08/02/2021
*മർഹൂം യു കെ അബ്ദുൽ റഷീദ് മൗലവി*
*സ്‌മൃതി ദീപം*
*ഷമീം അമാനി*
ദീർഘകാലം അൻവാർശ്ശേരി സ്ഥാപനങ്ങളെ നെഞ്ചേറ്റുകയും അബ്ദുനാസർ മദനി ഉസ്താദിനെ നിഴൽപോലെ പിന്തുടരുകയും മത രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത പണ്ഡിതനായിരുന്നു 21 -1 -2021, വ്യാഴാഴ്ച മരണപ്പെട്ട
*മർഹൂം .യു.കെ അബ്ദുൽ* *റഷീദ് മൗലവി....*
എടുക്കുന്ന തീരുമാനങ്ങളോടുള്ള പ്രതിബദ്ധത.......
എടുത്ത തീരുമാനങ്ങളോടുള്ള കണിശത...... മാറ്റാൻ ഒരുക്കമല്ലാത്ത നിലപാടുകൾ.... ഭക്ഷണം കൊടുക്കാനുള്ള വിശാലമായ മനസ്സ്......
ആരുടെ മുന്നിലും കൈ നീട്ടാതെയും ആത്മാഭിമാനം അടിയറ വയ്ക്കാതെയുമുള്ള ആത്മാഭിമാനബോധം..... എന്നിവ *യുകെ ഉസ്താദിന്റെ* പ്രത്യേകതകളായിരുന്നു...
*ജനനം, വിദ്യാഭ്യാസം*
പന്മനയിലെ അറിയപ്പെട്ട കുടുംബാംഗങ്ങളായ ഉമ്മർ കുട്ടിയുടെയും ഐഷാ ബീവിയുടെയും മകനായി
25- 5-1951 ൽ പന്മനയിൽ ജനിച്ചു....
ഇന്ന് ടൈറ്റാനിയം സ്ഥാപനങ്ങൾ നിലനിൽക്കുന്ന സ്ഥലത്തായിരുന്നു അവരുടെ പഴയ തറവാട് നിലനിന്നിരുന്നത്.
*പന്മന ചിറ്റൂർ മദ്രസയിൽ* *പ്രാഥമിക ദീനി വിദ്യാഭ്യാസം*..
*കുളങ്ങര കിഴക്കതിൽ ഇബ്രാഹിംകുട്ടി മൗലവിയായിരുന്നു ആദ്യത്തെ ഗുരുനാഥൻ*
*ശങ്കരമംഗലം ഗവൺമെന്റ് ഹൈസ്കൂളിലും യുപിഎസിലും പഠനം നടത്തിയതിനു ശേഷം* ദീനി വിദ്യാഭ്യാസം തിരഞ്ഞെടുത്തു...
കരുനാഗപ്പള്ളി ആയിരുന്നു ദീനി വിദ്യാഭ്യാസത്തിന് വേണ്ടി അദ്ദേഹം തിരഞ്ഞെടുത്തത്.
ദീർഘകാലം വർക്കല ജാമിയ മന്നാനിയയിലെ പ്രൊഫസറായിരുന്ന അൽ ഉസ്താദ് മർഹൂം *ഹസൈനാർ മൗലവിയായിരുന്നു* പ്രധാന ഗുരുനാഥൻ....
*അതുപോലെ വടക്കൻ കേരളത്തിൽ പഠിച്ചതായി മക്കളോട് പറഞ്ഞിട്ടുണ്ടെങ്കിലും എവിടെയാണെന്നും ആരുടെ അടുക്കൽ ആണെന്നും എന്നാണെന്നും വ്യക്തമാകുന്നില്ല*
*5- 5 -1975 ൽ ആദ്യ വിവാഹം....*
മർഹൂം തഴവ മുഹമ്മദ് കുഞ്ഞു മൗലവിയുടെ സഹോദരി പുത്രി സ്വഫിയ്യ ആയിരുന്നു ആദ്യഭാര്യ.
ആദ്യഭാര്യയുടെ മരണശേഷം ഭാര്യാസഹോദരി *റഹീമയെ*
*14 -4- 1983* ൽ രണ്ടാമത് വിവാഹം ചെയ്തു.....
രണ്ട് വിവാഹങ്ങളിലൂടെ മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമായി ആകെ അഞ്ച് മക്കൾ...
*യുകെ. ഉസ്താദ് ദീനീ സേവനം ചെയ്ത സ്ഥലങ്ങൾ*.....
