കാട്ടു കടന്നൽ

  • Home
  • കാട്ടു കടന്നൽ

കാട്ടു കടന്നൽ The Workers United Shall Always Be Victorious....

സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ....
(303)

എ കെ ജി കിടന്ന മുറി സ്മാരകമാക്കിയ സെൻട്രൽ ജയിൽ=====================ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പൂജപ്പുര സെന്‍ട്രല്‍ ...
22/03/2024

എ കെ ജി കിടന്ന മുറി സ്മാരകമാക്കിയ സെൻട്രൽ ജയിൽ
=====================

ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിപ്ലവസ്മരണകളിരമ്പുന്ന ഒരു മുറിയുണ്ട്. എട്ടാം ബ്ലോക്കിലെ ഏറ്റവും അറ്റത്തുള്ള 29-ാം നമ്പര്‍ മുറി. ഒരു പ്രിയപ്പെട്ട തടവുകാരനെകുറിച്ചുള്ള ഓര്‍മ കെടാതെ സൂക്ഷിക്കുന്ന ഇടമാണിത്. എ കെ ജി എന്ന വലിയ തടവുകാരനെ താമസിപ്പിച്ച ഈ ചെറിയ മുറി ഇന്ന് ജയില്‍വളപ്പിലെ സ്മാരകമാണ്, സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലമോ ഉദ്യോഗസ്ഥരുടെ നിര്‍ദേശമോ കൂടാതെ പാവങ്ങളുടെ പടത്തലവന് ജയിലിനുള്ളിലെ അന്തേവാസികൾ ഉയര്‍ത്തിയ സ്മാരകം. സഖാവ് എ കെ ജി പാര്‍ത്ത മുറി തടവുകാര്‍ ഇപ്പോഴും വൃത്തിയോടെ പരിപാലിച്ചുപോരുകയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഇവിടെ മറ്റു തടവുകാരെ പാര്‍പ്പിക്കാറില്ല. എ കെ ജിയുടെ ചരമദിനത്തില്‍ മുറിക്ക് മുമ്പില്‍ രക്തപുഷ്പങ്ങളര്‍പ്പിച്ച് ആ ധീരസ്മരണയ്ക്ക് ഇപ്പോഴും ആളുകൾ അഭിവാദ്യം അര്‍പ്പിക്കാറുണ്ട്.

എ കെ ജിക്ക് കിടക്കാനായി പണിത സിമന്റ് തിട്ട ഇപ്പോഴും അതേപടിയുണ്ട്. പണ്ട് ജയിലില്‍ കട്ടില്‍ നല്‍കാന്‍ നിയമം അനുവദിച്ചില്ല. കടുത്ത നടുവേദനയുള്ളതിനാല്‍ എ കെ ജിക്ക് നിലത്ത് കിടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതറിഞ്ഞ ജയില്‍ ഉദ്യോഗസ്ഥര്‍ പൊക്കത്തില്‍ സിമന്റ് തിട്ട പണിയാന്‍ അനുവാദം നല്‍കുകയായിരുന്നു. അന്നത്തെ തടവുകാര്‍ സഖാവിനായി മണിക്കൂറുകള്‍ക്കുള്ളിലാണ് സിമൻ്റ് തിട്ടയുടെ പണി പൂര്‍ത്തിയാക്കിയത്.

1970ല്‍ മുടവന്‍മുഗള്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തെതുടര്‍ന്നാണ് എ കെ ജിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 1970 മെയ് 25ന് രാത്രി പതിനൊന്നുമണിക്കാണ് എ കെ ജിയെ ജയിലില്‍ എത്തിച്ചത്. രാത്രി സെന്‍ട്രല്‍ ജയിലില്‍ കഴിച്ചുകൂട്ടിയ അദ്ദേഹത്തെ പിറ്റേന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി. വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. ഇതിനിടെ ജയിലിലെ ജലക്ഷാമത്തിനെതിരെ എ കെ ജി ജയിലില്‍ സമരം നയിച്ചു. ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം, മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന് കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് പ്രതിഷേധം തുടരുന്നതിൻ്റെ ഭാഗമായി അദ്ദേഹം ജയില്‍മുറിയില്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചത് മറ്റു തടവുകാര്‍ ഏറ്റുവിളിച്ചു. ജൂണ്‍ അഞ്ചിന് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ജയിലില്‍ വെള്ളമില്ലെന്ന് മജിസ്ട്രേട്ടിനെ അറിയിച്ചതിനെത്തുടർന്ന് ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മജിസ്ട്രേട്ട് നിര്‍ദേശിച്ചതോടെയാണ് പ്രതിഷേധങ്ങൾ അവസാനിച്ചത്.

എ കെ ജി സ്മാരകമായി അടച്ചിട്ടിരിക്കുന്ന മുറിയില്‍ എ കെ ജിക്ക് മുൻപ് സഖാക്കളായ ഇ എം എസ്, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരെയും പാര്‍പ്പിച്ചിട്ടുണ്ട്. എ കെ ജിക്കും ഇ എം എസിനും പുറമെ സഖാക്കൾ വി എസ് അച്യുതാനന്ദന്‍ , കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും ഇവിടെ രാഷ്ട്രീയത്തടവുകാരായി കഴിഞ്ഞിട്ടുണ്ട്. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായ വൈക്കം മുഹമ്മദ് ബഷീര്‍ തടവുകാരിയായ നാരായണിയുമായി അപ്പുറത്തും ഇപ്പുറത്തും നിന്ന് ഹൃദയം പങ്കിട്ട ജയിലിലെ മതില്‍ "ബഷീര്‍ മതില്‍" എന്നാണ് അറിയപ്പെടുന്നത്. അതുപൊലെ എ കെ ജിയെ പാര്‍പ്പിച്ച മുറിക്ക് പുറത്ത് "എ കെ ജി കിടന്ന മുറി" എന്ന് ഏതോ തടവുകാരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത് ഇപ്പോഴും മാഞ്ഞിട്ടില്ല.

സഖാവ് കാൾ മാർക്സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 141 വർഷം പൂർത്തിയാകുന്നു. ഈ മുതലാളിത്ത കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ ...
14/03/2024

സഖാവ് കാൾ മാർക്സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 141 വർഷം പൂർത്തിയാകുന്നു. ഈ മുതലാളിത്ത കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ വാക്കുകൾ ഉറങ്ങാതിരിക്കുക മാത്രമല്ല, മുതലാളിത്തത്തിൻ്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നുണ്ട്. കൊറോണ വ്യാപന കാലത്ത് 'സ്റ്റേ ഹോം ആൻ്റ് റീഡ് മാർക്സ്' എന്ന ചുമരെഴുത്തുകൾ ലോകത്തിൻ്റെ പലയിടത്തും പ്രത്യക്ഷപ്പെടുന്നതും 'ലെറ്റ് ദ റിച്ച് പേ'. 'എവെരിത്തിങ്ങ് ഫോർ എവെരിവൺ', സോഷ്യലിസ്റ്റ് റെവല്യൂഷൻ ഈസ് ദ ക്യൂർ', 'കാപ്പിറ്റലിസം ഈസ് ദി വൈറസ്' എന്നിങ്ങനെയുള്ള ചുമരെഴുത്തുകൾ ലോകമെങ്ങും നമുക്ക് കാണാൻ സാധിക്കുന്നതും പുതിയൊരു ലോകം സാധ്യമാകുമെന്ന പ്രതീക്ഷകൾക്ക് നിറം നൽകുന്ന ഒന്നാണ്.

1883 മാര്‍ച്ച് 17നു ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിനരികില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ എംഗൽസ് പറഞ്ഞു:

''ഡാര്‍വിന്‍ ജൈവപ്രകൃതിയുടെ വികാസനിയമങ്ങള്‍ കണ്ടുപിടിച്ചതു പോലെ തന്നെ മാര്‍ക്‌സ് മാനവ ചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ചു. പ്രത്യയശാസ്ത്രത്തിന്റെ അതിപ്രസരം മൂലം ഇതേ വരെ മറഞ്ഞുകിടന്നിരുന്ന ലളിതമായൊരു വസ്തുതയുണ്ട്. രാഷ്ട്രീയവും ശാസ്ത്രവും കലയും മതവും മറ്റും പിന്തുടരാന്‍ കഴിയുന്നതിനുമുമ്പ് മാനവരാശിക്ക് ഭക്ഷണവും കിടപ്പാടവും ഉടുതുണിയും വേണം. അതുകൊണ്ട് നേരിട്ടുള്ള ഉപജീവനോപാധികളുടെ ഉല്‍പാദനവും തല്‍ഫലമായി അതത് ജനതകള്‍, അല്ലെങ്കില്‍ അതത് കാലത്ത്, കൈവരിച്ചിട്ടുള്ള സാമ്പത്തിക വികാസനിലവാരവുമാണ് ആ ജനതകളുടെ ഭരണസ്ഥാപനങ്ങളും നിയമസങ്കല്‍പ്പങ്ങളും കലയുമെന്നു മാത്രമല്ല, മതധാരണകള്‍പോലും രൂപംകൊള്ളുന്നതിനാധാരമായ അടിത്തറയായി വര്‍ത്തിക്കുന്നത്; അതുകൊണ്ട് ഇതേവരെ ചെയ്തു പോന്നതിനു നേരെ വിപരീതമായി ഈ അടിത്തറയുടെ വെളിച്ചത്തിലാണ് അവയെ വിശദീകരിക്കേണ്ടത്. ഇതാണ് ലളിതമായ ആ വസ്തുത.''

