Dayal Karunakaran

Dayal Karunakaran Writer♡Traveller♡Traveloguer♡

 ❤️ #ദയാൽകരുണാകരസഞ്ചാരകഥകൾ
23/12/2023

❤️
#ദയാൽകരുണാകരസഞ്ചാരകഥകൾ

സ്നേഹിതരെ...  ഈ ആന പ്രതിമയാണോ അതോ ഒറിജിനൽ ആണോ?യാത്രയിൽ കണ്ടത്... കാഞ്ചീപുരം, തമിഴ്നാട് # ദയാൽകരുണാകരസഞ്ചാരകഥകൾ ❤️
06/08/2023

സ്നേഹിതരെ... ഈ ആന പ്രതിമയാണോ അതോ ഒറിജിനൽ ആണോ?

യാത്രയിൽ കണ്ടത്... കാഞ്ചീപുരം, തമിഴ്നാട്

# ദയാൽകരുണാകരസഞ്ചാരകഥകൾ ❤️

ജനങ്ങളോട് ആദരവും സ്നേഹവും ഉണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ❤️❤️❤️--------------------------------------------------------നോ...
18/07/2023

ജനങ്ങളോട് ആദരവും സ്നേഹവും ഉണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ❤️❤️❤️
--------------------------------------------------------
നോർത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് മുൻവശത്തെ വരാന്തയിലൂടെ തിരക്കിട്ട് പുറത്തേക്ക്, ലിഫ്റ്റിലേക്ക് നടക്കുമ്പോൾ പോലും പൊതുജനങ്ങളെ കാണുമ്പോൾ കൃത്രിമമില്ലാതെ ചിരിച്ചു കാണിക്കുകയും അവരുടെ നിവേദനങ്ങളും അപേക്ഷകളും വിനയത്തോടെ വാങ്ങി, ഒന്ന് ഓടിച്ചു നോക്കി, കഴിയുമെങ്കിൽ അപ്പോൾ തന്നെ ഒപ്പിട്ടു നൽകി അവരെ സന്തോഷത്തോടുകൂടി മടക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയായിരുന്നു ശ്രീ ഉമ്മൻചാണ്ടി. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുമ്പോൾ എത്ര ദരിദ്രരായ ജനങ്ങൾക്ക് പോലും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വേണമെങ്കിൽ ഏതു സമയത്തും കടമ്പകളില്ലാതെ സമീപിക്കാമായിരുന്നു. ജനാധിപത്യത്തോടും പൊതുജനങ്ങളോടുമുള്ള ബഹുമാനം എപ്പോഴും ആ മനുഷ്യന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു.

2001-06 ലും 2011-16 ലും അദ്ദേഹം, അതും നോർത്ത് ബ്ലോക്കിലെ വരാന്തയിൽ നടന്നു കൊണ്ട്, ഞങ്ങളുടെ ഹർജി വാങ്ങി ഉടൻ പരിഹാരമുണ്ടാക്കി തന്ന് അദ്ദേഹം ഞങ്ങളെയും വ്യക്തിപരമായി അതിശയിപ്പിച്ചിട്ടുണ്ട്. 2015 ൽ, സംസ്ഥാനത്തിലെ ഒരു പ്രമുഖ വകുപ്പിന്റെ അസി. ജില്ലാ ഓഫീസറായ എന്റെ ഭാര്യയെ, വകുപ്പിന്റെ മന്ത്രി ഓഫീസിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, ബന്ധുവായ ഒരു ജീവനക്കാരന്റെയും ഒരു സംഘടനയുടെയും ഉപജാപപ്രകാരം പ്രതികാരപരമായി തുടർച്ചയായി മൂന്നുതവണ വിദൂരമായ ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. വരാന്തയിൽ നിന്ന ഞങ്ങളിൽ നിന്നും വിവരങ്ങൾ അറിഞ്ഞ ശ്രീ ഉമ്മൻചാണ്ടി ദ്രോഹ നടപടികൾ നിർത്തിവയ്ക്കുന്നതിന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുകയായിരുന്നു. സാധാരണ മനുഷ്യർക്ക് വേണ്ടി ഇത്തരം സൗമനസ്യങ്ങൾ ഒക്കെ ചെയ്യുവാൻ ഉമ്മൻചാണ്ടിയെന്ന മനുഷ്യന് മാത്രമേ കഴിയൂ. ഇത്തരം എത്രയോ അനുഭവങ്ങളാണ് ആയിരക്കണക്കിന് മനുഷ്യർക്ക് അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളത്. നല്ലവനായ ശ്രീ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ!

🙏😭

മലമുഴക്കി വേഴാമ്പലുകളുടെ നെല്ലിയാമ്പതി*********************************നെല്ലിയാമ്പതിയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സി...
07/07/2023

മലമുഴക്കി വേഴാമ്പലുകളുടെ നെല്ലിയാമ്പതി
*********************************
നെല്ലിയാമ്പതിയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് സൗരഭ്യം പരത്തി ഒഴുകി എത്തുന്നത് ഒരു ക്രിസ്മസ് രാത്രിയുടെ കൊടുംതണുപ്പ് ആണ്... അന്ന് അവിടെ ഒരു നൂറ്റാണ്ടിന് മേൽ പഴക്കമുളള ഒരു ബ്രിട്ടീഷ് നിർമ്മിത ബംഗ്ളാവിൻ മുറ്റത്തെ നനുത്ത മഞ്ഞിൽ... ദുർബ്ബലമായ നിലാവെളിച്ചത്തിൽ... ആകാശം നോക്കി നിന്നപ്പോൾ ഉണ്ടായ അതേ ഹർഷോന്മാദം ഇപ്പോൾ വീണ്ടും മനസ്സിലേക്ക് വരുന്നു... ഒപ്പം ആ യാത്രയും.

