11/20/2020
ബാച്ചിലേഴ്സ് റൂം
*****************
ഞാൻ കണ്ടിട്ടുള്ളതിൽ എറ്റവും ഊഷ്മളമായ സൗഹൃദങ്ങൾ ഉള്ളത് പ്രവാസി ബാച്ചിലേഴ്സ് റൂമിലാണ്.
വിഭിന്നമായ നാട്, ജാതി, മതം, രാഷ്ട്രീയം.
പക്ഷേ മനസ്സ് ഒന്ന്.
പല സാമൂഹ്യ പശ്ചാത്തലത്തിൽ നിന്ന് വന്നവർ ഒരു ചെറിയ മുറിയിൽ, നിന്ന് തിരിയാൻ ഇടം ഇല്ലാത്ത സ്ഥലത്ത്, ഒരു ടോയ്ലറ്റും, അടുക്കളയും ഒക്കെ നല്ല യോജിപ്പോടെ ഒന്നിച്ച് ഉപയോഗിച്ച്, വളരെ സൗഹൃദയത്തിൽ ഒന്നിച്ച് പാർക്കുന്നതാണ് മിക്ക പ്രവാസി ബാച്ചിലേഴ്സ് റൂമും.
ബാച്ചിലേഴ്സ് റൂം എന്ന് പറയുന്നത് തന്നെ ഒരു അതിശോക്തിയാണ്.
ബെഡ് സ്പേസ് എന്നാണ് പൊതുവേ പറയപ്പെടുന്നത്.
അതായത് അവന് ഒരു കട്ടിൽ ഇടാനുള്ള സ്ഥലമെ സ്വന്തമായി ആ റൂമിലുളളു.
അതു കഴിഞ്ഞാൽ ആ മുറി വേറെ ആളുകളുടെയായി.
അഞ്ചും, ആറും പത്തും ആളുകൾ ഈ മുറികളിൽ സഹോദരങ്ങളെപ്പോലെ സ്നേഹത്തോടെ കഴിയുന്നു.
സന്തോഷങ്ങൾ ബിരിയാണി വച്ച് കഴിച്ചും, ദുഖങ്ങൾ പരസ്പരം പങ്ക് വച്ചും ജീവിതം ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകുന്നു.
മറ്റവൻ്റെ സോപ്പ്, ചീപ്പ് തുടങ്ങി കഴിക്കുന്ന പാത്രങ്ങൾ വരെ സ്വന്തം പോലെ ഉപയോഗിക്കുന്നു.
ഒരാൾ ഭക്ഷണം പാചകം ചെയ്യുമ്പോൾ, മറ്റൊൾ പച്ചക്കറികൾ അരിയുന്നു, മറ്റൊൾ പാത്രം കഴുകുന്നു.
വേരെയൊരാൾ അടുക്കളയും, മുറിയും വൃത്തിയാക്കുന്നു.
ഒരാൾക്ക് ശമ്പളം വൈകിയാൽ, അയാളുടെ ആവശ്യങ്ങൾ ബാക്കിയുള്ളവർ നോക്കുന്നു.
ഒരാൾക്ക് ജോലി നഷ്ടപ്പെട്ടാൽ, പുതിയ ജോലി കിട്ടുന്നത് വരെ അയാളുടെ വാടകയടക്കം എല്ലാ ചിലവുകളും ബാക്കിയുള്ളവർ വഹിക്കുന്നു.
ജന്മദിനങ്ങളും, ആനിവേഴ്സറികളും ഒന്നിച്ച് ആഘോഷിക്കുന്നു.
പെരുന്നാൾ പോലെയുള്ള വിശേഷ ദിവസങ്ങളിൽ എറ്റവും വലിയ ആഘോഷങ്ങൾ നടക്കുന്നത് ഈ ബാച്ചിലർ മുറികളിലാണ്.
ഒന്നിച്ച് യാത്രകൾ നടത്തുന്നു.
സിനിമയ്ക്ക് ഒന്നിച്ച് പോകുന്നു.
സുഹൃത്തുക്കൾ വഴി കിട്ടുന്ന ഭക്ഷണങ്ങൾ മുറിയിൽ കൊണ്ട് വന്ന് ഒന്നിച്ചു കഴിക്കുന്നു.
ആർക്കും സ്വന്തമെന്ന് പറയാൻ ഒന്നുമില്ല.
എല്ലാം എല്ലാവരുടെയാണ്.
നാട്ടിൽ പോകുന്ന ആളുടെ മക്കൾക്ക് സഹമുറിയന്മാരുടെ വക ചോക്ലേറ്റും പിസ്തായും, സമ്മാനങ്ങളും കാണും.