എംഗത്സ് തുടരുന്നു: ''താന്‍ അന്വേഷണം നടത്തിയ ഓരോ രംഗത്തും, എന്തിനു ഗണിതശാസ്ത്ര രംഗത്തുപോലും, മാര്‍ക്‌സ് സ്വതന്ത്രമായ കണ്ടുപിടുത്തങ്ങള്‍ നടത്തി. അദ്ദേഹം അനേകരംഗങ്ങളില്‍ അന്വേഷണം നടത്തുകയുണ്ടായി. അവയില്‍ ഒന്നുപോലും ഉപരിപ്ലവപരമായിട്ടായിരുന്നില്ല. മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ചരിത്രപരമായ ഒരു ചാലകശക്തിയായിരുന്നു. വ്യവസായത്തിലും പൊതുവില്‍ ചരിത്രവികാസത്തിലും വിപ്ലവപരമായ മാറ്റങ്ങള്‍ ഉടനടി വരുത്തുന്ന കണ്ടുപിടുത്തം നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആഹ്‌ളാദം ഒന്നുവേറെ തന്നെയായിരുന്നു. എന്തുകൊണ്ടെന്നാല്‍ മാര്‍ക്‌സ് സര്‍വോപരി ഒരു വിപ്ലവകാരിയായിരുന്നു. മുതലാളിത്ത സമൂഹത്തെയും അത് നിലവില്‍കൊണ്ടുവന്ന ഭരണസ്ഥാപനങ്ങളെയും തകിടം മറിക്കുന്നതിനു ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായിക്കുക, ആധുനിക തൊഴിലാളി വര്‍ഗത്തെ മോചിപ്പിക്കുന്നതിനു സഹായിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതദൗത്യം.

''സ്വന്തം സ്ഥിതിയെയും ആവശ്യങ്ങളെയും വിമോചനോപാധികളെയും കുറിച്ച് തൊഴിലാളി വര്‍ഗത്തിനു ആദ്യമായി ശാസ്ത്രീയമായ ബോധമുണ്ടാക്കിക്കൊടുത്തത് അദ്ദേഹമാണ്. സമരം അദ്ദേഹത്തിന്റെ രക്തത്തിലുണ്ടായിരുന്നു. മറ്റേനേകം പേര്‍ക്ക് കിടപിടിക്കാനാവാത്തത്ര വാശിയോടെയും വീറോടെയും വിജയകരമായും അദ്ദേഹം സമരം ചെയ്തു. അക്കാരണംകൊണ്ടുതന്നെ മാര്‍ക്‌സ് തന്റെ ജീവിതകാലത്ത് ഏറ്റവും കടുത്ത വിദ്വേഷത്തിനും അപവാദത്തിനും പാത്രമായിത്തീര്‍ന്നു. സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകളെന്നപോലെ തന്നെ റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റുകളും അദ്ദേഹത്തെ നാടുകടത്തി. അദ്ദേഹത്തിനുമേല്‍ അപവാദങ്ങള്‍ ചൊരിയാന്‍ യാഥാസ്ഥിതികരും അതിജനാധിപത്യവാദികളുമായ ബൂര്‍ഷ്വാകള്‍ ഒരേപോലെ പരസ്പരം മത്സരിച്ചു. എന്നാല്‍ അദ്ദേഹം അവയെയെല്ലാം ഒരു ചിലന്തിവലയെന്നോണം തൂത്തെറിഞ്ഞു."

''അദ്ദേഹത്തിന്റെ നാമധേയവും കൃതികളും ചിരകാലം ജീവിക്കും'' എന്ന വാക്കുകളോടെയാണ് എംഗത്സ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

മാർക്സിൻ്റെ 200ആമത് ജന്മദിനത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർടി തലവൻ സഖാവ് ഷി ജിൻ പിങ്ങ് ഇങ്ങനെ പറഞ്ഞു. "ലോകമാകമാനമുള്ള അധ്വാനിക്കുന്ന ജനങ്ങൾക്കും തൊഴിലാളികൾക്കും മാർക്സ് വിപ്ലവത്തിന്റെ അധ്യാപകനാണ്, മാർക്സിസത്തിന്റെ സ്ഥാപകനാണ്, മാർക്സിസ്റ്റ് പാർട്ടികളുടെ സൃഷ്ടാവാണ്, ലോക കമ്മ്യൂണിസത്തിന്റെ വഴികാട്ടിയും ആധുനിക കാലഘട്ടത്തിലെ മഹാനായ ചിന്തകനുമാണ്.

മാർക്സ് നമുക്കായി നീക്കിവച്ചു പോയ ഏറ്റവും മൂല്യവത്തും സ്വാധീനശേഷിയുള്ളതുമായ ആദ്ധ്യാത്മിക സ്വത്ത് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ശാസ്ത്രീയ സിദ്ധാന്തമാണ് - മാർക്സിസം. വർണാഭമായ ഒരു സൂര്യോദയം പോലെ ആ സിദ്ധാന്തം, ചരിത്രനിയമങ്ങളെ കുറിച്ചുള്ള മനുഷ്യരാശിയുടെ അന്വേഷണപന്ഥാവിനെ, വിമോചനത്തിനായുള്ള അവരുടെ അന്വേഷണത്തെ പ്രകാശപൂരിതമാക്കി.

ലെനിൻ മാർക്സിസത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, "എല്ലാ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റുകളെ അതിലേക്കടുപ്പിക്കുന്ന, ഈ സിദ്ധാന്തത്തിന്റെ അപ്രതിരോധ്യമായ ആകര്‍ഷണം സ്ഥിതി ചെയ്യുന്നത് വിപ്ലവകരമായിരിക്കുന്നതിനൊപ്പം തന്നെ അത് പരമപ്രധാനമായും കര്‍ശനമായും ശാസ്ത്രീയവും കൂടിയാണെന്ന (സാമൂഹ്യശാസ്ത്രത്തിലെ അവസാനവാക്കുമാണത്), കൃത്യമായ വസ്തുതയിലാണ്. മാര്‍ക്‌സിസം അവയെ രണ്ടിനെയും ഒന്നിച്ചുചേര്‍ക്കുന്നത് യാദൃച്ഛികമായല്ല; ഈ സിദ്ധാന്തത്തിന്റെ സ്ഥാപകനായ വ്യക്തി എന്ന നിലയില്‍ ഒരേസമയം ശാസ്ത്രജ്ഞനും വിപ്ലവകാരിയുമായിരുന്നതുകൊണ്ടുമല്ല, മറിച്ച് അത് അത്രത്തോളം അവിഭാജ്യവും സഹജവുമായതുകൊണ്ടുകൂടിയാണ്'.

"താൻ മരണം വരെ ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റായിരിക്കും" എന്നാണ് സഖാവ് ഫിദൽ പറഞ്ഞത്.

ലോകമെങ്ങുമുള്ള വിപ്ലവകാരികളെ സ്വാദീനിക്കാൻ മാർക്സിൻ്റെ എഴുത്തുകൾക്ക് സാധിച്ചിരുന്നു. സഖാവ് ഏംഗൽസ് പറഞ്ഞതുപോലെ 'ജീവിച്ചിരുന്നതില്‍വെച്ച് ഏറ്റവും മഹാനായ ചിന്തകന്‍' ആയിരുന്നു മാർക്സ്.

മാർക്സ് ചെറുപ്പകാലത്ത് എഴുതിയ കവിതകളിൽ ഒരെണ്ണം കൂടി നോക്കൂ.
''എനിക്ക് വേണ്ടാ ശാന്ത-
സ്വച്ഛജീവിതം - ഭൂമി
നടുക്കും കൊടുങ്കാറ്റിന്‍
കരുത്താണെന്നാത്മാവില്‍;
എന്റെ ജീവിതം സംഘര്‍-
ഷങ്ങളാല്‍ നിറയട്ടെ
ഉന്നതമാകും മഹാ-
ലക്ഷ്യമൊന്നണഞ്ഞിടാന്‍''

മാർക്സിൻ്റെ വാക്കുകൾ കൂടുതൽ പ്രസക്തമാകുന്ന കാലത്ത്, ഇന്ത്യ പൂർണമായും സഹസ്രകോടീശ്വരന്മാർക്ക് തീറെഴുതിക്കൊടുക്കുന്ന സംഘപരിവാർ ഭരിക്കുന്ന കാലത്ത്, മഹാലക്ഷ്യമൊന്നണിഞ്ഞിടാൻ നമ്മുടെയെല്ലാം ജീവിതം സംഘർഷങ്ങളുടെ ഭാഗമാകട്ടെ.

15/02/2024

ടെസ്റ്റ് പോസ്റ്റ്. 🙌

ഞങ്ങളുടെ പാര്‍ടി സ്മശാനത്തിലെ സമാധാനത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത് എന്ന് അന്നത്തെ മുഖ്യമന്ത്രിയായ കരുണാനിധിയോട് പറഞ്ഞതി...
15/11/2023

ഞങ്ങളുടെ പാര്‍ടി സ്മശാനത്തിലെ സമാധാനത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത് എന്ന് അന്നത്തെ മുഖ്യമന്ത്രിയായ കരുണാനിധിയോട് പറഞ്ഞതിന് ശേഷം സഖാവ് എൻ എസ് പറഞ്ഞത് അയിത്തത്തിനെതിരെ സർക്കാർ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ്. 1990കളുടെ രണ്ടാം പകുതിയിൽ ജാതിയുടെ പേരിൽ നിരവധി കൊലപാതകങ്ങൾ നടക്കുന്ന ഘട്ടത്തിൽ ശങ്കരയ്യ പറഞ്ഞ വാക്കുകൾ മുഖവിലയ്ക്കെടുത്തുകൊണ്ട് തമിഴ്നാട് സർക്കാർ തന്നെ അയിത്തവിരുദ്ധ സമ്മേളനങ്ങളും സംഘടിപ്പിച്ചു. അതിൽ സഖാവ് എൻ.എസ് നിരവധിയിടങ്ങളിൽ പ്രാസംഗികനായിരുന്നു.

