11/10/2023
നടന ഭംഗിയുടെ നറുനിലാവായി നെടുമുടിവേണു .....
2023 ഒക്ടോബർ 11, നെടുമുടി വേണു ചേട്ടൻ വിടപറഞ്ഞിട്ടു രണ്ട് വർഷങ്ങൾ.
വെള്ളിത്തിരയിലും, വ്യാപരിച്ച ഇടങ്ങളിലും, ജീവിതവഴികളിലുമെല്ലാം സ്വർണ്ണത്തിളക്കത്തോടെ ഒരുകാലഘട്ടത്തെ മുഴുവൻ ആഴത്തിൽ സ്പർശിക്കുകയും, ത്രസിപ്പിക്കുകയും ചെയ്തുകൊണ്ടാണ്, നെടുമുടി വേണു എന്ന മഹാകലാകാരൻ തിരശ്ശീലയുടെ പിന്നിലേക്ക് മടങ്ങിയത്.
നടനത്തിന്റെ നറു നിലാവായി മനം കവർന്നും, ഇളം തെന്നൽ പോലെ മൂളിപ്പറന്നും, ഹൃദയങ്ങളെ തൊട്ടുണർത്തുന്ന സംഗീതമായി മോഹിപ്പിച്ചും, അകാലത്തിൽ
ആകാശച്ചെരുവിലേക്കു മറഞ്ഞ - കാരുണ്യവും സഹജീവിസ്നേഹവും നിറഞ്ഞ വെള്ളിനക്ഷത്രം.
സ്വതസിദ്ധമായ അൽപ്പം ചരിഞ്ഞു കുനിഞ്ഞുള്ള ഉള്ളിലുടക്കുന്ന കള്ളനോട്ടവും -
കുസൃതി പൊതിഞ്ഞുവച്ച പാൽനിലാവ് പടർന്ന കള്ളചിരിയും ഉള്ളുലയ്ക്കുന്ന
ആർദ്രവികാരങ്ങളുടെ അതി തീവ്രമായ ആവിഷ്കാരവുമൊക്കെയായി
വ്യത്യസ്ഥനായ ഈ അപൂർവ നടൻ മലയാള സിനിമയെ നിഷ്പ്രയാസം തന്റെ കൈവെള്ളയിൽ ചുരുട്ടി വച്ചു.
പ്രതിഭാസമ്പന്നരായ മലയാള സിനിമയിലെ മാസ്റ്റേഴ്സിന്റെ എല്ലാം സിനിമകളിൽ ആർജവമുള്ള മികച്ച കഥാപാത്രങ്ങൾ അഭിനയിക്കാൻ അവസരം ലഭിച്ചു.
ആ ചിത്രങ്ങൾ മിയ്ക്കതും ക്ലാസ്സിക്കുകളായി മാറുകയും ചെയ്തു
മന്ദവും, ദ്രുതവും - എന്നിങ്ങനെ കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന താളവേഗങ്ങളിൽ
ഉള്ളിലുള്ള നൈസർഗിക താളബോധത്താൽ പതിഞ്ഞതും ചടുലവുമായ നടനതാളങ്ങളിൽ നിറഞ്ഞാടിയ നാട്യസൗകുമാര്യം,
അതി സൂക്ഷ്മഭാവങ്ങളുടെ മിന്നലൊളിയും, ശരീരചലനങ്ങളുടെയും അംഗവിക്ഷേപങ്ങളുടെയും ശബ്ദവിന്യാസത്തിന്റെയുമൊക്കെ മഴവില്ലഴകും, സൃഷ്ടിച്ച് മലയാളികളുടെ മാത്രമല്ല ഭാഷയ്ക്കും ദേശങ്ങൾക്കുമപ്പുറം ആസ്വാദകഹൃദയങ്ങളെ മുഴുവൻ പതിറ്റാണ്ടുകളായി ആനന്ദാനുഭൂതിയുടെ നിറവിലെത്തിച്ചു... ഈ മഹാനടൻ.
