21/03/2024
പുസ്തകലോകം C/O നൗഷാദ് കൊല്ലം
അക്ഷരങ്ങളെ പ്രണയിച്ച പുസ്തകവിൽപ്പനക്കാരൻ്റെ കഥ......
കൊല്ലം ജില്ലയിലെ മൺട്രോതുരുത്തിൽ നിന്നും കാൽനൂറ്റാണ്ടു മുമ്പ് വീടുകൾതോറും കയറിയിറങ്ങി തലച്ചുമടായി പുസ്തകങ്ങൾ വിൽപ്പനയാരംഭിച്ച് സാഹിത്യനഗരമായ കോഴിക്കോടുനിന്നും വിവാഹം കഴിച്ച് ഇവിടെയെത്തി അക്ഷരങ്ങളച്ചടിച്ച പുസ്തകങ്ങളെ വായനക്കാരനിലേക്ക് എത്തിച്ച് തൻ്റെ ജീവനോപാധി കണ്ടെത്തുന്ന നൗഷാദ് കൊല്ലം എന്ന മലയോര ഗ്രാമത്തിലെ തനി നാട്ടുംപുറത്തുകാരൻ എങ്ങനെ അക്ഷരത്തോഴനായി മാറിയെന്ന കഥ
ചുവടെയുള്ള കണ്ണിയിൽ തൊട്ടാൽ പുസ്തകവിൽപ്പനക്കാരനുമായി സംസാരിക്കാം https://wa.me/message/F7S6EXLTYY4UD1
കാൽനൂറ്റാണ്ടുമുമ്പ് വീടുകൾ കയറിയിറങ്ങിയും, ക്ഷേത്രങ്ങളിലെ സപ്താഹ സദസുകൾക്കരികിലും, മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ചകളിലെ സംഘടിതനമസ്കാര സമയത്തും, ക്രിസ്ത്രീയദേവാലയങ്ങളിലെ കൂട്ടുപ്രാർത്ഥന ദിവസങ്ങളിലും വിവിധങ്ങളായ പുസ്തകങ്ങളുമായി അവിടങ്ങളിലെത്തി തൻ്റെ വായനക്കാരെ കണ്ടെത്തിയിരുന്ന ഗ്രാമീണനയായ ഒരു ചെറുപ്പകാരൻ, അത്തരം ഇടങ്ങളിൽ വിപണനലഭ്യത കുറഞ്ഞപ്പോൾ ബസുകളിലും ട്രയിനുകളിലും ഓഫീസുകളും കയറിയിറങ്ങിയുള്ള പുസ്തകവിപണനം ചെയ്തിടത്തുനിന്ന് 2024 ൽ എത്തുമ്പോൾ 2000 ലധികം സമൂഹമാധ്യമ കൂട്ടായ്മകളിലൂടെ നാലരലക്ഷം അക്ഷരക്കൂട്ടുകാരെ തൻ്റെ കൈവശമുള്ള സ്മാർട്ട്ഫോണിലെ സൗഹൃദക്കൂടാരത്തിലൊളിപ്പിച്ച് വ്യത്യസ്തമായ വായനയുടെയും അക്ഷരങ്ങളുടെയും എഴുത്തിൻ്റെയും അച്ചടിയുടെയും വാതായനം തുറന്നു കാട്ടുന്ന ഒരാൾ. നൗഷാദ് കൊല്ലം എന്ന പുസ്തകവിൽപ്പനക്കാരൻ, അക്ഷരങ്ങളെ മാത്രം പ്രണയിച്ചൊരാൾ, അക്ഷരക്കൂട്ടുകളോടുള്ള ഇഷ്ടം കൊണ്ട് മാത്രം പ്രസാധകനായൊരാൾ...
അധികവായനക്കാരോ, സാമ്പത്തിക ലാഭമോ ഇല്ലാത്ത അക്കാദമിക- വൈജ്ഞാനികഗ്രന്ഥങ്ങളുടെ മാത്രം പ്രസാധനത്തിലൂടെ വൈജ്ഞാനിക -സാംസ്കാരികപ്രവർത്തനത്തിൻ്റെ ഏറ്റവും മികച്ച മാർഗ്ഗദർശകൻ അല്ലെങ്കിൽ അംബാസിഡർ എന്ന് നമുക്കിയാളെ വിളിക്കാം. പ്രമുഖ പ്രസാധകർപോലും കൈവെയ്ക്കാനറയ്ക്കുന്ന "വൈജ്ഞാനിക സാഹിത്യകൃതികളുടെ" മാത്രം പ്രസാധന -വിതരണം എന്ന ആശയം പ്രാവർത്തികമാക്കി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാൾ......
