26/08/2024
"എനിക്ക് ബിരുദാനന്തര ബിരുദം ലഭിച്ച ദിവസം, ഞാൻ ഒരു മിനിറ്റ് പോലും പാഴാക്കിയില്ല- ഞാൻ ബംഗാളിലെ എന്റെ ഗ്രാമമായ ഓസ്ഗ്രമിലേക്ക് പോയി. ഒരു അധ്യാപകനാകാൻ.
പട്ടണങ്ങളിലെ വലിയ സ്കൂളുകളിൽ നിന്ന് എനിക്ക് ഉയർന്ന ശമ്പളത്തിൽ ജോലി ഓഫറുകൾ ഉണ്ടായിരുന്നു, എന്നാൽ എന്റെ വില്ലേജിലെ സ്കൂൾ എനിക്ക് ഓഫർ ചെയ്ത 169 രൂപാ ശമ്പളത്തിൽ ഉള്ള ജോലി ഞാൻ സ്വീകരിച്ചു. ഒരു നല്ല അധ്യാപകനെ ഏറ്റവും ആവശ്യമുള്ള എന്റെ ഗ്രാമത്തിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
39 വർഷം എന്റെ ഗ്രാമത്തിലെ സ്കൂളിൽ പഠിപ്പിച്ചു, അതിന് ശേഷം വിരമിച്ചു, കാരണം എനിക്ക് 'റിട്ടയർമെന്റ് പ്രായം' - 60 തികഞ്ഞു പോയി.
എന്തൊരു വിഡ്ഢിത്തം! 60 വയസിൽ പഠിപ്പിക്കാനുള്ള എന്റെ കഴിവ് ഇല്ലാതായോ?
അങ്ങനെ ഞാൻ 60 വയസ്സുള്ളപ്പോൾ വിരമിച്ചു.
ഇനി പഞ്ചസാര കൂട്ടി ചായ കുടിച്ചും ചാർപ്പോയ്‌യിൽ കിടന്നും സമയം ചെലവഴിക്കേണ്ടി വരുമെന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി. എനിക്ക് വിരമിക്കാൻ ഒട്ടും താൽപ്പര്യമില്ല, 'ഇനി ഞാൻ എന്തുചെയ്യണം?' എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നു, കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് ഉത്തരം ലഭിച്ചു.
ഒരു ദിവസം രാവിലെ ആറര മണിയോടെ 3 പെൺകുട്ടികൾ എന്റെ വീട്ടിലേക്ക് വരുന്നത് ഞാൻ കണ്ടു. പെൻഷൻ പറ്റിയ മാസ്റ്ററെ കാണാൻ അവർ 23 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടിയെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി! പഠിക്കാനായി അതിയായി ആഗ്രഹിച്ചിരുന്ന ആദിവാസി പെൺകുട്ടികളായിരുന്നു അവർ;
കൂപ്പുകൈകളോടെ അവർ ചോദിച്ചു, ‘മാസ്റ്റർജി, അങ്ങ് ഞങ്ങളെ പഠിപ്പിക്കുമോ?’ ഞാൻ ഉടൻ സമ്മതിച്ചു, ‘ഞാൻ നിങ്ങളെ പഠിപ്പിക്കാം, പക്ഷേ വർഷം മുഴുവനുമുള്ള എന്റെ സ്കൂൾ ഫീസ് നിങ്ങൾ നൽകേണ്ടിവരും– നിങ്ങൾ അതിന് തയ്യാറാണോ?’
അവർ പറഞ്ഞു, ‘അതെ, മാസ്റ്റർജി, ഞങ്ങൾ പണം എങ്ങനെയെങ്കിലും ഉണ്ടാക്കി തരാം, പക്ഷേ ഞങ്ങൾക്ക് പഠിക്കണം.
അപ്പോൾ ഞാൻ അവരോട് പറഞ്ഞു, ‘ഒരു വർഷം മുഴുവനും ആയി എന്റെ ഫീസ് ഒരാൾക്ക് ഒരു രൂപയാണ്!’
അത് കേട്ട അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആയിരുന്നു. അവർ എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു, ‘ഞങ്ങൾ അങ്ങേക്ക് ഒരു രൂപയും 4 ചോക്ലേറ്റുകളും വീതം തരാം!’