102ആം വയസിൽ മരണപ്പെടുന്ന ഈ നിമിഷം വരെയും പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അന്ത്യാഭിവാദ്യങ്ങൾ സ. എൻ എസ്.

സഖാവ് എൻ ശങ്കരയ്യയെക്കുറിച്ച് സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ജി രാമകൃഷ്ണൻ എഴുതിയ ചിന്തയിലെ ലേഖനം ഓരോ സഖാവും വായിച്ചിരിക്കേണ്ടതാണ്.

മധുരയിലെ അമേരിക്കന്‍ കോളേജിലെ വിദ്യാര്‍ഥി വിഭാഗം പ്രസിഡന്‍റായിരുന്നു സഖാവ് ശങ്കരയ്യ. സ്വാതന്ത്ര്യസമര കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ നേതാവെന്ന നിലയില്‍ അദ്ദേഹം സംസ്ഥാനത്തൊട്ടാകെ ഓടി നടന്നു പ്രവര്‍ത്തിച്ചു. അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്ന് പൊലീസ് അറസ്റ്റു ചെയ്ത വിദ്യാര്‍ഥികള്‍ നേരിട്ട അതിക്രൂരമായ മര്‍ദനങ്ങളെക്കുറിച്ച് അദ്ദേഹം ഇംഗ്ലീഷില്‍ എഴുതിയ ലഘുലേഖ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ആ രംഗത്തെക്കുറിച്ച് അദ്ദേഹം വികാരഭരിതനായി വിശദീകരിക്കുന്നതിങ്ങനെയാണ്: "വിദ്യാര്‍ത്ഥികളുടെ തലകള്‍ തകര്‍ക്കപ്പെട്ടിരുന്നു. എല്ലുകള്‍ പലതായി നുറുക്കപ്പെട്ടു, അണ്ണാമല യൂണിവേഴ്സിറ്റി കാമ്പസിലൂടെ ഒരു രക്തപ്പുഴ തന്നെ ഒഴുകി". അവസാന വര്‍ഷ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് 15 ദിവസം മാത്രം ശേഷിക്കവെയാണ് ശങ്കരയ്യ അറസ്റ്റു ചെയ്യപ്പെട്ടത്. പതിനെട്ടുമാസം കഴിഞ്ഞാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്.

പതിറ്റാണ്ടുകള്‍ക്കുശേഷം ഞാന്‍ ശങ്കരയ്യയോടു ചോദിച്ചു: "താങ്കളെ ഒരഭിഭാഷകനാക്കാനായിരുന്നല്ലോ താങ്കളുടെ അച്ഛന്‍റെ ആഗ്രഹം. അവസാനവര്‍ഷ പരീക്ഷയ്ക്ക് പതിനഞ്ചുദിവസം മുന്‍പാണ് താങ്കള്‍ അറസ്റ്റു ചെയ്യപ്പെട്ടത്. അതിനര്‍ഥം താങ്കള്‍ക്ക് നിയമബിരുദം പൂര്‍ത്തിയാക്കാനും അഭിഭാഷകനാകാനും കഴിയില്ല എന്നായിരുന്നു. ഗവണ്‍മെന്‍റ് താങ്കളെ എപ്പോള്‍ സ്വതന്ത്രനാക്കും എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും ഇല്ലായിരുന്നു.ഈ സാഹചര്യത്തില്‍ പൊലീസ് അറസ്റ്റു ചെയ്തപ്പോഴത്തെ താങ്കളുടെ മാനസികാവസ്ഥ എന്തായിരുന്നു" അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു: "സ്വാതന്ത്ര്യബോധത്താല്‍ പ്രചോദിതനായി ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാണ് ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ടതും ജയിലിലടയ്ക്കപ്പെട്ടതും. അതുകൊണ്ടുതന്നെ എന്നെ ഒന്നും തന്നെ അലട്ടിയിരുന്നില്ല".

ജയില്‍മോചിതനായതോടെ ശങ്കരയ്യ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ മധുര ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1943 മുതല്‍ 1947 വരെയുള്ള കാലഘട്ടം മദുര ജില്ലയിലെ പാര്‍ടിയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കാലയളവായിരുന്നു. ജില്ലയിലൊട്ടാകെ പാര്‍ടിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു. 1946ല്‍ സഖാക്കള്‍ പി രാമമൂര്‍ത്തി, എ ബാലസുബ്രഹ്മണ്യന്‍, എം ആര്‍ വെങ്കട്ടരാമന്‍, കെ ടി കെ തങ്കമണി, ജാനകി അമ്മാൾ എന്നീ പ്രമുഖ നേതാക്കള്‍ക്കൊപ്പം ശങ്കരയ്യയും അറസ്റ്റു ചെയ്യപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെയ്ക്കുന്നതിനെതിരെ നടന്ന നിരവധി തൊഴിലാളിവര്‍ഗ സമരങ്ങളെ തുടര്‍ന്നാണ് അവര്‍ അറസ്റ്റു ചെയ്യപ്പെട്ടത്. മധുര ഗൂഢാലോചനക്കേസ് എന്നറിയപ്പെട്ട കള്ളക്കേസില്‍ കുടുക്കിയാണ് ഈ നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തത്. 1947 ആഗസ്ത് 14ന് മറ്റു നേതാക്കളെ ജയിലില്‍ നിന്നു വിട്ടയച്ച കൂട്ടത്തില്‍ മാത്രമാണ് എന്‍ എസിനെയും മറ്റു നേതാക്കളെയും സര്‍ക്കാര്‍ മോചിപ്പിച്ചത്. ഈ നേതാക്കളെ മോചിപ്പിക്കുമെന്ന വാര്‍ത്ത നാട്ടിലാകെ വ്യാപിച്ചു, അവരെ സ്വീകരിക്കാന്‍ വമ്പിച്ച ജനാവലി സന്നിഹിതമായി. കമ്മ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ച പൊതുയോഗത്തില്‍ നേതാക്കള്‍ക്ക് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്.

*എന്‍ എസിന്‍റെ ജീവിതം: ജയിലിലും ഒളിവിലും*

സഖാവ് ശങ്കരയ്യ ആകെ എട്ടുവര്‍ഷത്തെ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. അതില്‍ പകുതിക്കാലം ബ്രിട്ടീഷ് വാഴ്ചയിന്‍കീഴിലും പകുതിക്കാലം സ്വതന്ത്ര ഇന്ത്യയിലും ആയിരുന്നു. മൂന്നുവര്‍ഷക്കാലം അദ്ദേഹം ഒളിവില്‍ കഴിഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ അന്നത്തെ ഗവണ്‍മെന്‍റ് ശങ്കരയ്യയ്ക്കനുവദിച്ചപ്പോള്‍ പാര്‍ടി നിലപാടിന് അനുസൃതമായി അദ്ദേഹം അതു നിരസിക്കുകയായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ പോകാന്‍ കഴിഞ്ഞതിനെ തന്നെയാണ് താന്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഒളിവുജീവിതവും ജയില്‍ ജീവിതവും കഠിനവും വിനാശകരവുമായേക്കാം. ശക്തവും നിശ്ചയദാര്‍ഢ്യവുമുള്ള മനസ്സിന്‍റെ ഉടമകള്‍ക്കേ അതിനെ ചെറുക്കാന്‍ കഴിയൂ. കമ്മ്യൂണിസ്റ്റുകാര്‍ ഒളിവു ജീവിതത്തെയും ജയില്‍ ജീവിതത്തെയും ധീരമായാണ് നേരിട്ടത്. വെല്ലൂര്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരനായി എന്‍ എസ് കഴിയവെ ജയിലധികൃതര്‍ കരുതല്‍ തടങ്കല്‍ തടവുകാരെ എ, ബി എന്നീ വിഭാഗങ്ങളായി തരംതിരിച്ചു. കമ്മ്യൂണിസ്റ്റുകാരോട് വിവേചനം കാണിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. അതില്‍ പ്രതിഷേധിച്ച് എന്‍ എസ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റുകാര്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ പത്താം ദിവസം ജയില്‍ സൂപ്രണ്ട് തടവുകാരെ സന്ദര്‍ശിച്ചപ്പോള്‍ എന്‍ എസ് ഗോര്‍ക്കിയുടെ 'അമ്മ' വായിക്കുന്നതുകണ്ട് അദ്ദേഹം അതിശയിച്ചു. പത്തു ദിവസമായി നിരാഹാരമനുഷ്ഠിച്ചു വരികയായിട്ടും കമ്യൂണിസ്റ്റുകാര്‍ പ്രകടിപ്പിച്ച മനക്കരുത്ത് സൂപ്രണ്ടിനെ അത്ഭുതപ്പെടുത്തി.