1. *ടൈറ്റാനിയം മസ്ജിദ്*
2. *പന്മന അണുവേലിൽ കുളങ്ങര* *യുപിഎസിനു സമീപമുള്ള മദ്രസ*
3. *റെയിൽവേ സ്റ്റേഷൻ മസ്ജിദ് മൈനാഗപ്പള്ളി*
4. *വർക്കല റാത്തിക്കൽ*
5. *വീയപുരം*
6. *ഐസിഎസ്*
7. *ഇഞ്ചക്കാട്*
8. *മൈനാഗപ്പള്ളി ചെരുവിലാക്കൽ*
9.. *പോളയത്തോട്*
10. *വടക്കൻ മൈനാഗപ്പള്ളി*
11 *.കൊട്ടുകാട്*
12. *മണ്ണടി*
13 *..വെഞ്ചേമ്പ്*
14.. *അൻവാർശ്ശേരി*
*1993 ലാണ് അദ്ദേഹം അൻവാർശ്ശേരിയിൽ അധ്യാപകനായി ചാർജ് എടുക്കുന്നത്... അന്ന് മുതൽ 2021 ൽ മരണപ്പെടും വരെ അദ്ദേഹം അൻവാർ സ്ഥാപനങ്ങളുടെ സേവകനായും പ്രവർത്തകനായും തുടർന്നു* ....
രുചികരമായ ഭക്ഷണത്തോട് ഏറെ താൽപര്യപൂർവം സമീപിച്ച യു കെ അബ്ദുൽ റഷീദ് മൗലവി ഉസ്താദ് അവർകൾ രുചികരമായ ഭക്ഷണങ്ങൾ മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുന്നതിനും അതീവ തൽപരനായിരുന്നു..... അദ്ദേഹത്തിന്റെ വീട്ടിൽ അതിഥികളായി എത്തുന്ന ഉലമാക്കൾ ഉൾപ്പെടെയുള്ള സർവരെയും രുചികരമായ ഭക്ഷണം കൊടുത്ത് യാത്രയാക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.....
അധ്യാപകവൃത്തി ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടങ്ങളിൽ വളരെ പരുഷ പ്രകൃതക്കാരനായ ആളായി ആണ് ബാഹ്യമായി നോക്കുന്നവർ യു കെ അബ്ദുൽ റഷീദ് മൗലവി ഉസ്താദ് അവർകളെ മനസ്സിലാക്കിയിരുന്നത്... എന്നാൽ അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം അവരുടെ അടുക്കൽ പഠനം നടത്തിയ വിദ്യാർത്ഥികളുടെ അഭിപ്രായത്തിൽ, അവരുടെ വിശദീകരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ആരോടെല്ലാം എപ്പോഴെല്ലാം പരുക്ഷമായും കർശനമായും പെരുമാറിയിട്ടുണ്ടോ അവരെ പിന്നീട് രഹസ്യമായി സമീപിക്കുകയും തന്നിൽ നിന്നുണ്ടായ പരുഷ പ്രകൃതത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളോട് നിരുപാധികമായി, ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്ന ആന്തരികമായ ഒരു യൂ കെ ഉസ്താദ് കൂടി ഉണ്ടായിരുന്നു എന്നത് *അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം ആണ് പലർക്കും മനസ്സിലാകുന്നത്.......*
വലിയ ധൈര്യശാലി ആയിരുന്നു യു കെ അബ്ദുൽ റഷീദ് മൗലവി...... ആളുകളുടെ ഉമ്മാക്കി കണ്ട് പേടിക്കുന്ന പ്രകൃതമോ ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്ന വ്യാമോഹമോ ഉസ്താദിന്റെ വിഷയത്തിൽ സംഭവിക്കുമായിരുന്നില്ല.....
ഏത് വിഷയങ്ങളോടും ധീരോത്തമായ നിലപാടായിരുന്നു അദ്ദേഹം എടുത്തിരുന്നത്.......
കോപിക്കേണ്ട സ്ഥലത്ത് കോപിച്ചും സൗഹൃദം പ്രകടിപ്പിക്കേണ്ട സ്ഥലത്ത് സൗമ്യമായും യുകെ ജീവിച്ചു.....