ഗോത്ര മനുഷ്യരുടെ ഭാവനകളിൽ നെല്ലിമരങ്ങളുടെ ദേവതകളുടെ ഇരിപ്പിടമാണ് നെല്ലിയാമ്പതി(?). പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുളള ദൂരം തൃശൂരിൽ നിന്നും 90 കി.മീറ്ററും പാലക്കാട്ട് നിന്നും 65 കി.മീറ്ററുമാണ്. നെന്മാറയിൽ നിന്നും പോത്തുണ്ടി ഡാം വഴി 25 കി.മീറ്ററും. വാളയാർ ചുരത്തിൽ വച്ച് മുറിഞ്ഞുപോയ പശ്ചിമഘട്ടം... തെക്കോട്ട് പോകുമ്പോൾ നെല്ലിയാമ്പതിയിൽ വച്ച് 600 മുതൽ 1700 മീറ്റർ വരെ ഉന്നതിയിൽ കുത്തനെ ഉയരം പ്രാപിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പശ്ചിമഘട്ടം കേരളത്തിൽ ഏറ്റവും വീതി ആർജ്ജിക്കുന്നത് നെല്ലിയാമ്പതി മേഖലയിൽ വച്ചാണ്. തെക്കുകിഴക്ക് പറമ്പിക്കുളം നദീതടങ്ങളും അതിന് കിഴക്കായി ആനമുടി റിഡ്ജും തെക്ക് ഇടമലയാർ താഴ്വരയും പടിഞ്ഞാറ് തൃശൂരുമാണ് നെല്ലിയാമ്പതിക്ക് അതിരിടുന്നത്.

ബ്രിട്ടീഷുകാർ പറമ്പിക്കുളത്ത് വനങ്ങൾ വെട്ടി തേക്കുമരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് മുമ്പ് പറമ്പിക്കുളവും നെല്ലിയാമ്പതിയും കൂടിചേർന്ന് ഒരു നല്ല ആവാസ വ്യവസ്ഥയാണ് അവിടെ ഉണ്ടായിരുന്നത്. എന്നാൽ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമായി പറമ്പിക്കുളം ഒരു തേക്ക് തോട്ടമായി വരണ്ടുകൊണ്ടിരുന്നപ്പോൾ പഴയകാല ആവാസ വ്യവസ്ഥ നെല്ലിയാമ്പതിയിൽ മാത്രമായി ഒതുങ്ങി. ഒടുവിൽ പശ്ചിമഘട്ട മലനിരകളിൽ അടിയന്തിരമായും പരിസംരക്ഷിക്കേണ്ട തനത് ആവാസ വ്യവസ്ഥകളിൽ ഒന്നായ നെല്ലിയാമ്പതിയെ നമ്മുടെ സർക്കാരുകൾ സ്വകാര്യ വ്യക്തികൾക്ക് തോട്ടഭൂമിയായി പതിച്ചു കൊടുത്തിരിക്കുകയാണ്. ഇന്ന് നെല്ലിയാമ്പതിയുടെ 80% സ്ഥലങ്ങളും സ്വകാര്യ വ്യക്തികൾ കുത്തക പാട്ടമെന്ന പേരിൽ കൈവശം വച്ചിരിക്കുകയാണ്.

ഞങ്ങൾ തൃശൂരിൽ നിന്നും നെന്മാറയിൽ എത്തി. അത് തമിഴ്ഛായയുളള ചെറിയ പട്ടണമാണ്. ഡിസംബറിൽ പോലും വരൾച്ചയുടെ ഗന്ധം തങ്ങിനില്ക്കുന്ന പട്ടണം. വടക്കൻ കേരളത്തിലെ വലിയ ഹിന്ദു ആഷോഷങ്ങളിലൊന്നായ വല്ലങ്ങിവേല നെന്മാറയിലാണ് അരങ്ങേറുന്നത്. നെന്മാറയിൽ നിന്നുമുളള വഴികൾ ഏറെയും വയലേലകളിലൂടെ ആണ്. ആ വഴി ചെന്നെത്തുന്നത് പോത്തുണ്ടി ഡാമിന് അഭിമുഖമായിട്ടാണ്. ഈ ഡാം നെല്ലിയാമ്പതിയുടെ അടിവാരത്തിലാണുള്ളത്. ഞങ്ങൾ പോത്തുണ്ടി ഡാമും ഉദ്യാനവുമൊക്കെ നടന്നു കണ്ടു... പ്രകൃതി കൊണ്ട് മനോഹരമായ ഇടങ്ങൾ... പക്ഷെ ഗവണ്മെന്റ് കൂടുതൽ ശ്രദ്ധ കൊടുത്താൽ പോത്തുണ്ടി ഡാം പരിസരം കൂടുതൽ മനോഹരിയാകും.

