08/02/2024
GULF PULSE - 311
പ്രവാസി വരുമാന ഇടിവില്‍ വിറങ്ങലിക്കുന്ന കേരളം
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാവുകയാണ്. സംസ്ഥാന ധനമന്ത്രിയുടെ ബജറ്റ് അവതരണം അതു വിളിച്ചറിയിക്കുന്നതായിരുന്നു. ഘടക കക്ഷി മന്ത്രിമാര്‍ വരെ അര്‍ഹിക്കുന്ന വിഹിതം ലഭിച്ചില്ലെന്നതിന്റെ പേരില്‍ പ്രതിഷേധത്തിലാണ്. ക്ഷേമ പദ്ധതികള്‍ പലതും അവതാളത്തിലാണ്. എല്ലാത്തിനും കാരണം കേന്ദ്ര അവഗണനയാണെന്നാണ് പറയുന്നത്. അതിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ഇന്നലെ സമരവും സംഘടിപ്പിച്ചു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കേരളം ഒരു പരിധിവരെ പിടിച്ചു നിന്നിരുന്നത് പ്രവാസികളുടെ വരുമാനം കൊണ്ടായിരുന്നു. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു പ്രവാസികള്‍. അവരുടെ പണത്തിന്റെ ഒഴുക്ക് കേരളത്തെ സമ്പന്നമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. അതിനും ഇപ്പോള്‍ ഇടിവു സംഭവിച്ചിരിക്കുകയാണ്. ഇതും കേരള സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രവാസി വരുമാനത്തില്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. ആ സ്ഥാനം ഇപ്പോള്‍ മഹാരാഷ്ട്രക്കാണ്. രണ്ടാം സ്ഥാനമാണ് കേരളത്തിന്.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യമാണ് ഇന്ത്യ. 1.8 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളതെന്നാണ് കണക്ക്. ഇവരിലൂടെ പ്രതിവര്‍ഷം ഇന്ത്യക്ക് ഏകദേശം ഏഴ് ലക്ഷം കോടി (8215 കോടി ഡോളര്‍) രൂപയാണ് വരുമാനം. ഇതില്‍ കേരളത്തിന്റെ വിഹിതം 10.2 ശതമാനമായി ചുരുങ്ങി. അഞ്ചു വര്‍ഷം മുന്‍പ് 19 ശതമാനമായിരുന്നു കേരളത്തിന്റെ സംഭാവന. അതേസമയം മഹാരാഷ്ട്രയുടെ വിഹിതം 16.7 ശതമാനത്തില്‍നിന്ന് 35.2 ശതമാനമായി ഉയര്‍ന്നു. അഞ്ചു വര്‍ഷം മുന്‍പ് ഇന്ത്യയുടെ എന്‍.ആര്‍.ഐ നിക്ഷേപത്തില്‍ 50 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായിരുന്നു. അതിപ്പോള്‍ 30 ശതമാനമായി കുറഞ്ഞു. ഇതില്‍ കൂടുതല്‍ യു.എ.ഇയുടെ സംഭാവനയായിരുന്നു. യു.എ.ഇയില്‍നിന്നുള്ള എന്‍.ആര്‍.ഐ നിക്ഷേപം 26.9 ശതമാനത്തില്‍നിന്ന് 18 ശതമാനമായാണ് കുറഞ്ഞത്. സൗദിയില്‍നിന്നുള്ള നിക്ഷേപം 11.6 ശതമാനത്തില്‍നിന്ന് 5.1 ശതമാനമായും ഇടിഞ്ഞു. കോവിഡ് ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍, പ്രത്യേകിച്ച ഗള്‍ഫ് നാടുകൡനിന്നുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കമാണ് വരുമാനം കുറയാന്‍ ഇടയാക്കിയത്. നിലവില്‍ ഇന്ത്യയുടെ എന്‍.ആര്‍.ഐ റമിറ്റന്‍സിന്റെ 36 ശതമാനവും അമേരിക്ക, യു.കെ, സിംഗപ്പൂര്‍ രാജ്യങ്ങളില്‍നിന്നുമാണ്.
കേരളത്തിന്റെ പ്രവാസി വരുമാനത്തില്‍ കുറവ് സംഭവിക്കാന്‍ കാരണം അവരുടെ മടങ്ങി വരവും ഗള്‍ഫില്‍ നിലവിലുള്ളവരുടെ ജീവിത ചെലവ് കൂടിയതും മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കാനുള്ള പുതിയ തലമുറയുടെ താല്‍പര്യം കൂടിയതുമാണ്. 2018-19ല്‍ 24 ലക്ഷം മലയാളികള്‍ പ്രവാസ ലോകത്തുണ്ടായിരുന്നത് 2022-23ല്‍ 21.21 ലക്ഷമായി കുറഞ്ഞുവെന്നാണ്് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ലോകത്തിലെ 195 രാജ്യങ്ങളില്‍ 182ലും ഇപ്പോഴും മലയാളികളുണ്ട്. ഇതില്‍ നാലര ലക്ഷത്തോളം പേര്‍ മാത്രമാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുപ്രകാരം യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഫലസ്തീനില്‍ പോലും അഞ്ചുപേര്‍ ജോലി ചെയ്യുന്നുണ്ട്. ഇസ്രായിലിലാകട്ടെ 1,036 പേരുമുണ്ട്. ഇതു നോര്‍ക്ക രജിസ്‌ട്രേഷന്‍ ഉള്ളവരുടെ കണക്കുമാത്രം. രജിസ്റ്റര്‍ ചെയ്യാത്തവരായ നൂറു കണക്കിനു പേര്‍ വേറെയുമുണ്ട്. പത്തു ലക്ഷത്തിലേറെ മലയാളികളുള്ള സൗദി അറേബ്യയില്‍ നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 54,000 ഓളം പേര്‍ മാത്രമാണ്.