മലയാള ഭാഷാസാഹിത്യ വൈജ്ഞാനിക പുസ്തകപ്രസാധനത്തിന് ഇടമൊരുക്കുക എന്ന ലക്ഷ്യത്തിൽ 2019 ഡിസംബറിൽ പ്രാരംഭം കുറിച്ച പുസ്തകലോകത്തിൻ്റെ പേരിൽ പ്രസാധനം ചെയ്യപ്പെട്ട 180 ഓളം കൃതികളുമായി പ്രസാധകനായ നൗഷാദ് കൊല്ലം നേരിട്ട് വായനക്കാർക്കരികിലേക്ക് യാത്ര ചെയ്യുകയാണ്. പുസ്തകലോകം പ്രസാധനം ചെയ്ത കൃതികളുടെ പൊതുസ്വഭാവം പരിശോധിക്കുകയാണെങ്കിൽ ഇദ്ദേഹത്തിൻ്റെ അക്കാദമിക വൈജ്ഞാനിക പഠനമേഖലയോടുള്ള അടങ്ങാത്ത ആഭിമുഖ്യത്തിൻ്റെ കൃത്യമായ ബോധ്യപ്പെടലുകൾ നമുക്കേവർക്കും അനുഭവപ്പെടും. പുസ്തകലോകം പ്രസാധനം ചെയ്ത ഒട്ടുമിക്ക പുസ്തകങ്ങളും അക്കാദമികസമൂഹത്തിന് ഏറെ മുതൽക്കൂട്ടായവയാണ്. അതിലേറെയും നിരവധി പതിപ്പുകളിലായി ധാരാളം വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തവയാണ്. അക്കാദമികരംഗത്തെ ഈടുറ്റപഠനങ്ങൾ പുസ്തമാക്കി അവയെ പൊതു വായനസമൂഹത്തിന് കൂടി ഉപകരിക്കുംവിധം ഓരോയിടങ്ങളിലേക്കും നേരിട്ട് കൊണ്ടുനടന്ന് പരിചയപ്പെടുത്തുകയാണിയാൾ ചെയ്യുന്നത്. നേരിട്ട് തൻ്റെ വായനക്കാരനരികിലെത്തി താൻ പ്രസാധനം ചെയ്ത അക്കാദമികവൈജ്ഞാനിക കൃതികൾക്ക് കൂടുതൽ വായനക്കാരെ സൃഷ്ടിക്കുന്നതിലൂടെ ഇദ്ദേഹം ചെയ്യുന്ന സേവനം വളരെ വലുതാണ്. തൻ്റെ എഴുത്തുകാരോട് പരമാവധി നീതിപുലർത്തി അവരുടെ എഴുത്തുകളെ കൂടുതലധികം ആളുകളെക്കൊണ്ട് വായിപ്പിക്കുക എന്ന കൃത്യമായ ലക്ഷ്യം നൗഷാദ് കൊല്ലം എന്ന പ്രസാധകൻ നേരിട്ട് നിറവേറ്റുകയാണിവിടെ. ഇയാളിലെ പുസ്തകവിൽപ്പനക്കാരന് താൻ പ്രസാധനം ചെയ്ത പുസ്തകം ഏറ്റവും ആവശ്യക്കാരിലെത്തണമെന്ന കൃത്യമായ ബോധ്യമുണ്ടെന്നകാര്യം ഇയാളുടെ ഗ്രൂപ്പുകൾ / സമൂഹമാധ്യമ ഇടങ്ങൾ സന്ദർശിക്കുന്ന വായനക്കാൾക്ക് ബോദ്ധ്യപ്പെടും. ലാഭേച്ഛയില്ലാതെ, തന്നെ വിശ്വസിച്ച എഴുത്തുകാരെ അർപ്പണബോധത്തോടെ വലിയൊരു വായനാസമൂഹത്തിലേയ്ക്കെത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് നൗഷാദ് കൊല്ലവും പുസ്തകലോകവും - ആത്മ ബുക്സും ചെയ്തുപോരുന്നത്. അക്ഷരങ്ങൾ പോലും വാണിജ്യോല്പന്നങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇന്നിൻ്റെ സൈബർ കാലത്ത് അക്ഷരങ്ങളെ അറിവിൻ്റെ ചുവടുകളായി പരിവർത്തനം ചെയ്യാൻ മാത്രം ധൈര്യം കാട്ടുന്നൊരാൾ. ആ ധൈര്യത്തിൻ്റെ ബഹുവചനമത്രേ നൗഷാദ് കൊല്ലം എന്ന പുസ്തക വിൽപ്പനക്കാരൻ.
അക്ഷരങ്ങളുടെ ആത്മാവിനൊരു വൈസ്ചാൻസലറുണ്ടെങ്കിൽ അതിനെ നമുക്ക് നൗഷാദ് കൊല്ലമെന്ന് പേരുചൊല്ലി വിളിക്കാം.