ഇവിടെ നിന്നും മലകയറ്റം തുടങ്ങുമ്പോൾ തന്നെ വനം വകുപ്പിന്റ്റെ ചെക്പോസ്റ്റ് എന്നെ കൈകാട്ടി വിളിച്ചു. യാത്രാ ലക്ഷ്യം തിരക്കി. നെല്ലിയാമ്പതി സന്ദർശ്ശനം അക്കൊമൊഡെഷൻ ഉറപ്പിച്ചിട്ട് ആണോ എന്നതാണ് ലക്ഷ്യമെന്ന് തോന്നി. താമസ സൗകര്യങ്ങൾ കുറഞ്ഞ നെല്ലിയാമ്പതിയിൽ ആ ഓർമ്മപ്പെടുത്തൽ നല്ലതുതന്നെ. അവിടെ നിന്നും മുന്നോട്ടുളള ദൂരത്തിൽ 10 ഹെയർപിൻ വളവുകൾ ഉണ്ട്. ചില ഹെയർപിൻ വളവുകളിൽ ഞാൻ കാർ നിർത്തി. അവിടെ നിന്നാൽ പാലക്കാടിന്റ്റെ വിശാലമായ പച്ചപ്പുകൾ കാണാം. കൂടാതെ പശ്ചിമ ഘട്ടത്തിലെ പാലക്കാട് ഗ്യാപ്പും കാണാം. അതിലൂടെ തമിഴ്നാടിന്റ്റെ വിദൂരദൃശ്യങ്ങളും കാണാം. പോകുന്ന വഴിയുടെ വശങ്ങളിൽ സ്വകാര്യ തോട്ടങ്ങളാണ്. അവിടെ കാപ്പിയും ഏലവും ഓറഞ്ചുമൊക്കെ കാണാവുന്നതാണ്. വരിയോര ദൃശ്യങ്ങൾ ചേതോഹരമാണ്. മുകളിലേക്ക് കയറുന്തോറും തണുപ്പ് കൂടിവന്നു.

ഞങ്ങൾ നെല്ലിയാമ്പതിയുടെ ആദ്യ കവലയായ കൈകാട്ടിയിലെത്തി. അതിനടുത്തായിട്ടാണ് കേശവൻ പാറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന എസ്റ്റേറ്റായ എ.വി.റ്റി മണലൂർ തോട്ടവും. കേശവൻ പാറയിലേക്കുളള വഴി വീണ്ടും മുന്നോട്ടു പോയാൽ നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരം കൂടിയ മലനിരകളിൽ ഒന്നായ പാടഗിരിയിൽ എത്തും. ഞങ്ങൾ കേശവൻ പാറയിലേക്കുളള വഴി തിരിഞ്ഞു. കേശവൻപാറയിൽ നിന്നും താഴേക്ക് നോക്കിയാൽ വിദൂരതയിൽ വെയിലിൽ മുങ്ങിക്കിടക്കുന്ന പോത്തുണ്ടി തടാകവും ഡാമും കാണാം. മനംമയക്കുന്ന കാഴ്ചയാണത്. ഞങ്ങൾ കുറച്ചു നേരത്തിന് ശേഷം അവിടെ നിന്നും വന്നവഴിയിലൂടെ വീണ്ടും കൈകാട്ടിയിൽ എത്തി യാത്ര തുടർന്നു പുലയൻപാറ എന്ന സ്ഥലത്ത് എത്തി. ഇത് നെല്ലിയാമ്പതിയിലെ ഒരു പ്രധാന സ്ഥലമാണ്. അവിടെ നിന്നുമാണ് നെല്ലിയാമ്പതിയുടെ വിവിധ ദൃശ്യങ്ങളിലേക്ക് തിരിയേണ്ടത്. ഗവൺമെന്റിന്റെ ഓറഞ്ച് ഫാം പുലയൻപാറയ്ക്ക് അടുത്താണ്. ചന്ദ്രമല എസ്റ്റേറ്റിലേക്കും സീതാർകുണ്ട് എസ്റ്റേറ്റിലേക്കും ഇവിടെനിന്നാണ് തിരിയേണ്ടത്. ഞങ്ങൾ നേരെ സീതാർകുണ്ട് വ്യൂ പോയ്ന്റ്റ് കാണുവാൻ പോയി. മനോഹരങ്ങളായ ദൃശ്യങ്ങളാണ് അവിടെയുളളത്. അവിടെ നിന്ന് നോക്കിയാൽ പാലക്കാടിന്റ്റെ വിദൂരദൃശ്യങ്ങൾ കാണാം. പിന്നീട് പോയത് 100 അടിയോളം ഉയരത്തിൽ നിന്നും പതിക്കുന്ന ഒരു വെളളച്ചാട്ടത്തിന് അടുത്തേക്കാണ്. ഡിസംബറിൽ കാലം തെറ്റിവന്ന വന്ന വർഷം ആ ജലപാതത്തെ സമ്പന്നമാക്കിയിരിക്കുന്നു. ഏറെ നേരം ആ ചാരുതയാർന്ന ഫ്രെയിമുകളിൽ ഞങ്ങൾ നോക്കിനിന്നു.

