11/01/2024
നേരത്തും കാലത്തും ഓലയെങ്കിലും കെട്ടികെടക്കാന്‍ വയ്യങ്കി ഇടിഞ്ഞ് വീഴട്ട് | ഇന്ദ്രന്‍സിന്റെ ആത്മകഥ
നടന്‍ ഇന്ദ്രന്‍സ് എഴുതിത്തുടങ്ങിയ ആത്മകഥയിലെ ആദ്യഭാഗങ്ങള്‍ അച്ചടിച്ചുവന്നത് മാതൃഭൂമി ഓണപ്പതിപ്പിലാണ്. അതിസാധാരണമായിരുന്ന ഒരു ഗ്രാമീണ ജീവിതം നാടറിയുന്ന ഒന്നായി പരിവര്‍ത്തിച്ച കഥ പറയുന്നു ഇന്ദ്രന്‍സിന്റെ ജീവിതം. ഓണപ്പതിപ്പിലെ ആത്മകഥയില്‍ നിന്നും ഒരുഭാഗം വായിക്കാം.
ആടലോടകത്തിന്റെ ഇടയില്‍നിന്നാണ് എന്നെ കണ്ടുപിടിച്ചത്. അകലേന്ന് ആരോ വിളിക്കുന്നതുപോലെ തോന്നിയാണ് കണ്ണ് തുറന്നത്. ഒന്നും കാണുന്നില്ല. കുറ്റാക്കൂറ്റിരുട്ട്. എന്റെ അടുത്ത് കിടന്ന അനിയനെ തോണ്ടിവിളിക്കാന്‍ ഞാന്‍ തപ്പിനോക്കി അവനെ കാണുന്നില്ല. എന്റെ തലയണയും തലയ്ക്കടിയിലില്ല. അവന്‍ തലയണയുമെടുത്ത് എങ്ങോട്ട് പോയെന്നായി എന്റെ ചിന്ത. വട്ടം ദൂരേന്ന് ആ ശബ്ദം, ഞാനങ്ങോട്ട് നോക്കിയപ്പോള്‍ ഒരു ചിമ്മിനിവിളക്കിന്റെ വെട്ടം. അവിടെനിന്നാണ് ശബ്ദം വന്നതെന്ന് മനസ്സിലായി. ശ്രദ്ധിച്ചപ്പോള്‍ അത് അമ്മയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു.
''സുരേ... സുരേ...''
അമ്മയ്ക്കിതെന്തുപറ്റി, അമ്മയിതെന്തിനാ ഈ പാതിരാത്രിക്ക് വീടിന് പുറത്തിറങ്ങി പോയത്. ഞാന്‍ ചാടിയെണീക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അമ്മൂമ്മയുടെ കട്ടിലിനടിയിലല്ല കിടക്കുന്നതെന്ന് മനസ്സിലായത്. അനങ്ങാന്‍പറ്റുന്നില്ല. ഏതോ ഒരു കൂട്ടിനകത്ത് അകപ്പെട്ടതുപോലെ, എനിക്ക് ചുറ്റും ആരോ വേലി കെട്ടിയിരിക്കുന്നു. എനിക്ക് പേടിയായി. അപ്പോഴാണ് മനസ്സിലായത് അമ്മയല്ല, ഞാനാണ് ഈ പാതിരാത്രി പുറത്തിറങ്ങിയതെന്ന്. ഇത്രേംനേരം കാടുപോലെ പടര്‍ന്ന് പന്തലിച്ച ആടലോടകത്തിന്റെ ഇടയില്‍ ഞെങ്ങിഞെരുങ്ങി കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. അപ്പോഴേക്കും ഇത്തിരി കനത്ത ശബ്ദത്തില്‍ അച്ഛന്റെയും വിളി ഉയര്‍ന്നു. ഞാന്‍ വിളികേള്‍ക്കുന്നു. പക്ഷേ, ശബ്ദം പുറത്തുവരുന്നില്ല. സര്‍വശക്തിയും ഉപയോഗിച്ച് അമ്മയെ വിളിച്ചു. അതൊരു അലര്‍ച്ചയായിട്ടാണ് പുറത്തേക്ക് വന്നത്. അത് കേട്ടിട്ടാവണം ചിമ്മിനിവെട്ടം എന്റടുത്തേക്ക് വന്നത്. ആടലോടകക്കാട് വകഞ്ഞുമാറ്റി അതിനിടയില്‍നിന്ന് അച്ഛനെന്നെ ഊരിയെടുത്തു. പുറത്ത് നിര്‍ത്തിയിട്ട് ഒന്നും മിണ്ടാതെ അച്ഛന്‍ നടന്നു. ആ നിശ്ശബ്ദത ദേഷ്യംകൊണ്ടാണ്. ആടലോടകത്തിനിടയില്‍നിന്ന് സ്‌നേഹത്തോടെ എന്നെ ഉയര്‍ത്തിയെടുത്ത ആ കൈകളില്‍ ദേഷ്യവും ഉണ്ടായിരുന്നെന്ന് എന്റെ ഇടത് കൈത്തണ്ടയുടെ വേദനയില്‍നിന്ന് മനസ്സിലായി.