*എന്‍ എസ് എന്ന സംസ്ഥാന സെക്രട്ടറി*

1953ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി എന്‍ എസ് തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്‍റെ രൂപീകരണത്തിനു മുന്‍പായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ കൗണ്‍സില്‍ മീറ്റിംഗില്‍നിന്നും ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാള്‍ എന്‍ എസ് ആയിരുന്നു. 1995ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2002 വരെ ആ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ വളരെ വേഗം ഇടപെടാന്‍ എന്‍ എസിനു പ്രത്യേക വൈഭവം തന്നെ ഉണ്ടായിരുന്നു. പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ സംസ്ഥാനമൊട്ടുക്കുള്ള പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെട്ടു. 1998ല്‍ കോയമ്പത്തൂരില്‍ നടന്ന ബോംബു സ്ഫോടനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘട്ടനത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ശങ്കരയ്യ, സഖാവ് ആര്‍ ഉമാനാഥിനെ കോയമ്പത്തൂരിലേക്ക് നിയോഗിച്ചു. എന്‍ എസ് വളരെ വേഗം മുഖ്യമന്ത്രിയെ ബന്ധപ്പെട്ട്, വര്‍ഗീയ ലഹളയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റു ചെയ്യുന്നതിനൊപ്പം സംസ്ഥാനത്തൊട്ടാകെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തൊഴിലാളിവര്‍ഗത്തിന്‍റെ കേന്ദ്രമായ കോയമ്പത്തൂരില്‍ വര്‍ഗീയ സംഘട്ടനങ്ങള്‍ നടന്നതില്‍ സിപിഐ എമ്മിന് തികച്ചും ആശങ്കയുണ്ടെന്ന് എന്‍ എസ് വ്യക്തമാക്കി. തൊഴിലാളിവര്‍ഗത്തിന്‍റെ ഐക്യത്തിനു ഭംഗംവരുത്താന്‍ ശ്രമിക്കുന്ന വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഗവണ്‍മെന്‍റിനോടഭ്യര്‍ത്ഥിച്ചു.

1990കളുടെ രണ്ടാം പകുതിയില്‍ തമിഴ്നാടിന്‍റെ തെക്കന്‍ ജില്ലകളില്‍ വിവിധ ജാതിക്കാര്‍ തമ്മില്‍ നടന്ന സംഘര്‍ഷം നിരവധിപ്പേരുടെ ദാരുണമായ കൊലപാതകത്തില്‍ കലാശിക്കുകയും നിരവധി പേരുടെ വസ്തുവകകള്‍ നഷ്ടപ്പെടുന്നതിനിടയാക്കുകയും ചെയ്തു. ശങ്കരയ്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു. സഖാവ് എന്‍ എസിനൊപ്പം ഞാനും രണ്ടു ദിവസമായി നടന്ന മീറ്റിംഗില്‍ പങ്കെടുത്തു. സര്‍വകക്ഷി യോഗത്തില്‍ വളരെ ശക്തമായി നടത്തിയ ഇടപെടലില്‍ എന്‍ എസ് ഇങ്ങനെ പ്രഖ്യാപിച്ചു: "ഞങ്ങളുടെ പാര്‍ടി, ശ്മശാനത്തിലെ സമാധാനത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത്. നാം ഇവിടെയെടുക്കുന്ന തീരുമാനങ്ങള്‍ക്കനുസൃതമായി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും നിര്‍ണായകമായ പങ്കു വഹിക്കാന്‍ സാധിക്കും. സര്‍വകക്ഷി സമ്മേളനത്തിന്‍റെ മുദ്രാവാക്യം ഇതായിരുന്നു: "അയിത്തമെന്ന മഹാവിപത്ത് ഇല്ലാതാക്കുക, ജാതി സംഘട്ടനങ്ങള്‍ അവസാനിപ്പിക്കുക, ജനകീയ ഐക്യം ശക്തിപ്പെടുത്തുക".

എന്‍ എസിന്‍റെ നിര്‍ദ്ദേശങ്ങളെ മുഖ്യമന്ത്രി കരുണാനിധി സ്വാഗതം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിരവധി ജില്ലകളില്‍ അയിത്തവിരുദ്ധ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളിലെല്ലാം ശങ്കരയ്യ സജീവമായി പങ്കെടുക്കുകയും ഐക്യത്തിന്‍റെ സന്ദേശം ജനങ്ങള്‍ക്കു നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് സാധാരണനില പുനഃസ്ഥാപിക്കുന്നതില്‍ ശങ്കരയ്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളും അദ്ദേഹത്തിന്‍റെ മുന്‍കൈയും നിര്‍ണായക പങ്കു വഹിച്ചു എന്നു പറഞ്ഞാല്‍ അത് തെല്ലും അതിശയോക്തിയാവില്ല.

*എന്‍ എസ് : സാമാജികന്‍ എന്ന നിലയില്‍*

തമിഴ്നാട് നിയമസഭയിലേക്ക് ശങ്കരയ്യ മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യ തവണ സിപിഐ എമ്മിന്‍റെ നിയമസഭയിലെ ഡെപ്യൂട്ടി നേതാവായും പിന്നീടുള്ള രണ്ടുതവണ നേതാവായും ശങ്കരയ്യ സേവനം അനുഷ്ഠിച്ചു. സാമാജികനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചു. വിദ്യാഭ്യാസരംഗത്തും ഭരണതലത്തിലും നീതിന്യായരംഗത്തും തമിഴ്ഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന അദ്ദേഹത്തിന്‍റെ നിലപാട് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

തമിഴ്നാട്ടില്‍ കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ശങ്കരയ്യ വളരെ പ്രധാനപ്പെട്ട പങ്കാണു വഹിച്ചത്. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റായി അദ്ദേഹം പ്രവര്‍ത്തിച്ചു. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ പ്രസിഡന്‍റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രസിദ്ധീകരണമായിരുന്ന 'ജനശക്തി'യുടെ എഡിറ്ററായിരുന്നു അദ്ദേഹം. സിപിഐ എം രൂപീകരിക്കപ്പെട്ടതിനുശേഷം, പാര്‍ടിയുടെ ദിനപത്രമായ 'തീക്കതിരി'ന്‍റെ എഡിറ്ററായി എന്‍ എസ് സേവനം അനുഷ്ഠിച്ചു. തമിഴ്നാട് പുരോഗമന സാഹിത്യകാരന്മാരുടെ സംഘടന രൂപീകരിക്കുന്നതില്‍ എന്‍ എസിന് വളരെ പ്രധാനപ്പെട്ട പങ്കുണ്ടായിരുന്നു. ടിഎന്‍പിഡബ്ല്യുഎ സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ ഉജ്ജ്വലമായ പ്രസംഗം, സാഹിത്യത്തിന്‍റെ രൂപവും ഉള്ളടക്കവും ആയി ബന്ധപ്പെട്ട് ആ സമയത്തു നടന്ന സംവാദത്തെക്കുറിച്ച് നല്ല ധാരണയുള്ള വ്യക്തിയാണ് എന്‍ എസ് എന്ന് തെളിയിക്കുന്നതായിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചത്.

സ്വന്തം വ്യക്തിജീവിതത്തിലും നിരന്തരം ജനാധിപത്യ സമീപനം സ്വീകരിക്കുന്നയാളാണ് എന്‍ എസ്. ജാതി വിവേചനത്തോട് ശക്തമായ എതിര്‍പ്പു പ്രഖ്യാപിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, താന്‍ ജനിച്ച ജാതിയിലോ മതത്തിലോ ജനിക്കാത്ത വ്യക്തിയെ വിവാഹം കഴിക്കാനും അദ്ദേഹം തയ്യാറായി. എന്‍ എസിന്‍റെ കുടുംബത്തിലെ മിക്കവാറും വിവാഹങ്ങളെല്ലാം മിശ്രവിവാഹങ്ങളായിരുന്നു. അത്തരം വിവാഹങ്ങള്‍ നടത്തിയതില്‍ എന്‍ എസിന് മുഖ്യപങ്കുണ്ടായിരുന്നു. എന്‍ എസിന്‍റെ ജീവിതം തലമുറകള്‍ക്ക് മാര്‍ഗദര്‍ശകവും പ്രചോദനവുമാണ്.

- സ. ജി രാമകൃഷ്ണൻ
(സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം)

കടപ്പാട് : ചിന്ത വാരിക

കർണാടകയിലെ ബാംഗ്ലൂരിൽ പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്താൻ ശ്രമിച്ചതിന് സിപിഐ എം ഐ.ടി ഫ്രന്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ...
20/10/2023

കർണാടകയിലെ ബാംഗ്ലൂരിൽ പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്താൻ ശ്രമിച്ചതിന് സിപിഐ എം ഐ.ടി ഫ്രന്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് പൂർണമായും അനുമതി നിഷേധിക്കുകയും ആളുകളെ അറസ്റ്റ് ചെയ്യുകയുമാണ്‌. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനുള്ള ഇസ്രയേൽ അനുകൂല നിലപാട് തന്നെയാണോ കർണാടകയിൽ കോൺഗ്രസിനെന്ന് വ്യക്തമാക്കുക.

സഖാക്കൾക്ക് അഭിവാദ്യങ്ങൾ.