നെടുമുടി വേണു എന്ന ഉന്നതനായ കലാകാരൻ ഉയിരേകിപ്പകർന്നാടിയ വേഷങ്ങളെല്ലാം പ്രസരിപ്പാർന്ന തന്റെ വ്യക്തി സത്തയിൽ ലയിപ്പിച് പ്രസാദാത്മകമാക്കിത്തീർത്തവയായിരുന്നു.
ഊർജസ്വലമായ ആ കഥാപാത്രങ്ങളെല്ലാം അഭിനയത്തികവുകൊണ്ടും അനിതരസാധാരണമായ നടനവഴക്കത്തിന്റെ വശ്യസൗന്ദര്യംകൊണ്ടും പ്രേക്ഷകഹൃദയങ്ങളെ എന്നും കീഴടക്കിയിരുന്നു.
സകലകലാവല്ലഭനെന്നോ - സർവ്വകലാപ്രതിഭയെന്നോ ഒക്കെ ഒട്ടും ആലങ്കാരികമല്ലാതെയും അതിശയോക്തി കൂടാതെയും നിസംശ്ശയം വിശേഷിപ്പിക്കാവുന്ന അപാരകലാകാരൻ...
സിനിമയും, നാടകവും, കഥകളിയും, കൂടിയാട്ടവും, തെയ്യം, തിറ, പടയണി പോലുള്ള അനുഷ്ഠാന കലകളും, നാടൻകലകളും, നാടൻപാട്ടും, നൃത്തവും, വാദ്യവും, കവിതയും, സരസ സല്ലാപങ്ങളും സംഗീതവും, സാഹിത്യവും, നർമവും എല്ലാം കൂടിക്കലർന്ന് വൈവിധ്യങ്ങളുടെ ഏകശിലയിൽ ലയിച്ചു ചേർന്നതായിരുന്നു ആ അഭിനയജീവിതം.
മിമിക്രികലാകാരൻ ട്യൂട്ടോറിയൽ അധ്യാപകൻ പത്രപ്രവർത്തകൻ, നാടകക്കാരൻ നാടകാധ്യാപകൻ മൃദംഗവാദകൻ എന്നിങ്ങനെ ജീവിതത്തിൽ കെട്ടിയാടിയ അനവധിയായ വ്യത്യസ്ഥ വേഷങ്ങളിൽ നിന്ന് ആർജിച്ച അറിവുകളും അനുഭവബലവും ആ അഭിനയത്തിന് കരുത്തേകി.
പാരമ്പര്യകലകളിലും, പൈതൃകത്തിന്റെ നാട്യ സംബ്രദായങ്ങളിലുമുള്ള അദ്ദേഹത്തിൻറെ അഗാധമായ ജ്ഞാനം, ആ നടനത്തിന് കൂടുതൽ മിഴിവേകി.
വള്ളംകളിയുടെയും, വഞ്ചിപ്പാട്ടിന്റെയും, വേലകളിയുടെയും, കൊയ്ത്പാട്ടിന്റെയുമൊക്കെ കുട്ടനാടൻ താളത്തിൽ നിന്ന് ഹൃദയ ധമനികളിലാവഹിച്ച ഉർജ്ജപ്രവാഹം, നെടുമുടിയുടെ അടിമുടി അഭിനയത്തിന് അഴകേകി.
അരങ്ങിന്റെയും, സിനിമയുടെയും എല്ലാം രീതിശാസ്ത്രങ്ങൾ ആ നടന് നന്നായി വഴങ്ങുമായിരുന്നു. അദ്ദേഹത്തിന്റെ അനുപമമായ അഭിനയവൈഭവം എല്ലാവിശേഷണങ്ങൾക്കും അപ്പുറമാണ്
ചൊല്ലിയാട്ടങ്ങളിലൂടെ ഉള്ളുണർത്തിയ നെടുമുടി വേണു എന്ന ഗന്ധർവ്വ കലാകാരന്. താളമേളലയങ്ങളുടെ പൂരാഘോഷമായിരുന്നു. ഓരോനിമിഷവും.
