10/02/2023
വെള്ളം
വെള്ളമടിക്കാനും വെള്ളം കുടിക്കാനും ഇനി ചിലവു കൂടും.
എൽ ഡി എഫ് കിട്ടിയതിനൊക്കെ നികുതി വർദ്ധിപ്പിച്ചു. അതിനെതിരെ യു ഡി എഫ് ശക്തമായി സമരം ചെയ്യുന്നു.
യു ഡി എഫിന്റെ അവസാനത്തെ സർക്കാർ വെള്ളക്കരം ഇതുപോലെ വർദ്ധിപ്പിച്ചപ്പോഴും ഇവിടെ വലിയ സമരം നടന്നു . അന്നു സമരം ചെയ്തത് എൽ ഡി എഫ് ആയിരുന്നു. മാണിയുടെ വീട്ടുപടിക്കൽ വരെ സമരം നടന്നു. സാധാരണപോലെ ചെറുപ്പക്കാർ പോലീസിന്റെ ബാരിക്കേടുകളിൽ അണ്ണാൻ കയറുന്നതു പോലെ വലിഞ്ഞു കയറി. പോലീസുകാരുടെ കയ്യിൽ അർദ്ധനഗ്നരായി ഊഞ്ഞാലാടി. അതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നു. കല്ലേറും തല്ലും ചോരയൊലിപ്പിച്ച ചിത്രങ്ങളും ഉണ്ടായി. വൃദ്ധന്മാർ സെക്രട്ടേറിയറ്റു നടയിൽ ഷെഡ്ഡു കെട്ടി കാവലിരുന്നു. കുറച്ചു ദിവസം കഴിഞ്ഞു സമരം തീർന്നു.
ഇപ്പോൾ സമരം ചെയ്യുന്നവർ അടുത്ത പ്രാവശ്യം അധികാരത്തിൽ എത്തും. എന്നെങ്കിലും സമരം ചെയ്തവർ അധികാരത്തിൽ എത്തിയിട്ട് വർദ്ധിപ്പിച്ച നികുതി കുറച്ചിട്ടുണ്ടോ??
ഇടതു കാലിലെ മന്ത് വലതു കാലിലേക്കും, വലതു കാലിലെ മന്ത് ഇടതു കാലിലേക്കു മാറ്റി മാറ്റി നമ്മൾ കാലം കഴിച്ചു.
മാണി വെള്ളക്കരം വർദ്ധിപ്പിച്ചതിനെതിരെ സമരം ചെയ്ത എൽ ഡി എഫ് ഇപ്പോൾ തന്നെ വെള്ളക്കരം പല തവണ വർദ്ധിപ്പിച്ചു. ചില സംസ്ഥാനങ്ങൾ വെള്ളം സൗജന്യമായി നൽകുമ്പോഴാണ് വെള്ളത്തിന്റെ പേരിൽ എൽ ഡി എഫ് - യു ഡി എഫ് സർക്കാരുകൾ സമരനാടകം നടത്തി പ്രകൃതി സൗജന്യമായി നൽകുന്ന വെള്ളത്തിന്റെ പേരിൽ ജനത്തെ കൊള്ളയടിക്കുന്നത്.
നമ്മൾ രാഷ്ട്രീയ അടിമകളായതു കൊണ്ട് യു ഡി എഫ് നികുതിക്കൊള്ള നടത്തുമ്പോൾ പകുതി മലയാളികൾക്കു പരിഭവമില്ല. എൽ ഡി എഫ് നികുതിക്കൊള്ള നടത്തുമ്പോൾ ബാക്കി പകുതി മലയാളികൾക്കും പരിഭവമില്ല.
അങ്ങിനെ മാറി മാറി പകുതി മലയാളികൾ സ്വന്തം നേതാക്കളുടെ അധിക വരുമാനത്തിൽ വെറുതെയിരുന്നു സന്തോഷിക്കുകയും ബാക്കി മലയാളികൾ സ്വന്തം നേതാക്കളുടെ അധിക വരുമാനത്തിൽ സമരം ചെയ്തു സന്തോഷിക്കുകയും ചെയ്യുന്ന കേരളത്തിൽ എല്ലാവർക്കും സന്തോഷം.