സിപിഐ എം  നേതാവായിക്കെ ശൗര്യചക്ര അവാർഡ് നേടിയ, ഖലിസ്ഥാൻ തീവ്രവാദികളുടെ 42 വധശ്രമങ്ങളെ അതിജീവിച്ച സ. ബൽവീന്ദർ സിങ്ങ് കൊല്...
18/10/2023

സിപിഐ എം നേതാവായിക്കെ ശൗര്യചക്ര അവാർഡ് നേടിയ, ഖലിസ്ഥാൻ തീവ്രവാദികളുടെ 42 വധശ്രമങ്ങളെ അതിജീവിച്ച സ. ബൽവീന്ദർ സിങ്ങ് കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം പൂർത്തിയാകുന്നു.

1980കളിൽ നിറഞ്ഞുനിന്ന ഖലിസ്ഥാൻ ഭീകരവാദത്തിനെതിരെ ഡിവൈഎഫ്ഐ നേതാവായി സഖാവ് നടത്തിയ ധീരപോരാട്ടങ്ങൾ അത്രമേൽ ശ്രദ്ധേയമായിരുന്നു. കൊല്ലപ്പെടുമെന്നുറപ്പിച്ച നിരവധി സന്ദർഭങ്ങളിൽ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട്. റോക്കറ്റ് ലോഞ്ചറുകളടക്കമെടുത്ത് 1990 സെപ്തംബർ 30ന് വീട് വളഞ്ഞാക്രമിച്ച നൂറിലധികം ഭീകരവാദികളെ അദ്ദേഹവും സഹോദരന്മാരും എതിരിട്ടത് സർക്കാർ സ്വയരക്ഷക്ക് നൽകിയ പിസ്റ്റളുകളുമായിട്ടായിരുന്നു. എന്നിട്ടും തീവ്രവാദികളെ തുരത്താൻ സഖാവിന് കഴിഞ്ഞു. ഇതിൻ്റെ പേരിൽ പട്ടാളക്കാരനല്ലാതിരുന്നിട്ടും സഖാവിനും കുടുംബത്തിലെ മറ്റ് മൂന്നുപേർക്കും രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു. ഒരു സാധാരണക്കാരന് ശൗര്യചക്ര അവാർഡ് കിട്ടുന്നത് അസാധാരണമാണെന്നിരിക്കെ ഒരു കമ്മ്യൂണിസ്റ്റുകാരൻ വിഘടനവാദികളെ നേരിട്ട് നേടിയെടുത്ത ആ പുരസ്കാരം ഓരോ കമ്മ്യൂണിസ്റ്റുകാരനും അഭിമാനിക്കാനുള്ളതാണ്. താൻ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന് കീഴിൽ നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർടിയുടെ നിലപാട് ഉയർത്തിപ്പിടിച്ച് വിഘടനവാദികൾക്ക് പഞ്ചാബിൻ്റെ മണ്ണിൽ സ്ഥാനമില്ലെന്ന് പറഞ്ഞ് അക്കാലത്ത് സഖാവ് ബൽവീന്ദർ സിങ്ങ് ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാർ നടത്തിയ പ്രക്ഷോഭങ്ങളെയും ഈയവസരത്തിൽ അഭിമാനത്തോടെ നമുക്കോർക്കാം.

കമ്മ്യൂണിസ്റ്റുകാർക്ക് മറക്കാനുള്ളൊരു പേരല്ല സഖാവ് ബൽവീന്ദർ സിങ്ങ്. 42 എഫ് ഐ ആറുകളാണ് സഖാവ് ബൽവീന്ദർ സിങ്ങിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവങ്ങളിന്മേൽ പഞ്ചാബ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. അതിലൊന്ന് മാത്രമാണ് 1990 സെപ്തംബർ 30 സംഭവം. ഇദ്ദേഹത്തിനെതിരായ അക്രമങ്ങളെക്കുറിച്ച് ദൂരദർശൻ ഒരു വീഡിയോ ഡോക്യുമെൻ്ററി ചെയ്തിരുന്നു. ഈ ഡോക്യുമെൻ്ററിയിൽ ദൂരദർശൻ മറ്റൊരു സഖാവിനെതിരായ ഖലിസ്ഥാൻ തീവ്രവാദികളുടെ അക്രമത്തെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ. മേജർ സിങ്ങ് ആണ് ആ സഖാവ്. അദ്ദേഹത്തിനെതിരെ നടന്ന 11 വധശ്രമങ്ങളിൽ ഒരു കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

മാധ്യമപ്രവർത്തകർ സന്ധു എന്ന ജാതിപ്പേരുകൂടി ചേർത്ത് തന്നെ വിളിക്കുന്നതിൽ പ്രതിഷേധിച്ച് സ്വന്തം നാടിൻ്റെ പേരായ 'ഭികിവിന്ത്' ചേർത്താണ് സഖാവ് ബൽവീന്ദർ സിങ്ങ് ഉപയോഗിച്ചത്. 1980കളിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ച സഖാവ് 1990കളിൽ സിപിഐ എമ്മിൻ്റെ നേതാവായി വളർന്നു. ഇതേ കാലഘട്ടത്തിൽ കർഷക സംഘത്തിൻ്റെ അമൃത്സർ ജില്ലാക്കമ്മിറ്റിയിലും സഖാവ് പ്രവർത്തിച്ചു. 1998ലെ ഝലന്ധർ സമ്മേളനത്തിൽ സിപിഐ എം പഞ്ചാബ് സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഖാവ് 2001 വരെ ഈ സ്ഥാനത്ത് തുടർന്നു. 2002ൽ സഖാവ് പാർടി വിട്ടിരുന്നെങ്കിലും രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം സിപിഐഎമ്മിനൊപ്പം വരികയും 2017 വരെ പാർടിയിൽ തുടരുകയും ചെയ്തു. കൊല്ലപ്പെടുന്നതിന് 6 മാസങ്ങൾക്ക് മുൻപാണ് സഖാവിൻ്റെ സുരക്ഷ കോൺഗ്രസ് സർക്കാർ പിൻവലിച്ചത്. അദ്ദേഹത്തിൻ്റെ ജീവൻ അപകടത്തിലാകുന്ന പ്രവൃത്തിയാണിതെന്ന് അന്നേ കുടുംബം പറഞ്ഞിരുന്നതാണ്. അത് യാഥാർഥ്യമായി. ഖലിസ്ഥാൻ ഭീകരവാദികളെ ചെറുത്തുതോൽപ്പിക്കാൻ മുന്നിട്ടിറങ്ങി രക്തപതാക പുതക്കേണ്ടിവന്ന അനേകം സഖാക്കളുടെ പട്ടികയിലേക്ക് മറ്റൊരു പേരുകൂടിയായി സഖാവ് ബൽവീന്ദർ സിങ്ങ് ഭികിവിന്ത് മാറി..

രക്തസാക്ഷിക്ക് അഭിവാദ്യങ്ങൾ.

എക്കാലത്തും പലസ്തീന്‍ സ്വതന്ത്രരാഷ്ട്രത്തിന്റെ രൂപീകരണത്തെ പിന്തുണച്ച രാജ്യമാണ് ഇന്ത്യ. ഇസ്രയേൽ നടത്തുന്ന നിയമ വിരുദ്ധമാ...
12/10/2023

എക്കാലത്തും പലസ്തീന്‍ സ്വതന്ത്രരാഷ്ട്രത്തിന്റെ രൂപീകരണത്തെ പിന്തുണച്ച രാജ്യമാണ് ഇന്ത്യ. ഇസ്രയേൽ നടത്തുന്ന നിയമ വിരുദ്ധമായ അധിനിവേശത്തെ എതിർക്കുകയും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റൽ സ്റ്റാമ്പ് ഇറക്കുകയും ചെയ്തിരുന്നു ഇന്ത്യ. ഇതിനുമെത്രയോ മുന്നെ തന്നെ ഇന്ത്യയുടെ പൊതുവികാരം മഹാത്മാഗാന്ധിയുടെ വാക്കുകളിലൂടെ പ്രകടമായിരുന്നു. ബാൽഫർ വിളംബരം ഏകപക്ഷീയമായി അംഗീകരിക്കപ്പെട്ടതിന് ശേഷം ജൂതന്മാർ പലസ്തീനിലേക്ക് വന്നുകൊണ്ടിരിക്കെ ഗാന്ധി 1938ൽ പറഞ്ഞത് ഇപ്രകാരമാണ്, "ഇംഗ്ളണ്ട് ഇംഗ്ളീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണ് എന്ന അതേ അര്‍ത്ഥത്തില്‍ പലസ്തീന്‍ അറബികള്‍ക്ക് അവകാശപ്പെട്ടതാണ്. അറബികള്‍ക്കുമേല്‍ ജൂതന്മാരെ കെട്ടിയേല്‍പ്പിക്കുന്നത് തെറ്റും മനുഷ്യത്വരഹിതവുമാണ്. ഇന്ന് പലസ്തീനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ ഒരു ധാര്‍മ്മിക നീതി സംഹിതയുടെ പേരിലും ന്യായീകരിക്കാനാവില്ല".

