും എന്നതാണ് ഇതിന്റെ ന്യൂന്യത. മറ്റൊരു പരിഹാരം കാണുമെന്ന് കരുതുന്നു.

3. കെ.എസ്.ആർടിസി ബസ് സ്റ്റാൻഡ്, പട്ടണവുമായി ഒരു ബന്ധവുമില്ല. ജിയോ പെട്രോൾ പമ്പിനടുത്ത് ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന കെ.എസ്.ആർ.ടി.സി സർവ്വീസ് നിലമ്പൂർ പട്ടണത്തിലേക്ക് പോകുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. കോഴിക്കോട് നിന്നോ‌ പെരിന്തൽമണ്ണയിൽ നിന്നോ വരുന്നവർക്ക് പട്ടണത്തിൽ എത്താൻ പ്രൈവറ്റ് ബസ്സിൽ കേറിയാൽ നിലമ്പൂർ ടൗണിലെത്താം‌.
പക്ഷെ കെ.എസ്.ആർ.ടിസിയിൽ കയറിയാൽ എത്തുക വഹാബിന്റെ വീടിനടുത്താണ്. നിലമ്പൂർ പട്ടണത്തിലേക്ക് വീണ്ടും പോകണം. കെ.എസ്.ആർ.ടിസി നഷ്ടത്തിൽ ആകാൻ വേറെ കാരണം വല്ലതും വേണോ.

എടക്കര, ചന്തക്കുന്ന് ksrtc ബസ്സിൽ കേറിയാൽ പോരേ എന്നൊക്കെ ചോദിക്കുന്നവർ ഉണ്ടാകും. പക്ഷെ സ്റ്റാൻഡ് ടൗൺ കഴിഞ്ഞ് ഉള്ള ഭാഗത്ത് എവിടെ എങ്കിലും ആയാൽ, എല്ലാ ബസ്സും അവിടെ കണക്ട് ആയാൽ അതല്ലെ ഒരു ഗതാഗത സംവിധാനത്തിന്റെ വിജയം.) കെ.എസ്.ആർ.ടി.സി യാത്രയിൽ നാട് കാണാൻ വരുന്നവർക്കും ഉപകാരം ആകും. ഈ ട്രെൻഡ് വർദ്ധിച്ചു വരികയാണല്ലോ ഇപ്പോൾ.

4. നടക്കാത്ത സ്വപ്നം. നഞ്ചങ്കോട് പാത. (ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധംപൊലെ ആരെങ്കിലും ഒരു വാർത്ത കൊടുത്താൽ മാത്രം അളവെടുത്തു അക്വയർ ചെയ്തു എന്നൊക്കെ പറയുന്നത് കേൾക്കാം. അതൊരു സ്വപ്നം തന്നെ. കൂടുതൽ പറയുന്നില്ല. പക്ഷെ നിലമ്പൂരിന്റെ വികസനത്തിന്റെ താക്കോൽ അതിലാണെന്ന് ദീർഘദൃഷ്ടി ഉള്ള ആർക്കും നിസ്സംശയം പറയാനാകും.
ജനം അതിനുകൂടി ശ്രമിക്കണം. മുറവിളി കൂട്ടണം.

5. റെയിൽ വേ. ഈയിടെ കാശ്മീർ പോയപ്പോൾ അവിടെ ബനിഹാളിൽ നിന്നും ശ്രീനഗറിലേക്ക് ട്രെയിനിൽ കേറുകയുണ്ടായി. (പ്രത്യേക പാത ആണ്. ഈ ട്രെയിനുകൽ ഈ രണ്ട് സ്റ്റോപ്പുകളിൽ നിന്ന് തുടങ്ങി അവസാനിക്കുന്ന ട്രെയിനുകളാണ്. വേറെ എങ്ങോട്ടും കണക്ഷനുകൾ ഇല്ല മലമുകളിലെ ട്രെയിൻ സർവീസ്. പക്ഷേ മനോഹരമായ ഗ്രാമ ഭംഗിയിലൂടെയും തുരംഗങ്ങളും കടന്ന് അത് 78 കിലോമീറ്റർ ഒന്നര മണിക്കൂർ യാത്രയാണ്. പറഞ്ഞുവരുന്നത് ആ ട്രെയിനുകളുടെ രൂപമാണ്.