അത് എനിക്കൊരു വേദനയല്ല. അതിലും വലിയ വേദനകള്‍ ഓര്‍മ്മവെച്ച നാള്‍മുതല്‍ വേട്ടയാടുന്നുണ്ട്. ആധിയും പലതരം വ്യാധിയുമായി. സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ പേടി. വരാന്തയില്‍നിന്ന് നീട്ടി മുറ്റത്തേക്ക് മൂത്രമൊഴിക്കുന്ന ഞാന്‍, എങ്ങനെയാണ് ഈ രാത്രി ഇറങ്ങിനടന്നത്? അതും പകല്‍നേരംപോലും പോകാന്‍ മടിക്കുന്ന ഇഷ്ടപ്പെടാത്ത ഇടങ്ങളില്‍നിന്നാണ് പാതിരാത്രി അച്ഛനുമമ്മയും എന്നെ തേടിപ്പിടിക്കുന്നത്. എങ്ങനെ ഞാനവിടെയൊക്കെ നടന്നെത്തുന്നു? ഇപ്പോ ഈ കാട്ടിനുള്ളില്‍ ഞാന്‍ എങ്ങനെ വന്ന് കേറി? എങ്ങനെ എനിക്കവിടെക്കിടന്ന് ഉറങ്ങാന്‍കഴിഞ്ഞു? വല്ലാത്തൊരാധി എന്നെ പൊതിഞ്ഞു.
അമ്മയുടെ ശകാരം രാത്രിയുടെ നിശ്ശബ്ദത കെടുത്താതെ തുടര്‍ന്നുകൊണ്ടേയിരുന്നു. അച്ഛനൊന്നും മിണ്ടാതെ ഓലമേഞ്ഞ വീടിനകത്തേക്ക് തലകുനിച്ച് കയറിപ്പോയി. അതെപ്പോഴും അങ്ങനെയാണ്, എന്നെപ്പോലെ ഓടിക്കയറിപ്പോകാന്‍ ആ വീടിന്റെ ഉയരക്കുറവ് അച്ഛനെ അനുവദിച്ചിരുന്നില്ല.
''പലതവണ ഞാന്‍ പറഞ്ഞിട്ടുണ്ട്, രാത്രി ഇറങ്ങി നടക്കരുതെന്ന്. നോക്കിക്കോ, ഇനി ഞാന്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിടും'' എന്ന് പറഞ്ഞ് അമ്മയും ചിമ്മിനിവിളക്കുമായി അകത്തേക്ക് പോയി. ഞാന്‍ കട്ടിലിനടിയിലേക്ക് നൂര്‍ന്ന് കയറി. ഒന്നുമറിയാതെ അനിയന്‍ എന്റെ തലയണേം കെട്ടിപ്പിടിച്ച് സുഖമായി കിടന്നുറങ്ങുന്നു. അപ്പോഴും എന്റെ കിതപ്പ് മാറിയിട്ടില്ല. അമ്മയുടെ ശകാരം നിന്നപ്പോഴേക്കും കട്ടിലിന് മുകളില്‍ കിടക്കുന്ന അമ്മൂമ്മ നാമജപം നിര്‍ത്തി ശകാരം തുടങ്ങി.
Source: https://www.mathrubhumi.com/literature/features/autobiography-by-actor-indrans-mathrubhumi-onappathippu-1.7892799