നേരം ഇരുളാൻ തുടങ്ങുന്നു. നെല്ലിയാമ്പതിയുടെ രാജാക്കന്മാരായ മലമുഴക്കി വേഴാമ്പലുകൾ മലമുകളിൽ നിന്നും അടുത്ത മലമുകളിലെ വൃക്ഷശിഖരങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ച അനിർവ്വചനീയമായിരുന്നു. കേരളത്തിൽ വംശനാശപ്പെട്ടു കൊണ്ടിരിക്കുന്ന പാണ്ടൻ വേഴാമ്പലുകളുടെ പ്രധാന ആവാസ വ്യവസ്ഥയായ നെല്ലിയാമ്പതിയിൽ മറ്റ് 233 തരം പക്ഷിജാതികളുമുണ്ട്. നെല്ലിയാമ്പതി പക്ഷിനിരീക്ഷകരുടെ സ്വർഗ്ഗം കൂടിയാണ്. വെളളച്ചാട്ടത്തിന് അടുത്ത് കാക്കമരംകൊത്തിയെയും കാട്ടുപനങ്കാക്കയെയും കണ്ടിരുന്നു.

കോടമഞ്ഞും ശൈത്യവും അഗാധഗർത്തങ്ങളിൽ നിന്നും ഇരുളിനൊപ്പം പരക്കുകയാണ്. തണുപ്പ് അസ്ഥി തുളച്ചുകയറുന്നു. ഞങ്ങൾ നേരത്തെ ബുക്കു ചെയ്ത താമസ സ്ഥലത്തേക്ക് തിരിച്ചു. ഞങ്ങളെ വരവേല്ക്കുന്നതുപോലെ... മനോഹരമായ ആ ബ്രിട്ടീഷുകാല എസ്റ്റേറ്റ് ബംഗ്ളാവ് പ്രകാശത്തിന്റ്റെ ആലക്തിക പ്രഭയിൽ കുളിച്ചു നിന്നിരുന്നു. ബംഗ്ളാവിന്റ്റെ വരാന്തകളിലെ ചില്ലുജാലകങ്ങളിൽ മിന്നാമിനുങ്ങുകൾ ഇരുളിനെ കീറിമുറിക്കാൻ പതിയിരിക്കുന്നുതുപോലെ തോന്നിച്ചു.

ബംഗ്ളാവിന്റ്റെ സൂക്ഷിപ്പുകാരൻ പുലർച്ചെ മാമ്പാറയിലെ സൂര്യോദയം കാണാൻ ഒരു ജീപ്പുകാരനെ ഏർപ്പാടുചെയ്തു തന്നു. അയാൾ പുലർച്ചെ തന്നെ എത്തി. വൂളൻ ജാക്കറ്റുകളും സോക്സും ഗ്ളൗവും മങ്കി ക്യാപ്പുകളുമൊക്കെ ധരിച്ച് ഞങ്ങൾ ജീപ്പിലേക്ക് കയറുമ്പോൾ ബംഗ്ളാവ് സൂക്ഷിപ്പുകാരൻ ഒരു ബ്ളാങ്കറ്റ് കൂടി തന്നുവിട്ടു. അപ്പോൾ ആ ബ്ളാങ്കറ്റ് ഒരു അധികപ്പറ്റായി തോന്നി എങ്കിലും ജീപ്പ് ഇത്തിരി മുമ്പോട്ട് പോയപ്പോൾ ആ ബ്ളാങ്കറ്റ് ഒരു അത്യന്താപേക്ഷിത വസ്തുവായി തോന്നിച്ചു. കാരണം ശൈത്യം അത്രയ്ക്ക് രൂക്ഷമായിരുന്നു. ജാക്കറ്റിനെയും ജീൻസിനെയും കവച്ചു വയ്ക്കുന്ന ശൈത്യമായിരുന്നു ജീപ്പുയാത്ര തന്നത്. ഡിസംബർ- ജനുവരി മാസങ്ങളിൽ നെല്ലിയാമ്പതി സന്ദർശ്ശിക്കുന്നവർ തീർച്ചയായും തെർമൽ ഇന്നർ വെയേഴ്സ് കരുതുന്നത് നല്ലതാണ്.

കുണ്ടും കുഴിയും ഉരുളൻപാറകളും നിറഞ്ഞ വഴിയിലൂടെയുളള ആ യാത്ര ദുർഘടം പിടിച്ചതായിരുന്നു. ഇരുളു വിട്ടുമാറാത്ത പാതകളിലൂടെ ഏറെ നേരെമായുളള ജീപ്പ് യാത്ര മാമ്പാറയിൽ അവസാനിച്ചു. മലനിരകൾക്ക് അപ്പുറത്തെ അഗാധഗർത്തങ്ങളിൽ നിന്നും സൂര്യബിംബം രാത്രിനിദ്ര വിട്ട് എഴുന്നേൽക്കുന്നതും കാത്ത് ഞങ്ങൾ ഇരുന്നു... ശീതങ്കൻകാറ്റ് ആഞ്ഞുവീശിക്കൊണ്ടിരുന്നു... കാത്തിരുപ്പിന് ഒടുവിൽ ചുവന്ന കതിരുകളുമായി ഉദയമെത്തി... ചുറ്റുമുളള മലകൾ പൊൻപ്രഭയിൽ വെട്ടിത്തിളങ്ങി... കാണക്കാണെ ഇരുട്ടിനെ വെളിച്ചം ആട്ടിയോടിക്കുന്ന മാമ്പാറയിലെ ആ ജാലവിദ്യ അവിസ്മരണീയമാണ്.