ആത്മാഭിമാനം പണയം വയ്ക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്..... അൻവാർശ്ശേരിയുടെ സാമ്പത്തിക സ്വരൂപണത്തിനു വേണ്ടി നാം ഒന്നിച്ചു യാത്ര ചെയ്യുന്ന പല സന്ദർഭങ്ങളിലും പല സഹോദരങ്ങളുടെ ഭാഗത്തു നിന്നും ഒരിക്കലും തൃപ്തികരമല്ലാത്ത ചില സമീപനങ്ങൾ ഉണ്ടായപ്പോൾ *ഇവരുടെയൊന്നും മുന്നിൽ ചൂളി പോകലും ആത്മാഭിമാനം* *പണയം വെക്കലും എന്നെക്കൊണ്ടാവില്ല* എന്ന് യുകെ ഉസ്താദ് പലപ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട്....... അതുകൊണ്ടുതന്നെ അവസാനസമയം വരെ ആരുടെ മുന്നിലും കൈ നീട്ടാതെ, ഒരുത്തന്റെ മുന്നിലും തല കുനിയ്ക്കാതെ ആത്മാഭിമാന ബോധത്തോടെ തന്നെയാണ് അദ്ദേഹം ജീവിച്ചത്...... *ആരുടെ മുന്നിലും കൈ നീട്ടാതെയും* *തലകുനിക്കാതെയും ജീവിക്കണമെന്ന ഉന്നതമായ പാഠമാണ് അവിടുന്ന് പകർന്നു നൽകിയത്..*
നിരവധി സംഘടനകളുമായി വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.....
ഇന്ത്യൻ മനുഷ്യാവകാശത്തിന്റെ നിലയ്ക്ക് ശബ്ദം അബ്ദുൽ നാസർ മഅദനിയുടെ ഗുരുനാഥൻ ആവുക എന്നത് യുകെ ഉസ്താദിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു ആദരവായിരുന്നു. യുകെ ഉസ്താദിന്റെ ശിഷ്യത്വം സ്വീകരിക്കുക എന്നത് അബ്ദുൽ നാസർ മദനിക്കും വലിയ ഒരു ആദരവായിരുന്നു..
അബ്ദുൽ നാസർ മഅദനി ഉസ്താദിന്റെ പല സംഘടന രൂപീകരണങ്ങൾക്ക് പിന്നിലും യുകെ ഉസ്താദിന്റെ സ്വാധീനം നമുക്ക് വ്യക്തമായി മനസ്സിലാക്കാം......
അബ്ദുൽ നാസർ മഅദനിയുടെ വിശദീകരണം പ്രകാരം ഇസ്ലാമിക സേവക സംഘം എന്ന ഇന്ത്യൻ മുസൽമാന്റെ ആദ്യത്തെ പ്രതിരോധ സംരംഭം അദ്ദേഹം രൂപീകരിക്കാനുള്ള പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങൾ ഉണ്ടായിരുന്നു...
*ഒന്ന്* തേവലക്കര അലവി കുഞ്ഞു മൗലവിയുടെ വധം..... *രണ്ട്* കാട്ടൂർ അലി മുസ്ലിയാരുടെ വധം..... *മൂന്നാമത്തെ കാരണം* യുകെ അബ്ദുറഷീദ് മൗലവിയുമായി ബന്ധപ്പെട്ടതായിരുന്നു...... ഒരുകാലത്ത് മൈനാഗപ്പള്ളിയിൽ ചില സാമുദായിക സംഘർഷങ്ങൾ ഉണ്ടാവുകയും യു കെ അബ്ദുൽ റഷീദ് മൗലവിയെ അകാരണമായി പോലീസ് പിടിച്ചു കൊണ്ടു പോവുകയും ലോക്കപ്പിൽ വയ്ക്കുകയും ചെയ്തു..... അദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രവർത്തനങ്ങളിൽ ഉണ്ടായ ഉൽക്കണ്ഠയും ഇന്ത്യൻ മുസൽമാന്റെ ഭാവിയെ പറ്റിയുള്ള ജിജ്ഞാസയുമാണ് ഐ എസ് എസിന്റെ രൂപീകരണത്തിൽ കൊണ്ടെത്തിച്ചത്.......