അക്ഷരങ്ങളൊരിക്കലും മരിക്കില്ല. സംസാരിക്കാനൊരു നാവുണ്ടായിരുന്നെങ്കിൽ അവർ പറയുമായിരുന്നു ഇതാ നൗഷാദ് കൊല്ലം: പുസ്തകങ്ങളുടെ സർവകലാശാലയിലെ വൈസ്ചാൻസലർ.
മരച്ചുവടുകളിലിരുന്ന് ഗുരുപാരസ്പര്യത്തിൽ അക്ഷരങ്ങളെ ഭക്ഷിച്ചിരുന്ന നാം അക്ഷരലോകത്തെ കൈയൊഴിഞ്ഞ് സൈബറിടങ്ങളിലേക്ക് ചേക്കേറി.അവിടങ്ങളിലെ ചക്രവാതച്ചുഴിയിലകപ്പെട്ടപ്പോൾ നമ്മെ അതേ സൈബറിടത്തിലൂടെ അക്ഷരസ്നേഹികളും വായനക്കാരുമാക്കുന്ന അല്ലെങ്കിൽ പുസ്തകക്കൂട്ടുകാരാക്കുന്ന മാസ്മരികതയുടെ മാന്ത്രികച്ചെപ്പേറുന്ന അക്ഷരത്തോഴൻ്റെ പേരത്രേ നൗഷാദ് കൊല്ലം. വിരൽത്തുമ്പിൽ നിന്നു വായനയും വിജ്ഞാനശേഖരവും ജ്ഞാനശക്തിയും നഷ്ടമാകുന്ന സൈബർയുഗത്തിൽ മനുഷ്യന്റെ വായനയെ പരിപോഷിപ്പിക്കുന്നതിന് അവനവന്റെ അഭിരുചിക്കനുസരിച്ച് പ്രകാശിതമാകുന്ന പുസ്തകങ്ങളെ വായനക്കാരന്റെ സൈബർകാഴ്ച്ചയിലെത്തിച്ച് അഥവ സ്മാർട്ട് ഫോണിലെ സ്ക്രീനിലെ വാട്സ് ആപ്പ് മന്ത്രമോതിരത്തിലൂടെ വ്യത്യസ്തമായി അക്ഷരവെളിച്ചം പകരുകയാണ് നൗഷാദ് കൊല്ലം.
പുസ്തകലോകമെന്ന 2000 ലധികം വരുന്ന സമൂഹമാധ്യമ കൂട്ടായ്മകൾ വഴി 4.5 ലക്ഷം ലോകമലയാളികളായ അക്ഷരസ്നേഹികളിലേക്കാണ് നൗഷാദ് ഒരേ സമയം താൻ പ്രദർശിപ്പിക്കുന്ന പുസ്തകപരിചയത്തിലൂടെ അക്ഷരവെളിച്ചം പകരുന്നത്. വിപണിയിലിറങ്ങുന്ന പുസ്തകങ്ങളെ അവയുടെ പുറംചട്ട കളിലൂടെയും, ലഘുകുറിപ്പുകളിലൂടെയും പരിചയപ്പെടുത്തുകയാണ് പുസ്തകലോകം കൂട്ടായ്മകൾ വഴി നൗഷാദ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് മലയാളികളായ 4.5 ലക്ഷം അക്ഷരക്കൂട്ടുകാർ ഈ പരിചയപ്പെടുത്തലുകളിലൂടെ ഓരോ പുസ്തകങ്ങളെയും പരിചയപ്പെടുന്നു അല്ലെങ്കിൽ അവരുടെ മൊബൈൽകാഴ്ചയിലൂടെ ഈ പുസ്തകങ്ങളും എഴുത്തുകാരും അവരിലൂടെ കടന്നുപോകുന്നു. കാൽനൂറ്റാണ്ടായി പുസ്തകവിപണനരംഗത്ത് ശ്രദ്ധിക്കുന്ന നൗഷാദ് കൊല്ലം , ആംഗലേയസാഹിത്യത്തിലും,പത്രപ്രവർത്തനത്തിലും ബിരുദാനന്തരബിരുദവും, സഹകരണത്തിൽ ഹയർ ഡിപ്ളോമയും പൂർത്തീകരിച്ച് വിദ്യാഭ്യാസപൂർത്തീകരണത്തിന് ശേഷമാണ് പുസ്തകക്കെട്ടുകളുമായി കളത്തിലിറങ്ങിയത്.