മടക്കയാത്രയിൽ സിംഹവാലൻ കുരങ്ങുകൾ വഴിമരങ്ങളിൽ ചാടിക്കളിക്കുന്നുണ്ടായിരുന്നു. എന്നാൽ നെല്ലിയാമ്പതിയിലെ വരയാടുകളെ തിരഞ്ഞ ഞങ്ങളുടെ കണ്ണുകൾ നിരാശയിലായി. എന്നാൽ കലപില കൂട്ടുന്ന രണ്ട് നീലഗിരി മാർട്ടെനുകൾ ഞങ്ങളെ ആഹ്ളാദിപ്പിച്ചു. പുലയൻപാറയിലേക്ക് വരുമ്പോൾ സർക്കാരിന്റ്റെ ഓറഞ്ച് തോട്ടങ്ങൾ വീണ്ടും കണ്ടുതുടങ്ങി. ഓറഞ്ച് സീസൺ ജൂൺ-ജൂലൈ മാസങ്ങളിലാണ്. ശീതകാല വിളകളായ ബീൻസ്, കാബേജ്, കോളി ഫ്ളവർ, തക്കാളി എന്നിവയും കൂടാതെ ഓർക്കിഡുകളുടെയും കൃഷിയാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് ജീപ്പ് ഡ്രൈവർ പറഞ്ഞു.

കാരശൂരിയും മിന്നാമ്പാറയുമൊക്കെ മലയാളികൾ മോഹൻലാലിന്റ്റ 'ഭ്രമര'ത്തിൽ ശ്വാസമടക്കി കണ്ടിട്ടുളള സ്ഥലങ്ങളാണ്. ഉരുളൻ കല്ലിലും പാറപ്പുറത്തുംകൂടി ജീപ്പു നിരങ്ങിക്കയറുമ്പോൾ പരിചയ സമ്പന്നനായ ഞങ്ങളുടെ ഡ്രൈവർ പോലും ശ്വാസമടക്കിയാണ് ഇരുന്നത്. കാരശൂരിയിൽ വച്ച് മേഘങ്ങളെ ഞങ്ങൾ കൈകൾ കൊണ്ടു പിടിച്ചെടുത്തു നുകർന്നു... മഴയുടെ ഗന്ധം നിറഞ്ഞ മേഘത്തുണ്ടുകൾ ഞങ്ങളെ തഴുകി പറന്നു പോകുന്നു. കാരശൂരിയിൽ നിന്നും കുറച്ചുകൂടി യാത്ര ചെയ്താൽ മിന്നാംപാറയായി. ഇവിടെ നിന്ന് നോക്കിയാൽ പറമ്പിക്കുളം വനമേഖലയും ആളിയാർ ഡാമുമൊക്കെ കാണാം.

ഞങ്ങൾ ഏകദേശ കാഴ്ചകൾ അവസാനിപ്പിച്ച് താമസ സ്ഥലത്തേക്ക് മടങ്ങി. നൂറ്റാണ്ടിന്റ്റെ പഴക്കമുളള ബംഗ്ളാവിന്റ്റ പകൽ ദൃശ്യം... കേരളത്തിന്റ്റെ വാസ്തുപ്പഴമയിൽ ഇംഗ്ളീഷ് സൗകര്യങ്ങൾ സമ്മിശ്രണം ചെയ്ത സൗധം മനോഹരമായിരിക്കുന്നു. ഞങ്ങൾ നെല്ലിയാമ്പതിയോടും മലമുഴക്കി വേഴാമ്പലിനോടും വിടപറയുകയാണ്.

ഓർമ്മകളുടെ മലയിറക്കം... 1880 കളിലാണ് സായിപ്പുമാർ മണലാറ് നീന്തി... മലനിരകൾ താണ്ടി നെല്ലിയാമ്പതിയിൽ എത്തുന്നത്. അവിടെ തുടങ്ങുന്നു നെല്ലിയാമ്പതിയിലെ ചൂഷകരുടെ കഥ. വർഷത്തിൽ ഏറിയ കൂറും മഴയും പിന്നെ കോടമഞ്ഞും നിറയുന്ന നാട്ടിൽ കാടരെ കൊണ്ട് കാടുതെളിച്ച് ഏലവും കുരുമുളകും വിളയിച്ച് സായിപ്പ് കടലു കടത്തി. അങ്ങനെ പഴയ ഒറ്റയടിപ്പാതകൾ ഇരുകാലി മൃഗങ്ങളുടെ കണ്ണീരുവീണ കാളവണ്ടിപ്പാതകളായി. പ്രഭാതം മുതൽ പ്രദോഷം വരെ സാധുമനുഷ്യരെ കൊണ്ട് തല്ലിയും വിരട്ടിയും പണിയെടുപ്പിച്ചു കങ്കാണിമാർ സായിപ്പന്മാരെ പ്രീതിപ്പെടുത്തി കിഴികൾ സമ്പാദിച്ചു. രാത്രിയിൽ അവരെ വിളകൾക്ക് കാവലിരുത്തി കടുവയ്ക്കും പുലിക്കും വിരുന്നൊരുക്കി. രണ്ട് ലോക മഹായുദ്ധങ്ങൾ വരുത്തിയ വറുതിയിൽ ആയിരക്കണക്കിന് പുതിയ മനുഷ്യന്മാർ ഇത്തരം മലനിരകളിലെ തോട്ടങ്ങളിലേക്ക് വിശപ്പടക്കാൻ വേണ്ടി കൂടുകൂട്ടി. 1937 ൽ ആദ്യത്തെ മോട്ടോർ ബസ്സും നെല്ലിയാമ്പതിയിൽ എത്തി... വിശപ്പിന്റ്റെ ആത്മാക്കളെയും കൊണ്ട്. അന്ന് മുതൽ ഇന്ന് വരെ നെല്ലിയാമ്പതിയിലെ പണിയാളർക്ക് ദുരിതങ്ങൾ മാത്രം മിച്ചം. അവരുടെ ലയങ്ങളിൽ നിന്ന് ഉയരുന്നത് കണ്ണീരിന്റ്റെ നീരാവിയാണ്. മല ഇറങ്ങുമ്പോൾ അവരുടെ കണ്ണീരുവീണ മണ്ണിന്റ്റെ ഗന്ധവും മലമുഴക്കി വേഴാമ്പലുകളുടെ ചിറകടിയും പിന്നാലെ വരുന്നു.