പുറത്തേക്ക് കാണാനാകുന്ന ചില്ലുകൾ കൊണ്ടുള്ള ട്രെയിൻ. (നമ്മുടെ ലോ ഫ്ലോർ ബസ് കണക്കെ ഇരിക്കും. പക്ഷെ ചില്ലു ജനാലകളുടെ മുകൾ ഭാഗം തുറക്കാനും പറ്റും.) ഒരു സർവ്വീസ് എങ്കിലും ഇത്തരം ഒരു ട്രെയിൻ ഉണ്ടായിരുന്നു എങ്കിൽ നിലമ്പൂരിന്റെ ടൂറിസം തലവര മാറ്റി‌മറിക്കും എന്നതിൽ സംശയമില്ല. കാഴ്ച്ചകൾക്ക് യാതൊരു ദൗർബല്യവുമില്ലാത്ത നിലമ്പൂർ പാത ഇത്തരം ഒരു മാറ്റം അർഹിക്കുന്നുണ്ട്.

നമ്മുടെ റെയിൽവേ മന്ത്രി വരെ പുകഴ്ത്തിയ പാതയാണിത്. അനുമതി കിട്ടാൻ സാധ്യത ഏറെയാണ്. കാശ്മീർ പാതകളിൽ ഗ്ലാസ് റൂഫ് ടോപ്പ് ഉള്ള ട്രെയിനുകൾ വരെ പരീക്ഷിക്കുമ്പൊ ലോക ടൂറിസം ഭൂപടത്തിൽ കൃത്യമായി അടയാളപ്പെടുത്തിയ കേരളത്തിന് എന്തുകൊണ്ട് എന്തുകൊണ്ട് ആവശ്യപ്പെട്ടുകൂടാ!? ഒരെണ്ണം മതി. ഒരൊറ്റ ഒന്ന്. നിലമ്പൂർ ടൂറിസം മാറിമറിയും.

കാറിൽ വന്ന് ആളുകൾ ട്രെയിനിൽ കയറി യാത്രാനുഭവം ആക്കുന്ന അവസ്ഥ വരും. വിസ്റ്റാഡം കോച്ചുകൾ (Vistadome Coaches) എന്നാണ് ഇത്തരം കോച്ചുകൾക്ക് പറയുക. (ചിത്രം നോക്കുക) പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പൊഴുള്ള ട്രെയിനിൽ ഘടിപ്പിക്കുക എങ്കിലും ചെയ്യാം.

6. എടക്കര വരെ പാരലൽ റോഡുകൾ. വെള്ളപ്പൊക്കം ഉരുൾ പൊട്ടൽ അടക്കം പല പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകുമ്പോൾ ഉപകാരപ്പെടുകയും ഇപ്പോഴുള്ള ഗതാഗത കുരുക്കിന് (ബൈപ്പാസ് വന്നാൽ പോലും) അറുതി വരും. വണ്ടൂർ നിന്ന് അമരമ്പലം വഴി പൂക്കോട്ടുപാടം, കരുളായി മൂത്തേടം വഴി എടക്കരയിലേക്ക് ഒരു ബദൽ പാത ഇപ്പഴേ കണ്ടെത്തിയാൽ ഭാവിയിലത് ഗുണം ചെയ്യും.

നടക്കുന്ന കാര്യം ആണോ എന്ന് ചോദിച്ചാൽ അസാധ്യമായത് ഒന്നുമില്ല എന്നാണുത്തരം. ഇച്ഛാശക്തിയുള്ള രാഷ്ട്രീയക്കാർ വേണം. ഉദ്യോഗസ്ഥർ വേണം. പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ മുന്നിട്ട് ഇറങ്ങാനുള്ള മനസ്സു വേണം.

