29/12/2023
https://m.facebook.com/story.php?story_fbid=386067597307027&id=100077113699543
ഇറച്ചി ഉൽപന്ന ഫാക്ടറി പ്രവർത്തനം നിലച്ചു
*മൂല്യവർധിത ഇറച്ചി ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ഫാക്ടറി ആരംഭിച്ചത്*
*വിളക്കുപാറയിലെ മീറ്റ് പ്രൊഡക്ട്സ് ഫാക്ടറി*
കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ മീറ്റ് പ്രൊഡക്ഷൻ ഫാക്ടറിയുടെ പ്രവർത്തനം നിലച്ചു. ഏരൂർ പഞ്ചായത്തിലെ വിളക്കുപാറയിൽ 2021 ഫെബ്രുവരിയിൽ ആരംഭിച്ച മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എം.പി.ഐ) യുടെ മൂല്യവർധിത ഇറച്ചി ഉൽപന്ന നിർമാണ ഫാക്ടറിയാണ് ദീർഘവീക്ഷണമില്ലായ്മയുടെ തെളിവാകുന്നത്.
ബർഗര്‍, കബാബ്, മീറ്റ് റോള്‍, കട്ലറ്റ്, സൂപ്പ്, സോസേജ് മുതലായവ പാകം ചെയ്യാന്‍ കഴിയുന്ന രൂപത്തില്‍ മൂല്യവർധിത ഇറച്ചി ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ വലിയ ഫാക്ടറി ആരംഭിച്ചത്.
എന്നാല്‍ കെങ്കേമമായ ഉദ്ഘാടനം മാത്രമായി. നബാഡില്‍നിന്ന് പതിനൊന്നരക്കോടിയും സര്‍ക്കാര്‍വിഹിതം രണ്ടുകോടിയും ഉള്‍പ്പടെ പതിമൂന്നര കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ഏരൂര്‍ ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ മൂന്നുനിലകളിലായി പതിനയ്യായിരം ചതുരശ്രയടിയില്‍ വലിയ കെട്ടിടവും നിര്‍മിച്ചു. താഴെ നിലയില്‍ ഫാക്ടറിയും മുകളില്‍ അഡ്മിനിസ്ട്രേഷന് വിഭാഗം, വിവിധ പരിശോധന കേന്ദ്രങ്ങളും 25 ടണ്‍ ഇറച്ചിയും രണ്ട് ടണ്‍ പച്ചക്കറിയും സൂക്ഷിക്കാന്‍ ശേഷിയുള്ള കോള്‍ഡ് സ്റ്റോറേജ് ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശീയര്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങൾ ഉൾപ്പെടെ വലിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമാണ് മന്ത്രിയടക്കമുള്ളവർ ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നത്. എന്നാല്‍, ഭരണമുന്നണിയിലെ ചില നേതാക്കളുടെ ബന്ധുക്കളായ ഏതാനും പേർക്ക് ജോലി ലഭിച്ചതൊഴിച്ചാല്‍ മറ്റൊന്നും ഇവിടെ നടന്നിട്ടില്ല. ഇവിടെ നിന്നുള്ള ഭക്ഷ്യ ഉല്പന്നങ്ങള് ആരും കഴിച്ചിട്ടുമില്ല. ഏതാനും മാസങ്ങളായി ഫാക്ടറി പൂട്ടിയ നിലയിലാണ്. കോടികള്‍ ചെലവഴിച്ചു സ്ഥാപിച്ച യന്ത്രസാമഗ്രികള്‍ നശിച്ചുതുടങ്ങിയിട്ടുണ്ട്. ദീര്‍ഘവീക്ഷണവും കൂടിയാലോചനകളും ഇല്ലാതെ കോടികള്‍ ചെലവഴിച്ചുള്ള മറ്റൊരു വെള്ളാനയായി വിളക്കുപാറയിലെ മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യയുടെ ഫാക്ടറി മാറുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. അതേസമയം ഫാക്ടറി ആരംഭിക്കുന്നതിനാവശ്യമായ തുക എം.എല്‍.എയുടെ ഇടപെടലില്‍ അനുവദിക്കപ്പെട്ടതായും ഉടന്‍ തന്നെ ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.