26/10/2019
● കൈതി - An out-and-out thriller
● 2017ൽ പുറത്തിറങ്ങിയ മാനഗരം എന്ന ചിത്രം എത്രപേർ കണ്ടിട്ടുണ്ടാവുമെന്നറിയില്ല. ആ വർഷം ഇറങ്ങിയ മികച്ച തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു നവാഗതനായ ലോകേഷ് സംവിധാനം ചെയ്ത, മൾട്ടിലീനിയർ രീതിയിൽ കഥ പറഞ്ഞ മാനഗരം. കാർത്തിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന തന്റെ രണ്ടാമത്തെ ചിത്രമായ കൈതി അന്നൗൻസ് ചെയ്ത നാൾ മുതൽ കാണാൻ ആഗ്രഹിക്കുന്ന ചിത്രമാണ്. തിയേറ്റർ വാച് അർഹിക്കുന്ന സിനിമയാണെന്ന് അടിവരയിടുന്നതാണ് ചിത്രത്തിന്റെ ട്രൈലെർ.
● തന്നെ കാണാൻ നാളെ ആരോ വരുന്നുണ്ടെന്നറിഞ്ഞ ആകാംക്ഷയിൽ അനാഥാലയത്തിൽ കഴിയുന്ന കൊച്ചുപെൺകുട്ടി,
900 കിലോഗ്രാം കൊക്കയ്ൻ സീസ് ചെയ്തിരിക്കുന്ന പോലീസ് സ്‌പെഷൽ ഫോഴ്‌സ്, അത് ഏതുവിധേനയും കൈക്കലാക്കാൻ തീരുമാനിക്കുന്ന ഒരുപറ്റം വില്ലന്മാർ, പോലീസ് സ്റ്റേഷനിൽ ഡ്രങ്ക് ആൻഡ് ഡ്രൈവ് കാരണം ഹാജരാവേണ്ടി വന്ന കുറച്ചു ചെറുപ്പക്കാർ,
10 വർഷത്തെ ജയില്വാസത്തിനു ശേഷം പരോളിൽ ഇറങ്ങിയ ദില്ലി എന്ന കൊലയാളി.
ഇത്രയും പേർക്കിടയിൽ ഒരു രാത്രിയിൽ നടക്കുന്ന ഉദ്വെഗജനകമായ സംഭവങ്ങളാണ് കൈതി എന്ന ചിത്രം.
● ആദ്യത്തെ ഒരു മുക്കാൽ മണിക്കൂറോളം ഓരോ കഥാപാത്രങ്ങളെയും, അതാതു കഥാസന്ദര്ഭങ്ങളെയും വ്യക്തമായി പരിചയപ്പെടുത്തിയതിനു ശേഷം ഫുൾ സ്വിങ്ങിലോട്ട് മാറുകയാണ് ചിത്രം.
ഒരു സെക്കൻഡ് പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സമ്മതിക്കാതെ സീറ്റിന് തുമ്പിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം പൂർണ്ണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
● പോസ്റ്ററിൽ പറയുന്നതുപോലെ തന്നെ ചിത്രത്തിൽ പാട്ടുകളോ, നായികയോ പ്രണയമോ ഒന്നുമില്ല. രാചസൻ, തീരൻ അധികാരം ഒൻഡ്രു എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിൽ പുറത്തിറങ്ങുന്ന ലക്ഷണമൊത്ത ത്രില്ലറാണ് കൈതി. ഒരു ഇമോഷണൽ ഫ്ലാഷ്ബാക്കിനുള്ള എല്ലാ സാധ്യതകളും, സന്ദർഭവും ഉണ്ടായിട്ടും അതിലേക്കൊന്നും പോകാതെ പൂർണ്ണമായും ലൈവായി തന്നെ, കാർത്തിയുടെ ഡയലോഗ് ഡെലിവറിയിലൂടെ കഥ പറഞ്ഞു പോയത് കയ്യടി അർഹിക്കുന്നു.
● ഓടിക്കൊണ്ടിരിക്കുന്ന ലോറി, ഒരു ഗുണ്ടാതാവളം, അടച്ചിട്ട പോലീസ് സ്റ്റേഷൻ എന്നിങ്ങനെ ചുരുങ്ങിയ സ്ഥലങ്ങളിലാണ് കഥ നടക്കുന്നത്. സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ സ്ഥാനം ചിത്രത്തിലുണ്ട്. ഗംഭീര തിരക്കഥ തന്നെയാണ് ചിത്രത്തിന്റേത്.