7. സൈക്കിൾ പാതകൾ. ഇതുകേട്ട് ചിരിക്കുന്ന ആളുകൾ ഉണ്ടാകാം. എന്നാൽ സ്കൂട്ടറിനേക്കാൽ പത്തിരട്ടി വിലയുള്ള സൈക്കിളുകളുമായി പ്രകൃതിക്കുള്ളിലൂടെ ഊളിയിടാൻ വിദേശികൾക്ക് ഇഷ്ടമാണ്. ഈ ട്രെൻഡ് ഇപ്പൊ നമ്മുടെ നാട്ടിലും വളർന്ന് തുടങ്ങി.

പ്രത്യേകിച്ചും നിലമ്പൂരിന്റെ ഭൂപ്രകൃതി അതിന് അനുയോജ്യമാണ്. സൈക്കിൾ വേൾഡ് കപ്പ് നടക്കുന്നത് കുന്നും മലയും ഒക്കെയുള്ള ഇടങ്ങളിലാണ്. സൈക്കിൾ പാതക്ക് (നടപ്പാത ഇതിനായിട്ട് ഉപയോഗിച്ചാൽ അപകടം സംഭവിക്കും) പ്രത്യേകം സ്ഥലം കണ്ട് ഒരു റൂട്ട് സൃഷ്ടിക്കുക എന്നതാണ് ആദ്യ പടി.

8. ഉരുൾ പൊട്ടിയ കവളപ്പാറയിലും പാതാറിലും അടുത്തായി ഒരു ചെറിയ മുറി. ഒരു സ്മാരക മന്ദിരം. അകാലത്തിൽ പൊലിഞ്ഞവരുടെ ചിത്രങ്ങൾ, അവിടുന്ന് കിട്ടിയ അവശിഷ്ടങ്ങൾ, പ്രകൃതിക്ഷോഭത്തിനുണ്ടായ കാരണങ്ങൾ, അന്നത്തെ പത്ര കട്ടിങ്ങുകൾ, തുടങ്ങി ആ ദുരന്തവുമായി ബന്ധപ്പെട്ടതെല്ലാം ഭാവിയിൽ പഠിക്കാനായും ഒരു ഓർമ്മ സ്മാരകവുമായി മരണപ്പെട്ട കുടുംബങ്ങളെ അടയാളപ്പെടുത്തൽ. ഒരു ലൈബ്രറി കൂടെ ഒപ്പം ഉണ്ടെങ്കിൽ വളരെ നല്ലത്.

9. നിലമ്പൂർ പാട്ടിനെ ഒരു തൃശൂർ പൂരം ലെവലിൽ എത്തിക്കൽ. ഇതിന് വേണ്ടത് ഐക്കോണിക് ആയ ഒരു പരിപാടി കണ്ടെത്തുക എന്നതാണ്. ആനകളും വെടിക്കെട്ടും ആണ് തൃശൂർ പൂരത്തിന്റെ ഹൈലൈറ്റ്. മൈസൂരിൽ ദസറയ്ക്ക് പാലസിന്റെ ദീപാലങ്കാരമാണ് ഹൈലൈറ്റ്.

അതുപോലെ നിലമ്പൂർ പാട്ടിന് പോയാൽ ഇന്നത് ഉണ്ടാകും എന്നൊരു സംഭവം ഉണ്ടാക്കിയെടുക്കണം. അതുവഴി ആളുകളെ ആകർഷിക്കണം. അല്ലാതെ വെറും ഗാനമേളയും ആയി മുന്നോട്ട് ഇനിയും മുന്നോട്ട് പോവുകയാണെങ്കിൽ ഏറെ ആയുസ്സ് അതിന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇപ്പോൾ തന്നെ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ് ആ പരിപാടി.