ഞാനും സന്തോഷവാനായി. അവർ പോയതിനുശേഷം, ഞാൻ ധോത്തി ധരിച്ച് നേരെ എന്റെ സ്കൂളിലേക്ക് ചെന്നു, എനിക്ക് പഠിപ്പിക്കാൻ ഒരു ക്ലാസ് റൂം തരണമെന്ന് അവരോട് അഭ്യർത്ഥിച്ചു... അവർ പക്ഷേ അത് നിരസിക്കുകയാണ് ഉണ്ടായത്. പക്ഷേ ഞാൻ അങ്ങിനെ തോറ്റു കൊടുക്കാൻ തയാറായിരുന്നില്ല. വർഷങ്ങളുടെ അധ്യാപനം എന്നിൽ ബാക്കിയുണ്ടായിരുന്നു, അതിനാൽ ഞാൻ വീട്ടിലേക്ക് മടങ്ങി, വരാന്ത വൃത്തിയാക്കി എടുത്തു. അവിടെ പഠിപ്പിക്കാൻ തുടങ്ങാൻ ഞാൻ തീരുമാനിച്ചു.
അത് 2004-ൽ ആയിരുന്നു–ഞാൻ എന്റെ പാഠശാല ആ 3 പെൺകുട്ടികളുമായി ആരംഭിച്ചു, ഇന്ന് ഞങ്ങൾക്ക് പ്രതിവർഷം 3000-ത്തിലധികം വിദ്യാർത്ഥികളുണ്ട്, അവരിൽ ഭൂരിഭാഗവും ആദിവാസി പെൺകുട്ടികളാണ്. എന്റെ ദിവസം ഇപ്പോഴും രാവിലെ 6 മണിക്ക് ഗ്രാമത്തിലെ ചുറ്റിനടപ്പ് മുതൽ ആരംഭിക്കുന്നു, തുടർന്ന് എല്ലായിടത്തുനിന്നും വരുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഞാൻ വാതിൽ തുറക്കുന്നു- ചില പെൺകുട്ടികൾ 20-ലധികം കിലോമീറ്ററുകൾ നടന്നാണ് വരുന്നത്.
അവരിൽ നിന്ന് ഞാനും ഒരുപാട് പഠിക്കുന്നു.!!
വർഷങ്ങൾ കഴിഞ്ഞു, എന്റെ കുട്ടികൾ ഉന്നത ജോലികളിൽ എത്തിയവരുണ്ട്. പ്രൊഫസർമാരും, ഡിപ്പാർട്ട്‌മെന്റുകളുടെ തലവന്മാരും, ഐടി പ്രൊഫഷണലുകളും ആയിത്തീർന്നവരുണ്ട്. അവർ എപ്പോഴും എന്നെ വിളിച്ച് എനിക്ക് നല്ല വാർത്തകൾ നൽകിക്കൊണ്ടിരിക്കുന്നു. എല്ലായ്പ്പോഴും എന്നപോലെ, എനിക്ക് കുറച്ച് ചോക്ലേറ്റ് തരാൻ ഞാൻ അവരോട് ആവശ്യപ്പെടുന്നു!
കഴിഞ്ഞ വർഷം, ഞാൻ പത്മശ്രീ നേടിയപ്പോൾ, എന്റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നു. ഗ്രാമം മുഴുവൻ എന്നോടൊപ്പം ആഘോഷിച്ചു- അത് ഒരു ഉത്സവ ദിവസമായിരുന്നു, പക്ഷേ ഞാൻ അന്നും എന്റെ വിദ്യാർത്ഥികളെ ക്ലാസ്സ് കട്ട് ചെയ്യാൻ അനുവദിച്ചില്ല!
എന്റെ വാതിലുകൾ എല്ലാവർക്കും വേണ്ടി തുറന്നിട്ടിരിക്കുന്നു- എപ്പോൾ വേണമെങ്കിലും എന്നെയും എന്റെ പാഠശാലയെയും സന്ദർശിക്കാം. ഞങ്ങളുടെ ഗ്രാമം മനോഹരമാണ്, എന്റെ എല്ലാ വിദ്യാർത്ഥികളും കഴിവുള്ളവരാണ് - നിങ്ങൾക്ക് അവരിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇതാണ് എന്റെ കഥ!
ഞാൻ ബംഗാളിൽ നിന്നുള്ള ഒരു പാവം അധ്യാപകനാണ്, മധുരമുള്ള ചായയും വൈകുന്നേരത്തെ ഉറക്കവും ആസ്വദിക്കുന്ന ഒരു സാധാരണക്കാരൻ. എന്റെ ജീവിതത്തിലെ ഹൈലൈറ്റ് എന്തെന്ന് വെച്ചാൽ എല്ലാവരും എന്നെ മാസ്റ്റർ മോഷായി എന്ന് വിളിക്കുന്നു. എന്റെ അവസാന ശ്വാസം വരെ എനിക്ക് പഠിപ്പിക്കണം എന്നതാണ് എന്റെ ആഗ്രഹം. അതിന് വേണ്ടിയാണ് എന്നെ ഈ ലോകത്തേക്ക് അയച്ചിരിക്കുന്നത്."
🙏സുജിത് ചതോപാധ്യായ:🙏
ബംഗാളിലെ ഒരു രൂപാ മാസ്റ്റർ മോഷായി.