1947 സെപ്തംബര്‍ 29നാണ് ബ്രിട്ടീഷ് ഭരണത്തിലായിരുന്ന അവിഭക്ത പലസ്തീന്‍ പ്രദേശം വിഭജിച്ച് അറബ്, ജൂത രാജ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുഎന്‍ പൊതുസഭ തീരുമാനിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊടും പീഡനത്തിനും ഹിറ്റ്ലറുടെ ജര്‍മനിയില്‍ വംശഹത്യയ്ക്കും ഇരയായ ജൂതര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ പശ്ചിമേഷ്യയില്‍ പലസ്തീന്‍ മണ്ണിനെ വെട്ടിമുറിക്കുകയായിരുന്നു. അന്നുമുതലിന്നോളം സാമ്രാജ്യത്വശക്തിയായ അമേരിക്കയുടെ തണലിൽ പലസ്തീനുമേൽ അധിനിവേശം നടത്തിക്കൊണ്ടിരിക്കയാണ് ഇസ്രയേൽ. ഈ സാഹചര്യത്തിലാണ് സഖാവ് ലെനിൻ്റെ വാചകം കൂടുതൽ പ്രസക്തമാകുന്നത്. ലെനിന്‍ പ്രസ്താവിക്കുന്നു. "സാമ്രാജ്യത്വം നിലനില്‍ക്കുന്നത് രാഷ്ട്രങ്ങളെ തമ്മില്‍ തല്ലിച്ചുകൊണ്ടാണ്; നിരവധി രാഷ്ട്രങ്ങളെ അത് അടിച്ചമര്‍ത്തുന്നു; അടിച്ചമര്‍ത്തല്‍ വര്‍ദ്ധിപ്പിക്കുകയും വ്യാപിപ്പിക്കുകയുമാണ്''. ഇതിൻ്റെ ഏറ്റവും കൃത്യമായ മാതൃകയാണ് പലസ്തീൻ. പലസ്തീനുൾപ്പെടെയുള്ള അറബ് മേഖലയിലെ അമേരിക്കൻ ഇടപെടൽ ഇന്നും സാമ്രാജ്യത്വം അതേ വഴി പിന്തുടരുകയാണെന്ന് ബോധ്യപ്പെടുത്തിത്തരുന്നു.

അമേരിക്കയെ അനുകൂലിക്കുമ്പോൾ പോലും പലസ്തീനായി നിലകൊണ്ടിരുന്ന രാജ്യമാണ് ഇന്ത്യ. വ്യക്തമായ വിദേശനയമുണ്ടായിരുന്ന കാലത്ത്, പലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ) യെ പലസ്തീന്‍ ജനതയുടെ ഒരേയൊരു പ്രതിനിധിയായി 1974ല്‍ തന്നെ അംഗീകരിച്ച, അറബ് രാഷ്ട്രങ്ങള്‍ക്കു പുറത്തുള്ള, ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1988ല്‍ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യവും ഇന്ത്യയാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേലിൻ്റെ നിയമവിരുദ്ധ അധിനിവേശത്തെ ഇന്ത്യ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ രൂപീകരണത്തെ ഐക്യരാഷ്ട്ര സമിതിയില്‍ ഇന്ത്യ എതിർത്തിരുന്നു. ഇതിനൊപ്പം 1948 മുതല്‍ 1992 വരെ യാതൊരു വിധ നയതന്ത്രബന്ധത്തിനും ഇന്ത്യ തയ്യാറായിരുന്നില്ല. 1981ലാണ് പലസ്തീൻ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നമ്മുടെ രാജ്യം പോസ്റ്റൽ സ്റ്റാമ്പ് ഇറക്കുന്നത്.

"ഇസ്രയേല്‍ അമേരിക്കയുടെ മറുനാടന്‍ താവളമാണ്" എന്നാണ് പലസ്തീന്‍ ജനതയോടും അറബ് പ്രശ്നങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ അന്താരാഷ്ട്ര അസാധാരണ സമ്മേളനം വിജയകരമായി സംഘടിപ്പിച്ച സിറിയന്‍ സഖാക്കൾക്കയച്ച കത്തിൽ സഖാവ് സീതാറാം യെച്ചൂരി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ വിദേശ സഹായത്തിന്റെ ഏറ്റവും വലിയ പങ്ക് പറ്റുന്നത് ഇസ്രയേലാണ്. അതിൽ വലിയ ഭാഗം അമേരിക്കയിൽ നിന്നുതന്നെ ആയുധശേഖരം വാങ്ങാനാണ് ഇസ്രയേൽ ഉപയോഗിക്കുന്നത്. ഈ ആയുധങ്ങളാണ് പലസ്തീനെ ആക്രമിക്കാൻ ഇസ്രയേൽ ഉപയോഗിക്കുന്നത്. 1949 മുതലുള്ള 60 വർഷം കൊണ്ട് 10,100 കോടി ഡോളറാണ് ഇസ്രയേലിന് സഹായമായി അമേരിക്ക നല്‍കിയത്. അതില്‍ 5300 കോടി ഡോളറും സൈനിക സഹായമായിരുന്നു. ഇത് മാത്രമല്ല അമേരിക്ക ഇസ്രയേലിനായി നൽകുന്ന സഹായം. പലസ്തീൻ സ്വതന്ത്രരാഷ്ട്രമാവുന്നതിനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയിൽ വീറ്റോ ചെയ്യുന്നത് അമേരിക്കയാണ്. അമേരിക്കയുടെ തടസമൊന്ന് ഇല്ലാതിരുന്നെങ്കിൽ പലസ്തീൻ പണ്ടേ സ്വതന്ത്രരാജ്യമാകുമായിരുന്നു. ഇതിനൊപ്പം ഇസ്രയേലിൻ്റെ യുദ്ധക്കുറ്റങ്ങളെയാകെ പിന്തുണച്ചുകൊണ്ട് അവർക്ക് എത്ര പലസ്തീൻകാരെ വേണമെങ്കിലും കൊല്ലാമെന്ന നിലയിലെത്തിച്ചതും അമേരിക്കയാണ്. അമേരിക്കയുടെ ഈ പിന്തുണയുടെ ബലത്തിലാണ് പൊതുജനാഭിപ്രായത്തെയും ഐക്യരാഷ്ട്രസഭ അംഗീകരിച്ച പല പ്രമേയങ്ങളെയും അവഗണിച്ച് പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ക്കും പലസ്തീന്‍ ജനതയ്ക്കും എതിരായ ആക്രമണ നയം ഇസ്രയേല്‍ തുടരുന്നത്.

അമേരിക്കൻ പിന്തുണയോടെയുള്ള ഇസ്രയേൽ ആക്രമണത്തെ നോം ചോംസ്കി ഇങ്ങനെ നോക്കിക്കാണുന്നു,"ജനങ്ങള്‍ തിങ്ങി ഞെരുങ്ങി പാര്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളിലും സ്കൂളുകളിലും പാര്‍പ്പിടങ്ങളിലും മോസ്കുകളിലും ചേരിപ്രദേശങ്ങളിലും ബോംബിടാന്‍ ഇസ്രയേല്‍ ഉപയോഗിച്ചത് അത്യാധുനികമായ ബോംബര്‍ ജെറ്റുകളും നാവികയാനങ്ങളുമാണ്. വ്യോമസേനയോ വ്യോമ പ്രതിരോധ സംവിധാനമോ നാവികസേനയോ അത്യാധുനികമായ ആയുധങ്ങളോ സൈനിക യൂണിറ്റുകളോ യന്ത്രവല്‍കൃത രക്ഷാസംവിധാനങ്ങളോ കേന്ദ്രീകൃത സൈനിക നേതൃത്വമോ ഒന്നുമില്ലാത്ത ജനസഞ്ചയത്തിനുമേലാണ് ഇസ്രയേല്‍ ആക്രമണമഴിച്ചു വിടുന്നത്... എന്നിട്ട് അതിനെ യുദ്ധമെന്ന് വിളിക്കുന്നു. ഇത് യുദ്ധമേയല്ല; ഇത് അരുംകൊലയാണ്"

ലോകമാസകലമുള്ള കമ്മ്യൂണിസ്റ്റ് പാർടികൾ പലസ്തീനൊപ്പം മാത്രമാണ് നാളിതുവരെ നിലകൊണ്ടിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇസ്രയേൽ പോലും ഇസ്രയേൽ അധിനിവേശത്തെ നിശിതമായി എതിർക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. മഹാനായ മണ്ഡേല പറയുന്നത് പലസ്തീൻ ജനതക്ക് സ്വാതന്ത്ര്യം കിട്ടാത്തിടത്തോളം കാലം ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യം അപൂർണമാണെന്നാണ്. അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർടിയുടെ പ്രധാനപ്പെട്ട നേതാവായിരുന്ന സഖാവ് ആഞ്ചെല ഡേവിസ് ഇസ്രയേൽ അധിനിവേശത്തിൻ കീഴിലുള്ള പലസ്തീൻ എന്നത് തടവിലാക്കപ്പെട്ട സമൂഹത്തിൻ്റെ ഏറ്റവും പരിതാപകരമായ ഉദാഹരണമാണെന്നാണ് പറയുന്നത്.