പ്രവാസികളുടെ മടങ്ങി വരവ് കേരളത്തിന്റെ സാമ്പത്തിക വരുമാനത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. ഉപഭോക്തൃ സംസ്ഥാനമായിരുന്നിട്ടു കൂടി ഇന്ത്യയുടെ ജി.ഡി.പി സൂചികയില്‍ മുന്നിട്ടു നിന്നിരുന്നത് കേരളമായിരുന്നു. കാരണം കേരളത്തിന്റെ ജിഡിപിയുടെ ഏതാണ്ട് 20 ശതമാനം പ്രവാസികളുടെ സംഭാവനയായിരുന്നു. ഇന്നിപ്പോള്‍ വരുമാനത്തില്‍ കുറവുണ്ടായെന്നു മാത്രമല്ല, കേരളത്തിന്റെ പണം പുറത്തേക്ക് പോകുന്നത് ശക്തിപ്പെടുകയും ചെയ്തിരിക്കുകയാണ്. കേരളത്തിന്റെ യുവ തലമുറ പഠനത്തിന്റെ പേരില്‍ വിദേശ രാജ്യങ്ങളിലേക്കു പോകുമ്പോള്‍ കേരളത്തിന്റെ യുവത്വവും ബുദ്ധിയും മാത്രമല്ല, സമ്പത്തുമാണ് നഷ്ടമാകുന്നത്. പ്രതിവര്‍ഷം അരലക്ഷത്തോളം കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുന്നുണ്ട്. ഈയിനത്തില്‍ പ്രതിവര്‍ഷം കേരളത്തിനു നഷ്ടമാകുന്നത് ഒരു ലക്ഷത്തോളം കോടി രൂപയാണ്. ഇങ്ങനെ പോകുന്ന കുട്ടികളില്‍ അധികപേരും പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലി സംഘടിപ്പിച്ച് അവിടെ സ്ഥിരതാമസമാക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയവരില്‍ പലരും പതിറ്റാണ്ടുകള്‍ പിന്നിട്ടും സംസ്ഥാനത്തേക്ക് മടങ്ങി വന്നപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോയവരില്‍ ബഹുഭൂരിഭാഗവും അവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ഈ ചിന്താഗതിക്ക് ഇപ്പോള്‍ ആക്കം കൂടിയിരിക്കുകയുമാണ്. ഇതോടെ കേരളം സാമ്പത്തിക സ്ഥിതിയില്‍ മാത്രമല്ല, യുവത്വത്തിന്റെ കരുത്തിലും പിന്നിലാവുകയാണ്. കേരള ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ 15 ശതമാനത്തിലേറെയാണ് വൃദ്ധര്‍. അതു താമസിയാതെ 25 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലെ കോളേജുകളില്‍ പലതിനും പഠനത്തിനു കുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. എം.ജി സര്‍വകലാശാലയിലെ കോളേജുകളില്‍ 40 ശതമാനം സീറ്റുകളാണ് ഒഴിവ്. കേരളയില്‍ ഇത് 25 ശതമാനവും കോഴിക്കോട് 36 ശതമാവനവുമാണെങ്കില്‍ കണ്ണൂരില്‍ 45 ശതമാനം സീറ്റുകളും കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. മധ്യകേരളം, പ്രത്യേകിച്ച് പത്തനംതിട്ട, കോട്ടയം ജില്ലകളാണ് ഏറെ പ്രതിസന്ധി നേരിടുന്നത്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും യുവാക്കളെ കിട്ടാതെ വലയുന്ന അവസ്ഥയിലാണ്. ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ കുറവ് സംസ്ഥാനത്തെ വാണിജ്യ, വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളം വിടാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതിനു പ്രധാന കാരണം ജിവിക്കാന്‍ തക്ക വരുമാനമുള്ള ജോലികളുടെ അഭാവമാണ്. സാമൂഹ്യ സുരക്ഷിതത്വമില്ലെന്ന തോന്നല്‍, വര്‍ഗീയത, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പരിസര ശുചിത്വത്തിന്റെ കുറവ്, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന സദാചാര പോലീസുകാര്‍ ഇതെല്ലാം യുവാക്കളെയെന്നല്ല, വിദേശ രാജ്യങ്ങളില്‍ ജിവിച്ചു ശീലിച്ചവരെ തിരിച്ചുവരാതിരിക്കാനും പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥ അടക്കം പ്രതികൂല ഘടകങ്ങള്‍ പലതും ഉണ്ടെങ്കിലും ജോലി ചെയ്ത് സമാധാനത്തോടെ സൈ്വരമായി ജീവിക്കാമെന്ന അന്തരീക്ഷമാണ് ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെയുള്ളത്. അങ്ങനെയൊരു അന്തരീക്ഷം നമ്മുടെ നാട്ടിലില്ല. ലോകത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളുടെ കൊടുങ്കാറ്റ് ഉതിര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ളവരാണ് മലയാളികള്‍. എന്നാല്‍ അവര്‍ അധ്വാനിച്ച് നാട്ടിലേക്ക് അയച്ചിരുന്ന സമ്പത്തിനെ യഥാസമയം വേണ്ടവിധം വിനിയോഗിക്കുന്നതില്‍ മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ക്കുണ്ടായ പരാജയമാണ് കേരളത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.
പി.എം. മായിന്‍കുട്ടി