Shafin-SRT

Shafin-SRT A Page with Random Contents !!

16/12/2023
സാമുവലിനെ കൊന്നത് എന്തിനാണ്, അങ്ങിനെ ആണേൽ അഗസ്റ്റിൻ അവതരിപ്പിച്ച  ചന്ദ്രൻ എന്ന കൂട്ടിക്കൊടുപ്പുകാരന്റെ കഥാപാത്രം അല്ലെ മ...
30/07/2023

സാമുവലിനെ കൊന്നത് എന്തിനാണ്, അങ്ങിനെ ആണേൽ അഗസ്റ്റിൻ അവതരിപ്പിച്ച ചന്ദ്രൻ എന്ന കൂട്ടിക്കൊടുപ്പുകാരന്റെ കഥാപാത്രം അല്ലെ മരണം കൂടുതൽ അർഹിക്കുന്നത്?

സദയം സിനിമ കണ്ടു തീർക്കുമ്പോൾ 100% ന്യായീകരിക്കാൻ പറ്റാത്ത ഒരു ചോദ്യമാണ് ഇത്. പൊതുവേ ഇങ്ങനെയുള്ള സിനിമകളിൽ നായകനെ ന്യായീകരിക്കാൻ വേണ്ടി സാമുവലിനെ പോലെ ഉള്ള കഥാപാത്രങ്ങളെ തീർത്തും മോശക്കാരാക്കി ചിത്രീകരിക്കും. പക്ഷെ സദയത്തിൽ പതിവിനു വിപരീതമായി സാമുവലിന്റെ ഗ്രേ ഷെയ്ഡിൽ ആണ് എം ടി വാസുദേവൻ നായർ അവതരിപ്പിച്ചത്. എന്ത് കാരണങ്ങൾ കൊണ്ടായാലും നായകൻ ചെയ്തത് ഒരിക്കലും ന്യായീകരികപെടരുത് എന്നുള്ള ഉദ്ദേശം എഴുത്തുകാരനു ഉള്ളത് കൊണ്ട് ബോധപൂർവം അങ്ങനെ ആക്കിയത് ആവാനേ സാധ്യതയയോളൂ.

എം ടി വാസുദേവൻ നായർക്ക് 1992 ഇൽ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമ. മരണ ശേഷം കണ്ണ് ദാനം ചെയ്യുന്നോ എന്ന തിലകന്റെയും, മുരളിയുടെയും കഥാപാത്രങ്ങളുടെ ചോദ്യത്തോട് സത്യനാഥൻ പ്രതികരിച്ചത് "വേറെ ഒരാളുടെ മുഖത്തിരുന്ന്, ഇനി എന്റെ കണ്ണുകൾക്ക് കാണണം എന്നില്ല, കണ്ടിടത്തോളം മതി, ധാരാളം" എന്നാണ്. സ്വന്തം അച്ഛനാരാണ് എന്ന് വെളിപ്പെടുത്താൻ കഴിയാത്തൊരമ്മയ്ക്ക് പിറന്ന മകൻ ഇങ്ങനെ പറയുമ്പോൾ അവൻ ഈ ലോകത്തെ എത്രമാത്രം വെറുക്കുന്നു എന്ന് എം ടി വാസുദേവൻ നായരെക്കാൾ നന്നായി വേറെ ഒരു എഴുത്തുകാരന് എഴുതാൻ പറ്റുമോ ? മോശമായ ചുറ്റുപാടുകളിൽ ഹോമിക്കപ്പെടുന്ന സ്ത്രീത്വം, പിഞ്ചു മക്കൾക്ക് നേരെ പോലും ഉയരുന്ന കാമ വെറിയുടെ കണ്ണുകളും പീഠന ശ്രമങ്ങളും എല്ലാം ഇതിലും പ്രായോഗികമായി വേറെ ആരെഴുതും?

സത്യനാഥന്റെ തന്നെ വാക്കുകൾ കടമെടുത്താൽ, തെക്കോട്ടു പോയോ എന്ന് ചോദ്യം. ഉവ്വ് എന്ന് പറയാം അല്ലെങ്കിൽ ഇല്ല എന്നും പറയാം. തെക്കോട്ടു പോയി പിന്നെ കിഴക്കോട്ടു തിരിഞ്ഞു എന്ന് പറയാൻ പാടില്ല. അതാണ് കോടതിയിലെ തമാശ, എല്ലാത്തിനും ഉവ്വ് അല്ലെങ്കിൽ ഇല്ല, സത്യം എപ്പോഴും ഇതിന്റെ രണ്ടിന്റെ ഇടക് എവിടെങ്കിലും ആകുമ്പോൾ എന്ത് ചെയ്യും. കോടതിയിൽ മാത്രം അല്ല ജീവിതത്തിലും നമ്മൾ പലരും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോയവരാകും. നമ്മളിലെ ശരികൾ സമൂഹത്തിൽ പറഞ്ഞു ബോധിപ്പിക്കാനാകാത്തതിന്റെ വിഷമങ്ങൾ മനസ്സിൽ കൊണ്ട് നടക്കുന്നവർ.

അഭിനയ കലയിൽ അത്ഭുതങ്ങളുടെ അവസാന വാക്ക് ആണ് അയാൾ എന്ന് വേറെ പല മോഹൻലാൽ സിനിമകളും കണ്ടു കഴിയുമ്പോൾ തോന്നുന്ന പോലെ സദയം കണ്ടു കഴിയുമ്പോളും നമുക്ക് തോന്നിപ്പോകും. 2023 ൽ ഇന്ന് വീണ്ടും സദയം കണ്ടപ്പോഴും ടി ജി രവിയും, ശ്രീനിവാനും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കൂടെ ഞാനും പ്രാർത്ഥിച്ചു അവസാന നിമിഷം വിധി മാറണേ എന്ന്. തൂക്കു കയറിന് സ്റ്റേ വന്ന കാര്യം ജയിൽ വാർഡൻ അറിയിക്കുബോഴുള്ള പെർഫോമൻസ്, രണ്ട് കുട്ടികളടക്കം നാലു പേരെ മരണത്തിന്റെ മായാക്കയങ്ങളിലേക്ക് തള്ളിവിടുന്ന നിമിഷങ്ങളിലെ പെർഫോമൻസ്, അഭിനയകല മോഹൻലാൽ എന്ന നടൻ എത്ര ആഴത്തിൽ തന്നിൽ ആവാഹിച്ചിരിക്കുന്നു എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്ന എത്രയെത്ര മുഹൂർത്തങ്ങൾ ആണ് സദയത്തിൽ ഉടനീളം ഉള്ളത്. ജീവിക്കണം എന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കേ, തന്റേതായ കാരണങ്ങൾ കൊണ്ട് ഈ ലോകത്തെ വെറുക്കുകയും ചെയ്യുന്ന സത്യനാഥൻ എന്ന ഇത്രയും സങ്കീർണതകൾ ഉള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ പോലും ഒരു തരിമ്പ് പോലും അതിഭാവുകത്വം ഇല്ല എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളുടെ മാനസികാവസ്ഥ എഴുത്തുകാരൻ എഴുതിയതിനേക്കാൾ എത്രയോ തന്മയത്തത്തോടെ അഭിനയിച്ചു കാണിക്കാൻ മോഹൻലാലിനു കഴിഞ്ഞു.

അഭിനയത്തിൽ ഒരു സംഭവം ആണെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ, സദയത്തിലെ സത്യനാഥനെ ഒരുതവണ കണ്ടാൽ ആ തോന്നൽ മാറിക്കിട്ടും. മോഹൻലാലിന്റെ കടുത്ത ആരാധകനായ ഞാൻ ഇങ്ങനെ പറയുന്നതിൽ ആർക്കെങ്കിലും അതിശയോക്തി തോന്നിയെങ്കിൽ ക്ഷമിക്കുക. അവസാനത്തെ ഇരുപത് മിനുട്ട് എന്തൊക്കെയാണ് മോഹൻലാൽ എന്ന മനുഷ്യൻ ഈ സിനിമയിൽ കാണിച്ചു കൂട്ടുന്നത്. ഈ ചിത്രം പുനര്‍നിര്‍മ്മിക്കാൻ പിന്നീട് ആരും മുമ്പോട്ട് വരാത്തതിന് പിന്നിലെ കാരണം ഒരുപക്ഷേ ഇത് തന്നെ ആയിരിക്കും. സിനിമയുടെ ക്ലൈമാക്സിൽ കണ്ടിരിക്കുന്ന നമ്മളാണ് തൂക്കിലേറ്റപ്പെടുന്നതെന്ന് തോന്നും വിധം സത്യനാഥനെ അഭ്രപാളിയിൽ ജീവിച്ചു അവതരിപ്പിച്ചു നമ്മുടെ ലാലേട്ടൻ.

നന്ദി എം ടി സാർ, നന്ദി സിബി മലയിൽ സാർ, ഇങ്ങനെ ഒരു സിനിമ മലയാളികൾക്ക് സമ്മാനിച്ചതിന്. സിബി മലയലിനെ പോലെ ലാലേട്ടനെ ഇത്ര അധികം ചൂഷണം ചെയ്ത മറ്റൊരു സംവിധായകൻ വേറെ ഉണ്ടോ ? കിരീടം, ചെങ്കോൽ, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭാരതം അങ്ങിനെ ഒരുപിടി സിനിമകളിലൂടെ മലയാളിക്ക് മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ ആഴം മനസ്സിലാക്കിത്തന്ന സംവിധായകൻ. എം ടി വാസുദേവൻ നായർ, സിബി മലയിൽ, മോഹൻലാൽ, ജോൺസൺ മാഷ് എന്നീ ലെജന്റ്സ് ഒരുമിച്ചപ്പോൾ പിറവിയെടുത്തത് മലയാള സിനിമ കണ്ട നല്ല ഒന്നാന്തരം ഒരു ക്ലാസ്സിക്‌. തിലകനും, നെടുമുടിവേണുവും, മുരളിയും, ജനാർദ്ദനനും, കെ പി എസ് സി ലളിതയും എല്ലാം തങ്ങളുടെ സ്വതസിദ്ധമായ അഭിനയം കൊണ്ട് അരങ്ങ് തകർത്തപ്പോൾ, പ്രായത്തിലും അപ്പുറമായ അഭിനയമികവ് കൊണ്ട് മേൽപ്പറഞ്ഞ അഭിനയ കുലപതികളുടെ കൂടെ കട്ടക്ക് പിടിച്ചു നിന്ന മാതുവും കയ്യടി അർഹിക്കുന്നു.