കമ്മ്യൂണിസ്റ്റ് പാർടികൾ ഭരിക്കുന്ന രാജ്യങ്ങളായ ചൈന, ക്യൂബ, വിയറ്റ്നാം, ലാവോസ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെല്ലാം പലസ്തീനൊപ്പമാണ്. സിപിഐ എം, പാർടി രൂപീകരണം മുതൽ ഇന്നുവരെയും പലസ്തീനൊപ്പമാണ്. ഇതിനർഥം കമ്മ്യൂണിസ്റ്റുകാർ മാത്രമാണ് പലസ്തീനൊപ്പം നിൽക്കുന്നത് എന്നല്ല. 2001ല്‍ പലസ്തീന്‍ സന്ദര്‍ശനവേളയില്‍ ഇസ്രയേലിന്റെ സൈനിക അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ചത് ജോൺപോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് മടങ്ങിവരാനുള്ള അവസരമൊരുക്കണമെന്നും ദേശരാഷ്ട്രമായിത്തീരാനുള്ള പലസ്തീനികളുടെ അവകാശത്തെ എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്നും മാര്‍പാപ്പ അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതേ അഭിപ്രായം 2008ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമനും പങ്കുവച്ചിട്ടുണ്ട്. ആംഗ്ളിക്കന്‍ സഭയുടെ ആത്മീയ നേതാവും 2002 മുതൽ 2012 വരെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പുമായിരുന്ന ഡോ. റോവന്‍ വില്യംസ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ് പദവിയിലിരുന്നുകൊണ്ട് പലസ്തീൻ വിമോചന പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. 2010ലെ കേരള സന്ദർശനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് എന്നുകൂടി നാം ഓർമ്മിക്കണം.

ഡോ. റോവൻ വില്യംസ് നമ്മളോടെല്ലാവരോടുമായി ഒരു കാര്യം അന്ന് ചോദിച്ചിരുന്നു, "തകര്‍ന്ന ഇറാഖിനെ അതുപോലെ പുനഃസൃഷ്ടിക്കാൻ ഇനി ആകുമോ?" തകർത്തുതകർത്ത് പലസ്തീൻ ഇല്ലാതാവുമ്പോഴെങ്കിലും ഓർക്കാൻ പലസ്തീനികളുടെ വിമോചനപ്പോരാളിയും മഹാനായ കവിയുമായ മുഹ്‌മൂദ് ദാര്‍വിഷ് ഒരു കവിതയെഴുതിവച്ചിട്ടുണ്ട്. അതിൽ അയാൾ ഇങ്ങനെ കുറിച്ചിരിക്കുന്നു

"അവസാനത്തെ അതിരുകളും കഴിഞ്ഞാല്‍ നാമെവിടെപ്പോകും
അവസാനത്തെ ആകാശവും കഴിഞ്ഞാല്‍ പക്ഷികള്‍ എവിടെപ്പോകും''

അവസാനത്തെ അതിരു കഴിയാതിരിക്കാൻ, അവസാനത്തെ ആകാശം കഴിയാതിരിക്കാൻ, നാം പലസ്തീനൊപ്പം നിൽക്കണം. സഖാവ് സീതാറാം യെച്ചൂരി പറഞ്ഞതുപോലെ, 'പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നത് നീതിബോധമുള്ള മനുഷ്യരുടെയെല്ലാം സ്വാഭാവിക വികാരമാണ്' എന്നത് ഉൾക്കൊണ്ടുകൊണ്ട് നാം നമ്മുടെ ഐക്യദാർഢ്യം പലസ്തീനായി സമർപ്പിക്കുക.

വർക്കേഴ്സ് പാർടി ഓഫ് കൊറിയയുടെ 78ആം സ്ഥാപക ദിനം സമുചിതമായി ആചരിക്കപ്പെട്ടു. പോങ്ങ്യാങ്ങിലെ കിം ഇൽ സുങ് സ്ക്വയറിൽ വിപുലമാ...
12/10/2023

വർക്കേഴ്സ് പാർടി ഓഫ് കൊറിയയുടെ 78ആം സ്ഥാപക ദിനം സമുചിതമായി ആചരിക്കപ്പെട്ടു. പോങ്ങ്യാങ്ങിലെ കിം ഇൽ സുങ് സ്ക്വയറിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

1959 ജൂൺ 18നാണ് സഖാവ് ചെഗുവേര പലസ്തീൻ സന്ദർശിക്കുന്നത്. അന്നത്തെ പലസ്തീൻ വിമോചന സംഘടന സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ...
09/10/2023

1959 ജൂൺ 18നാണ് സഖാവ് ചെഗുവേര പലസ്തീൻ സന്ദർശിക്കുന്നത്. അന്നത്തെ പലസ്തീൻ വിമോചന സംഘടന സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരുന്നവരാണെന്നതും പാലസ്തീന്റെ ആവശ്യങ്ങൾ ന്യായമാണെന്നതും കെയ്റോ വരെയുണ്ടായിരുന്ന സന്ദർശനം നീട്ടി 450 കിലോമീറ്റർ കൂടെ സഞ്ചരിച്ച് ഗാസയിലേക്ക് ചെഗുവേരയെ എത്തിച്ചു. അഭയാർഥി ക്യാമ്പുകളിലെത്തിയ ചെഗുവേരയെ ക്യൂബൻ വിപ്ലവത്തോട് ആദരമർപ്പിക്കുന്ന മുദ്രാകാക്യങ്ങൾ വിളിച്ചാണ് ദുരിതമനുഭവിക്കുന്ന ഘട്ടത്തിലും പാലസ്തീനികൾ സ്വീകരിച്ചത്. പാലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സ്വതന്ത്രരാഷ്ട്രമെന്ന പാലസ്തീന്റെ ആവശ്യങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്താണ് സഖാവ് മടങ്ങുന്നത്. 1965ൽ രൂപീകരിച്ച പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി രക്തസാക്ഷിത്വം വരെയും വളരെ അടുത്ത ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. പാലസ്തീൻ വിമോചനമായിരുന്നു അദ്ദേഹം കണ്ട സ്വപ്നം. പാലസ്തീനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മനസ്. ആ ചെഗുവേര ഇന്നും പാലസ്തീൻ പോരാളികൾക്ക് ആവേശം പകരുന്ന വിപ്ലവകാരിയാണ്. അതുകൊണ്ടുതന്നെ വെസ്റ്റ്ബാങ്കിലെ അധിനിവേശമതിലുകളിലും ഗാസയിലെ ചുമരുകളിലും പാലസ്തീനികളുടെ ഹൃദയത്തിലും സഖാവ് ചെഗുവേര പച്ചകുത്തപ്പെട്ടിരിക്കുന്നു.

'എന്റെ ആശയങ്ങൾ നാളെ ഉദിച്ചുപൊന്തും. ഇന്നത്തെ അസ്തമയത്തിലല്ല, നാളെയുടെ ഉദയത്തിലാണെന്റെ പ്രതീക്ഷ'

- സ. ചെഗുവേര

എക്കാലവും പാലസ്തീനൊപ്പം നിൽക്കണമെന്ന് ജീവിതം കൊണ്ട് നമ്മളെ പഠിപ്പിച്ചവന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഒരിക്കൽ കൂടി നമ്മുടെ പാലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ പുതുക്കാം. പാലസ്തീൻ എന്ന രാജ്യം സ്വതന്ത്രമാകും വരെ അവർക്കൊപ്പം നിൽക്കാം‌.

ധീര വിപ്ലവകാരി സ. ചെഗുവേരയെ ആരാധിക്കുന്നവരിൽ ഒരു വലിയ വിഭാഗം തങ്ങൾ “സ്റ്റാലിൻ വിരുദ്ധർ” ആണെന്ന് സ്വയം പ്രഖ്യാപിക്കുകയും,...
09/10/2023

ധീര വിപ്ലവകാരി സ. ചെഗുവേരയെ ആരാധിക്കുന്നവരിൽ ഒരു വലിയ വിഭാഗം തങ്ങൾ “സ്റ്റാലിൻ വിരുദ്ധർ” ആണെന്ന് സ്വയം പ്രഖ്യാപിക്കുകയും, അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ "കുറ്റകൃത്യങ്ങൾ" എന്ന് ഘോഷിക്കപ്പെടുന്ന സംഗതികളുടെ പേരിൽ സ്റ്റാലിനെ അത്യന്തം വെറുക്കുകയും ശപിക്കുകയും ചെയ്യുന്ന കാലത്ത് സ. ചെഗുവേരയുടെ ആരാദ്യ പുരുഷനായിരുന്നു സ. സ്റ്റാലിൻ എന്നത് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ട വസ്തുതയാണ്.

1953ൽ, ഗ്വാട്ടിമാലയിൽ ആയിരിക്കുന്ന സമയത്ത് അന്ന് 25 വയസ്സുള്ള ചെ തന്റെ മാതൃസഹോദരി ബിയാട്രിസിന് അയച്ച കത്തിൽ ഇങ്ങനെ കുറിച്ചു: “വഴിയിൽ, 'യുണൈറ്റഡ് ഫ്രൂട്ടി'ന്റെ ആധിപത്യ പ്രദേശങ്ങളിലൂടെ കടന്നുപോകാൻ എനിക്ക് അവസരം ലഭിച്ചു, മുതലാളിത്തത്തിന്റെ നീരാളിക്കൈകൾ എത്രത്തോളം ഭയാനകമാണെന്ന് ഇതെന്നെ ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തി. അതിനാൽ ഞാൻ, മഹാനായ സഖാവ് സ്റ്റാലിന്റെ ഒരു ചിത്രത്തിന് മുന്നിൽ നിന്നുകൊണ്ട് ഈ മുതലാളിത്ത നീരാളികൾ മുഴുവനായും ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ വിശ്രമിക്കില്ലെന്ന് സത്യം ചെയ്തു."
(ജോൺ ലീ ആൻഡേഴ്സൺ, 'ചെ ഗുവേര: ഒരു വിപ്ലവ ജീവിതം', 1997).

