26/10/2020
ഹത്രസ്സിൽ നിന്ന് വാളയാറിലേക്കുള്ള ദൂരം വളരെ കുറവാണ്......................................................................
നമ്മൾക്ക് മറവിയാണ്..!
എല്ലാം പെട്ടെന്ന് മറക്കും...!
ഒറ്റമുറി വീടീൻ്റെ ഉത്തരത്തിൽ തൂക്കിലേറ്റപ്പെട്ട വാളയാറിലെ പതിമൂന്നും, ഒൻപതും വയസ്സുകാരികളെ നമ്മൾ സൗകര്യപൂർവ്വം മറന്ന് തുടങ്ങിയിരിക്കുന്നു...
രണ്ട് പേരുടേയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ " ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയരായി "എന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു
കൊല്ലപ്പെട്ട ഒൻപത് വയസ്സ്കാരിക്ക് ഉയരം 129 cm...
തറനിരപ്പിൽ നിന്ന് അവൾ മുകളിലേക്ക് കൈകൾ ഉയർത്തിയാൽ ഉയരം 152 cm ആകും...
തറനിരപ്പിൽ നിന്നും ഉത്തരത്തിലേക്കുള്ള ഉയരം 292 cm.......!
പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ടിൽ ഇങ്ങനെ എഴുതി "കൊന്ന് കെട്ടിത്തൂക്കാനുള്ള സാദ്ധ്യത ഉണ്ട്"
എന്നിട്ടും നമ്മുടെ പോലീസിന് " ആ പെൺകിടാങ്ങൾ ജീവിത നൈരാശ്യം മൂലം ചെറുപ്രായത്തിൽ ആത്മഹത്യ ചെയ്തു" എന്നാണ് തോന്നിയത്...!
പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രജ്ജിത്ത് കൃഷ്ണ പറഞ്ഞത് " സാഹചര്യത്തെളിവ്, സാക്ഷിമൊഴികൾ, ശാസ്ത്രീയ - മെഡിക്കൽ തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു . രാഷ്ട്രീയ ഇടപെടൽ ഉണ്ടായി . പോലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചിരുന്നെങ്കിൽ വിധി മറിച്ചായേനേ "
പ്രതികളെ രക്ഷപ്പെടുത്താൻ കേസ് കൈകാര്യം ചെയ്ത അഭിഭാഷകനു തോന്നിയ മന:സാക്ഷി ,ആ പാവം പെൺകുട്ടികളുടെ സംരക്ഷകരാകേണ്ട പോലീസിനും, പോലിസിനെക്കൊണ്ട് ഇ കേസ് അട്ടിമറിച്ചവർക്കും ഉണ്ടായില്ല എന്നത് പച്ച പരമാർത്ഥം...
കോടതിയും അസന്നിഗ്ദമായി അത് അടിവരയിട്ട് പറഞ്ഞു " കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു "
പ്രധാന സാക്ഷികൾ, ഇരയടക്കം കൂറ് മാറിയാൽ പോലും ലൈംഗിക പീഡനക്കേസുകളിൽ, മെഡിക്കൽ തെളിവുകളുടേയും, മറ്റ് ശാസ്ത്രീയ തെളിവിൻ്റേയും അടിസ്ഥാനത്തിൽ മാത്രം പ്രതികളെ ശിക്ഷിക്കാമെന്നിരിക്കേ, പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ നൽകുന്ന ചാർജിൽ അത്തരത്തിലുള്ള യാതൊരു തെളിവുകളും ഇല്ലങ്കിൽ കോടതി എന്ത് ചെയ്യും?
കേസ് അന്വേഷിച്ച DYSP സോജൻ, കുറ്റം ഏറ്റെടുക്കാൻ തന്നെ നിർബന്ധിച്ചു എന്ന് പെൺകുട്ടികളുടെ പിതാവ് ഇന്നലെ ആരോപണം ഉന്നയിച്ചിട്ടും നമ്മുക്കാർക്കും മിണ്ടാട്ടം ഇല്ല...
കെട്ടിത്തൂക്കപ്പെട്ടത് ദളിത് പെൺകുട്ടികളാണ് !
പുറമ്പോക്കിൽ താമസിക്കുന്നവരാണ് !
ദരിദ്രരാണ്!
ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണ് !
ഇവരെയൊന്നും മനുഷ്യവിഭവങ്ങളായി കാണുന്നില്ല !
"ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസാണ്, ആ കുട്ടികൾക്ക് നീതി ലഭിക്കും" നിയമമന്ത്രി പറയുന്നു..
എല്ലാതെളിവുകളും നശിപ്പിക്കപ്പെട്ട കേസിൽ ഇനി എന്ത് നീതി സർ...?
"വക്കീലേ,കാര്യമൊക്കെ ശരിയാണ്.
പക്ഷേ ഇതൊക്കെ ഞങ്ങൾ എങ്ങനെ തുറന്ന് പറയും ? ഞങ്ങൾ രാഷ്ട്രീയ അടിമകളല്ലേ?"
മേൽ സൂചിപ്പിച്ചത് വായിച്ച് സ്വയം പിറുപിറുത്ത് നെടുവീർപ്പിടുന്നവർ ഒരു കാര്യം ചെയ്യണം .........
പ്ലീസ്.......
"മക്കളെ, നിങ്ങളെ ആരെങ്കിലും ഇതുപോലെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയാലും ഈ അച്ഛന് വിമർശിക്കാനോ, പോരാടാനോ കഴിയില്ല.....
"കാരണം അച്ഛൻ രാഷ്ട്രീയ അടിമയാണ്......!
അതു കൊണ്ട് നിങ്ങളെ നിങ്ങൾ തന്നെ സംരക്ഷിച്ച് കൊള്ളുക "
വീട്ടിലുള്ള പെൺകുഞ്ഞുങ്ങളോട് ഇത്രയെങ്കിലും പറഞ്ഞേക്കുക... !
അത്രയെങ്കിലും ആശ്വാസം നിങ്ങൾക്ക് ലഭിക്കട്ടെ!!
വിനോദ് മാത്യൂ വിൽസൻ
അഡ്വക്കേറ്റ്