കലയെ ഉത്സവമാക്കിമാറ്റി, അതിന്റെ ആരവങ്ങളിൽ അഭിരമിച്ചാറാടി ജീവിതം ജീവിച്ച,
കലയും ജീവിതവും വേർതിരിക്കാനാകാത്തവിധം ഇഴുകിച്ചേർന്ന അത്യപൂർവ്വ കലാകാരൻ.....
സിനിമയിൽ സൂപ്പർ താരമായി നിറഞ്ഞാടുമ്പോൾത്തന്നെ നാടകാവതരണങ്ങളിലും, ടെലിവിഷൻ പരിപാടികളിലുമൊക്കെ സജീവസാന്നിധ്യമറിയിച്ചിരുന്നു.
അക്കാലത്തു, നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ സാറിന്റെ തിരുവരങ്ങ് - 'അവനവൻ കടമ്പ' എന്ന നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചിരുന്നു. ഭാരതീയവും, കേരളീയവുമായ തനതു സംസ്കൃതിയുടെ ധാരകൾ സമന്വയിപ്പിച്ച് പുതിയ രംഗഭാഷയുടെ പുതുമയാർന്ന രംഗവിഷ്കാരമായിരുന്നു അത്. നെടുമുടി വേണു ചേട്ടൻ, ഭരത്ഗോപി ചേട്ടനുമൊത്തു മത്സരിച്ചഭിനയിച്ച, അവിസ്മരണീയമായ -
"തീവ്രവും സൗന്ദര്യാത്മകവുമായ" - നാടകാനുഭവത്തിനു സാക്ഷിയായി പ്രേക്ഷകക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു.
1991 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടനുള്ള അവാർഡിനായി പരിഗണിച്ച പ്രധാന പേര്, വൈക്കം മുഹമ്മദ് ബഷീറിന്റെ 'പൂവൻപഴം 'എന്ന ടെലിഫിലിമിൽ നായകനായി അഭിനയിച്ച നെടുമുടി വേണുചേട്ടന്റേതായിരുന്നു. പക്ഷെ പ്രശസ്ത സംവിധായകൻ കെ. ജി ജോർജ് സാർ ചെയർമാനായിട്ടുള്ള ജൂറി അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള സംസ്ഥാന അവാർഡ്, ലംബോ' എന്ന ടെലിഫിലിമിലെ അഭിനയത്തിനു എനിക്കായിരുന്നു ലഭിച്ചത്.
തൊട്ടടുത്ത ദിവസം പുലർച്ചെ ഒരു ഷൂട്ടിങ്ങിനായി ഞാൻ താമസിച്ചിരുന്നിടത്തെ ലാൻഡ്ഫോണിൽ ഒരു കോൾ വന്നു. അങ്ങേത്തലക്കൽ വളരെ പരിചിതമായ ശബ്ദം. പക്ഷെ ആളെ മനസിലായില്ല -
"ഞാൻ നെടുമുടി വേണു"
അൽപ്പനേരം വിശ്വസിക്കാനാകാതെ ഞാൻ അന്ധാളിച്ചു നിന്നുപോയി. അന്ന് വേണു ചേട്ടൻ എങ്ങനെയൊക്കെയോ, ഞാനെവിടെയുണ്ടെന്നു അന്വേഷിച്ച്, വളരെ ബുദ്ധിമുട്ടി, അവിടുത്തെ ലാൻഡ്ഫോൺ നമ്പർ കണ്ടുപിടിച്ച്, അക്കാലത്തെ STD കോൾ വിളിച്ചത് - എന്നെ അവാർഡിന്റെ അഭിനന്ദനവും ആശംസയും അറിയിക്കാനായിരുന്നു.
ഒരുകാലത്തു, അഭ്രപാളിയിൽ അത്ഭുതത്തോടെ ഞാൻ കണ്ടിരുന്ന, നേരിൽ കാണാനും പരിചയപ്പെടാനും വളരേയേറെ ആഗ്രഹിച്ചിരുന്ന വലിയ നടൻ കേവലം തുടക്കക്കാരനായ എന്നെ - അന്ന് വെറും ഒരു പയ്യൻസായിരുന്ന എന്നെ അഭിനന്ദിക്കാനും ആശംസിക്കാനും അത്രയേറെ ആഗ്രഹിച്ച ആ മഹാമനസ്സിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടതെന്നെനിക്കറിയില്ല.
