30/10/2024
അമ്പലപ്പുഴയിലെ ആദ്യ അദാലത്തിൽ 223 കേസുകൾ തീർപ്പാക്കി
ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സർക്കാർ നിർദ്ദേശ പ്രകാരം സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകള്‍ക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ ആദ്യ അദാലത്ത് അമ്പലപ്പുഴ താലൂക്കിൽ താലൂക്ക് ഓഫീസ് ഹാളിൽ നടന്നു.
അദാലത്തിൽ ഈ വർഷം ആഗസ്റ്റ് 31 വരെയുള ഫീസിളവിനർഹതയുള്ള ( 25 സെൻ്റിൽ താഴെ) ഫോം 6 അപേക്ഷകളും, ഡാറ്റാ ബാങ്കിൽ നിന്നു ഒഴിവാക്കുന്നതിനായുള്ള ഫോം 5 അപേക്ഷകളുമാണ് പരിഗണിച്ചിട്ടുള്ളത്. അദാലത്തിൽ 223 കേസുകൾ തീർപ്പാക്കി. ഈ കാലയളവിലെ തീർപ്പാക്കാൻ ശേഷിയ്ക്കുന്ന കേസുകളിൽ നവംബർ 30 നുളളിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ തുടരും. ഓഗസ്റ്റ് 31 വരെ ലഭിച്ച അപേക്ഷകൾ എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ബഹു.റവന്യൂ വകുപ്പ് മന്ത്രി ശ്രീ.കെ.രാജന്റെ പ്രത്യേക നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന അദാലത്ത് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടക്കുക. നിലവിലുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കലാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. 2024 സെപ്തംബറോടെ സംസ്ഥാനത്തെ 27 ആര്‍ഡിഒ മാര്‍ക്കൊപ്പം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി തരംമാറ്റ അപേക്ഷകള്‍ പരിഗണിക്കാനുള്ള അധികാരം നല്‍കി നിയമസഭ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ആര്‍ഡിഒ മാരും ഡെപ്യൂട്ടി കളക്ടര്‍മാരുമാണ് ഇപ്പോള്‍ തരം മാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചത്.