"പേടിക്കെന്താ നിറം, ചുവപ്പ്, അതോ കറുപ്പോ, കൃത്യം നിറമില്ല,"
എന്ന് സത്യനാഥൻ മിനി കുട്ടിയോട് ചോദിക്കുന്നത് കേൾക്കുമ്പോൾ, സത്യനാഥന്റെ കണ്ണിലെ ആ ഭ്രാന്ത് കാണുമ്പോൾ, കണ്ണിൽ ഇരുട്ട് കയറുന്നു, സിനിമ കണ്ടു തീർത്തിട്ടും ആ തരിപ്പ് വിട്ടു പോകുന്നില്ല. കുട്ടികളെ നോക്കിയുള്ള ആ ചിരി കാണുമ്പോൾ ആർക്കും ഭയം തോന്നിപോകും . ഇത് എങ്ങിനെയാ അഭിനയമാകുന്നത്, ജീവിച്ചു കാണിക്കുകയല്ലേ. ജീവിതത്തിന്റെ ക്യാൻവാസിൽ നിറം മങ്ങിയതു മാറ്റാൻ കഴിയാതെ, ഒരിക്കൽ വരച്ചതിന്റെ കളർ സ്കീം മാറ്റാൻ സാധിക്കാത്തതിന്റെ, ജീവിതം ഒരു ക്ലീൻ ബോർഡ് വെച്ച് വീണ്ടും തുടങ്ങാൻ സാധിക്കാത്തതിന്റെ വിഷമങ്ങൾ പേറി, ഇനി ഒരിക്കലും തനിക്കു ജീവിക്കാൻ അവസരം ഇല്ല എന്ന കണ്മുന്നിലെ യാഥാർഥ്യത്തെ അംഗീകരിച്ചു കൊലകയറിലേക്ക് നടന്നു നീങ്ങുന്ന സത്യനാഥനെ കണ്ണ് നിറഞ്ഞു അല്ലതെ കണ്ടു തീർക്കാൻ പ്രേക്ഷകർക്ക് സാധിക്കുകയില്ല സിനിമ കണ്ടു തീർത്തിട്ടും, കാഴ്ച അവസാനിച്ചിട്ടും ദൃശ്യങ്ങൾ ഓരോന്നും മനസ്സിൽ മായാതെ നിർത്തുന്ന സദയം!!

- ഷഫിൻ

മിന്നൽ മുരളി - പാരഗൺ ചെരിപ്പും, മുണ്ടും ഒക്കെ ഉടുത്തു മലയാളികൾക്ക് സ്വന്തമായി ഒരു  സൂപ്പർ ഹീറോ. ഇതിലും നന്നായി ഒരു സൂപ്പ...
29/12/2021

മിന്നൽ മുരളി - പാരഗൺ ചെരിപ്പും, മുണ്ടും ഒക്കെ ഉടുത്തു മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർ ഹീറോ. ഇതിലും നന്നായി ഒരു സൂപ്പർ ഹീറോ സിനിമ മലയാളത്തിലേക്ക് പറിച്ചു നടാൻ പറ്റില്ല എന്ന് തന്നെ തോന്നിപ്പിച്ചു. വളരെ എൻഗേജിങ് ആയി ചെയ്ത ഈ സിനിമയിൽ ഹോളിവുഡിലും മറ്റും ചെയ്ത സൂപ്പർ ഹീറോ സിനിമകളിൽ കണ്ടിട്ടില്ലാത്ത, പുതിയതായി ഒന്നും തന്നെ ഇല്ല. എന്നാൽ പ്രേക്ഷകർ ആഗ്രഹിക്കുന്ന കാര്യങ്ങൾ സ്‌ക്രീനിൽ കാണിക്കുന്നതിൽ ഈ സിനിമയും സംവിധായകൻ ബേസിലും വലിയ ഒരു ശതമാനം വിജയിച്ചു എന്ന് തന്നെ ആണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

സിനിമയിലെ സൂപ്പർ ഹീറോ ഘടകങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഉള്ള VFX, ഗ്രാഫിക്സ് പോലെ ഉള്ള സാങ്കേതിക വശങ്ങൾ അതിഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. മിന്നൽ മുരളിയോട് കട്ടക്ക് നിന്ന് അഭിനയിച്ചു ഒരുപക്ഷെ നായകനെ കടത്തി വെട്ടുന്ന പെർഫോമൻസുമായി പ്രേക്ഷകരുടെ കയ്യടി വാങ്ങി, സിനിമയിലെ വില്ലൻ മിന്നൽ ഷിബുവിനെ ഗുരു സോമസുന്ദരം അനശ്വരമാക്കി. സിനിമയുടെ ക്ലൈമാക്സ് ഫൈറ്റ് സീൻ ഒക്കെ എടുത്തുപറയേണ്ട ഒന്ന് തന്നെ ആണ്, ഫൈറ്റ് സീനിന്റെ ദൈർഗ്യം കുറഞ്ഞു പോയി, കുറച്ചു കൂടി ആവാമായിരുന്നു എന്ന് തോന്നിപോയി.

ഒരുപാട് തുടർച്ചകൾ ഉണ്ടാവാനിരിക്കുന്ന മിന്നൽ മുരളി എന്ന കഥാപാത്രത്തിന്റെ ഒരു തുടക്കം ആയി കാണാം നമുക്ക് ഈ സിനിമയെ.

- ഷഫിൻ

20/12/2021

നീ മഴയാകുക, ഞാൻ കാറ്റാകാം.
നീ മാനവും ഞാൻ ഭൂമിയുമാകാം.
എന്‍റെ കാറ്റ് നിന്നിലലിയട്ടെ
നിന്‍റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാട് പൂക്കുമ്പോൾ നമുക്ക് കടൽകാറ്റിന്റെ ഇരമ്പലിന് കാതോർത്തിരിക്കാം.
വെട്ടിപിടിച്ചതിലും, സ്വന്തമാക്കിയതിലുമൊക്കെ എത്രയോ മനോഹരമാണ് നഷ്ടപെട്ടത്.
പോയതിനോടുള്ള ഇഷ്ടമാണ്, ഇനിയും നീ തളിർക്കുമോ ?
ഒന്ന് പുൽകുവാൻ, സ്നേഹിക്കുവാൻ അടുത്തറിയുവാൻ !!

ഇന്നലെ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം കണ്ടത്. മേക്കിങ്ങിൽ 100 ശതമാനം വിജയിച്ച, സാങ്കേതികമായി ഇത്രയും മികച്ച ഒരു ചിത്രം...
04/12/2021

ഇന്നലെ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം കണ്ടത്. മേക്കിങ്ങിൽ 100 ശതമാനം വിജയിച്ച, സാങ്കേതികമായി ഇത്രയും മികച്ച ഒരു ചിത്രം മലയാളത്തിൽ ഇതാദ്യം. വിഷ്വൽസ് ഒക്കെ അടിപൊളി ആയിരുന്നു, കടലിൽ നടക്കുന്ന യുദ്ധം ഒക്കെ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്ന് തന്നെ ആണ്.

തുടക്കം മുതൽ ഒടുക്കം വരെ അഭ്രപാളിയിൽ പ്രിയദർശൻ ഒരുക്കിയിട്ടുള്ള വമ്പൻ താരയും, അവരുടെ മികച്ച പ്രകടനങ്ങളും പ്രേക്ഷകരെ എൻഗേജിങ് ആയി സ്ക്രീനിനു മുൻപിൽ ഇരുത്തുന്ന കാരണം, സുദീർഘമായ ഈ സിനിമയുടെ ദൈർഗ്യം പ്രേക്ഷകർക്ക് അനുഭവപ്പെടുത്തുന്നില്ല. കൂടുതൽ പറഞ്ഞാൽ ഇനിയും പലരും കണ്ടിട്ടില്ലാത്ത ഈ സിനിമക്ക് അത് ഒരു സ്പോയ്ലർ ആയേക്കും.

ചുരുക്കി പറഞ്ഞാൽ യാഗാശ്വത്തെ പിടിച്ചു കെട്ടാൻ വാഴപ്പിണ്ടി ചിലപ്പോൾ മതിയായെന്ന് വരില്ല !!

- ഷഫിൻ

ഒരു സിനിമ എന്ന നിലയിൽ തുടക്കം മുതൽ അവസാനം വരെ വളരെ എൻഗേജിങ് ആയി, ത്രില്ലിംഗ് ആയി, രസമായി കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ...
13/11/2021

ഒരു സിനിമ എന്ന നിലയിൽ തുടക്കം മുതൽ അവസാനം വരെ വളരെ എൻഗേജിങ് ആയി, ത്രില്ലിംഗ് ആയി, രസമായി കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് കുറുപ്പ്. കള്ളന്മാരും കൊലപാതകികളും കൊടും കുറ്റവാളികളും ഒക്കെ ഇതിനു മുന്പും സിനിമയിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. അങ്ങിനെ ആഘോഷിക്കപ്പെടാൻ ഉതകുന്ന രീതിയിൽ തന്നെ ആണ് ശ്രീനാഥ് രാജേന്ദ്രൻ കുറുപ്പിനെ വെള്ളിത്തിരയിൽ ഒരുക്കിയിരിക്കുന്നത്.

