27/11/2022
കലയും കളിയുമൊക്കെ ഇസ്ലാം അനുവദിക്കുന്നുണ്ട്. ഇല്ലായെന്ന് ആരു പറഞ്ഞാലും അത് ഫൗൾ മാത്രമാണ്. ശാരീരികവും മാനസികവുമായ ഉല്ലാസം മനുഷ്യന് അത്യന്താപേക്ഷിതമാണ്. അതിന് ക്രിക്കറ്റോ, ഫുട്ബോളോ, ഓട്ടമോ, ചാട്ടമോ ഒക്കെയാവാം!പക്ഷേ അത് ഇസ്ലാമിൻ്റെ നിയമങ്ങൾക്ക് വിധേയമായി മാത്രമായിരിക്കണം. അല്ലാഹുവിനോടുള്ള കടമകളിൽ നിന്നും വിശ്വാസികളെ തടയുകയും മറപ്പിയ്ക്കുകയും ചെയ്യുന്ന ഒരു കാര്യത്തെയും ഇസ്ലാം പോത്സാഹിപ്പിക്കുന്നില്ല.താരങ്ങളോടും ടീമുകളോടും ഇഷ്ടവും താൽപര്യവുമൊക്കെ ഉണ്ടാവാം. അവരുടെ പ്രകടനങ്ങൾ ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അതിൻ്റെ പേരിൽ നിസ്ക്കാരം മുടക്കുകയും അലംഭാവം കാണിക്കുകയും ചെയ്യുകയാണെങ്കിൽ അത് ഉണർത്തേണ്ടത് മുസ്ലിമിൻ്റെ ബാധ്യതയാണ്.സമൂഹത്തിനോ സമുദായത്തിനോ പ്രയോജനമില്ലാതെ പതിനായിരങ്ങൾ പൊടിപൊടിക്കുന്ന കട്ടൗട്ട് സംസ്ക്കാരവും എന്തിന് എന്ന് ആലോചിക്കുന്നത് നല്ലതാകും.
കാൽപന്തുകളിയുടെ ആവേശത്തിൽ ഇസ്ലാമിക നിർദേശങ്ങൾ മറക്കാതിരുന്നതാണ് ഖത്തർ ലോകകപ്പിൻ്റെ ഒരു മേൻമയായി എടുത്തു പറയുന്നവർ തന്നെ നാസർ ഫൈസിയുടെ നിലപാടിനെ എതിർക്കുന്നതായി കാണുന്നു. ഇതും ഫൗൾ ആണ്. കമ്മി- സംഘി കുശുമ്പ് കൂട്ടണികളുടെ വിമർശനങ്ങളെ ബ്രസീൽ- അർജൻ്റീന ഫാൻസിനിടയിലുള്ള കശപിശയായി മാത്രം കണ്ടാൽ മതി, അതിൽ വല്യ കാര്യമൊന്നുമില്ല.
പറഞ്ഞത് കൂടത്തായി ആയിപ്പോയതു കൊണ്ട് എതിർക്കൽ നിർബന്ധമായി കാണേണ്ടതില്ലല്ലോ? അവതാരകൻ്റെ ഗുണവും മണവുമൊന്നും നോക്കേണ്ട, പറഞ്ഞ കാര്യം ഇസ്ലാമികമായി ശരി തന്നെയാണ്.പിന്നെ, പോർച്ചുഗൽ ടീമിനോട് മാത്രമുള്ള മൂപ്പരുടെ പ്രത്യേക ഗുണകാംക്ഷ; "കരടിയുടെ മുന്നിൽപെട്ടവന് കമ്പിളി പുതച്ചവനെ കാണുമ്പോഴുള്ള പേടിയായി മാത്രം കരുതിയാൽ മതി". വെറുതെ നിക്കുന്നവൻ്റെ കാലിൽ ചവിട്ടിയെങ്കിലും ചുവപ്പ് കാർഡ് നേടൽ ചിലർക്ക് ഹോബിയാണ്.
അറിയിപ്പ്: വിനീതൻ ആരുടേയും ഫാൻ അല്ല !ഫുട്ബോൾ മണ്ടൻമാരുടെ കളിയാണെന്ന് പറഞ്ഞ മൂത്തേടം ഖാസിമിയുമായി എനിക്കൊരു ബന്ധവുമില്ലാ എന്നും രേഖാമൂലം അറിയിച്ച് കൊള്ളുന്നു.