2019 മുതൽ നാളിതുവരെ കോഴിക്കോട് ആത്മബുക്സുമായി സഹകരിച്ച് 160 ലധികം അക്കാദമിക വൈജ്ഞാനികകൃതികൾ പ്രസാധനം ചെയ്ത് ആ പുസ്തകങ്ങൾ ഏറ്റവും ആവശ്യക്കാരിലേക്ക് നേരിട്ടെത്തിച്ച് കൊണ്ട് പുസ്തകപ്രസാധനരംഗത്തും തൻ്റേതായ മികവ് തെളിയിച്ചു. കുടുംബ പാരമ്പര്യമോ, രാഷ്ട്രീയ സാമൂഹിക-സാഹിത്യരംഗത്തെ പ്രബലരുടെ പിന്തുണയോ സഹായമോ ഒന്നും തന്നെയില്ലാതെ ആഗോള മലയാളി വായനക്കാർക്കിടയിൽ തൻ്റേതായ ഇടമൊരുക്കാൻ നൗഷാദിന് കഴിഞ്ഞുവെന്നത് തെല്ല് അസൂയയോടെ നോക്കിക്കാണേണ്ടത് തന്നെയാണ്.
ടിപ്പർ ലോറി ക്ലീനറായും, കെട്ടിട നിർമ്മാണ മേഖലയിലും,വിവിധപത്രമാധ്യമസ്ഥാപനങ്ങളിലും,പ്രസാധനശാലകളിലും,ബാങ്കിലുമെല്ലാം തൊഴിൽ ചെയ്തുവെങ്കിലും അക്ഷരങ്ങളും പുസ്തകങ്ങളും വിട്ടൊഴിഞ്ഞ ജീവിതം നൗഷാദിനെ സംതൃപ്തനാക്കിയില്ല. മുഖ്യധാരാരാഷ്ട്രീയ സാംസ്കാരിക ഇടങ്ങളിൽ നേതൃപരമായ പങ്കുവഹിക്കുമ്പോഴും ജീവനോപാധിയായി പുസ്തകവിൽപ്പനയോ, ചെറുനാരങ്ങ വിൽപ്പനയോ, മറ്റ് കൂലിപ്പണികളോ ഒക്കെ ചെയ്തിരുന്നു ഇദ്ദേഹം. 13 വർഷമായി കോഴിക്കോട് ജില്ലയിലെ കല്ലായിയിൽ താമസിക്കുന്ന നൗഷാദ് കൊല്ലം കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്,കേരളസംസ്ഥാനബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ചിന്തപബ്ലിഷേഴ്‌സ്,ആത്മബുക്സ്,കേരള സാഹിത്യഅക്കാദമി,ഫോക് ലോർ അക്കാദമി എന്നിവയുടെ പുസ്തക പ്രൊമോട്ടറുമാണ്. കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പുസ്തകങ്ങൾ ഏറ്റവുമധികം വാങ്ങി വിൽക്കുന്ന വിൽപ്പനക്കാരനുമാണിയാൾ.
ഒരു സ്മാർട്ട്ഫോൺ മാത്രമുപയോഗിച്ചും വീട്ടിലെ കിടപ്പുമുറിയിൽ ക്രമീകരിച്ചിരിക്കുന്ന പു സ്തകക്കെട്ടുകൾ കൊണ്ടും രണ്ടായിരത്തിലധികം വരുന്ന പുസ്തകലോകം എന്ന സാമൂഹ്യമാധ്യമ കൂട്ടായ്മകൾ വഴിയും ലോകത്തിന്റെ വിവിധകോണുകളിലുള്ള മലയാളി വായനക്കാരുടെയും ഗവേഷകരുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പുസ്തകത്തോഴനായി മാറിയിരിക്കുന്നു ഇയാളിന്ന്. കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ ഭാഗവതപാരായണസ്ഥലങ്ങളിലും, സപ്താഹദിനങ്ങളിൽ ക്ഷേത്രപരിസരങ്ങളിൽ ഹൈന്ദവപുരാണകൃതികൾ വിപണനം ചെയ്തും, വെള്ളിയാഴ്ച്ചകളിൽ മുസ്ലീം പള്ളികളിലെ സംഘടിത നമസ്കാരസമയത്ത് ബുക്കുകൾ പള്ളി പരിസരങ്ങളിൽ പ്രദർശിപ്പിച്ചും,ബസ്സിലും തീവണ്ടികളിലും,സ്കൂളുകളിലും H&C യുടെ പുസ്തകങ്ങളും, വീട് വീടാന്തരം കയറിയിറങ്ങി ആത്മീയപുസ്തകങ്ങളും വൈജ്ഞാനികപുസ്തകങ്ങളും വിറ്റുകൊണ്ടാണ് പുസ്തക വിൽപ്പനരംഗത്തേക്ക് കടക്കുന്നത്. ഇതിനിടയിൽ പാറമടയിലെ തൊഴിലാളിയായും,ടിപ്പർലോറി ക്ലീനറായും, കൂലിപ്പണികളും, പച്ചക്കറി വ്യാപാരവും, വിദേശസ്ഥാപനത്തിലെ ജോലികളുമൊക്കെ ചെയ്തുവെങ്കിലും അക്ഷരങ്ങളും പുസ്തകങ്ങളുമായിരുന്നു എപ്പോഴും മനസ്സിൽ. പതിനൊന്നു വർഷങ്ങൾക്കു മുമ്പ് വെറും 1500 രൂപയുമായി കോഴിക്കോട് കല്ലായിപ്പുഴയുടെ ഓരത്തുനിന്നും നൗഷാദ് തുഴഞ്ഞ പുസ്തകലോകമെന്ന പുസ്തകവഞ്ചി ഇന്ന് തുഴഞ്ഞ് ചെല്ലാത്ത ഒരിടവും ഈ ഭൂലോകത്തിലില്ല. ലോകത്തിന്റെ ഏത്കോണിൽ മലയാളി ഉണ്ടോ അവിടെയെല്ലാം നൗഷാദ് കൊല്ലവും പുസ്തകലോകവും ചെന്നെത്തിയിരിക്കുന്നുവെന്നതാണ് ഇന്നിന്റെ യാഥാർത്ഥ്യം.