ഇത് സുകുമാര കുറുപ്പിന്റെ കഥയാണോ എന്ന് ചോദിച്ചാൽ, സിനിമക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം സുകുമാര കുറുപ്പിന്റെ ജീവിതത്തിൽ നിന്നും അടർത്തി എടുത്ത് അഭ്രപാളിയിൽ ഒരു സിനിമയായി അവതരിപ്പിച്ചു എന്നേ പറയാനൊക്കൂ. പടം വളരെ മികച്ചതാണ്, കുറുപ്പിന്റെ ക്യാരക്ടർ ഗ്ലോറിഫിക്കേഷൻ അമിതമായി എന്ന് തോന്നുന്നുണ്ടെങ്കിൽ ഇന്റലിജന്റ് ആയ ഒരു ക്രിമിനലിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ ഒക്കെ തന്നെ ആകും എന്നാണ് എനിക്ക് പറയാൻ ഉള്ളത് അത് പോലെ തന്നെ ബുദ്ധിമാന്മാരും നല്ല വൃത്തിയായി വസ്ത്രം ധരിക്കുന്നവരും എല്ലാം നല്ലവരാണ് എന്ന നമ്മുടെ ചിന്തയുടെ കൂടി കുഴപ്പം ആണ്.

- ഷഫിൻ

പത്മരാജന്റെ സംവിധാനത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സോളമനായും സോഫിയയായി ശാരിയും തങ്ങൾക്ക് ലഭിച്ച  കഥാപാത്രങ്ങളെ അഭ്രപാ...
06/11/2021

പത്മരാജന്റെ സംവിധാനത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സോളമനായും സോഫിയയായി ശാരിയും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളെ അഭ്രപാളിയിൽ അനശ്വരമാക്കിയപ്പോൾ മലയാളികൾ ഒരു തീവ്ര പ്രണയത്തിന് സാക്ഷികളാവുകയായിരുന്നു. മലയാള സിനിമയിലെ മികച്ച കാമുകൻമാരിൽ പത്മരാജന്റെ സോളമൻ മുമ്പിൽ തന്നെ ഉണ്ട്. "നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പര്‍ക്കാം, അതികാലത്തു എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്തു പൂവിടുകയും മാതള നാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും" ഇതിലും മികച്ച ഒരു പ്രണയാഭ്യർത്ഥന മലയാള സിനിമ കണ്ടു കാണില്ല. പത്മരാജൻ, ജോൺസൺ മാഷ്, മോഹൻലാൽ കൂട്ടുകെട്ടിൽ തളിർത്ത് പന്തലിചു നിൽക്കുന്ന മനോഹരമായ ഒരു പ്രണയ കാവ്യം - നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ.

ഇതിലും ബ്രില്ലിയന്റ് ആയൊരു ക്ലൈമാക്സ് എഴുതാൻ ഇനിയൊരു എഴുത്തുകാരൻ ജനിക്കുമോ ? അക്കാലത്തെ ഒരു ക്ലീഷേ സ്റ്റൈൽ വെച് ക്ലൈമാക്സിൽ സോഫിയായെ കൊണ്ട് ആത്മഹത്യ ചെയ്യിപ്പിക്കാതെ, പോൾ പൈലോക്കാരനെ കൊന്നു ജയിലിൽ പോകുന്ന സോളമനെ കാണിക്കാതെ, റേപ്പ് ചെയ്യപ്പെട്ട സോഫിയായേയും സോളമാനേയും ഒന്നിപ്പിക്കാൻ പത്മരാജൻ കാണിച്ച ആ ധൈര്യം ചില്ലറയൊന്നും അല്ല. പെണ്ണിന്റ സൗന്ദര്യം അവളുടെ മനസ്സിലാണെന്നും, ആണിന്റെ സ്നേഹം പെണ്ണിന്റ ശരീരത്തോട് മാത്രമല്ലെന്നും, സ്നേഹിക്കുന്ന പെണ്ണിനേക്കാൾ വലുതല്ല വേറൊരുത്തന്റെ ആക്രമണത്തിൽ നഷ്ടപ്പെടുന്ന അവളുടെ മാനം എന്നും കാണിച്ചു തന്ന പപ്പേട്ടൻ മാജിക്‌.

ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ മനസ്സിൽ ഒരു ചോദ്യം ഉണ്ടായിരുന്നു, "ഈ സിനിമയിൽ ജയിച്ചത് മോഹൻലാലോ അതോ തിലകൻ ചേട്ടനോ ?" പത്മരാജൻ മുന്നോട്ട് വെച്ച ആശയം മനസ്സിലാക്കാൻ ഉള്ള പക്വത അന്ന് ഇല്ലായിരുന്നു. ഇന്ന് ആ ചോദ്യത്തിന്റെ ഉത്തരം നിസ്സംശയം പറയാം വിജയിച്ചത് സോളമനും സോഫിയായും തമ്മിൽ ഉള്ള പ്രണയം തന്നെ. കുഞ്ഞുന്നാളിൽ സിനിമ കണ്ടപ്പോൾ പിടികിട്ടാതെ പോയ ആ ഒരു "ഇത്" ഇപ്പൊ പിടികിട്ടി. സോഫിയാക്ക് എന്ത് തന്നെ സംഭവിച്ചാലും അവളെ കൈ വിടാൻ തയ്യാറാകാത്ത സോളമനെ തന്നെ ആയിരിക്കും ഏതൊരു പെണ്ണും അവളുടെ കാമുകനിൽ ആഗ്രഹിക്കുന്നത്. ഇത്ര കാല്പനികമായ പ്രണയം വേറെ ഒരു സിനിമയിലും ഉണ്ടാവില്ല.

തൂവാനത്തുമ്പികളിൽ ഒരാളെ ഇഷ്ടപ്പെടുകയും അതേ സമയം മറ്റൊരാളിൽ ആസക്തനാവുകയും ചെയ്യുന്ന ജയകൃഷ്ണൻ. എന്നാൽ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിൽ ഒരാളെ ഇത്രമാത്രം അഗാധമായി പ്രണയിക്കുന്ന, അവൾക്കപ്പുറം വേറെ ഒരു ലോകവും കാണാത്ത സോളമൻ. ഏതാണ്ട് ഒരേ സമയം പ്രേക്ഷകർക്ക് മുന്നിൽ പത്മരാജൻ അവതരിപ്പിച്ച ഈ രണ്ടു കഥാപാത്രങ്ങൾക്കും സ്വന്തമായി സാരൂപ്യവും വ്യക്തിത്വവും നൽകുന്നതിൽ മോഹൻലാൽ എന്ന നടൻ പരിപൂർണമായും വിജയിച്ചു. സോളമനെ കാണുമ്പോൾ ജയകൃഷ്ണനോ, ജയകൃഷ്ണനെ കാണുമ്പോൾ സോളമനോ പ്രേക്ഷകരുടെ മനസ്സിൽ വരുന്നില്ല എന്നത് തന്നെ ആണ് ലാലേട്ടൻ ഈ കഥാപാത്രങ്ങളിലേക്ക് നടത്തിയ പരകായ പ്രവേശനത്തിന്റെ തെളിവ്. സോളമനോട് നൂറു ശതമാനം നീതി പുലർത്തിയ മോഹൻലാൽ തിരശീലയിലൂടെ മലയാളികൾക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ഒരു കാമുകനെ ആണ്. ഇങ്ങനെ ഒക്കെ പ്രണയിക്കാൻ നമ്മുടെ ലാലേട്ടനെ കൊണ്ടേ പറ്റൂ.

സിനിമയിൽ മോഹൻലാലിനൊപ്പം മത്സരിച്ചു അഭിനയിച്ച മറ്റൊരു കഥാപാത്രം ആണ് തിലകൻ ചേട്ടൻ അവതരിപ്പിച്ച പോൾ പൈലോക്കാരൻ. ഈ സിനിമ കണ്ട ആർകെങ്കിലും തോന്നാതിരുന്നിട്ടുണ്ടോ ക്ലൈമാക്സിൽ തിലകന് കിട്ടിയ ഇടി കുറഞ്ഞു പോയി എന്ന് ? ഇത് തന്നെയാണ് പോൾ പൈലോക്കാരൻ പ്രേക്ഷക മനസ്സിൽ ഉണ്ടാക്കിയ ആഘാതം വ്യക്തമാകുന്നത്. കവിയൂർ പൊന്നമ്മ, വിനീത് വിഷ്ണുപ്രകാശ് തുടങ്ങി എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിച്ചു.

ONV സാറിന്റെ വരികൾക്ക് ജോൺസൺ മാഷ് ഈണം കൊടുത്ത കാതിനു വിരുന്നൊരുക്കുന്ന മനോഹര ഗാനങ്ങൾ ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ്. സോളമന്റെയും സോഫിയയുടെയും പ്രണയം അഭ്രപാളിയിൽ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ ജോൺസൺ മാഷ് ഒരുക്കിയ BGM ഇന്റെ പങ്കും ചെറുതല്ല. സോഫിയയെ അനശ്വരമാക്കിയ ശാരിക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡും, മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് വേണുവിനും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ നേടിക്കൊടുത്തു.