അന്നദ്ദേഹം ഫോണിൽ പറഞ്ഞ പ്രോത്സാഹനത്തിന്റെ അമൂല്യമായ ആ വാക്കുകൾ, ഒരഭിനേതാവെന്ന നിലയിൽ - എനിക്ക് പകർന്നുനൽകിയ ആത്മവിശ്വാസവും ധൈര്യവും എത്രവലുതായിരുന്നു...
കേരളം ഇന്ത്യക്കു സമ്മാനിച്ച, ഇൻഡ്യയിലെ തന്നെ ഏറ്റവും പ്രതിഭാധനരായ നടന്മാരിലൊരാളായ നെടുമുടി വേണു ചേട്ടന്റെ അന്നത്തെ ആ അഭിനന്ദനവാക്കുകൾ എനിക്ക് ലഭിച്ച അവാർഡിനെപ്പോലെ വലിയ അംഗീകാരമായി. ഇന്നും ഞാൻ നിധിപോലെ മനസ്സിൽ സൂക്ഷിക്കുന്നു...
പിൽക്കാലത്തു, ആ മഹാ പ്രതിഭാശാലിക്കൊപ്പം കുറെ സിനിമകളിൽ അഭിനയിക്കാനുള്ള അസുലഭമായ സൗഭാഗ്യം എനിക്ക് ലഭിച്ചു. നാടകത്തിന്റെ മഹാഗുരുനാഥൻ പ്രൊഫസർ ജി ശങ്കരപ്പിള്ള സാറിന്റെ ശിഷ്യൻ' എന്നനിലയിൽ എന്നോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും വേണുച്ചേട്ടനുണ്ടായിരുന്നു. നാടകവേദിയുമായുള്ള ബന്ധം ഞങ്ങൾ തമ്മിലുള്ള ആഴമാർന്ന സൗഹൃദത്തിന് ആക്കംകൂട്ടി.
നെടുമുടി വേണു എന്ന നടൻ നിറഞ്ഞുനിന്ന സിനിമാക്കാലം - അക്ഷരാർത്ഥത്തിൽ മലയാളസിനിമയുടെ സുവർണ്ണകാലം തന്നെയായിരുന്നു. എത്രയെത്ര വ്യത്യസ്തങ്ങളായ വേഷപ്പകർച്ചകൾ.... അച്ഛൻ, അപ്പൂപ്പൻ, അമ്മാവൻ, കാമുകൻ, നായകൻ, പ്രതിനായകൻ എന്നിങ്ങനെ
എത്രയെത്ര ഭാവപ്പകർച്ചകൾ.....
തമ്പുരാനായും, തംബുരുമീട്ടുന്നവനായും സാധാരണക്കാരനായും, അമാനുഷനായും, അങ്ങനെ എന്തായും, പരകായപ്രവേശം ചെയ്യാനുള്ള നെടുമുടി വേണു മാജിക്ക് " അത്ഭുതാവഹമാണ്. ഏത് വേഷമായാലും നന്നായി ഇണങ്ങിച്ചേരുന്ന രൂപപ്രകൃതം. കഥാപാത്രത്തിന്റെ ഉടൽപ്പകർച്ചയും, ഭാവ - ഹാവാദികളുടെ തന്മയത്വപൂർണ്ണമായ സന്നിവേശവും, കഥാപാത്ര സൂക്ഷ്മാംശങ്ങളുടെ അനായാസമായ ആവിഷ്കരണവും വിസ്മയകരമാണ്.
ഗൗരവസ്വഭാവമുള്ളതും, തമാശ റോളുകളും -
എല്ലാത്തരം വേഷങ്ങളും അയത്നലളിതവും അനനുകരണീയവുമായ ശൈലിയിൽ അവതരിപ്പിച്ചു.
പ്രേക്ഷകർക്ക് എക്കാലവും ഓർത്തെടുക്കാനും ഓർമയിൽ സൂക്ഷിക്കാനും പാകത്തിൽ അനശ്വരമാക്കി മാറ്റി.
