04/02/2024
യു എ ഇ നാഷണൽ ഡേ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് നാട്ടിൽ ഏറെ പ്രിയപ്പെട്ടയൊരാൾ മരണപ്പെടുന്നത്. . പാതിരാത്രിയാണോ മുക്കാൽ രാത്രിയാണോ എന്നൊന്നും നോക്കാതെ കിട്ടിയ എയർഇന്ത്യയിൽ കോഴിക്കോടേക്ക് പറന്നു ..
വിമാനത്തിലെ ആദ്യ ബഹളമൊക്കെ തീർന്ന് ലൈറ്റൊക്കെ ഓഫാക്കിയ ഉടനെ യാത്രക്കാർ ഉറങ്ങിത്തുടങ്ങി. . മരണപ്പെട്ടയാൾ എനിക്ക് നൽകിയ സ്നേഹത്തേക്കുറിച്ചും കുട്ടിക്കാലത്തുനൽകിയ കളിപ്പാട്ടങ്ങളും മിട്ടായികളും സമ്മാനങ്ങളുമൊക്കെയോർത്ത് വിതുമ്പിക്കൊണ്ട് ഞാനും. . ഇടയ്ക്കിടെ ഞെട്ടിച്ചുകൊണ്ട് വിമാനത്തിൽ ബുള്ളെറ്റ് കയറിയതുപോലെ ചിലരുടെ കൂർക്കം വലിയും. .
ഇത്രയും യാത്രക്കാർ കൂടെ ഉണ്ടായിട്ടും തനിച്ച് ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോലെ ആയിരുന്നു ആ രാത്രിയാത്ര. .
അപ്പയാണ് പിറകിൽ നിന്നും ഒരു ആഫ്രിക്കക്കാരി മുൻവശത്തെ വാഷ്റൂമിലേക്ക് പോകുന്നത് കണ്ടത്. തിരിച്ചുവരുമ്പോൾ ഉറങ്ങാത്ത എന്നെക്കണ്ട് അവൾ മിണ്ടാൻ വരണ്ട എന്നുകരുതി ഞാൻ കണ്ണടച്ച്..
ഉറങ്ങാതെ ഉറങ്ങിയ എന്റെ അരികിൽ വന്ന് അവൾ ഒരു ‘യെസ്ക്യുസ്മി’ പറഞ്ഞു. . ഉറക്കം നടിച്ചതോർക്കാതെ ഞാൻ കണ്ണ് തുറന്നു .. ഈ രാത്രിയിൽ ആകാശത്തുവെച്ചുള്ള ഈ കരച്ചിൽ എന്തിനാണെന്ന് ചോദിച്ചറിഞ്ഞ അവൾ അവളുടെ കൂട്ടുകാരിയെ എന്റെ ഉമ്മയുടെ അടുത്തിരുത്തി എന്നെ അവളുടെ സീറ്റിലേക്കും കൊണ്ടുപോയി ..
അവൾ എന്നെ നിർബന്ധിച്ചു സംസാരിപ്പിച്ചു തുടങ്ങി.. കവിതകകളെകുറിച്ചും കഥകളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചുമൊക്കെ അവൾ സംസാരിച്ചു ..
പിന്നെ എന്നെ ചിരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവൾ .. ഞാൻ സന്തോഷിക്കട്ടെ എന്നുകരുതിയാവും എന്റെ കൺപുരികത്തെക്കുറിച്ചും കവിളിലെ കറുത്ത പുള്ളിയെക്കുറിച്ചും അവൾ വാചാലയായി.. അതൊന്നും നമ്മള് കാര്യമാക്കിയില്ല എന്ന് മനസ്സിലാക്കിയപ്പോൾ, നാട്ടിലെ പെൺകുട്ടികൾ മൊത്തം സുന്ദരികളായിരിക്കും അല്ലെ എന്ന് ചോദിച്ചു. (യാത്ര ഇങ്ങനെയൊരു സന്ദർഭത്തിലായത് നാട്ടിലെ പെൺകുട്ടികളുടെ ഭാഗ്യം.. അല്ലായിരുന്നെങ്കിൽ എല്ലാരും സുന്ദരികൾ എന്നുപറയാൻ ഞാൻ സമ്മതിക്കില്ല 😎)
‘അതെ ഞങ്ങളുടെ നാട്ടിലെ എല്ലാ പെൺകുട്ടികളും സുന്ദരികളാണെന്ന്’ ഞാൻ.
‘അവർ ദൈവവിശ്വാസികളാണോ’ എന്നവർ
‘98%’ എന്ന് ഞാൻ
‘എങ്കിൽ നിങ്ങളുടെ അമ്പലങ്ങളിലും മസ്ജിദുകളിലും ചർച്ചുകളിലും ’വിശ്വാസികളായ‘ പുരുഷന്മാർ കൂടുതലായിരിക്കുമല്ലോ’ എന്നവർ.
കണ്ണ്മിഴിച്ച് അന്തംവിട്ട് അവരെ തുറിച്ചുനോക്കിയപ്പോൾ അവർ ചിരിച്ച്..
അവരുടെ നാട്ടിലെ വിശ്വസിയല്ലാത്ത എല്ലാ തരികിടയും കളിക്കുന്ന ഒരു പ്രമുഖൻ (അവരുടെ നാട്ടിലും പ്രമുഖർക്ക് പേരില്ല ) പെട്ടന്ന് ദൈവവിശ്വാസിയായെന്നും മുടങ്ങാതെ നേരത്തെകാലത്തെ ചർച്ചിലെത്തുന്നതും കണ്ട് നാട്ടുകാരൊക്കെ അതിശയിച്ചെന്നും പെട്ടന്നുണ്ടായ ഇയാളിലെ മാറ്റം എങ്ങനെ സംഭവിച്ചെന്നും അവർ അന്വേഷണം നടത്തിയപ്പോഴാണ് ആ കാര്യം അവർക്ക് മനസ്സിലായതെന്ന്. .
കമ്പാലയിലെ സുന്ദരികളായ സ്ത്രീകളെല്ലാം വിശ്വാസികളായിരുന്നെന്നും അവരെ കാണാൻവേണ്ടിയാണ് മൂപ്പര് ആരാധനാലയങ്ങളിൽ നിന്നും ഇറങ്ങാതായതെന്നും പറഞ്ഞ് അവർ ചിരിച്ചപ്പോൾ എല്ലാം മറന്ന് ഞാനും ചിരിച്ചു. .
എന്നെ ചിരിപ്പിച്ച സന്തോഷത്തിൽ അവർ എന്നെത്തന്നെ നോക്കിയിരിന്നു ..
ഇപ്പയത്തെ പ്രശ്നം എന്തെന്നുവെച്ചാൽ പ്രാർത്ഥനക്ക് പോകുന്ന എല്ലാ പുരുഷുസിനെയും ഞാൻ സംശയത്തോടെ നോക്കാൻതുടങ്ങി എന്നതാണ് 😑😔...