രണ്ടേ രണ്ടു സിനിമകൾ കൊണ്ടുതന്നെ താനൊരു മികച്ച സംവിധായകനെന്ന് ലോകേഷ് തെളിയിച്ചിരിക്കുകയാണ്.
● ദില്ലി..!
വലംകയ്യിൽ ഞാന്നു കിടക്കുന്ന വിലങ്, നെറ്റിയിൽ നീട്ടിവരച്ച ഭസ്മക്കുറി, പോക്കറ്റ് കീറിയ അയഞ്ഞ ഷർട്ട്, പതിഞ്ഞ സംസാരം..
ഒന്നാമതേ കിടിലനായൊരു കഥാപാത്രം ക്ളൈമാക്‌സോടുകൂടി വേറേതോ ലെവെലിലേക്ക് ഉയർന്നുപോയത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. ദില്ലിയായി കാർത്തി ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം..
● സ്‌പെഷൽ ഫോഴ്‌സ് ഓഫിസറായി നരെയ്‌നെ ഏറെക്കാലത്തിനു ശേഷം മികച്ചൊരു വേഷത്തിൽ കാണാനായി. ലോറിയിൽ കൂടെയുള്ള പയ്യൻ, പുതുതായി ചാർജെടുത്ത പോലീസ് ഓഫിസർ തുടങ്ങി തിയേറ്റർ വിട്ടാലും കൂടെ ഇറങ്ങിപോരുന്ന ഒരുപിടി കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്.
● ഇരുട്ടിനെ ഒരു കഥാപാത്രമാക്കി തന്നെ സ്‌ക്രീനിലെത്തിച്ച സിനിമാട്ടോഗ്രാഫർ സത്യൻ സൂര്യൻ കയ്യടി അർഹിക്കുന്നു.ലോറിയുടെയും ടോർച്ചിന്റെയും നിലാവിനെയും പോലും വെളിച്ചം വളരെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഫൈറ്റ് സീനുകളൊക്കെ അസാധ്യമായിരുന്നു.
അടിക്കെടാ അവനെ എന്ന് പ്രേക്ഷകർ വിളിച്ചു പറയുന്നിടത്താണ് ആദ്യത്തെ അടി വീഴുന്നത് തന്നെ.അമ്മാതിരി ബിൽഡപ്പയിരുന്നു..
രോമാഞ്ചം...!!!
സിനിമക്കായുള്ള പാട്ടുകൾ ഇല്ലെങ്കിലും കൃത്യമായ ഇടങ്ങളിൽ കടന്നു വരുന്ന പഴയ തമിഴ് പാട്ടും ഒരു ഡപ്പാങ്കുത് പാട്ടും കഥയിൽ ചേർന്നു നിന്ന് കയ്യടി വാങ്ങിക്കുന്നുണ്ട്.
● മിനിറ്റുകൾ കഴിയുംതോറും തില്ലടിപ്പിച്ച് ,തില്ലടിപ്പിച്ച് ഒടുക്കം സീറ്റിൽ നിന്നെഴുന്നേറ്റു കയ്യടിപ്പിക്കുന്നൊരു ക്ളൈമാക്‌സും, ചിത്രത്തിനൊരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന കൂടി നൽകുന്ന ടെയ്ൽ എൻഡ് കൂടി കഴിയുമ്പോൾ നിറഞ്ഞ മനസ്സോടെ തിയേറ്ററിൽ നിന്നിറങ്ങി വരാം
● ആകെമൊത്തം ഴോനറിനോട് പൂർണ്ണമായും നീതി പുലർത്തുന്ന ചിത്രം.
ത്രില്ലർ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർ തീർച്ചയായും കയറുക.
കഥ മുഴുവൻ രാത്രിയിലായതുകൊണ്ടുതന്നെ നല്ല ദൃശ്യശബ്ദസംവിധാനങ്ങളുള്ള തിയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക..
Verdict : Outstanding
[ വാൽ: സ്കിപ്റ്റ് തിരഞ്ഞെടുക്കുമ്പോൾ കാർത്തിയോട് കൂടി അഭിപ്രായം ചോദിക്കാൻ പുള്ളിയുടെ ചേട്ടൻ ശ്രദ്ധിച്ചിരുന്നെങ്കിൽ ഉള്ളിലെ നടന് ഇടക്കെങ്കിലും ഒരു ജോലി ആയേനെ. അതല്ലെങ്കിൽ സമയമില്ലാത്ത കാരണം കാർത്തി ഒഴിവാക്കുന്ന സിനിമകൾ ഏറ്റെടുത്തു ചെയ്താലും മതി.]