അന്യഭാഷയിൽ ഉൾപ്പെടെ
അഞ്ഞൂറിലധികം സിനിമകൾ.....
സൂക്ഷ്മതയുടെ കണികച്ചെപ്പിൽ ഉള്ളടക്കിയ മഹിതഭാവം സിരകളിൽ ലയിപ്പിച്ച കുലീനതയുടെ കടൽ പോലെ, കാലങ്ങളായി മലയാള മനസ്സിൽ പരന്നു കിടക്കുന്നു --
നടനകലയുടെ കരുത്തനും സൗമ്യനുമായ ഈ തമ്പുരാൻ ഉടലും ശ്വാസവും നൽകിയ അനശ്വര കഥാപാത്രങ്ങൾ.
അഭിനയത്തിന്റെ തെളിഞ്ഞ വഴികളിലെ സവിശേഷസഞ്ചാരിയായിരുന്നു വേണുച്ചേട്ടൻ.
പകരം വക്കാൻ ഇല്ലാത്ത ഈ മഹാപ്രതിഭ നടന്നു തെളിച്ച അഭിനയത്തിന്റെ നൂതന മാർഗ്ഗം പിന്തുടരാൻ പിന്ഗാമികൾക്ക് നന്നേ ക്ലേശിക്കേണ്ടിവരും.
അത്രയേറെ സങ്കേതബദ്ധവും സങ്കിർണ്ണവുമാണ് ആ അഭിനയവഴി.
ആരെയും മോഹിപ്പിക്കുന്ന വിരാമമില്ലാതെ പെയ്ത അഭിനയമുഹൂർത്തങ്ങൾ കൊണ്ട് ആ അതുല്യനടൻ ഏവരെയും അമ്പരപ്പിച്ചു.
തേടിയെത്തിയ വേഷങ്ങളിലെല്ലാം ഉടൽ മറന്ന് ലയിച്ചുചേർന്നു.
ആമുഖങ്ങളൊന്നുമില്ലാതെ ജനഹൃദയങ്ങളിലേക്കു നേരോടെ കടന്നുചെന്ന് ഇരിപ്പിടം ഉറപ്പിച്ചു.
സിനിമയുടെ സമസ്ത മേഖലകളും സമഗ്രമായി അറിഞ്ഞ നെടുമുടിവേണുച്ചേട്ടന്റെ ഉള്ളിൽ സിനിമയും നാടകവും ഇതര കലകളുമെല്ലാം പരസ്പര പൂരകങ്ങളായി ലയിച്ചു ചേർന്നിരുന്നു.
സിനിമാമേഖലയിൽ രചയിതാവായും സംവിധായകനായും സംഗീതക്കാരനായും ഒക്കെ വ്യക്തിമുദ്ര പതിപ്പിച്ചു.
എങ്കിലും -
താൻ,
പ്രാണവായുപോലെ കരുതിയ "നടനത്തെ പ്രണയിച്ച് തന്റെ സമർപ്പിത ജീവിതം സഫലമാക്കി കലയുടെ വഴിത്താരയിലൂടെ നിറഞ്ഞമനസ്സോടെ നടന്നുമുന്നേറി.
താരത്തിളക്കത്തിന്റെ ഔന്നത്യത്തിലും വിനയത്തിന്റെയും ലാളിത്യത്തിന്റെയും പാദമുദ്രകൾ മണ്ണിൽ പതിപ്പിച്ചു തനിമയുള്ള മനുഷ്യത്വമേറെയുള്ള മനുഷ്യനായി ജീവിച്ചു.
വലുപ്പച്ചെറുപ്പങ്ങളൊന്നുമില്ലാതെ സമഭാവനയോടെ എല്ലാവരോടും ഇടപെട്ടു....
ഇടപഴകിയവരെയെല്ലാം സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചു.
ഒറ്റഷോട്ടിൽ - അതും ആദ്യഷോട്ടിൽ ആരുമായും സൗഹൃദബന്ധം സുദൃഢമാക്കുന്ന സ്നേഹസ്പർശത്തിന്റെ മാന്ത്രികനായിരുന്നു വേണുച്ചേട്ടൻ.