അപമാനിക്കപ്പെട്ടെങ്കിലും പരിശുദ്ധയായ, തൂ-വെള്ള വസ്ത്രത്തിൽ ഒരു മാലാഖയെപ്പോലെ സോഫിയ. പ്രണയം ഇത്രയും മനോഹരമാണെന്ന് കാണിച്ചു തരുന്ന സോളമൻ എല്ലാ കാമുക സങ്കല്‍പ്പങ്ങള്‍ക്കും മേലെയാണ്. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സിൽ ഇന്നും ആഴത്തിൽ പതിഞ്ഞ സിനിമയാണ് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ. ഓരോ ഫ്രയിമിനും എന്തൊരു പെർഫെക്ഷൻ ആണ് ? പശ്ചാത്തല സംഗീതം ഒഴിവായിടത്ത് സ്വാഭാവിക പ്രകൃതിദത്ത ശബ്ദങ്ങളുടെയും സംഗീതത്തിന്റെയും സഹായത്തോടെ സിനിമയിലെ പ്രണയവും, ദു:ഖവും, ആർദ്രതയും എല്ലാം എത്ര തന്മയത്വത്തോടെ ആണ് അഭ്രപാളിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകർക്ക് നൽകുന്ന അനുഭൂതി ഒന്ന് വേറെ തന്നെ ആണ്, പോൾ പൈലോക്കാരനുമായുള്ള മൽപിടുത്തത്തിനൊടുവിൽ അമ്മയുടെ നിറ പുഞ്ചിരിയെ സാക്ഷി ആക്കി, തന്റെ ടാങ്കർ ലോറിയിൽ സോഫിയായെയും കൂട്ടി അവർ സ്വപ്നം കണ്ട മുന്തിരി തോപ്പിലേക്ക് സോളമനും സോഫിയായും യാത്രയാകുന്നു. അവരുടെ പ്രണയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജോൺസൺ മാഷിന്റെ പാശ്ചാത്തല സംഗീതം. സോളമനും , സോഫിയായും, ടാങ്കർ ലോറിയും, മുന്തിരിത്തോപ്പുകളും എല്ലാം നമുക്ക് സമ്മാനിച്ച പപ്പേട്ടന് ഒരായിരം നന്ദി, പ്രണാമം. ഇതാണ് പ്രണയം, ഇതാണ് സംഗീതം, ഇതാണ് സിനിമ !!

- ഷഫിൻ

കിരീടം - അച്ചുതൻ നായർക്ക് രാമപുരത്തേക്കു ട്രാൻസ്ഫർ കിട്ടേണ്ടായിരുന്നു എന്ന് ഈ സിനിമ ഓരോ തവണ കാണുമ്പോഴും എനിക്ക് തോന്നാറു...
13/09/2021

കിരീടം - അച്ചുതൻ നായർക്ക് രാമപുരത്തേക്കു ട്രാൻസ്ഫർ കിട്ടേണ്ടായിരുന്നു എന്ന് ഈ സിനിമ ഓരോ തവണ കാണുമ്പോഴും എനിക്ക് തോന്നാറുണ്ട്. നായകൻ അമാനുഷികനല്ല എന്നും ജീവിത സാഹചര്യം കൊണ്ട് അവന്റെ ജീവിതത്തിലും പതനം സംഭവിക്കാം എന്നും പറയുന്ന സിബി മലയിൽ ചിത്രം. ഇഷ്ടപെട്ട സിനിമകൾ വീണ്ടും വീണ്ടും കാണുന്ന ഒരാളാണ് ഞാൻ, എന്നാൽ എനിക്കേറ്റവും ഇഷ്ടപെട്ട സിനിമകളിൽ മുമ്പിൽ ഉള്ള കിരീടം വീണ്ടും കാണാനും, കണ്ടു മുഴുമിപ്പിക്കാനും കുറച്ചു പ്രയാസമാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും സേതുമാധവൻ ഒരു വിങ്ങലായി തന്നെ മലയാളികളുടെ മനസ്സിൽ അവശേഷിക്കും.

ജീവിതത്തിൽ എപ്പോഴോ അറിയാതെ ചെയ്തു പോയ ഒരു തെറ്റ്, പിന്നീട് ജീവിതം മുഴുവനും ഒരു ഒഴിയാബാധ പോലെ പിന്തുടർന്ന് പടുകുഴിയിൽ നിന്നും പടുകുഴിയിലേക്ക് തള്ളിയിടുന്ന സാഹചര്യം നമ്മിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും. അന്ന് അങ്ങിനെ സംഭവിച്ചില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ ചെയ്തില്ലായിരുന്നെങ്കിൽ എന്ന് ഒരിക്കൽ എങ്കിലും ആലോചിച്ചു പരിതപിക്കാത്ത ഒരാൾ പോലും ഉണ്ടാകില്ല നമ്മുക്കിടയിൽ. അങ്ങിനെ ഒക്കെയുള്ള ജീവിതങ്ങളുടെയും, മാനുഷ്യ മൂല്യങ്ങളെ പച്ചയായ ഒരു ചലച്ചിത്രാവിഷ്കാരം കൂടി ആണ് കിരീടം.

കണ്ണ് നനയാതെ എങ്ങിനെ ആണ് ഈ സിനിമ കണ്ടു തീർക്കുക? ഇതിൽ കൂടുതൽ എന്താണ് സേതുമാധവന് നഷ്ടപ്പെടാൻ ഉള്ളത്? കുടുംബം,ആഗ്രഹിച്ച ജോലി,സ്നേഹിച്ച പെണ്ണ്‌. വില്ലൻമാർ ജയിച്ച കഥയല്ല മറിച്ചു തോറ്റ് പോയ നായകന്റെ കഥയാണ് കിരീടം. സാഹചര്യം മൂലം വഴിതെറ്റിയവനെ വിടാതെ പിന്തുടർന്ന് വേട്ടയാടുന്ന സമൂഹത്തിന്റെ കഥയാണ് കിരീടം. സമൂഹത്തിന് ഒരു മനുഷ്യനെ എത്രത്തോളം വളർത്താനും തകർക്കാനും കഴിയും എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് കിരീടം. സേതുമാധവനെയും, അച്യുതൻ നായരെയും വിധിയും സാഹചര്യങ്ങളും കൂടി അണിയിച്ച മുൾകിരീടത്തിന്റെ കഥയാണ്‌ കിരീടം. മോഹന്‍ലാല്‍ എന്ന നടന്‍ വിസ്മയങ്ങളുടെ ഒരു വർണ്ണലോകം തന്നെ നമുക്ക് തുറന്നു തന്നിട്ടുണ്ട് എങ്കിലും, മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കുറച്ചു മോഹൻലാൽ കഥാപാത്രങ്ങൾ എടുത്താൽ അതിൽ ഉറപ്പായും സേതുമാധവൻ മുന്നിൽ തന്നെ ഉണ്ടാകും.

മോഹൻലാൽ എന്ന അഭിനയ ചക്രവർത്തിയുടെ ജ്വലിക്കുന്ന ചക്രവാളത്തിലെ ഒരു പൊൻ തൂവലാണ് സേതുമാധവൻ. ഒരുപാട് സങ്കീർണതകൾ ഉള്ള, അഭിനയിച്ചു ഫലിപ്പിക്കാൻ നന്നേ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര നിർമിതി ആണ് സേതുമാധവൻ. അച്ഛനെ ആരാധനയോടെ സ്നേഹിക്കുന്ന, അമ്മയെയും കൂടപ്പിറപ്പുകളെയും കരുതലോടെ സ്നേഹിക്കുന്ന, കാമുകിയെ കുസൃതിതോയോടെ പ്രണയിക്കുന്ന, ചങ്ങാതിയെ അപകടത്തിലേക്ക് ക്ഷണിക്കാതിരിക്കുന്ന, ജീവിതത്തെ പക്വതയോടെ നോക്കിക്കാണുന്ന സേതുമാധവന് ഒരുപാട് ഡയമെൻഷൻസ് ഉണ്ട്. ഇവയെല്ലാം യഥാർത്ഥ അളവിൽ ബ്ലെൻഡ് ചെയ്തു പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മോഹൻലാൽ എന്ന നടൻ 100% വിജയിച്ചിട്ടുണ്ട്. സേതുമാധവനിലേക്ക് പരകായ പ്രവേശം ചെയ്ത ലാലേട്ടൻ, ക്ലൈമാക്സിലെ ഭ്രാന്തമായ വാക്കുകളും പ്രവർത്തിയും ഒക്കെ എത്ര തന്മയത്വത്തോടെ ആണ് ചെയ്തത്. കഥയും, കഥാപാത്രവും, സംവിധാനവും പ്രശംസിക്കേണ്ടത് തന്നെ, പക്ഷെ ഇങ്ങനെയൊരു കഥാപാത്രത്തെ നടിച്ചു കാണിക്കുക എന്നുള്ളത് ലാലേട്ടനെ കഴിയൂ എന്ന് ഓരോ വട്ടം ഈ സിനിമ കാണുമ്പോഴും തോന്നി പോകാറുണ്ട്. ഇതൊക്കെ കൊണ്ട് തന്നെ ആവും സേതുമാധവൻ ലാലേട്ടന് സ്പെഷ്യൽ ജ്യൂറി അവാർഡ് നേടി കൊടുത്തത്.

കിരീടത്തിൽ മോഹൻലാലിനൊപ്പം നിൽക്കുന്ന പ്രകടനമാണ് തിലകൻ ചെയ്ത അച്യുതൻ നായർ. സ്നേഹ സമ്പന്നൻ ആയ, മക്കളെ കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഉള്ള അച്ഛൻ, ഉത്തരവാദിത്തം ഉള്ള പോലീസ് ഓഫീസർ, സ്നേഹനിധിയായ ഭർത്താവ് ഇങ്ങനെ പല ഷെയ്ഡുകൾ ഉള്ള ഈ കഥാപാത്രത്തിന്റെ പകർന്നാട്ടങ്ങൾ കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് കിരീടം. മോഹൻലാലിന്റേയും തിലകന്റെയും അച്ഛൻ മകൻ ബന്ധം തന്നെ ആണ് കിരീടത്തിന്റെ കാമ്പ്. സേതുമാധവൻ ഒരു പോലീസ് ഓഫീസർ ആകണം എന്നത് രണ്ടു പേരുടെയും സ്വപ്നം ആയിരുന്നു. എന്നാൽ കീരിക്കാടൻ ജോസിനെ നിവൃത്തികേട്‌ കാരണം തല്ലിയിടേണ്ടി വന്ന സേതുവിന്‌ സമൂഹം ക്രിമിനൽ എന്ന കിരീടം ചാർത്തി കൊടുത്തപ്പോൾ രണ്ടു പേർക്കും നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു. സിനിമ തുടങ്ങുമ്പോൾ മകൻ സബ് ഇൻസ്‌പെക്ടർ ആയ ശേഷം സല്യൂട്ട് ചെയ്യുന്നത് സ്വപ്നം കാണുന്ന അച്ചുതൻ നായർ പക്ഷേ സേതുമാധവൻ ഒരു നോട്ടോറിയസ് ക്രിമിനൽ ആണെന്ന് പറയുന്നിടത്ത് സിനിമ അവസാനിക്കുന്നു.