ഇത്തരം നാടിന്റെ പാരമ്പര്യവുമായി ബന്ധമുള്ള പരിപാടികളെ പുനരുജ്ജീവിപ്പിക്കണം.
കണ്ണൂരിന് തെയ്യം, കോഴിക്കോടിന് രുചി, തൃശൂരിന് പൂരം എന്നതൊക്കെ പോലെ നിലമ്പൂർ പാട്ടെന്ന പരിപാടിയെ കൂടുതൽ വളർത്തി എടുക്കണം. ഗാനമേള ആയി തന്നെ മുന്നോട്ട് പോകാൻ ആണെങ്കിൽ തന്നെ അത് വ്യത്യസ്തമായ രീതിയിൽ പ്രത്യേകത ഉള്ള ആളുകളെ കൊണ്ട് ചെയ്യിക്കണം. (ഇപ്പൊ പരിപാടി ചെയ്തവരെ ഇൻസൾട്ട് ചെയ്യുക അല്ല) ആകർഷകമായ പരിപാടി നടത്തിയാലേ പുറത്ത് നിന്ന് ജനം വരൂ. അങ്ങനെയേ കച്ചവടവും മാർക്കറ്റും ഒക്കെ ഉണരൂ. നഗരം വളരൂ. സൗകര്യങ്ങൾ ഉണ്ടായി വരികയുള്ളൂ.

10. മുണ്ടേരി മേപ്പാടി റോഡ്. ഇതും കൂടി യാഥാർത്ഥ്യം ആകുകയാണെങ്കിൽ പല വഴികളിൽ നിന്നും ആക്സസ് ഉള്ള ഒരിടമായി നിലമ്പൂർ മാറും. തെക്കൻ ജില്ലക്കാർക്ക് കോഴിക്കോട് ബൈപ്പാസ് വഴി താമശ്ശേരി ചുരം കയറിയോ വയനാട്ടിലേക്ക് റിസ്ക് എടുക്കണ്ട.

വരാൻ പോകുന്ന തിരുവമ്പാടി തുരങ്കം വന്നാൽ പോലും അത് തെക്കൻ ജില്ലക്കാർക്ക് ദൂരം കൂട്ടുകയേ ഉള്ളൂ. അവിടെ ഈ റോഡിന് പ്രസക്തി വർദ്ധിക്കും. മാത്രവുമല്ല ആറാമത്തെ പോയന്റായി പറഞ്ഞ എടക്കര വരെയുള്ള ബദൽ പാത വഴി, മുണ്ടേരിയിൽ കൂടെ മേപ്പാടിയിലൂടെ തെക്കൻ ജില്ലക്കാർക്ക് സുഖമായി വയനാട്ടിലെത്താം.

അപ്രതീക്ഷിതമായ ഒരു യാത്രയിൽ നിലമ്പൂർ ജീവിതത്തിന്റെ ഭാഗമാവുകയും നിലമ്പൂരിനെ അറിയുകയും ചെയ്ത ഒരു എക്സ്പീരിയൻസിൽ എഴുതിയതാണ് തെറ്റ് കുറ്റങ്ങൾ ഉണ്ടാകാം. എങ്കിലും പറഞ്ഞതിൽ സത്യം ഉണ്ടെങ്കിൽ കോപ്പി ചെയ്ത് നിലമ്പൂരിലെ എല്ലാ ജനങ്ങളിലും എത്തിക്കണം‌. ആവശ്യം ജനങ്ങളുടെ ആകുമ്പോൾ രാഷ്ട്രീയക്കാർ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എങ്കിലും ഇറങ്ങും.

അല്ലാതെ 35 വർഷം അവർ ഭരിച്ചു 10 കൊല്ലം ഇവർ ഭരിച്ചു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് കാലാകാലം ഉപകാരപ്പെടുന്ന വികസനങ്ങളാണ് വേണ്ടത്. ഒരു മൈതാനം കൊണ്ടോ മൈതാന പ്രസംഗം കൊണ്ടോ ആ വികസനങ്ങൾക്കെതിരെ കണ്ണടച്ചാൽ ഇപ്പോൾ ജനം വീട്ടിലിരുത്തിയ രാഷ്ട്രീയക്കാരിൽ നിന്നും വലിയ വ്യത്യാസമൊന്നും ചരിത്രത്തിൽ നിങ്ങളെ അടയാളപ്പെടുത്താൻ പോകുന്നില്ല. fyzierahim

Address


Website

Alerts

Be the first to know and let us send you an email when fyzie_rahim posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share