28/12/2024
മകന്റെ അച്ഛൻ!
മകന് ക്രിക്കറ്റർ ആകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ആഗ്രഹ സഫലീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച അച്ഛൻ.
ജോലിയിലെ സ്ഥലംമാറ്റം ക്രിക്കറ്റ് കോച്ചിങ് സൗകര്യം ഇല്ലാത്ത സ്ഥലത്തേക്ക് ആണെന്നറിഞ്ഞപ്പോൾ ജോലിയിൽ നിന്ന് സ്വയം വിരമിച്ച അച്ഛൻ.
വിരമിച്ചപ്പോൾ കിട്ടിയ പണം കൊണ്ട് ആരംഭിച്ച ബിസിനസ് തകർന്നപ്പോൾ എല്ലാവരാലും പരിഹസിക്കപ്പെട്ട അച്ഛൻ.
കടം വാങ്ങിയ സുഹൃത്തുക്കൾ പണം തിരികെ കൊടുക്കാതെ കബളിപ്പിച്ചപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം മകന്റെ ഭാവിയെക്കുറിച്ചോർത്ത് പൊട്ടിക്കരഞ്ഞ അച്ഛൻ.
ഒരു വർഷം ഒരു ക്രിക്കറ്റ് ബാറ്റ് മാത്രം മകന് വാങ്ങി നൽകാനുള്ള പരിമിത സാമ്പത്തിക സ്ഥിതിയിലേക്ക് ചുരുങ്ങിയ അച്ഛൻ.
എല്ലാ പ്രയാസങ്ങൾക്കുമിടയിൽ, കോച്ചിങ്, കിറ്റ്, ജേഴ്സി, ഭക്ഷണം, താമസം എല്ലാം കിട്ടുന്ന അക്കാദമിയിൽ മകനെ എത്തിച്ച അച്ഛൻ.
അവന്റെ ഉയർച്ച താഴ്ചകളിൽ അവനോടൊപ്പം നല്ലൊരു ഭാവി സ്വപ്നം കണ്ട് നിലയുറപ്പിച്ച അച്ഛൻ.
താൻ നിശ്ചയിക്കുന്നതല്ല, മകൻ നിശ്ചയിക്കുന്നതാണ് അവന്റെ കരിയർ എന്ന ബോദ്ധ്യത്താൽ അവനൊപ്പം നിന്ന അച്ഛൻ.
ഇന്ന് തന്റെ മകൻ ആദ്യ ടെസ്റ്റ് സീരീസിൽ തന്നെ, അതും വിദേശമണ്ണിൽ, ടീം പ്രതിസന്ധിയിൽ ആയ ഘട്ടത്തിൽ, കന്നി സെഞ്ച്വറി നേടി തന്റെ അച്ഛന്റെ പ്രയത്നങ്ങൾ വെറുതെ ആയില്ലെന്ന് തെളിയിച്ചിരിക്കുന്നു; അതും ഈ മത്സരത്തിൽ തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടവരുടെ മുന്നിൽ.
നന്ദി, മുത്യാല റെഡ്ഡി, മകനിൽ വിശ്വാസം അർപ്പിച്ചതിന്! ❤️
ഇനി അങ്ങോട്ട് മകന്റെ ഊഴമാണ്. ഇരുപത്തിയൊന്നുകാരൻ നിതീഷ് കുമാർ റെഡ്ഡിയുടെ… ❤️