#ദയാൽകരുണാകരസഞ്ചാരകഥകൾ ❤️

🔥 എസ്കേപ്പ് റോഡിന് ബദൽ റോഡ് ടോപ്സ്റ്റേഷനിലേക്ക് വരുന്നു*****************************************തമിഴ്നാട് സർക്കാർ മൂന്നാ...
21/06/2023

🔥 എസ്കേപ്പ് റോഡിന് ബദൽ റോഡ് ടോപ്സ്റ്റേഷനിലേക്ക് വരുന്നു
*****************************************
തമിഴ്നാട് സർക്കാർ മൂന്നാറിലെ ടോപ് സ്റ്റേഷനിലേക്ക് ഒരു പുതിയ പാത നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ശ്രീ. സ്റ്റാലിൻ അധികാരത്തിൽ വരുന്നതിനു മുമ്പാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇവിടെ അടിവരയിട്ട് ഓർമിക്കേണ്ട കാര്യം ടോപ് സ്റ്റേഷനെ വെറും 17 കിലോമീറ്റർ പാത പുനർനിർമ്മിച്ച് പഴയ എസ്കേപ്പ് റോഡിലൂടെ ബന്ധപ്പെടുത്താമെന്നിരിക്കെ അങ്ങനെ ചെയ്യാതെ തേനി- ബോഡി നായ്ക്കന്നൂർ- കുരങ്ങിണി മേഖലയെ പുഷ്ടിപ്പെടുത്തക്ക നിലയിലാണ് തമിഴ്നാട് ടോപ്സ്റ്റേഷനെ ബന്ധിപ്പിക്കുന്നത്.

കൊടൈക്കനാലിൽ നിന്നും ടോപ് സ്റ്റേഷൻ വഴി മൂന്നാറിലേക്കുള്ള എസ്കേപ്പ് റോഡ് തുറന്നാൽ എന്തായിരിക്കും ഫലം? കൊടൈക്കനാൽ കാണാൻ വരുന്ന സഞ്ചാരികൾ അതിനേക്കാൾ മനോഹരമായ മൂന്നാറിലേക്ക് വരും.
ഇതുതന്നെ ആയിരിക്കണം ഇതുവരെ തമിഴ്നാട് ടൂറിസത്തിന്റെയും ആശങ്കയും. ഈ കാരണത്താലാണോ... കൊടൈക്കനാലിൽ നിന്നും ബരിജം തടാകം വരെ വരെ സഞ്ചാരികളെ കടത്തിവിടുന്ന തമിഴ്നാട് തടാകത്തിന് ശേഷം കേരള അതിർത്തിയിലേക്ക് ഇരുചക്ര വാഹനങ്ങൾ പോലും കടന്നുപോകാത്ത നിലയിൽ ട്രഞ്ചുകൾ എടുത്ത് പാത ബ്ലോക്ക് ചെയ്തിരിക്കുന്നത്? അങ്ങനെ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ ആവില്ല.

1925 ബ്രിട്ടീഷ് കാലത്ത് തുടങ്ങിയതും 42ൽ മിലിറ്ററി വാഹനങ്ങൾക്ക് ഓടിക്കത്തക്ക നിലയിൽ ബലപ്പെടുത്തിയതുമായ എസ്കേപ്പ് റോഡ് 1990 ൽ ആണ് പൂർണ്ണമായും അടച്ചു പൂട്ടിയത്. 1990 നു ശേഷം മൂന്നാറിൽ നിന്നും കൊടൈക്കനാലിലേക്ക് പോകണമെങ്കിൽ പളനി വഴി 175 കിലോമീറ്റർ തേനി വഴി 169 കിലോമീറ്റർ യാത്ര ചെയ്യണമെന്ന വിവരം അറിയാമല്ലോ. ഇപ്പോഴത്തെ അവസ്ഥയിൽ കൊടൈക്കനാൽ Moir പോയിന്റിൽ നിന്നും ബരിജം തടാകം വരെയുള്ള 14 km ഭാഗം വാഹന ഗതാഗത യോഗ്യമാണ്. ഈ ഭാഗത്ത് തമിഴ്നാട് നിത്യേന സഞ്ചാരികളുടെ നൂറോളം വാഹനങ്ങൾ കടത്തിവിടുന്നുമുണ്ട്. അതേസമയം എസ്കേപ്പ് റോഡിന്റെ കേരളഭാഗത്ത് മൂന്നാറിലെ ടോപ് സ്റ്റേഷൻ മുതൽ കേരള അതിർത്തിയിലെ Vandaravu വരെ 9 കിലോമീറ്റർ വനം വകുപ്പിന്റെ വാഹനങ്ങൾക്ക് യാത്ര ചെയ്യത്തക്ക നിലയിൽ ഗതാഗത യോഗ്യവുമാണ്. ചുരുക്കത്തിൽ ബരിജം തടാകത്തിനും കേരള അതിർത്തിക്കും ഇടയിൽ 17 കിലോമീറ്റർ മാത്രമാണ് യാത്ര സാധ്യമാകാത്തത്.