സാധാരണ മത പണ്ഡിതൻമാരിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ പ്രവർത്തനങ്ങളിലും അതീവ തൽപരനായിരുന്നു മർഹൂം അബ്ദുൽ റഷീദ് മൗലവി..... 1993 ൽ അബ്ദുൾ നാസർ മഅദനി പിഡിപി രൂപീകരിച്ചപ്പോൾ അതിൽ ആകൃഷ്ടനായ അദ്ദേഹം ആദ്യ സമയത്ത് തന്നെ അതിന്റെ മെമ്പർഷിപ്പ് എടുക്കുകയും അബ്ദുനാസർ മദനി ഏൽപ്പിച്ച ഭാരിച്ച ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുകയും ചെയ്തു...... മുസ്ലിം മത ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ആയിരുന്നു പിഡിപിയിലൂടെ മഅദനി ലക്ഷ്യമിട്ടത്.....
ആ ലക്ഷ്യവും മഅദനി ഉസ്താദ് ഉയർത്തിവിട്ട വിചാരവിപ്ലവവും യു കെ അബ്ദുൽ റഷീദ് മൗലവി ഹൃദയംകൊണ്ട് ഏറ്റുവാങ്ങുകയും മരണംവരെ പിഡിപിയുടെ സംസ്ഥാന വൈസ് ചെയർമാൻ സ്ഥാനം വഹിക്കുകയും ചെയ്തു........
റമദാൻ മാസത്തിൽ അൻവാർശ്ശേരിയിലെ അനാഥ മന്ദിരത്തിലെ മുഴുവൻ വിദ്യാർഥികൾക്കും എല്ലാ വർഷങ്ങളിലും ഭക്ഷണം നൽകൽ അബ്ദുറഷീദ് മൗലവിയുടെ പതിവായിരുന്നു......
ഷാഫി മദ്ഹബിലെന്ന പോലെ ഹനഫി മദ്ഹബിലും ജ്ഞാനമുണ്ടായിരുന്ന യു കെ അബ്ദുൽ റഷീദ് മൗലവി ഹനഫീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിനും ക്ലാസ് എടുക്കുന്നതിനു നിയമങ്ങൾ ചർച്ചചെയ്യുന്നതിനും ഒരുപോലെ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു...
പല വിഷയങ്ങളിലും അദ്ദേഹത്തിന് അഗാധമായ ജ്ഞാനം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വിഷയം ഖുർആൻ പാരായണ ശാസ്ത്രം ആയിരുന്നു..... ഇൽമുത്തജ്‌വീദ് എന്നറിയപ്പെടുന്ന ആ പ്രത്യേക ശാഖയിൽ അദ്ദേഹത്തിന് അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു.... തജ്‌വീദ് വിജ്ഞാനീയങ്ങളെ ഹൃദയംകൊണ്ട് അദ്ദേഹം ഏറ്റുവാങ്ങി... അദ്ദേഹത്തിന്റെ ചിന്തയിലും ചർച്ചയിലും എഴുത്തിലും ഒക്കെ തജ്‌വീദുമായി ബന്ധപ്പെട്ട ധാരാളം ദർശനങ്ങൾ കടന്നു വരുമായിരുന്നു. അത്തരം കാര്യങ്ങൾ വിദ്യാർഥികൾക്ക് പകർന്നു കൊടുക്കുന്നതിനുവേണ്ടി അൻവാർശ്ശേരി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തജ്‌വീദ് ക്ലാസ്സുകൾക്ക് അദ്ദേഹം നേതൃത്വം നൽകി. അറബി അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങൾ ഉൾപ്പെടെ വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളോട് അദ്ദേഹത്തിന്റെ മനസ്സിനു വല്ലാത്തൊരു അടുപ്പം ഉണ്ടായിരുന്നു....
കുട്ടികളുടെ ഖുർആൻ പാരായണം നിരന്തരമായി ശ്രദ്ധിക്കുകയും അതിൽ വരുന്ന പിഴവുകൾ നിരന്തരമായി തിരുത്തി കൊടുക്കുകയും ചെയ്തു.. തജ്വീദ് നിയമങ്ങളിൽ വരുന്ന കുറവുകളോട് യാതൊരു വിട്ടുവീഴ്ചയ്ക്കും യുകെ ഉസ്താദ് തയ്യാറായിരുന്നില്ല.... തജ്‌വീദ് വിഷയങ്ങളിൽ നിയമങ്ങൾ ക്രോഡീകരിച്ച മുൻഗാമികളുടെ ഗ്രന്ഥങ്ങൾ പാരായണം നടത്തി ആ നിയമങ്ങൾ ക്രോഡീകരിച്ച് അദ്ദേഹം ഒരു ഗ്രന്ഥം തന്നെ സമാഹരിച്ചിട്ടുണ്ട്.......
ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതുന്ന പതിവില്ലായിരുന്നു എങ്കിലും അത്യാവശ്യമായി വരുന്ന ഘട്ടങ്ങളിൽ മലയാള ഭാഷയിൽ മനോഹരമായ ചില ലേഖനങ്ങൾ ഒക്കെ എഴുതാറുണ്ടായിരുന്നു.....
മലയാള ഭാഷയിൽ സാമാന്യ വിദ്യാഭ്യാസവും ഒഴുക്കും സാഹിത്യ ബോധവും നർമ്മബോധവും ഒക്കെ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു...
ഈ വിനീതന്റെ വിവാഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാള പ്രസംഗം നടത്തിയത് യു കെ അബ്ദുൽ റഷീദ് മൗലവി ആയിരുന്നു എന്നത് ഞാൻ ഇന്നും അന്നത്തെപ്പോലെ ഓർക്കുകയാണ്.....
മദ്രസ ക്ലാസ്സുകൾ വളരെ കൃത്യനിഷ്ഠയോടെ ആയിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്... അക്ഷരങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ സഹായിക്കുന്ന എല്ലാ മാർഗ്ഗങ്ങളും അദ്ദേഹം സ്വീകരിച്ചു.....
മോഡൽ ക്ലാസുകളിൽ മനോഹരമായ ക്ലാസുകൾ അവതരിപ്പിച്ചു....
മദ്രസ ക്ലാസുകൾ എടുക്കാനോ കുട്ടികളെ പരിശോധിക്കാനോ ചോദ്യോത്തരങ്ങൾ നൽകുവാനോ പരീക്ഷ നടത്തുവാനോ ഒന്നിനും ഒരു മടിയും അദ്ദേഹം കാണിച്ചില്ല.. മരണപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ്, നടക്കാൻ കഴിയുന്ന സമയം വരെയും ഒരാളുടെ സഹായത്തോടെ അൻവാർശേരി മദ്രസയിൽ എത്തുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്തുbഅബ്ദുൽ റഷീദ് മൗലവി...
*മരണം വരെ എനിക്ക് അല്ലാഹുവിന്റെ ദീനിന്റെ മാർഗ്ഗത്തിൽ സേവനം ചെയ്യണമെന്ന് കൂടെയുള്ളവരോട് പറയുകയും ചെയ്തു...*
വർഷാവർഷങ്ങളിൽ വരുന്ന കലാമത്സരങ്ങളിൽ യുകെ ഉസ്താദ് സജീവ സാന്നിധ്യമായിരുന്നു.... മദ്രസാ തലത്തിലായാലും മേഖലാ തലത്തിൽ ആയാലും ജില്ലാതലത്തിൽ ആയാലും ആ സജീവത നമുക്ക് കാണാനാകും.... കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുക, അവർക്ക് വേണ്ട കാര്യങ്ങൾ തയ്യാറാക്കുക, മത്സരം നടത്തുക, ഭക്ഷണം തയ്യാറാക്കുക, അതിഥികളെ വിളിക്കുക, സമ്മാനങ്ങൾ സംഘടിപ്പിക്കുക, സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി കൊടുക്കുക, തുടങ്ങിയ വിഷയങ്ങളിലെല്ലാം ആരോഗ്യമുള്ള യുവാക്കളുടെ മനസ്സുമായി യു കെ അബ്ദുൽ റഷീദ് മൗലവി ഓടിനടന്നു.....
*കലാമത്സരങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ എങ്ങനെ നടത്തണമെന്ന ബാലപാഠം ഞാൻ ആദ്യമായി പഠിച്ചത് യു കെ അബ്ദുൽ റഷീദ് മൗലവിയിൽ നിന്നാണ്* ...
*എന്ന വസ്തുത അഭിമാനത്തോടെ ഞാനിന്നുമോർക്കുന്നു*...
ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ പോഷക പ്രസ്ഥാനമായ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീനും യു കെ അബ്ദുൽ റഷീദ് മൗലവി ചെയ്ത സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല..... ദക്ഷിണ ണ കേരള ജംഇയ്യത്തുൽ ഉലമയുടെ താലൂക്ക് -ജില്ലാ -സംസ്ഥാന ബോർഡുകളിൽ എന്നും യു കെ അബ്ദുൽ റഷീദ് മൗലവിയുടെ സാന്നിധ്യം നമുക്ക് കാണാൻ ആകുമായിരുന്നു......