പുസ്തകക്കെട്ടുകൾ തലച്ചുമടായി ചുമന്ന് സംഘടനസമ്മേളനനഗരികൾ,സ്കൂളുകൾ,കലാലയങ്ങൾ,സർക്കാർ ഓഫിസുകൾ, പുസ്തകം വാങ്ങുമെന്ന് പ്രതീക്ഷയുള്ള ആളുകൾ എത്തിച്ചേരുന്ന രാഷ്ട്രീയ-സാമൂഹിക, സംഘടനസമ്മേളന വേദികൾ, പള്ളികൾ, അമ്പലങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ തുടങ്ങി അക്ഷരദീപം തേടുന്നവരുടെയരികിലേക്ക് ഒരു കൈത്തിരി വിജ്ഞാനവെളിച്ചം എത്തിക്കുകയാണ് ഈ ചെറുപ്പക്കാരൻ ചെയ്തുവരുന്നത്. പുസ്തക വിപണനത്തിൻ്റെ പരമ്പരാഗതരീതികളവലംബിക്കവേയാണ് കൈവശം എത്തിച്ചേർന്ന സ്മാർട്ട് ഫോണിലെ സാമൂഹമാധ്യമത്തെ ഉപയോഗിച്ച് തന്റെ പുസ്തക വിപണനത്തിന് അനുയോജ്യമായ സൈബറിടമായി ചെറിയതോതിൽ തന്റെ ഇടപാടുകാർക്ക് വിപണിയിൽ ലഭ്യമായ പുതിയതും പഴയതുമായ പുസ്തകങ്ങളെ അവയുടെ കവർചിത്രങ്ങളിലൂടെയും, ലഘുകുറിപ്പുകളിലൂടെയും പരിചയപ്പെടുത്തിത്തുടങ്ങിയത്.സന്ദേശങ്ങൾ കോൺറ്റാക്റ്റ് ലിസ്റ്റിലെ വ്യക്തികൾക്ക് നേരിട്ടയക്കുകയായിരുന്നു പതിവ്.ഇങ്ങനെ സന്ദേശങ്ങൾ അയച്ചുകിട്ടിയ കാലിക്കറ്റ് സർവ്വകലാശാല ഫോക് ലോർ വിഭാഗം ഗവേഷക വിദ്യാർത്ഥി റോവിത്ത്കുട്ടോത്ത് ആണ് വാട്സ്ആപ് കൂട്ടായ്മയുടെ സാദ്ധ്യത ആദ്യമായി പരിചയപ്പെടുത്തുന്നത്. ഇത് പ്രയോജനപ്പെടുത്തി ആദ്യമായി പുസ്തകലോകം എന്ന 25 പേരുള്ള ഗ്രൂപ്പ് രൂപീകരിച്ച് നൽകിയത് കാലിക്കറ്റ് സർവ്വകലാശാലയിലെ അന്നത്തെ എം.ഫിൽ വിദ്യാർത്ഥിയായിരുന്ന
ആസിഫ്കൂരിയാട്
ആയിരുന്നു. ആദ്യമായി രൂപീകരിച്ച പുസ്തകലോകം ഗ്രൂപ്പിൽ ചേർന്ന 25 അംഗങ്ങൾ കൂട്ടായ്മയുടെ ഉപകാരം മനസ്സിലാക്കുകയും പുസ്തകസ്നേഹികളായ അവരുടെ കൂട്ടുകാരെയെല്ലാം പുസ്തകലോകം എന്ന കൂട്ടായ്മയുടെ ഭാഗമാക്കുകയുമായിരുന്നു. പടിപടിയായി പുസ്തകലോകം എന്ന വാട്സ്ആപ് കൂട്ടായ്മ അംഗബലത്താൽ വളർന്നുവളർന്ന് രണ്ടായിരത്തിലധികം കൂട്ടായ്മകളിലായി 4.5 ലക്ഷം ലോകമലയാളികളിലെത്തിനിൽക്കുന്നു.
അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്ന ലോകമലയാളികൾക്കിടയിൽ പുസ്തകലോകം വൈജ്ഞാനികമരമായി വളർന്നു പന്തലിച്ചിരിക്കുന്നു ഇന്ന്. അക്ഷരമരത്തിന് വെളളവും വളവും നൽകി
8848663483
9496105082
എന്നീ വാട്സ്ആപ് നമ്പരുകളിലൂടെ നൗഷാദ് കൊല്ലവും സജീവതയിലുണ്ട്. നൗഷാദിൻ്റെ നമ്പരിൽ ദിനംപ്രതി ധാരാളമാളുകൾ പുസ്തകന്വേഷണങ്ങൾക്കും പുസ്തകലോകം കൂട്ടായ്മയിൽ ചേരുന്നതിനുമായി ബന്ധപ്പെടാറുണ്ട്. വിപണിയിലിറങ്ങുന്ന പുസ്തകം കണ്ടെത്തുക,അവയെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക, ഓരോ പുസ്തകത്തെയും പരിചയപ്പെടുത്തുക, ആവശ്യക്കാരുടെ ഓർഡർ സ്വീകരിക്കുക,കൃത്യസമയത്ത് പുസ്തകക്കെട്ടുകൾ ആവശ്യക്കാരനെത്തിച്ചു നൽകുക,ലഭ്യമാകുന്ന ഓർഡർപ്രകാരം പുസ്തകങ്ങൾ പ്രസാധകരിൽ നിന്നും ശേഖരിക്കുക, യഥാസമയം (വിദേശത്തും സ്വദേശത്തും) ഓൺലൈനായും, ഓഫ്
ലൈനായും അവയുടെ വിലവാങ്ങിയെടുക്കുക തുടങ്ങി മുഴുവൻ പ്രവൃത്തികളും നൗഷാദ് കൊല്ലം എന്ന പുസ്തകമരത്തിൻ്റെ ശിഖരങ്ങളിലൂടെയാണ് നടക്കുന്നത്. ഇതിനിടയിൽ ഓഫിസുകൾ, സ്കൂളുകൾ, രാഷ്ട്രീയ,സംഘടനസമ്മേളനനഗരികൾ, പുസ്തകോത്സവനഗരികൾ എന്നിവിടങ്ങളിൽ വിൽപ്പനയ്ക്കായി പുസ്തകക്കെട്ടുകളുമായിപോകുകയും ചെയ്യും.
തൻ്റെ പ്രീഡിഗ്രി പഠനകാലയളവിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ അന്നത്തെ എ ക്ലാസ് ഗ്രന്ഥശാലയായ ചിതറ ഗ്രാമപഞ്ചായത്തിലെ വളവുപച്ച
സി.കേശവൻ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടുതുടങ്ങുമ്പോഴാണ് പുസ്തകങ്ങളുമായി ഇദ്ദേഹത്തിന് ബന്ധം തുടങ്ങുന്നത്. ലൈബ്രററി പ്രസിഡൻ്റായ ശശ:ശരീരനായ കെ.പി. കരുണാകരൻ്റെ വാത്സല്യങ്ങളാലും , അവിടത്തെ പുസ്തകാനുഭവങ്ങളും വായനാനുഭവങ്ങളും ഗ്രന്ഥശാലാപ്രവർത്തനങ്ങളും ഇന്നത്തെ പുസ്തകവിൽപ്പനയ്ക്ക് ഏറെ സഹായകരമായിട്ടുണ്ടെന്ന് നൗഷാദ് ഓർമ്മിക്കുന്നു. ബിരുദ പഠനത്തോടൊപ്പം പുസ്തകവിൽപ്പനയിലും മറ്റു ചെറിയ തൊഴിലുകളിലും ശ്രദ്ധിച്ചു തുടങ്ങിയ നൗഷാദ് കൂലിപ്പണികൾ ചെയ്യുന്നതിനോടൊപ്പം രാഷ്ട്രീയ-സാമുഹിക-സാംസ്കാരിക - ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും,സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഒരു പക്ഷേ ആ തിരഞ്ഞെടുപ്പുകളിൽ നൗഷാദ് കൊല്ലം വിജയിച്ചിരുന്നുവെങ്കിൽ ഒരിക്കലും മലയാളിക്ക് ഇങ്ങനെയൊരു അക്ഷരമരത്തണൽ ലഭിക്കില്ലായിരുന്നു. ഇതിനിടയിൽ എം.എ ഇംഗ്ലീഷ്, എം.എ ജേർണലിസം, എച്ച്.ഡി.സി ബിരുദങ്ങൾ കരസ്ഥമാക്കിയ നൗഷാദ് ഇപ്പോൾ പുസ്തകപ്രസാധകനും മുഴുവൻസമയ പുസ്തകവിൽപ്പനക്കാരനുമാണ്.