1990ലെ എസ്കേപ്പ് റോഡിന്റെ അടച്ചു പൂട്ടലും ശേഷം കേരള അതിർത്തി വരെയുള്ള എസ്കേപ്പ് റോഡ് ഭാഗം തമിഴ്നാട് നിർബന്ധബുദ്ധിയോടെ ട്രഞ്ചുകൾ എടുത്ത് സഞ്ചാരം തടഞ്ഞതും തമിഴ്നാട് ടൂറിസത്തെ എങ്ങനെയെങ്കിലും ബാധിച്ചിട്ടുണ്ടോ?

ഉണ്ടെന്നാണ് തമിഴ്നാടിന്റെ ബദൽ പാതാ നിർമ്മാണ നീക്കങ്ങൾ വെളിപ്പെടുത്തുന്നത്. മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെ കേരള തമിഴ്നാട് അതിർത്തിയിൽ പാമ്പാടും ഷോല നാഷണൽ പാർക്കിന് സമീപമുള്ള ടോപ് സ്റ്റേഷൻ വ്യൂ പോയ്ന്റ അതിമനോഹരമായ ഇടമാണെന്ന് അറിയാമല്ലോ. 90 ൽ എസ്കേപ്പ് റോഡ് പൂട്ടുന്ന സമയത്ത് മൂന്നാർ കേരളത്തിന്റെ ടൂറിസം മാപ്പിൽ വളർന്നുകൊണ്ടിരിക്കുന്ന ഘട്ടം മാത്രമായിരുന്നു. ടോപ് സ്റ്റേഷനും വ്യൂ പോയിന്റുമൊക്കെ എസ്കേപ്പ് റോഡ് പൂട്ടിയതിനുശേഷം വികസിച്ച ടൂറിസ്റ്റ് സ്പോട്ടുകൾ മാത്രമാണ്. ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ് തരുന്നത് കേരളത്തിന്റെയും തമിഴ്നാടിന്റെയും ഒക്കെ വിശാലമായ താഴ്_വര ഭംഗിയാണ്. ഈ അടുത്ത കാലത്താണ് തമിഴ്നാടിന് ടോപ് സ്റ്റേഷൻ വ്യൂ പോയിന്റിന്റെ ടൂറിസം സാധ്യതകൾ ഉപയോഗിക്കണമെന്ന് തോന്നുന്നത്. പക്ഷേ ടോപ് സ്റ്റേഷനിലേക്ക് വരണമെങ്കിൽ, എസ്കേപ്പ് റോഡ് അടച്ച് പൂട്ടിയ സാഹചര്യത്തിൽ, മണിക്കൂറുകൾ എടുത്ത് പളനി- ഉദുമൽപേട്ട് വഴി 175 കി മീറ്ററും അല്ലെങ്കിൽ തേനി- ബോഡിനായ്ക്കന്നൂർ- പൂപ്പാറ വഴി 169 കി.മീറ്ററും സഞ്ചരിച്ച് മൂന്നാറിൽ എത്തി അവിടെ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചു ടോപ് സ്റ്റേഷനിൽ എത്തേണ്ട ഗതികേടാണ് ഉണ്ടായിരുന്നത്. അതായത് തമിഴ്നാടിന് അവരുടെ അതീനതയിലുള്ള ടോപ് സ്റ്റേഷനിലേക്ക് വരണം എങ്കിൽ കേരളത്തിൽ പ്രവേശിച്ചു മൂന്നാറിലൂടെ മാത്രമേ യാത്ര സാധ്യമാകൂ എന്നതായിരുന്നു നാളിതുവരെയുള്ള തമിഴ്നാട് ടൂറിസത്തിന്റെ വിഷയം.

