12/04/2023
കളം നിറഞ്ഞ് മങ്കമാർ ; ശ്രദ്ധേയമായി മെഗാ തിരുവാതിര
നിലാവെട്ടം 2023 ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 13 )
ദശപുഷ്പം ചൂടി ലാസ്യരസത്തിൽ അണി നിരന്ന് ആയിരം മങ്കമാർ."മഞ്ജുളാംഗിമാരേ വരുവിൻ മാധുര്യമേറും ചിന്തുകൾ പാടിക്കളിക്കുവാൻ " എന്ന മനോഹരഗാനത്തിൽ അംഗനമാരുടെ ലളിതമാർന്ന ചുവടു ലയിച്ചപ്പോൾ മെഗാ തിരുവാതിര കാണികൾക്കും നവ്യാനുഭവമായി.നിലാവെട്ടം 2023 വിളംബരത്തിന്റെ ഭാഗമായി ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ മെഗാ തിരുവാതിര കുന്നംകുളത്തിന്റെ ഹൃദയം കവർന്നു.സിനിമ-സീരിയൽ താരം രശ്മി സോമൻ ഭദ്രദീപം കൊളുത്തിയതോടെ സാംസ്കാരികോത്സവത്തിന്റെ അരങ്ങുണർന്നു.
പ്രശസ്ത ഗാന രചയിതാവ് ബി കെ ഹരിനാരായണന്റെ ഇമ്പമാർന്ന വരികൾക്കൊത്ത ചുവട് ചിട്ടപ്പെടുത്തിയത് തിരുവാതിര കലാകാരി ഉഷ ജയകൃഷ്ണനാണ്. കുന്നംകുളം നഗരസഭ, കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, ചൊവ്വന്നൂര്‍, കടങ്ങോട്, വേലൂര്‍, എരുമപ്പെട്ടി പഞ്ചായത്തുകളിലെ നാരിമണികളുടെ രണ്ടാഴ്ച നീണ്ടു നിന്ന നിരന്തര പരിശ്രമമാണ് മെഗാതിരുവാതിരയെ വർണ്ണാഭമാക്കിയത്.
'കുന്നംകുളത്തിൻ നടമുറ്റത്ത്, മങ്കമാരായിരം വന്നണഞ്ഞ്, കുന്തളംകോതി മെടഞ്ഞിട്ട്, കൺമഷി ചൂടി മിഴിരണ്ടിൽ, ചുണ്ടത്തൊരു പാട്ടിന്റെ, ചെണ്ടൊത്തിനി താളത്തിൽ, വണങ്ങി കുമ്മിയടിച്ചിടേണം, നന്നായ് ഇണങ്ങി കുമ്മിയടിച്ചിടേണം…’ എന്നിങ്ങനെ ആടിപ്പാടി ചുവട് വെച്ച് മങ്കമാർ അരങ്ങ് തകർത്തു.
ആഘോഷ പരിപാടിയുടെ വിജയത്തിന് എല്ലാവരുടെയും പങ്കാളിത്തം ആവശ്യമാണെന്നും ഇത്തരം പരിപാടികൾ നാടിന്റെ വികസന പ്രവർത്തനത്തിന് മുതൽക്കൂട്ടാണെന്ന് എസി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു.
ജനറല്‍ കണ്‍വീനര്‍ സീത രവീന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി കെ വാസു, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, നഗരസഭാ വൈ.ചെയർപേഴ്സൺ സൗമ്യ അനിലൽ,രാഷ്ട്രീയ -സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
പതിമൂന്ന് ദിവസം നീണ്ടു നിൽക്കുന്ന
നിലാവെട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് (ഏപിൽ 13 )വൈകീട്ട് 6ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിർവ്വഹിക്കും. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനാകും. കലാമണ്ഡലം നിർവ്വാഹക സമിതി അംഗവും നിലാവെട്ടം പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ടി കെ വാസു നിലാവെട്ടം പരിപാടികൾ വിശദീകരിക്കും. ജില്ലാ കലക്ടർ കൃഷ്ണ തേജ , കലാമണ്ഡലം വൈസ് ചാൻസലർ എം വി നാരായണൻ , ലളിത കലാ അക്കാദമി സെക്രട്ടറി ബാലമുരളീ കൃഷ്ണ തുടങ്ങിയവർ മുഖ്യാതിഥികളാകും. സിനിമാതാരം വി കെ ശ്രീരാമൻ, ഗാനരചയ്താവ് ബി കെ ഹരിനാരായണൻ , സാഹിത്യകാരൻ ഡോ. ഹരികൃഷ്ണൻ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ , ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടത്തോടനുബന്ധിച്ച് വൈകീട്ട് 3ന് നഗരത്തെ വര്‍ണ്ണാഭമാക്കിയുള്ള ഘോഷയാത്രയും ഒരുക്കിയിട്ടുണ്ട്. വിവിധ കലകള്‍, ആയോധന കലകള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയുള്ള ഘോഷയാത്രയില്‍ വിവിധ മേഖലയിലുള്ളവർ അണിചേരും. ഉദ്ഘാടനത്തിനു ശേഷം കലാമണ്ഡലം നൃത്ത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നിലാവെട്ടം സ്വാഗതഗാനനൃത്തം അരങ്ങേറും.7.30 ന് പത്മശ്രീ ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയായ 'നടനം ശോഭനം' കലാസ്വാദകരിലെത്തും.