വെളിവാക്കപ്പെടാതെപോയ ഒരു മുത്തശ്ശിക്കഥയുടെ പരിണാമഗുപ്തിപോലെ.....
അപൂർണമായ ഒരു കവിതയുടെ എഴുതപ്പെടാത്ത അവസാന വരിപോലെ.....
അഭിനയകലയെ ഭാവാത്മകതയിലേക്കുയർത്തിയ ആ മനോഹര വേണുഗാനം അകാലത്തിൽ നിലച്ചുപോയി.
വിയോഗത്തിന്റെ കരൾ പിളർക്കുന്ന തീവ്രനൊമ്പരമായി വേണുച്ചേട്ടനെകുറിച്ചുള്ള ദീപ്തമായ ഓർമ്മകളൊരുപാട് എന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു........
സ്ഫടികതുല്യം തെളിഞ്ഞ ആ മനസ്സിൽ സഹപ്രവർത്തകരോടും സഹജീവികളോടുമെല്ലാമുള്ള സ്നേഹവും കരുതലും സദാ ഉയിരിട്ടു നിന്നു.
നന്മ പൂവിട്ട ജീവിത വഴികളിലെല്ലാം പൂനിലാവിന്റെ സ്പർശമുള്ള പുഞ്ചിരി തെളിച്ചു സഹയാത്രികർക്കു വഴികാട്ടിയായി.
ചമയങ്ങളൊന്നുമില്ലാത്ത നേർജീവിതത്തിന്റെ സ്വന്തന്ത്രചാലുകളിൽമാത്രം ഒഴുകിനീങ്ങിയ പച്ചമനുഷ്യൻ...
പാരസ്പര്യത്തിന്റെ ഈണം പകർന്നു നാട്ടുവഴികളിലൂടെയും വയൽപറമ്പിലൂടെയുമൊക്കെ ഗൃഹാതുരത്വ സ്മരണകൾ നിറച്ചു വേണുവേട്ടൻ-- പ്രമാണിയായ കാരണവരെപോലെ കടന്നുപോകുന്നു.
ആരും മോഹിക്കുന്ന വിശുദ്ധ പുഷ്പങ്ങളുടെ ഉത്സവം പകർന്നു നമ്മെ കരയിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും വ്യത്യസ്ത വികാരങ്ങളുടെയും ഭാവങ്ങളുടെയും ആഘോഷം ഒരുക്കി - വേണുച്ചേട്ടൻ പരകായപ്രവേശം നടത്തി പകർന്നാടിയ കഥാപാത്രങ്ങൾ വരും തലമുറകളെയും കാലമേറെ കഴിഞ്ഞും വിസ്മയിപിച്ചുകൊണ്ടേയിരിക്കും.
നിഷ്കളങ്ക ഗ്രാമീണതയുടെ തനിമയാർന്ന സുഗന്ധം പ്രസരിപ്പിച്ച്, ഓരോ പ്രേക്ഷകഹൃദയത്തിലും തങ്ങൾക്കേറെ അടുപ്പമുള്ള - ആത്മബന്ധമുള്ള ഒരു കുടുംബാംഗം നഷ്ടപ്പെട്ട വേർപാടിന്റെ നൊമ്പരം പകർന്ന് പ്രിയപ്പെട്ടവരുടെയെല്ലാം നെഞ്ചിലെ വിങ്ങലായി... വിറങ്ങലായി... വേണുച്ചേട്ടൻ വിടചൊല്ലി...
എങ്കിലും -
വിടപറയും മുമ്പേ നിറഞ്ഞാടി തിമിർത്തു പെയ്ത ആ കലാ സപര്യ കാലമേറെ കഴിഞ്ഞാലും കാലാതിവർത്തിയായി സൂര്യശോഭയോടെ ജ്വലിച്ചുനിൽക്കുക തന്നെ ചെയ്യും.
- പ്രേംകുമാർ ( സിനിമാ താരം)