കിരിക്കാടൻ ജോസിനെ പോലെ വേറെ ഒരു വില്ലൻ അല്ലെങ്കിൽ ഗുണ്ട ഇനി ഉണ്ടാകുമോ ? മോഹൻ രാജ് എന്ന ഈ നടനെ പിന്നീട് മലയാള സിനിമയും, മലയാളികളും വിളിച്ചത് കീരിക്കാടൻ ജോസ് എന്നായിരുന്നു. അത് തന്നെ ആണ് മോഹൻ രാജ് എന്ന നടൻ ഈ സിനിമയിലൂടെ മലയാള മനസ്സുകളിൽ ഉണ്ടാക്കിയ ആഘാതം. കീരിക്കാടൻ ജോസിന്റെ അത്ര തന്നെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച മറ്റൊരു വില്ലൻ കഥാപാത്രം പരമേശ്വരൻ, ജോണി എന്ന നടന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്, കിരീടം കണ്ട ആരും പരമേശ്വരനെ മറക്കുകയില്ല എന്നത് കൊണ്ട് തന്നെയാകും കിരീടത്തിന്റെ തുടർച്ചയായ ചെങ്കോലിലും പരമേശ്വരന് കിരീടത്തിലെ അത്ര തന്നെ പ്രാധാന്യം ഉള്ളത്.

സാധാരണക്കാരായ മനുഷ്യർ, തോറ്റു പോയ നായകൻ ഇതൊക്കെ നമുക്ക് ജനകീയ തിരകഥാകൃത്തായ ലോഹിതദാസിന്റെ രചനകളിൽ കാണാം. അവരിൽ എവിടെയൊക്കെയോ നമുക്ക് നമ്മളേയും, നമുക്ക് സുപരിചിതരായ പലരേയും കാണാൻ കഴിയും. സേതുവിന്റെ മാനസിക വ്യാപാരങ്ങൾകൊപ്പം പ്രേക്ഷകരെയും കൂടെ കൂട്ടുന്നുണ്ട് സിബി മലയിലും, ലോഹിതദാസും. സിനിമ കാണുമ്പോൾ സേതുമാധവനൊപ്പം പ്രേക്ഷകരും നൊമ്പരപ്പെടുന്നു, സേതുവിന്‌ വേണ്ടി പ്രാർത്ഥിക്കുന്നു. കൈതപ്രത്തിന്റെ വരികൾക്ക് ജോണ്സൻ സംഗീതം നൽകി എംജി ശ്രീകുമാർ പാടിയ "കണ്ണീർ പൂവിന്റെ" എന്ന ഗാനം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്, ആ ഗാന രംഗത്തു മോഹൻലാൽ വയൽ വരമ്പത്തൂടെ ദൂരേക്ക് നടന്നകലുന്ന സീൻ, സിനിമ ഷൂട്ടിംഗ് തീർന്ന ശേഷം ഉണ്ടായ ഒരു വീണ്ടു വിചാരത്തിൽ ഷൂട്ട് ചെയ്തതാണ് എന്ന് എവിടെയോ വായിച്ചു മറന്ന ഒരു ഓർമ, ഇതൊക്കെ അല്ലെ ഒരു സംവിധായകന്റെ ദീർഘവീക്ഷണം. ഇന്ന് നമ്മൾ ആ ഗാനം കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന രംഗം അതാകും.

ഹൃദയം തൊട്ടറിയുന്ന ഒരുപാട് രംഗങ്ങൾ, ദേവിയോട് സേതു യാത്ര പറയുന്നത്, സേതുമാധവൻ വീട്ടീന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ പുറകീന് അച്ചുതൻ നായരുടെ സേതു എന്ന വിളി, ജയിലിൽ സേതുവിന്‌ ഭക്ഷണം കൊണ്ട് കൊടുക്കുന്നത്, പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിൽ അയാൾ യോഗ്യനല്ല എന്ന് പറയുന്ന രംഗം. സേതു അമ്മയോടും സഹോദരങ്ങളോടും കൂട്ടുകാരനോടും യാത്ര ചോദിക്കുന്നത്, അച്ഛനോട് തമാശക്ക് ഒരു കളവു പറഞ്ഞതിൽ പോലും വിഷമിക്കുന്നത്, അങ്ങിനെ കണ്ണിനെ ഈറനണിയിക്കുന്ന, മനസ്സിൽ നന്മയുടെയും സ്നേഹത്തിന്റെയും ഒക്കെ വിത്തുകൾ വിതക്കുന്ന ഒരുപാട് രംഗങ്ങൾ. ലാലേട്ടനും, തിലകന് ചേട്ടനും മത്സരിച്ചഭിനയിച്ച മറ്റൊരു ചിത്രം.

മലയാളികൾക്ക് പ്രിയപ്പെട്ട ഒരു താരനിര തന്നെ ഉണ്ട് കിരീടത്തിൽ മോഹൻലാൽ, മോഹൻ രാജ് (കീരിക്കാടൻ ജോസ്), പാർവതി,തിലകൻ, മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, ശ്രീനാഥ്, ശങ്കരാടി, ഫിലോമിന, മണിയൻപിള്ള രാജു, ജഗദിഷ്, ജഗതി, മുരളി, മാമുക്കോയ, കവിയൂർ പൊന്നമ്മ, യദു കൃഷ്ണൻ, ഉഷ അങ്ങിനെ എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. മുത്തശ്ശി, അച്ഛൻ, അമ്മ, അമ്മാവൻ, അമ്മായി, കൂട്ടുകാർ തുടങ്ങി എല്ലാവരുടെയും കാസ്റ്റിംഗ് കൃത്യമായിരുന്നു കിരീടത്തിൽ. കൊച്ചിൻ ഹനീഫക്ക് ഹാസ്യവും ഇണങ്ങും എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുത്ത കഥാപാത്രം ഒരുപക്ഷേ കിരീടത്തിലെ ഹൈദ്രോസ് ആകും.

കിരീടത്തിൽ തകർന്നടിഞ്ഞ സേതുമാധവനോടും, അച്ഛൻ അച്ചുതൻ നായരോടും പിന്നെ അവരുടെ കുടുംബത്തിനോടും എഴുത്തുകാരനു ഒരല്പം കൂടി ദയ കാണിക്കാമായിരുന്നില്ലേ എന്ന് ചിന്തിച്ചു പോയിട്ടുണ്ട് കിരീടത്തിന്റെ തുടർച്ചയായ ചെങ്കോൽ കണ്ടപ്പോൾ. എല്ലാം നേടിയ ഒരു സേതുമാധവൻ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചു പോയി കണ്ട കിരീടവും ചെങ്കോലും നഷ്ടപെട്ട രാജകുമാരന്റെ കഥ പറഞ്ഞ ചെങ്കോലിന്റെ വിവരണവുമായി ഉടനെ വരാം.

-ഷഫിൻ

എന്‍റെ ഒക്കെ ചെറുപ്പത്തിൽ ആണോരുത്തൻ നന്നായി ഒന്ന്  അണിഞ്ഞൊരിങ്ങി നിന്നാൽ ഒരു ചോദ്യമുണ്ട്, നീ ആരാടാ മമ്മൂട്ടിയോ ?? ഇന്നും...
07/09/2021

എന്‍റെ ഒക്കെ ചെറുപ്പത്തിൽ ആണോരുത്തൻ നന്നായി ഒന്ന് അണിഞ്ഞൊരിങ്ങി നിന്നാൽ ഒരു ചോദ്യമുണ്ട്, നീ ആരാടാ മമ്മൂട്ടിയോ ?? ഇന്നും ആ ചോദ്യം അതുപോലെ തന്നെ നിൽക്കുന്നു എന്നതാണ് ഞങ്ങളുടെ മൊഞ്ചൻ ഇക്കാന്റെ മാറ്റ് കൂട്ടുന്നത്.

കഴിവ്, ഭാഗ്യം, സൗന്ദര്യം, ആയുസ്സ് ,അഭിനയ വൈവിധ്യം എന്നിവയുടെ ഒരു അപൂർവ സംഗമം. 50 വർഷങ്ങളുടെ വിജയം, 70 വയസ്സിന്റെ ചെറുപ്പം. പകരം വെക്കാനില്ലാത്ത ഒരുപിടി ഹൃദ്യമായ കഥാപാത്രങ്ങൾ. ഒരു ശരാശരി മലയാളി ജീവിച്ചു തീർത്ത ഏതാണ്ട് എല്ലാ ജീവിതവും തിരശീലയിൽ തന്മയത്വത്തോടെ ജീവിച്ചു അഭിനയിച്ച
മലയാള സിനിമയുടെ താരരാജാവ്.