അമേരിക്ക, ആസ്ട്രേലിയ, കാനഡ,ആഫ്രിക്ക,ലണ്ടൻ, സിംഗപ്പൂർ മറ്റ് പാശ്ചാത്യ അറബ്
യുറോപ്യൻ രാജ്യങ്ങളിലെല്ലാമുള്ള മലയാളികൾ പുസ്തകലോകം വാട്സ്ആപ് കൂട്ടായ്മയുടെ ഭാഗമാണ്. ഇവിടങ്ങളിലേക്കെല്ലാം നൗഷാദ് പുസ്തകക്കെട്ടുകൾ അയച്ചുനൽകുകയും ചെയ്യുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സർവ്വകലാശാലകളിലെയും ഗവേഷകർ, ഗവേഷക മാർഗ്ഗദർശികൾ ,വിദ്യാർത്ഥികൾ,അദ്ധ്യാപകർ എന്നിവർ തങ്ങൾക്ക് റഫറൻസിന് അത്യാവശ്യമുള്ള പല പഴയ പുസ്തകങ്ങളും ലഭ്യമാകാതെ വരുമ്പോൾ ആശ്രയിക്കുന്ന ഇടമാണ് പുസ്തകലോകവും പുസ്തകവിൽപ്പനക്കാരൻ നൗഷാദ്കൊല്ലവും 'ഇവരുടെ ആവശ്യത്തിന് വേണ്ട പുസ്തകങ്ങളുടെ വിവരങ്ങൾ ചേർത്ത് ഗ്രൂപ്പുകളിൽ പോസ്റ്റിടുകയും ആ പുസ്തകം കൈവശമുള്ള ആളുകളിൽ നിന്നും വാങ്ങി പകർപ്പെടുത്ത് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്യും.കൂടാതെ ഇന്ത്യയിലെ ഒട്ടുമിക്ക സർവ്വകലാശാലകളും പ്രസിദ്ധീകരിച്ച ഗവേഷകജേർണലുകൾ,പുസ്തകങ്ങൾ എന്നിവ പുസ്തകലോകം വഴി പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്യാറുണ്ട്. പുസ്തകലോകം കൂട്ടായ്മയുടെ ചുവട് പിടിച്ച് മറ്റ് പല ക്രിയാത്മക കൂട്ടായ്മകൾക്കും രൂപം നൽകുവാനും നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകുവാനും പുസ്തകവിൽപ്പനക്കാരന് കഴിയുന്നു.
കംപ്യൂട്ടർ സംവിധാനങ്ങളോ,ഓൺലൈൻസംവിധാനങ്ങളോ, ഓഫിസോ, വിൽപ്പനലഭ്യതക്കുവേണ്ടിയുള്ള വലിയ വാഗ്ദാനങ്ങളോ ഒന്നും തന്നെയില്ലാതെ വാട്സ്ആപ് കൊണ്ട് മാത്രം ലക്ഷക്കണക്കിന് ഉപഭോക്താക്കളെ തനിച്ച് ഒരു സ്മാർട്ട്ഫോൺ കൊണ്ടു മാത്രം സംതൃപ്തരാക്കി മുന്നോട്ടുകൊണ്ടുപോകുന്ന കച്ചവടതന്ത്രം നൗഷാദിന് സ്വന്തം.
വെറുമൊരു പുസ്തകവിൽപ്പനക്കാരനായി മാത്രം ഒരു ചെറു ഇടത്തിൽ ഒതുങ്ങേണ്ട ഒരാൾ ഒരു സ്മാർട്ട്ഫോൺ മാത്രമുപയോഗിച്ച് അക്ഷരങ്ങളെയും പുസ്തകങ്ങളെയും പുസ്തകസ്നേഹികളെയും എഴുത്തുകാരെയും ഒറ്റക്കണ്ണിയിൽ കോർക്കുകയും അവരെ അക്ഷരങ്ങളിലൂടെ സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും യാത്ര ചെയ്യുകയാണ്. ഈ പുസ്തകവഞ്ചിയിൽ ഒപ്പം തുഴയാൻ സാക്ഷാൽ കുഞ്ഞുണ്ണി മാഷ് പഠിപ്പിച്ചിരുന്ന കോഴിക്കോട് മീഞ്ചന്ത രാമകൃഷ്ണമിഷൻ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അറബി അധ്യാപികയും ജീവിതപങ്കാളിയുമായ ജംഷീറ എൻ.വിയും, മക്കൾ അൻജുംകരീം, അനുംഹസൻ, അജൽമുഹമ്മദ് എന്നിവരമുണ്ട്.