ഗ്വാട്ടിമാലയിൽ നിന്ന് കത്തെഴുതിയതിന് വർഷങ്ങൾക്കു ശേഷം, ക്യൂബയിലെ വിപ്ലവപ്രക്രിയയുടെ ഘട്ടത്തിലും ചെഗുവേര സ്റ്റാലിനോടുള്ള തന്റെ നിലപാട് വീണ്ടും ആവർത്തിച്ചുറപ്പിക്കുന്നുണ്ട്:

"സ്റ്റാലിന്റെ കുറ്റങ്ങൾ എന്ന് വിളിക്കപ്പെടുന്ന വിഷയങ്ങളുടെ കാമ്പ് യഥാർത്ഥത്തിൽ വിപ്ലവ മനോഭാവവും റിവിഷനിസ്റ്റ് മനോഭാവവും തമ്മിലുള്ള വ്യത്യാസമാണ്. അദ്ദേഹത്തെ ഒരുതരം മൃഗീയനായി കാണുന്നതിന് പകരം, അദ്ദേഹം പ്രവർത്തിച്ചിരുന്ന പ്രത്യേക ചരിത്ര പശ്ചാത്തലത്തിൽ നിന്നുകൊണ്ട് നിങ്ങൾ സ്റ്റാലിനെ കാണണം. മഹാനായ, യശശരീരനായ സ്റ്റാലിൻ കാരണമാണ് ഞാൻ കമ്മ്യൂണിസത്തിലേക്ക് ആകൃഷ്ടനായത്; അതുകൊണ്ട് തന്നെ സ്റ്റാലിനെ വായിക്കരുത് എന്നും പറഞ്ഞ് ആരും എന്റെ അടുക്കൽ വന്നേക്കരുത്. സ്റ്റാലിനെ വായിക്കുന്നത് വളരെ മോശമെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലത്ത് ഞാൻ അദ്ദേഹത്തെ വായിച്ചു. അതൊരു ഘട്ടം. ഞാൻ 'കുശാഗ്രബുദ്ധിയും സ്ഥൈര്യവുമുള്ള ഒരുത്തൻ അല്ലാത്തതിനാൽ' തന്നെ അദ്ദേഹത്തെ വായിക്കുന്നത് തുടരുന്നു. പ്രത്യേകിച്ചും ഇപ്പോൾ, അദ്ദേഹത്തെ വായിക്കുന്നത് അത്യന്തം മോശമായിരിക്കുന്ന ഈ പുതിയ കാലഘട്ടത്തിൽ. അന്നും ഇന്നും അത് നല്ല ഒരു കാര്യമായാണ് ഞാൻ കാണുന്നത്.”

സ്റ്റാലിന്റെ നേതൃത്വത്തെ പ്രശംസിക്കുന്നതിനൊപ്പം, ചെ എല്ലായ്പ്പോഴും ട്രോട്സ്കിയെ "ഗൂഢതാല്പര്യങ്ങളുടേയും” “അടിസ്ഥാന വ്യതിയാനങ്ങളുടെയും” പേരിൽ കുറ്റപ്പെടുത്തുകയും പ്രതിവിപ്ലവത്തിലെ അയാളുടെ പങ്ക് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. തന്റെ ഒരു കുറിപ്പിൽ അദ്ദേഹം അടിവരയിട്ടുപറയുന്നു: “ട്രോട്‌സ്കിയുടെ അടിസ്ഥാന കാഴ്ചപ്പാട് അബദ്ധജടിലമാണെന്നും ഗൂഡോദ്ദേശങ്ങൾ ശരിയല്ലെന്നും അദ്ദേഹത്തിന്റെ അവസാന കാലഘട്ടം കൂടുതൽ ഇരുണ്ടതായിരിക്കുമെന്നുമാണ് ഞാൻ കരുതുന്നത്. വിപ്ലവ പ്രസ്ഥാനത്തിന് ട്രോട്സ്കൈറ്റുകൾ ഒന്നും സംഭാവന ചെയ്തിട്ടില്ല; അവർ ഏറ്റവും കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയ പെറുവിൽ പോലും, ഒടുക്കം അവർ പരാജയപ്പെട്ടു, കാരണം അവർ സ്വീകരിച്ച രീതി തെറ്റായിരുന്നു."
(ചെഗുവേര എഴുതിയ 'രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വിമർശനാത്മക കുറിപ്പുകൾ', റെവല്യൂഷണറി ഡെമോക്രസി ജേർണൽ, 2007).

സ്വതവേ പരന്ന വായനക്കാരനും മാർക്സിസ്റ്റ് തത്വശാസ്ത്രത്തിൽ വിപുലമായ അറിവുമുണ്ടായിരുന്ന ഏണസ്റ്റോ ചെഗുവേര, തന്റെ ക്ലാസിക്കൽ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് വായനകളിൽ സ്റ്റാലിന്റെ ലേഖനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ക്യൂബൻ വിപ്ലവത്തിലെ പ്രധാന അംഗവും ട്രോട്‌സ്കൈറ്റുമായ അർമാണ്ടോ ഹാർട്ട് ഡെവാലോസിന് എഴുതിയ കത്തിൽ അതാണ് അദ്ദേഹം എഴുതിയത്:

സോവിയറ്റ് പ്രസിദ്ധീകരണങ്ങൾ ഒഴിവാക്കുകയാണെങ്കിൽ പിന്നെ ക്യൂബയിൽ പ്രസിദ്ധീകരിക്കാൻ ഒന്നും തന്നെ ഉണ്ടാവില്ല. നിങ്ങളെ ചിന്തിക്കുന്നതിൽ നിന്നും വിലക്കുന്ന സ്ഥിതിവിശേഷമാണ് അത് സൃഷ്ടിക്കുക; പാർട്ടി നിങ്ങൾക്കായാണ് അത് ചെയ്തത് എന്നത് നിങ്ങൾ ഉൾക്കൊള്ളണം. മാർക്സ്, ഏംഗൽസ്, ലെനിൻ, സ്റ്റാലിൻ [ഒറിജിനലിൽ ചെ ഇത് അടിവരയിട്ട് വെക്കുകയുണ്ടായി], മറ്റ് മഹത്തായ മാർക്സിസ്റ്റുകൾ എന്നിവരുടെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ധീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മികച്ച റിവിഷനിസ്റ്റുകളെയും (നിങ്ങൾക്ക് ക്രൂഷ്ചേവിനെ ഇവിടെ ചേർക്കാം), എന്തൊക്കെയോ എഴുതി വച്ചു പോയ നിങ്ങളുടെ സുഹൃത്ത് ട്രോട്‌സ്കിയേയും ഏറ്റവും നന്നായും മറ്റാരെക്കാളും കൂടുതൽ ആഴത്തിലും, വിശകലനം ചെയ്തു കാണാൻ കഴിയുന്നതവിടെയാണ്."
(കോൺട്രാകോറിയൻറ്, നമ്പർ 9, സെപ്റ്റംബർ .1997) .

ക്രൂഷ്ചേവിന്റെ “ഡി-സ്റ്റാലിനൈസേഷൻ” ആരംഭിച്ച് നാല് വർഷത്തിന് ശേഷം, 1960 നവംബറിൽ, ഏണസ്റ്റോ ചെഗുവേര ക്യൂബൻ സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി മോസ്കോ സന്ദർശിക്കുകയുണ്ടായി. അന്ന് ക്രെംലിൻ നെക്രോപോളിസിലെ സ്റ്റാലിന്റെ ശവകുടീരം സന്ദർശിക്കാനും പുഷ്പാർച്ചന നടത്താനും ചെ നിർബന്ധം പിടിച്ചത്, അത്തരമൊരു പ്രവൃത്തി ഒഴിവാക്കാനുള്ള അന്നത്തെ ക്യൂബൻ അംബാസഡറുടെ ഉപദേശത്തിനെ പോലും വകവെക്കാതെയാണ്.

ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തിലെ ബഹുജന പ്രവർത്തനങ്ങളുടെ ഉത്പന്നമാണ് ജോസഫ് സ്റ്റാലിൻ എന്ന വ്യക്തിത്വവും നേതാവും. ലെനിന്റെ പ്രത്യയശാസ്ത്ര ദാർഢ്യത്തിന്റെ പിന്തുടർച്ച ഏറ്റെടുത്ത് ബോൾഷെവിക് പാർട്ടിയേയും സോവിയറ്റ് ജനതയെയും 30 വർഷത്തോളം നയിച്ചതും സ്റ്റാലിനാണ്. ആ ചരിത്ര യാഥാർഥ്യത്തെ, ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്ന നിലയിലും, സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരു യഥാർത്ഥ വിപ്ലവകാരി ആയതിനാലും ഏണസ്റ്റോ ചെഗുവേര തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുമെന്നത് അനിവാര്യതയാണ്.

സ. ചെഗുവേരയുടെ 57ആം രക്തസാക്ഷിത്വദിനത്തിൽ മുന്നോട്ടുള്ള വഴി നിശ്ചയിക്കാനും ശത്രു ആരെന്ന് മനസിലാക്കാനും നമുക്ക് സാധിക്കണം. നാം ഈ ചെങ്കൊടിക്കൂറക്ക് കീഴിൽ വിപ്ലവപ്പോരാട്ടത്തിനായി മുന്നോട്ടുനീങ്ങണം.

ചിത്രം : സ. സ്റ്റാലിൻ്റെ രക്തസാക്ഷികുടീരത്തിൽ ആദരമർപ്പിക്കാൻ പോവുന്ന സ. ചെഗുവേര

Address


Alerts

Be the first to know and let us send you an email when കാട്ടു കടന്നൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കാട്ടു കടന്നൽ:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share