മലയാളത്തിന്റെ മഹാനടന്, മലയാളികളുടെ വല്യേട്ടന് എല്ലാ ആയുരാരോഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇന്നേക്ക് 70 തികഞ്ഞിട്ടേയുള്ളു, വ്യത്യസ്ത വേഷങ്ങളിലേക്ക് പരകായം ചെയ്ത് നമ്മളെ വിസ്മയിപ്പിക്കാൻ കാലം മുട്ടുമടക്കി നിൽപ്പുണ്ടാകും ഇക്കാടെ മുന്നിൽ. പിറന്നാളാശംസകൾ മമ്മൂക്കാ 😍🎂

-ഷഫിൻ

സ്ഫടികം - ഓർമയിൽ ഞാൻ ആദ്യമായി തിയറ്ററിൽ വലിയ സ്‌ക്രീനിൽ കണ്ട സിനിമ. പിന്നീട് ഈ സിനിമ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ...
22/08/2021

സ്ഫടികം - ഓർമയിൽ ഞാൻ ആദ്യമായി തിയറ്ററിൽ വലിയ സ്‌ക്രീനിൽ കണ്ട സിനിമ. പിന്നീട് ഈ സിനിമ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയൂല. എപ്പോ TV യിൽ വന്നാലും, അന്ന് കണ്ട അതേ ഫ്രഷ്നെസ്സോടെ, പുതുമ കെടാതെ ഇരുന്ന് ഇപ്പോഴും കാണും. ആക്ഷന്‍, മാസ്സ്, ക്ലാസ്, ത്രില്ലർ ,റൊമാന്‍സ്, സെന്റിമെന്‍സ്, കോമഡി എല്ലാം ഉൾപെടുത്തി, മലയാള സിനിമയിൽ സ്ഫടികം പോലെ ഇന്നും വെട്ടി തിളങ്ങി നിൽക്കുന്ന ലാലേട്ടൻ ചിത്രം. ആരൊക്കെ എത്രയൊക്കെ അപമാനിച്ചാലും തരം താഴ്ത്തിയാലും ചങ്കൂറ്റത്തോടെ നട്ടെല്ല് നിവർത്തി തന്നെ വേണം ജീവിക്കാൻ എന്ന് പഠിപ്പിച്ചു തന്ന ആട്-തോമയുടെ കഥ, 2 പതിറ്റാണ്ടുകൾക്ക് മുൻപ് അഭ്രപാളികളിൽ വിസ്മയം തീർത്ത സ്ഫടികം.

തോമസ് ചാക്കോ - "തോമക്ക് ഇഞ്ചി നീരാവാനേ പറ്റിയുള്ളൂ" ആ ഡയലോഗിലുണ്ട് ആ കഥാപാത്രം. നമുക്ക് ചുറ്റും ഇന്നും ജീവിക്കുന്നുണ്ട്, കഴിവുണ്ടായിട്ടും സ്വപ്നങ്ങളും, ജീവിതവും ചവിട്ടി മെതിക്കപ്പെട്ട തോമസ്ചാക്കോമാർ. അവർ എല്ലാം ഇപ്പൊ ചിലർക്ക് ആട്-തോമയായി, മറ്റു ചിലർക്ക് തോമാച്ചായനായി സമൂഹത്തിൽ ഒരു മറ സൃഷ്ടിച്ചു അഭിനയിച്ചു കൊണ്ട് ജീവിക്കുന്നു, കരിമ്പാറക്കുള്ളിലെ തെളിനീരുറവകൾ. പള്ളിമേടയിലേക്ക് പ്രതീക്ഷയോടെ വരുന്ന തോമസ് ചാക്കോ തിരിച്ചിറങ്ങുമ്പോൾ, റയ്ബാന് ഗ്ലാസിന് ഇടയിലൂടെ കാണിക്കുന്ന ഒരു തുള്ളി കണ്ണീരിലുണ്ട് തോമസ്ചാക്കോയുടെ നഷ്ടപെട്ട ജീവിതവും സ്വപ്നങ്ങളും എല്ലാം. 14 വർഷത്തെ മങ്ങി പോയ ഭൂതകാലത്തിന് ഒരു മറ തന്നെ ആയിരുന്നു ആ റയ്ബാൻ ഗ്ലാസ്.

ട്യൂട്ടോറിയൽ തല്ലിപ്പോളിക്കുന്നത് എതിർക്കുന്ന തോമച്ചായൻ തനിക്ക് വിദ്യാഭ്യാസത്തിനോട് ഉള്ള സ്നേഹവും, ആവേശവും വെളിവാക്കുന്നുണ്ട്. അതോടൊപ്പം തനിക്ക് നഷ്ടപെട്ടത് അവർക്ക് നഷ്ടപ്പെടാൻ പാടില്ല എന്ന കരുതലും വാശിയും എല്ലാം പ്രകടമായിരുന്നു മോഹൻലാൽ എന്ന നടന്റെ ഭാവങ്ങളിൽ. അത് പോലെ തന്നെ അച്ഛൻ തല്ലിയ കാരണം കരയുന്ന കുഞ്ഞിന് ഐസ്ക്രീം വാങ്ങിച്ചു കൊടുക്കുമ്പോഴും തനിക്ക് നഷ്ടപെട്ട ബാല്യവും കൗമാരവും റയ്ബാൻ ഗ്ലാസ് വെച്ച ആ മുഖത്തു പ്രകടം ആയിരുന്നു.

സ്ഫടികം എന്ന് കേൾക്കുമ്പോ തന്നെ ലാലേട്ടന്റെ മാസ്സ് ഡയലോഗ്സും, തുണി പറിച്ചടിയും ഒക്കെ തന്നെ ആണ് മനസ്സിൽ വരിക. സിഗാർ വലിക്കുന്ന പൂക്കോയയുടെ മുന്നിൽ കുറ്റി-ബീടി വലിച്ചു മാസ്സ് കാണിക്കുന്ന തോമാച്ചായനെ ആർകെങ്കിലും മറക്കാൻ സാധിക്കുമോ? ഇങ്ങനെ ഒക്കെ ആണെങ്കിലും അപ്പനോടും, അമ്മയോടും, പെങ്ങളോടും ഉള്ള സ്നേഹവും, പഴയ കളികൂട്ടുകാരിയോട് പുറമേ കാണിക്കാതെ സൂക്ഷിക്കുന്ന പ്രണയവും, കൂട്ടുകാരന്റെ പ്രണയസാക്ഷാത്ക്കാരത്തിനു വേണ്ടി ജീവൻ വരെ കളയാൻ ഉള്ള മനസ്സും, മറ്റൊരുവനെ പോലെ ആകാനുള്ള ഉപദേശം സഹിക്കാൻ വയ്യാതെ ആയപ്പോൾ കൂട്ടുകാരനെ വേദനിപ്പിച്ചതിൽ ഉള്ള കുറ്റബോധവും, അധ്യാപകരോടും ഫാദർ ഒറ്റപ്ലാക്കനോടും ഒക്കെ ഉള്ള ബഹുമാനവും സ്നേഹവും എല്ലാം തോമാച്ചായനെ അതി സങ്കീർണമായ ഒരു കഥാപാത്ര സൃഷ്ട്ടി ആകുന്നുണ്ട്. എന്റെ മറ്റു പല സിനിമാ വിവരണങ്ങളിലും പറയുന്ന പോലെ തന്നെ ആട്-തോമയെയും ലാലേട്ടൻ തന്മയത്വത്തോടെ, 100% കൃത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിച്ചു. ഇതൊക്കെ തന്നെ ആണ് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് മോഹൻലാലിന് നേടി കൊടുത്തത്.

"നിന്റെ വില ഞാൻ സൂക്ഷിച്ചിട്ടുണ്ട് - ഓട്ടകാലണ"
മകന്റെ കഴിവുകളെ കണ്ടുപിടിച്ചു വളർത്തി എടുക്കാതെ, മകനെ തല്ലി പഠിപ്പിച്ച് ലോകം അറിയുന്ന ഒരു മാത്തമാറ്റിഷ്യൻ ആകാൻ ശ്രമിച്ച ചാക്കോ മാഷ്. എന്നാൽ മികച്ച അദ്യാപകനുള്ള ദേശീയ അവാർഡ് നേടിയ ചാക്കോ മാഷിന്റെ കണക്കൂട്ടലുകൾ പിഴച്ചു. ഊരുതെണ്ടി ആയി, ഒന്നര ചക്രത്തിന്റെ ഓട്ടക്കാലണയായി, മുട്ടനാടിന്റെ ചങ്കിലെ ചോര ജീവൻടോൺ ആയി കരുതുന്ന ലോകം അറിയുന്ന ഒന്നാന്തരം ചട്ടമ്പയായി മാറി മകൻ തോമസ്ചാക്കോ. ആട് തോമയുടെ മാസ്സിനെക്കാളും ചാക്കോ മാഷ് എന്ന അപ്പന്റെ തിരിച്ചറിവ് തന്നെ ആണ് സിനിമയുടെ കാമ്പ്. ലാലേട്ടന്റെ കൂടെ മത്സരിച്ചു അഭിനയിക്കാൻ തിലകൻ ചേട്ടനെ കൊണ്ടേ പറ്റൂ എന്ന് കിരീടവും, ചെങ്കോലും, നരസിംഹവും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും ഒക്കെ പോലെ തന്നെ സ്ഫടികം കാണുമ്പോഴും തോന്നി പോകും.

കടുവ ചാക്കോയുടെയും ആട്-തോമയുടെയും കഥ തന്നെ ആണ് സ്ഫടികം. കടുവചാക്കോയിൽ നിന്നും സ്ഫടികത്തിലേക്ക് ഉള്ള ചാക്കോമാഷിന്റെ പരിവർത്തനത്തിൽ തോമസ്ചാക്കോയുടെ കളികൂട്ടുകാരി തുളസിയുടെ പങ്ക് ചെറുതല്ല. രണ്ടാം വരവിൽ തുളസിയെ തോമ പിന്തിരിപ്പിക്കുന്നതിന് കാരണം തോമ തന്നെ മറ്റൊരവസരത്തിൽ പറയുന്നുണ്ട് "ഉപ്പുകല്ലിൽ നിന്ന കൂട്ടുകാരനു വെള്ളം കൊടുത്ത എന്റെ തുളസിയെ വഞ്ചിക്കാൻ എനിക്ക് മനസ്സ് വരുന്നില്ല" അത് കൊണ്ട് തന്നെ ആണ് ഇടി മണലിൽ നിന്നും ഇടി മണലിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന സ്വന്തം ജീവിതത്തിലേക്ക് കൂടെ താഴാൻ തുളസിയെ തോമസ്ചാക്കോ ക്ഷണിക്കാതിരുന്നത്. എന്നാൽ തോമയെ അങ്ങിനെ അങ്ങ് ഉപേക്ഷിക്കാൻ തുളസി തയ്യാർ അല്ല, പിടിച്ചു കയറാൻ ഇനിയും ആ കൈകൾക്ക് കരുത്തുണ്ട് എന്നാണ് തുളസിയുടെ പക്ഷം. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആയി ഞാൻ കരുതുന്ന ഉർവശി ചേച്ചി തുളസിയെ ഭംഗിയായി തന്നെ തിരശീലയിൽ അവതരിപ്പിച്ചു.