നാട്ടിൽ നിന്ന് വരുന്നയാളുടെ പെട്ടിൽ, മുറിയിലുള്ള എല്ലാവർക്കും പ്രീയപ്പെട്ട ഭക്ഷണങ്ങൾ കാണും.
സാമ്പത്തികമായി ഇവർ തമ്മിലുള്ള കൊടുക്കൽ, വാങ്ങൽ അത്ഭുതപ്പെടുത്തുന്നതാണ്.
കടം കൊടുക്കാൻ മടിക്കുന്ന ഈ കാലത്ത്, അതും ചെറിയ ശമ്പളത്തിൽ ഉള്ള ഇവർ, പരസ്പരം കടം കൊടുത്തിരിക്കുന്നത് ചിലപ്പോൾ ലക്ഷങ്ങൾ ആയിരിക്കും.
അതൊരു പക്ഷേ, മറ്റേ ആളുടെ മകളുടെ കല്യാണത്തിനോ, നാട്ടിലെ വീടുപണി തീർക്കാനോ ആയിരിക്കും.
എന്ന് തിരിച്ചു കിട്ടും എന്ന് അറിയില്ല, എങ്കിലും നിൻ്റെ കയ്യിൽ വരുമ്പോൾ തിരിച്ചു തന്നാൽ മതിയെടാ, എന്ന് പറഞ്ഞു കൊടുക്കുന്നതാണ് ഇതെല്ലാം.
ദുബായിൽ വന്ന ആദ്യകാലത്ത്, ഞാൻ ബർദുബായിൽ ഒരു മുറിയിൽ താമസിച്ചിരുന്നു.
ഞാനടക്കം നാല് പേരുണ്ടായിരുന്ന മുറിയിൽ, മൂന്ന് കട്ടിലിടാനുള്ള സ്ഥലമെയുണ്ടായിരുന്നുള്ളു.
അത് കൊണ്ട് തന്നെ, ഞാൻ നിലത്ത് പായ വിരിച്ചാണ് കിടന്നത്.
ഒരു ദിവസം എനിക്ക് കലശലായ മേല് വേദനയും, ജലദോഷവും, പനിക്കോളുമുണ്ടായി.
ആശുപത്രിയിൽ പോയി വന്ന്, അത്താഴമൊക്കെ കഴിച്ച് ഉറങ്ങാൻ കിടക്കാറായപ്പോൾ, കൂടെ താമസിച്ചിരുന്നതിൽ ഒരാൾ, പുള്ളിയുടെ തലയിണയും, എൻ്റെ പായയും എടുത്ത് നിലത്ത് വിരിച്ച് കിടന്നു.
എന്നിട് പറഞ്ഞു, "നിനക്ക് വയ്യാത്തത് അല്ലേ, നീ കട്ടിലിൽ കിടന്നോ, ഞാൻ നിലത്ത് കിടന്നോളാം".
ഞാൻ അത്ഭുതപ്പെട്ടു പോയി.
വേറൊന്നും കൊണ്ടല്ല, മുകളിൽ പറഞ്ഞ സൗഹൃദങ്ങൾക്ക് ഒരു അപവാദമായിരുന്നു ഈ മനുഷ്യൻ.
വളരെ കർക്കശക്കാരൻ.
എല്ലാത്തിനും ഞാൻ, സ്വന്തം, എൻ്റേത് എന്നുള്ള ചിന്താഗതി പുലർത്തുന്നയാൾ.
എല്ലാരോടും ഒരു അകലം പാലിച്ച് സംസാരിക്കുകയും, പെരുമാറുകയും ചെയ്യുന്നയാൾ.
അയാളാണ് അത് പറഞ്ഞതും, അദ്ദേഹത്തിൻ്റെ കിടക്ക എനിക്ക് തന്നതും.
എങ്ങനെ അത്ഭുതപ്പെടാതെയിരിക്കും?.
ഇതാണ് ബാച്ചിലേഴ്സ് റൂം, ഈ കോവിഡ് കാലത്തെല്ലാം നമ്മൾ ഇത് കണ്ടതാണ്.
ഈ കരുതലും, സ്നേഹവും.
അതാണ് ഞാൻ ആദ്യം പറഞ്ഞത്, ഞാൻ കണ്ടിട്ടുള്ളതിൽ എറ്റവും ഊഷ്മളമായ സൗഹൃദയങ്ങൾ പ്രവാസി ബാച്ചിലേഴ്സ് റൂമിലാണെന്ന്. 😚😚
Credits : WhatsApp
🌴