ഈ സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ തേനി ജില്ലയിൽ ബോഡിനായ്ക്കന്നൂർ കുരങ്ങിണി വഴി ടോപ് സ്റ്റേഷനിലേക്ക് ഒരു പാത നിർമ്മിക്കാൻ പോകുന്നത്. കുരങ്ങണിയിൽ നിന്നും ടോപ് സ്റ്റേഷനിലേക്ക് 14 കിലോമീറ്റർ പാത. ചുരുക്കത്തിൽ കേരള അതിർത്തിക്ക് സമീപത്തുള്ള തമിഴ് പട്ടണമായ തേനിയിൽ നിന്ന് 105 കിലോമീറ്റർ യാത്ര ചെയ്തു ടോപ് സ്റ്റേഷനിൽ എത്തേണ്ടത് വെറും 30 കിലോമീറ്റർ ആയി ചുരുങ്ങാൻ പോകുന്നു. തമിഴ്നാട് ലക്ഷ്യമിടുന്നത് ടോപ്സ്റ്റേഷനെയും അനുബന്ധ മേഖലകളെയും പശ്ചിമഘട്ടത്തിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ട് ആക്കുക എന്നതാണ്. ഇപ്പോൾതന്നെ കുരങ്ങണി -ടോപ്പ് സ്റ്റേഷൻ ട്രക്കിങ് സഞ്ചാരികളുടെ ഇഷ്ട ലിസ്റ്റിൽ ഇടം പിടിച്ച ഇനം തന്നെ. ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും ഒക്കെ നിറഞ്ഞ കുരങ്ങിണി- ടോപ് സ്റ്റേഷൻ ട്രക്കിങ് അതിമനോഹരമാണ്.

2020 21ൽ തമിഴ്നാട് സന്ദർശിച്ച ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 14 കോടിയും കേരളത്തിന്റെത് വെറും 1.88 കോടിയും ആണെങ്കിലും തമിഴ്നാട്ടിലേക്ക് വരുന്ന ഒരു സഞ്ചാരി പോലും കേരളത്തിലേക്ക് ചോർന്നു പോകാതിരിക്കുന്നതിന് തമിഴ്നാട് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാരണം തമിഴ്നാടിന്റെ ജിഡിപിയിൽ വ്യവസായവും കൃഷിയും പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന വിഭാഗമാണ് ടൂറിസവും.
അതുകൊണ്ട് തന്നെയാണ് തമിഴ്നാടിന് ഹിമാലയൻ സംസ്ഥാനങ്ങളെ പോലും പിന്നിലാക്കിക്കൊണ്ട് ഇന്ത്യയിൽ ഏറ്റവും അധികം ആഭ്യന്തര ടൂറിസ്റ്റുകളെയും വരുമാനവും സൃഷ്ടിക്കാൻ കഴിയുന്നത്.

എന്നാൽ നമുക്ക് ടൂറിസം ഒരു പ്രധാന വ്യവസായമേ അല്ല. ഇപ്പോൾ കേരളത്തിൽ വ്യവസായത്തിന് കൊടുക്കുന്ന പ്രാധാന്യം ടൂറിസത്തിന് കൊടുത്തിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില തന്നെ മാറിപ്പോകുമായിരുന്നു. 2021ന് ശേഷം മാത്രമാണ് കേരളം ടൂറിസത്തെ അല്പം എങ്കിലും ഗൗരവമായി കാണുന്നത്. മലയാളി നമ്പർ വൺ ആണെന്നും പൊളി ആണെന്നും ഒക്കെ മുഴത്തിനുമുഴം വീരസ്യം പറയുന്ന നമ്മൾ ടൂറിസത്തിന് മാതൃക ആക്കേണ്ടത് തമിഴ്നാടിനെ തന്നെയാണ്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്... ഈ പുതിയ പാതാ നിർമാണത്തിലൂടെ തമിഴ്നാട് ലക്ഷ്യമിടുന്നത് ടോപ് സ്റ്റേഷനും കൊളുക്കുമലയും കുരങ്ങിണിയും ഒക്കെ ഉൾപ്പെടുന്ന മേഖലയുടെ ടൂറിസം വികസനത്തിനാണ്. മൂന്നാറിൽ വരുന്ന മിക്ക സഞ്ചാരികളും ടോപ് സ്റ്റേഷൻ വ്യൂ പോയിന്റ്റിൽ എത്തുന്ന കാര്യം സൂചിപ്പിക്കുന്നത് മൂന്നാർ ടൂറിസത്തിൽ ടോപ്സ്റ്റേഷൻ വ്യൂ പോയിന്റിന്റെ പ്രാധാന്യത്തെയാണ്. ടോപ് സ്റ്റേഷന്റെ ആ പ്രാധാന്യത്തെയാണ് തമിഴ്നാടും മനസ്സിലാക്കിയിരിക്കുന്നത്. ടോപ് സ്റ്റേഷൻ പോലെ ഒരു വിശാലമായ ഒരു വ്യൂ പോയിന്റ് മൂന്നാറിൽ നാം വേറെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതുപോലെ... കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികൾ എസ്കേപ്പ് റോഡിലൂടെ മൂന്നാറിലേക്ക് ചോർന്നു പോകാതിരിക്കുന്നതിന് 1990 ൽ തന്നെ ശ്രദ്ധിച്ച തമിഴ്നാട് സർക്കാർ ഇപ്പോൾ മൂന്നാറിൽ വരുന്ന ആഭ്യന്തര- വിദേശ സഞ്ചാരികളെ ടോപ് സ്റ്റേഷനിലെ പുതിയ വഴിയിലൂടെ തമിഴ്നാട്ടിലേക്ക് ബൈപ്പാസ് ചെയ്യിക്കുമോ എന്നുള്ളതും കണ്ടറിയേണ്ടിയിരിക്കുന്നു.

# ദയാൽകരുണാകരസഞ്ചാരകഥകൾ ❤️

Address

Thiruvananthapuram
695035

Website

Alerts

Be the first to know and let us send you an email when Dayal Karunakaran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share



You may also like