ജോർജ് എന്ന സിനിമയിലെ വില്ലൻ പിന്നീട് മലയാള സിനിമയിൽ അറിയപ്പെട്ടത് സ്ഫടികം ജോർജ് എന്നാണ്. അദ്ദേഹം ഈ സിനിമയിൽ ചെയ്തത് വ്യക്തമായ വ്യക്തിത്വം ഉള്ള ഒരു കഥാപാത്രം തന്നെ ആയിരുന്നു. സ്ഫടികത്തിലെ വില്ലൻ ചാക്കോമാഷ് ആണോ അതോ SI കുറ്റിക്കാടൻ ആണോ എന്ന് സിനിമ ഇറങ്ങിയ സമയത്ത് ഒക്കെ കൂട്ടുകാർകിടയിൽ ഒരു ചർച്ചാവിഷയം തന്നെ ആയിരുന്നു. എന്നാൽ സിനിമയിൽ പ്രേക്ഷകരുടെ ഇഷ്ട്ടക്കേട് സമ്പാദിക്കുന്നതിൽ 2 പേരും മത്സരിച് അഭിനയിച്ചു എന്ന കാര്യത്തിൽ എന്തായാലും ആർക്കും ഒരു തർക്കവും ഇല്ല.

"ഇതെന്റെ പുതിയ റയ്ബാൻ ഗ്ലാസ്, ഇത് ചവിട്ടി പൊട്ടിച്ചാൽ നിന്റെ കാല് ഞാൻ വെട്ടും" , "ഊതരുതേ, ഊതിയാൽ തീപ്പൊരി പറക്കും" , "എന്നാ തോമ മുടിയൊന്നു നീട്ടിവളർത്തും SI സോമൻപിള്ളക്ക് ചെരക്കാൻ" , "ഭൂലോകത്തിന്റെ ഓരോ സ്പന്ദനവും മാത്തമാറ്റിക്സിൽ ആണ്" അങ്ങിനെ മലയാളികൾക് ഇന്നും പറഞ്ഞു നടക്കാൻ ഒരു പിടി മാസ്സ് ഡയലോഗ്സ് തന്ന സിനിമയാണ് സ്ഫടികം. ഇത്രയൊക്കെ മാസ്സ് ഉണ്ടെങ്കിലും മലയാളികൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാൻ കലാമൂല്യം ഉള്ള ഒരു സിനിമയായി തന്നെ ആണ് ഭദ്രൻ സ്ഫടികം സമ്മാനിച്ചത്. ഒരു സിനിമ എന്നതിനുപരി സംഭവ ബഹുലമായ പല ജീവിതങ്ങളുടെയും ഒരു ദൃശ്യാവിഷ്കാരം കൂടി ആണ് സ്ഫടികം !!

-ഷഫിൻ

ജയകൃഷ്ണന് വിവാഹ ആശംസകൾ നേർന്ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പിടിച്ചു പോകുമ്പോൾ, അനങ്ങി തുടങ്ങിയ ട്രെയിനിന്റെ വാത...
31/07/2021

ജയകൃഷ്ണന് വിവാഹ ആശംസകൾ നേർന്ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പിടിച്ചു പോകുമ്പോൾ, അനങ്ങി തുടങ്ങിയ ട്രെയിനിന്റെ വാതിൽ പടിയിൽ നിന്ന് ജയകൃഷ്ണനെ തന്നെ നോക്കി നിൽക്കുന്ന ക്ലാരയുടെ കണ്ണുകളിൽ എന്തായിരുന്നു? സങ്കടമായിരുന്നോ, വേർപാടിന്റെയും നഷ്ടപെടുന്നതിന്റെയും വേദനയായിരുന്നോ, കുറ്റബോധം ആയിരുന്നോ, അതോ ജയകൃഷ്ണന് ഒരു നല്ല ജീവിതം കിട്ടിയതിൽ ഉള്ള സന്തോഷം ആയിരുന്നോ. എത്രയോ തവണ ഈ സിനിമ കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ ഒരു പിടിയും കിട്ടിയിട്ടില്ല. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ഒരു പദ്മരാജൻ മാജിക് - തൂവാനത്തുമ്പികൾ.

ജയകൃഷ്ണനെ ഉപാധികൾ ഇല്ലാതെ പ്രണയിച്ചു ക്ലാര, എല്ലാം അറിഞ്ഞിട്ടും മനസ്സറിഞ്ഞു കൂടെ നിന്നു ഒരു പുതിയ ജീവിതം തുടങ്ങാൻ ആഗൃഹിക്കുന്ന സ്നേഹത്തിന്റെ നിറകുടം ആയി രാധ, ഇവരിൽ ആർക്കായിരിക്കും ജയകൃഷ്ണനോട് കൂടുതൽ ഇഷ്ടം ?? ആരെ ആയിരിക്കും ജയകൃഷ്ണൻ കൂടുതൽ ഇഷ്ടപെട്ടിട്ടുണ്ടാവുക ?? സത്യത്തിൽ ജയകൃഷണൻ ക്ലാരയെ പ്രണയിക്കുന്നുണ്ടോ, ജയകൃഷ്ണന്റെ പ്രണയം മുഴുവനും രാധയോടല്ലേ ?? എന്തിനായിരിക്കും ക്ലാര ജയകൃഷ്ണനെ ഉപേക്ഷിച്ചു പോയത് ?? അങ്ങിനെ പ്രേക്ഷകർക്കായി ഒരു പിടി ചോദ്യങ്ങൾ ബാക്കി വെച്ചു, പെയ്തു തോരാത്ത ഒരു മഴ പോലെ മലയാളികളുടെ മനസ്സിൽ ഒരു ചെറു നൊമ്പരത്തോടെ തങ്ങി നിൽക്കുന്ന പ്രണയകാവ്യം.

സുമലത എന്ന നടിയെ കുറിച്ചു പറയുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം വരുന്ന കഥാപാത്രങ്ങളിൽ ഒന്ന് ക്ലാര തന്നെ ആവും. മഴയുടെ പശ്ചാത്തലത്തിൽ ജോൺസൻ മാഷ് ചെയ്ത പശ്ചാത്തല സംഗീതം പ്രേക്ഷകർക്ക് നൽകിയ അനുഭൂതി പറഞ്ഞോ എഴുതിയോ അറിയിക്കാവുന്നതിലും അപ്പുറം ആണ്. മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും ക്ലാരയും തമ്മിൽ ഉള്ള ഉപാധികൾ ഇല്ലാത്ത തീവ്രമായ പ്രണയം പ്രേക്ഷകരിലേക്ക് ഇത്രയും സുന്ദരമായി എത്തിക്കാൻ ഈ മഴക്കും, പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞു. ഇത് തന്നെ ആണ് തൂവാനതുമ്പികളെ മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്ന് ആക്കുന്നതും.

മലയാളി പ്രേക്ഷകരുടെ മനസ്സിലിനെ സ്വാധീനിച്ച ക്ലാസിക് കാമുകൻമാരിൽ മോഹൻലാലും അദ്ദേഹം ചെയ്ത വേഷങ്ങളും വേറിട്ട് തന്നെ നില്കും. പദ്മരാജന്റെ തന്നെ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ സോളമനും, മണ്ണാറശാലയിലെ ജയകൃഷ്ണനും എല്ലാം അതിനു ഉദാഹരണങ്ങൾ ആണ്. ജയകൃഷ്ണൻ പറഞ്ഞ പോലെ ക്ലാരക്ക് കത്തെഴുതിയപ്പോഴും, ആദ്യമായി മീറ്റ് ചെയ്തപ്പോഴും മാത്രം അല്ല, ക്ലാര തിരിച്ചു വരുന്നു എന്ന്‌ ടെലിഗ്രാം വന്നപ്പോഴും, പ്രണയം ഇരുവരുടെയും മനസ്സിൽ എപ്പോഴെല്ലാം മൊട്ടിട്ടുവോ അപ്പോഴെല്ലാം മഴ പെയ്തിരുന്നു. ഇന്നും മണ്ണാറത്തൊടിയിൽ മഴ പെയ്യുന്നത് ക്ലാരക്ക് വേണ്ടി ആകും.

ഡേവിഡ് ഏട്ടനും, തങ്ങളും, ഋഷിയും, ബാബുവും, ജയകൃഷ്ണന്റെ മറ്റു സുഹൃത്തുക്കളും എല്ലാം സിനിമയിൽ മികച്ച പ്രകടനം ആണ് കാഴ്‌ച വെച്ചതെങ്കിലും സിനിമയെ പറ്റി പറയുമ്പോൾ അത് ജയകൃഷ്ണനിലേക്കും, ക്ലാരയിലേക്കും, രാധയിലേക്കും മാത്രം ആയി ചുരുങ്ങി പോകും. പക്വതയുള്ള ക്ലാരയുടെ നിസ്വാർത്ഥമായ പ്രണയം ജയകൃഷ്ണന് ഒരിക്കലും പൂർത്തിയാക്കാൻ കഴിയാത്ത ഒരു സമസ്യയാണ്. എന്നാൽ രാധക്ക് ജയകൃഷ്ണനോട് തോന്നുന്നത് ആരാധന കലർന്ന പ്രണയം ആണ്. സത്യത്തിൽ രാധക്ക് ജയകൃഷ്ണനോട് ഉള്ള അതേ പ്രണയം അല്ലേ ജയകൃഷ്ണന് ക്ലാരയോട് ഉള്ളത് എന്നും നമുക്ക് സിനിമയുടെ ചില ഘട്ടങ്ങളിൽ തോന്നിപോകും. നിനച്ചിരിക്കാത്ത നേരത്ത്‌ എവിടെ നിന്നോ വന്നു ജയകൃഷ്ണന്റെ ഹൃദയത്തിൽ ഒരു തീരാ മുറിവുണ്ടാക്കി എവിടേക്കോ പോയ് മറഞ്ഞ ക്ലാര.

