08/05/2024
മാതാപിതാക്കളോട്,
നഷ്ടപ്പെടുന്ന A+ കളെ കുറിച്ച്:
മക്കൾ നേടുന്ന A+ കളുടെ എണ്ണമാണ് കുടുംബ ഗ്രൂപ്പുകളിലും വാട്സാപ്പ് സ്റ്റാറ്റസിലും നമ്മുടെ അഭിമാനം എന്ന് നാം തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ...
ഈ മാർക്കൊന്നുമല്ല ജീവിതമെന്ന് സ്വയം തിരിച്ചറിയാൻ, അത് നമ്മുടെ മക്കളെ ബോധ്യപ്പെടുത്താൻ നാം തയ്യാറാവുക..
പത്താം ക്ലാസ്സിലെയും പ്ലസ് ടുവിലെയും മാർക്കാണ് ജീവിതത്തിന്റെ ആത്യന്തികമായ ജീവിതവും പരാജയവും എന്ന് ആരൊക്കെയോ നമ്മുടെ മക്കളെ പഠിപ്പിച്ചു വെച്ചിരിക്കുന്നു.
അതല്ലെന്ന്,
അതിനപ്പുറവും ലോകവും ജീവിതവും ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക.
വിജയത്തിലും നേട്ടത്തിലും മാത്രമല്ല,പരാജയത്തിലും നഷ്ടത്തിലും അവരെ ചേർത്ത് പിടിക്കാൻ നാം ഉണ്ടാവും എന്ന് അവരെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുക.
ഒരു ഫ്ളക്സിലും അവരുടെ ഫോട്ടോ വന്നില്ലെങ്കിലും നമ്മുടെ നെഞ്ചകത്ത് അവരെ കൊത്തിവെച്ചിട്ടുണ്ട് എന്ന് അവർക്ക് ഉറപ്പ് നൽകുക..
മക്കളോട്,
നിങ്ങളാണ് നിങ്ങളുടെ രക്ഷിതാക്കൾക്ക് വലുത്. അല്ലാതെ നിങ്ങൾ നേടുന്ന സർട്ടിഫിക്കറ്റുകൾ അല്ല.
നിങ്ങളില്ലാത്ത വീട്ടിൽ എന്തിനാണ് നിങ്ങളുടെ കടലാസുകൾ?
നിങ്ങളുടെ കലപില ശബ്ദങ്ങൾ ഇല്ലാതെ എന്തിനാണ് ഞങ്ങൾക്ക് നിങ്ങളുടെ A+ കൾ?
ഒരു പാട് വാതിലുകൾ നമുക്ക് മുന്നിലുണ്ട്.
പ്ലസ് ടു വിന് എവിടെയും പ്രവേശനം ലഭിച്ചില്ലെങ്കിൽ പോലും നിങ്ങൾ പരാജയപ്പെടില്ല. പ്ലസ് ടു വിന് പഠിച്ചില്ലെങ്കിൽ പോലും നിങ്ങളുടെ മുന്നിൽ ജീവിതമുണ്ട്.
പിന്നെ നിങ്ങളെന്തിന് പേടിക്കണം?
ഒരു പരീക്ഷയിലും ജയിച്ചില്ലെങ്കിലും നിങ്ങളുടെ പുഞ്ചിരിയുണ്ടെങ്കിൽ ഏത് സമുദ്രമാണ് നീന്തിക്കടക്കാൻ പ്രയാസമുള്ളത്?
വിജയത്തിൽ സന്തോഷിക്കുന്നത് പോലെ പരാജയത്തിൽ നമുക്ക് സമാധാനിക്കാൻ കഴിയണം. അത് വിജയത്തിലേക്കുള്ള വഴിയാക്കാൻ കഴിയണം.
പോസിറ്റീവ് ആവുക.