11/02/2021
#ഉച്ചാറൽവേലയെന്നാൽ....❤️
🟢
പന്നിക്കോട്ടുകുളത്തിൽനിന്നും
മുങ്ങിക്കയറി വരുന്ന
രാമൻ വെളിച്ചപ്പാടിന്റെ
ചപ്രത്തല കുടയലാണ്.
വിശ്വനാഥപ്പണിക്കരുടെ
തായമ്പകയാണ്.
കൊയ്ത്തു കഴിഞ്ഞ വീടുകളിലെ
പറയെടുപ്പാണ്.
അരിങ്കില്ലിപ്പാടത്തുനിന്നുള്ള
വേല വരവാണ്.
പിള്ളക്കണ്ടത്തിൽ
ഒരുമിക്കുന്ന വേലകളുടെ
മത്സരത്താളമാണ്.
സന്ധ്യ മയക്കത്തിലെ
വേല കൊട്ടിക്കയറലാണ്.
ആനകളുടെ എഴുന്നള്ളിപ്പും
കാള,കുതിരകളുടെ
എടുത്തോട്ടവുമാണ്.
ശങ്കുണ്ണിയാശാന്റെ
നന്തുണിയാണ്.
ചില്ലിക്കാശിനായി കുട്ടികളുടെ
ചപ്പിലപ്പൂതംകെട്ടലാണ്.
പൂക്കാട്ടുക്കാരുടെ
കണ്ടത്തിലെ കിലുക്കിക്കുത്താണ്.
പണ്ടാരത്തിമാരുടെ
വളയിടീലാണ്.
മംഗലാംകുന്ന് ചെട്ടിയാന്മാരുടെ
പൊരിയും മുറുക്കും കച്ചവടമാണ്.
തമിഴരുടെ കുംഭാട്ടവും
കാവടിയാട്ടവും ഹനുമാനുമാണ്.
കതിനാവെടി പേടിച്ച്
ഇരുചെവിയിലും
വിരലുതിരുകി നിൽക്കുമ്പോൾ
ആകാശത്തേക്കുയർന്നുള്ള
അമിട്ടിന്റെ പൊട്ടിച്ചിതറലാണ്.
ബൊമ്മയും ബലൂണുമായി
ഒക്കത്തിരിക്കുന്ന കുഞ്ഞൂട്ടിയുടെ
നിറഞ്ഞ ചിരിയാണ്.
പാലക്കാട് രാമസ്വാമിയുംസംഘത്തിന്റേയും
സേവയുംനാദസ്വരവുമാണ്.
കൂത്തുമാടത്തിലേക്കുള്ള
കൊട്ടിക്കയറലും നിഴലാട്ടവും
താളത്തിലുള്ള കൂത്തുപറച്ചിലുമാണ്.
ഒരുക്കൂട്ടിയ ചില്ലിക്കാശുമായി
ചങ്ങാതിമാരോടൊത്ത്
തനേഷ് ടാൾക്കീസിലേക്കുള്ള
ഒളിച്ചുപോക്കാണ്.
സെക്കന്റ്ഷോ കഴിഞ്ഞ്
നടന്നെത്തുമ്പോഴേക്കും
കാവിന്റെ മുറ്റത്തിട്ട
താത്ക്കാലിക സ്റ്റേജിലെ
ബാലീവധം ബാലേയാണ്.
ഉറക്കിലും ഉണർവ്വിലുമായി
കണ്ടു തീർത്ത പുരാണകഥയുടെ
പിന്തുണയില്ലാതെ,
നിലാവിനും നിഴലിനുമിടയിലൂടെ
വീട്ടിലേക്കുള്ള
ഇരുട്ടോട്ടമാണ്.
🔴
കടപ്പാട്: കൃഷ്ണദാസൻ മാഷ്