പദ്മരാജൻ സിനിമകളിൽ ഏറ്റവും മികച്ച കുറച്ചു സിനിമകളുടെ പേര് പറയാൻ പറഞ്ഞാൽ, എന്റെ പട്ടികയിൽ തൂവാനതുമ്പികൾ മുകളിൽ തന്നെ ഉണ്ടാകും. പദ്മരാജന്റെ തന്നെ നോവൽ ആയ ഉദകപ്പോളയുടെ ചലച്ചിത്രാവിഷ്കാരം ആണ് തൂവാനത്തുമ്പികൾ. നാട്ടിൻപുറത്തുകാരന്റെ ജീവിതവും, പട്ടണത്തിലെ ജീവിതവും ആസ്വദിക്കുന്ന ജയകൃഷ്ണന് ഒരേ സമയം 2 വ്യക്തിത്വം ഉണ്ട് എന്ന് പ്രേക്ഷകരോട് പറയാതെ പറയുന്ന പദ്മരാജൻ പിന്നീടു കാണിക്കുന്നത് ഒരേ സമയം 2 പേരെ നിഷ്കളങ്കമായി പ്രണയിക്കുന്ന ജയകൃഷ്ണനെ ആണ്. ഇത്രയും സങ്കീർണമായ ഈ കഥാപാത്രത്തെ എത്ര തന്മയത്വത്തോടെ ആണ് മോഹൻലാൽ എന്ന നടൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്.

34 വർഷം മുൻപ് വെള്ളിത്തിരയിൽ വന്നു ഇന്നും മലയാളികൾക്ക് പുതുമ നഷ്ടപ്പെടാതെ ആസ്വദിക്കാൻ പപ്പേട്ടന്റെ സമ്മാനം - തൂവാനത്തുമ്പികൾ.

-ഷഫിൻ

വന്ദനത്തിൽ എല്ലാം ഉണ്ട് - കുറ്റാന്വേഷണം ഉണ്ട്, പ്രണയം  ഉണ്ട്, ഹ്യുമർ ഉണ്ട്, പ്രതികാരം ഉണ്ട്, സൗഹൃദം ഉണ്ട് എന്തിന് ഒരു Ps...
12/07/2021

വന്ദനത്തിൽ എല്ലാം ഉണ്ട് - കുറ്റാന്വേഷണം ഉണ്ട്, പ്രണയം ഉണ്ട്, ഹ്യുമർ ഉണ്ട്, പ്രതികാരം ഉണ്ട്, സൗഹൃദം ഉണ്ട് എന്തിന് ഒരു Psycho Killer വരെ ഉണ്ട്. മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും, ആവേശത്തിലാഴ്ത്തുകയും, ഒടുവിൽ ഒരു നൊമ്പരം ബാക്കി വെച് അവസാനിപ്പിച്ച സിനിമ - വന്ദനം.

മൂന്നു വ്യത്യസ്ത (കേസന്വേഷണം, പ്രണയം, പ്രതികാരം) ട്രാക്കിൽ കഥ പറയുന്ന ഈ സിനിമക്ക് രണ്ടു ക്ലൈമാക്സ് ഉണ്ടെന്ന് പറയാം. ഉണ്ണികൃഷ്ണൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോദസ്ഥൻ പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ബോംബ് നിർവീര്യമാക്കുന്നതും, തുടർന്ന് പ്രൊഫസർ ഫെർണാണ്ടസ് എംപി രാമചന്ദ്രനെ വധിക്കുന്നിടത്ത് കേസന്വേഷണത്തിന്റെയും പ്രതികാരത്തിന്റെയും ക്ലൈമാക്സ്. ഗാഥയും ഉണ്ണികൃഷ്ണനും പരസ്പരം കാണാൻ കൂടി കഴിയാതെ വേർപിരിയുന്നിടത്ത് പ്രേക്ഷകരെ നൊമ്പരപ്പെടുത്തി പ്രണയത്തിന്റെ ക്ലൈമാസ്.

ഉണ്ണികൃഷ്ണൻ ഒരുപാട് സങ്കീർണതകൾ ഉള്ള, അഭിനയിച്ചു ഫലിപ്പിക്കാൻ നന്നേ ബുദ്ധിമുട്ട് ഉള്ള ഒരു കഥാപാത്ര നിർമിതി ആണ്. പ്രണയിനിയുടെ മുമ്പിൽ ഇത്തിരി ചീപ്പ് അകാൻ മടി ഇല്ലാത്ത നിഷ്കളങ്കൻ ആയ കാമുകൻ, കേസന്വേഷണത്തിൽ വിട്ടു വീഴ്ച ചെയ്യാത്ത ബുദ്ധിമാനായ ഉദ്യോഗസ്ഥൻ, സുഹൃത്തുക്കൾക്ക് മുന്നിൽ ഇത്തിരി ഉടായിപ്പ്. ഇതൊക്കെ ആണ് ഉണ്ണികൃഷ്ണന്റെ സ്വഭാവ സവിശേഷതകൾ. ഈ മാനാറിസങ്ങൾ എല്ലാം Perfect ആയിട്ട് Blend ചെയ്തു പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മോഹൻലാൽ എന്ന നടൻ പരിപൂർണമായും വിജയിച്ചിട്ടുണ്ട്.

എന്നാലും ഇങ്ങനെയൊക്കെ പ്രണയിക്കാവോ ലാലേട്ടാ ? ഇങ്ങനെയൊക്കെ പ്രണയിച്ചാൽ ഏതു പെണ്ണ് ആണ് വീണു പോകാതിരിക്കുക. പ്രണയം നൊമ്പരമായി മാറിയ ക്ലൈമാക്സ് എല്ലാവർക്കും ഒരുപോലെ ദഹിച്ചില്ല. ഒരു സൂപ്പർ ഹിറ്റിനു വേണ്ട എല്ലാ ചേരുവകളും, താരനിരയും ഉണ്ടായിട്ടും സംവിധായകന് പ്രതീക്ഷിച്ച വിജയം ഈ ചിത്രം നേടി കൊടുക്കാഞ്ഞത് ഒരുപക്ഷെ ഇതു കൊണ്ടാകാം.

എല്ലാ തരം വിഭവങ്ങളും ഉള്ള ഒരു തീൻ മേശ പോലെയാണ് വന്ദനം. ഔസേപ്പച്ചന്റെ ഗാനങ്ങളും, ജോൺസൻ മാഷിന്റെ പശ്ചാത്തല സംഗീതവും സിനിമയിലെ മറ്റു ഘടകങ്ങൾ പോലെ മികച്ചത് തന്നെ. ഞാൻ വളരെ അതികം ഇഷ്ടപെടുന്ന ഒരു കോമ്പിനേഷൻ ആണ് മോഹൻലാൽ - മുകേഷ്. ഇരുവരുടെയും കെമിസ്ട്രി ഏറ്റവും നന്നായി അവതരിപ്പിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് വന്ദനം. ശുദ്ധ ഹാസ്യം ഈ സിനിമയിൽ എടുത്തു പറയേണ്ട ഒരു ഘടകം തന്നെ ആണ് മോഹൻലാലും, മുകേഷും, ജഗദീഷും, കുതിരവട്ടം പപ്പുവും, സുകുമാരിയും ചേർന്നു ഒരുക്കിയ ഹാസ്യ രംഗങ്ങൾ ഈ കാലഘട്ടത്തിലും ഒട്ടും പഴമ തോന്നിക്കാതെ ആസ്വദിക്കാവുന്നവയാണ്.

ലാലേട്ടനെ പോലെ തന്നെ എടുത്തു പറയേണ്ട പ്രകടനം ആണ് നെടുമുടി വേണു അവതരിപ്പിച്ച പ്രൊഫസ്സർ ഫെർണാണ്ടസിന്റേത്. ഒരു നല്ല അദ്ധ്യാപകനും സ്നേഹനിധിയുമായ അച്ഛനിൽ നിന്നും, മനസ്സിൽ പ്രതികാരം മാത്രം കൊണ്ട് നടക്കുന്ന, സ്വന്തം മകളുടെ ജീവൻ പോലും മനസ്സിലെ പ്രതികാരാഗ്നിയെക്കാൾ വലുതല്ലാത്ത ഒരു സൈക്കോ വില്ലനിലേക്ക് ഉള്ള രൂപാന്തരം വളരെ തന്മയത്വത്തോടെ തന്നെ അഭിനയിച്ചു ഫലിപ്പിച്ചു.

പ്രേക്ഷകരെ എന്റെർറ്റൈൻ ചെയ്യുന്നതിൽ, എൻഗേജ്ഡ് ആയിട്ട് തിയറ്ററിൽ ഇരുത്തുന്നതിൽ പ്രിയദർശനു ഉള്ള മിടുക്ക് ഒരിക്കൽ കൂടി തെളിയിച്ച സിനിമ. പ്രിയദർശന്റെ തന്നെ ചിത്രം പോലെ ക്ലൈമാക്സിനു തൊട്ടു മുൻപ് വരെ പലതവണ ആസ്വദിച്ച് കണ്ടു, ക്ലൈമാക്സ് കാണാൻ ഉള്ള മനസ്സുറപ്പ് ഇല്ലാത്തതു കൊണ്ട് പലരും നിർത്തിവെച്ചു പോകുന്ന സിനിമ - വന്ദനം.

-ഷഫിൻ

Address


Website

Alerts

Be the first to know and let us send you an email when Shafin-SRT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shafin-SRT:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share