വാട്സ് ആപ്, ടെലഗ്രാം,ഫേസ്ബുക്ക്ഗ്രൂപ്പുകളിലായി 2000 ന് മുകളിൽ ഇടങ്ങളിലായി 4.5 ലക്ഷം ആളുകളെ ഒറ്റക്കണ്ണിയിലാക്കി വിരൽത്തുമ്പിലൂടെ കണ്ണിമുറിയാതെ നൗഷാദ് കൊല്ലം തൻ്റെ പുസ്തക കെട്ടുവള്ളം തുഴയുകയാണ്.
പുസ്തകലോകം കൂട്ടായ്മയിൽ ചേരാനായി 8848663483,
9496105082 എന്നനമ്പരിലേക്കു വരുന്ന സന്ദേശങ്ങളുടെ ബാഹുല്യവും,പുസ്തകന്വേഷകരുടെ ഇടപെടലുകളുടെഎണ്ണക്കൂടുതലും നൗഷാദ് കൊല്ലം എന്ന അക്ഷരസ്നേഹിയുടെ സമർപ്പിത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. സൈബർയുഗത്തിൽ സാങ്കേതികതയെ പാരമ്പര്യവുമായി കൂട്ടിയിണക്കി നമ്മുടെ വായനസംസ്കാരത്തെ തിരിച്ചുപിടിക്കാൻ വിപ്ലവകരമായി സമൂഹമാധ്യമത്തെ ഉപയോഗിക്കുന്ന നൗഷാദ്കൊല്ലം എന്ന അക്ഷരവൃക്ഷത്തിന്റെ ചുവട്ടിലും ചില്ലകളിലുമായി നമുക്കും ചേക്കേറാം, അക്ഷരക്കൂടൊരുക്കാം, വായന തിരിച്ചു പിടിക്കാം .
നമുക്കും നമ്മുടെ പുതുതലമുറയിലും അക്ഷരവെളിച്ചം പകരുന്നവരോടൊപ്പം പുതിയൊരു വായനസംസ്കാരം വളർത്തിയെടുക്കാം. അതെ, വൈവിദ്ധ്യങ്ങളിലൂടെ സാദ്ധ്യതകൾ തേടുമ്പോഴാണ് പുതിയ ഇടങ്ങളൊരുങ്ങുന്നത്. ഒരുക്കിയ ഇടങ്ങൾ നിലനിർത്തി പുതിയ ഇടങ്ങളിലേക്ക് ചേക്കേറിക്കൊണ്ട് അറിവും വിജ്ഞാനവും ലോകത്തിന് പകർന്നുകൊണ്ട് ഈ ലോകത്തിൽ പുസ്തകവിൽപ്പനക്കാരനും ഇടമുണ്ടെന്ന് തെളിയിച്ചു സംതൃപ്തരായ അനേകലക്ഷം അക്ഷര സ്നേഹികൾക്കിടയിൽ നിശബ്ദനായി പുസ്തകവിൽപ്പനക്കാരനായി സ്വയം അടയാളപ്പെടുത്തി പുസ്തകക്കെട്ടുകളുമായി അയാൾ നടന്നകലുകയാണ്. തൻ്റെ യാത്രയിൽ പുതിയ ഇടങ്ങളൊരുക്കുവാനും ആ ഇടങ്ങളിലേക്ക് ലോകമലയാളികളെ സംഘടിപ്പിക്കുവാനുമായി ഒരു പുസ്തക വിൽപ്പനക്കാരൻ. അക്ഷരങ്ങളെ ഇത്രമേൽ പ്രണയിക്കുന്ന പുസ്തകസ്നേഹികൾ അപൂർവ്വങ്ങളായിരിക്കാം. അധ്യാപകർ, വിദ്യാർത്ഥികൾ,ഗ്രന്ഥശാലപ്രവർത്തകർ, എഴുത്തുകാർ,വായനക്കാർ, പ്രസാധകർ തുടങ്ങി പുസ്‌തകങ്ങളോട് ,അക്ഷരങ്ങളോട് കൂട്ടുകൂടാൻ താൽപ്പര്യമുള്ള ഏതൊരാളും അറിയേണ്ടൊരു അക്ഷരമരം തന്നെയാണ് നൗഷാദ് കൊല്ലവും അയാളുടെ പുസ്തകലോകവും.