ലജ്‌നത്തുൽ മുഅല്ലിമീൻ ശാസ്താംകോട്ട മേഖല രൂപവത്കരിക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം നിർവഹിച്ചത്...
തൊടിയൂർ വരെ സൈക്കിൾ ചവിട്ടി പോയി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ പുറകിൽ വച്ച് സൈക്കിൾ ചവിട്ടി കൊണ്ടുവന്ന് ശാസ്താംകോട്ട യുടെ വിവിധ മഹല്ലുകളിൽ സഞ്ചരിച്ചു ഭാരവാഹികളെ കണ്ട് സംസാരിച്ച് മദ്രസകൾ രൂപീകരിക്കുവാനും മദ്രസകൾ ലജ്നത്തുൽ മുഅല്ലിമീനിലും അതേപോലെ ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിലും അഫിലിയേറ്റ് ചെയ്യാനുമുള്ള നിരന്തരമായ പരിശ്രമമാണ് യുകെ അബ്ദുൽ റഷീദ് മൗലവി നടത്തിയത്..... ലജനത്തുൽ മുഅല്ലിമീൻ ശാസ്താംകോട്ട മേഖല രൂപീക്കരിച്ച കാലഘട്ടം മുതൽ വഫാത്ത് വരെ ലജ്നത്തുൽ മുഅല്ലിമീൻ ശാസ്താംകോട്ട മേഖലയ്ക്ക് വേണ്ടി ധാരാളം സേവനപ്രവർത്തനങ്ങൾ അദ്ദേഹം കാഴ്ച വയ്ക്കുകയുണ്ടായി......
അവസാനം അല്ലാഹുതആല തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ മനോഹരമായി പൂർത്തിയാക്കിയ ചാരിതാർത്ഥ്യത്തോടെ
21 -1- 2021 വ്യാഴാഴ്ച അർഥ സമ്പൂർണമായ ഒരു പുരുഷായുസ്സിനു വിരാമമിട്ടുകൊണ്ട് തന്റെ എഴുപതാം വയസ്സിൽ യു കെ അബ്ദുൽ റഷീദ് മൗലവി ഉസ്താദ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി......
*കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ചെരുവിലാക്കൽ ജുമാമസ്ജിദിന്റെ* *ഖബർസ്ഥാനിലെ മണൽതരികളോടു കഥകൾ പറഞ്ഞു ആ മണൽതരികളെ ചുംബനങ്ങൾ അർപ്പിച്ചു* *ചേർത്തുവച്ച് യു കെ അബ്ദുൽ റഷീദ് മൗലവി ശാന്തമായി ഉറങ്ങുകയാണ്.....*
*പുതിയ തലമുറക്ക് ഒരുപാട് ദർശനങ്ങൾ സമ്മാനിച്ചു കൊണ്ട്*....
ഉന്നതമായി ചിന്തിക്കാനും ലളിതമായി ജീവിക്കാനും അദ്ദേഹം പഠിപ്പിച്ചു..
ഏതു പ്രതിസന്ധിഘട്ടങ്ങളിലും ആരുടെ മുന്നിലും അടിയറവ് പറയരുതുന്ന സന്ദേശം പകർന്നു നൽകി......
കാർക്കശ്യം പുലർത്തേണ്ടിടത്തു കാർക്കശ്യവും സൗമ്യത പുലർത്തേണ്ട സ്ഥലത്ത് സൗമ്യതയും പുലർത്തണമെന്ന് പഠിപ്പിച്ചു....
ദുനിയാവിന്റെ സമ്പത്തോ മറ്റോ ചിന്തിച്ചു കൊണ്ട് ആരും വ്യാകുലപ്പെടേണ്ട എന്ന് മൗനമായി നമ്മോട് കല്പിച്ചു.....
വിശുദ്ധ ഖുർആനിക വിജ്ഞാനീയങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ചു.... തജ്വീദ് വിജ്ഞാനങ്ങൾക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തു.......
പണ്ഡിതൻമാരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു..
ഇതാണ് ഒരു പണ്ഡിതന്റെ ജീവിതം എന്ന് പിൻഗാമികളെ ഉണർത്തി.....
*കാരുണ്യവാനായ അള്ളാഹുവേ*
*യു കെ ഉസ്താദിനൊപ്പം* *നമ്മെയെല്ലാം നീ സ്വർഗ്ഗത്തിൽ* *ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കേണമേ* ...
*ആമീൻ*
*ഷമീം അമാനി*
*08-01-2021.തിങ്കൾ*
*പനവൂർ*