10/04/2021
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ
---------------------------------------------
Thattarakkad Varthakal
Date: 09-4-2021
--------------------------------------------
മങ്കട: സ്വർണ കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ.
മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്ദുൾ ഇർഷാദ് (31), നെല്ലിക്കുത്ത് സ്വദേശികളായ പാറാത്തൊടി ഷഹൽ (26), കോട്ടക്കുത്ത് കിഴക്കേതിൽ നിസാർ (32), മങ്കരത്തൊടി അബ്ദുൾ സത്താർ (26) എന്നിവരെയാണ് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, മങ്കട ഇൻസ്പെക്ടർ പ്രജീഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 28-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. അതിരാവിലെ ടിപ്പർലോറിയിൽ ക്വാറിയിലേക്ക് പോകുന്നവഴി വടക്കാങ്ങര റോഡിൽ വെച്ച് കാർ കുറുകെയിട്ട് ഒരു സംഘം ബലമായി പിടിച്ചുകൊണ്ടുപോയി മർദിച്ചുവെന്നായിരുന്നു പരാതി.
കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്ന സംശയത്തിലായിരുന്നു ഇത്. രാത്രി 11 മണിയോടെ യുവാവിനെ വളാഞ്ചേരി ടൗണിൽ ഇറക്കിവിട്ടു. രാവിലെ സ്റ്റേഷനിലെത്തിയ യുവാവ് ക്വട്ടേഷൻ സംഘത്തിന്റെ വധഭീഷണിയെ തുടർന്ന് കൂടുതൽ വിവരങ്ങൾ പോലീസിനോട് പറയാൻ തയ്യാറായില്ല. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി, മങ്കട ഇൻസ്പക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ദൃക്സാക്ഷികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും ടൗണിലെയും പരിസരങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ മുഖ്യസൂത്രധാരനും മങ്കട സ്റ്റേഷൻ പരിധിയിൽ നടന്ന സദാചാര കൊലപാതകക്കേസിലെ പ്രതിയുമായ ഷറഫുദ്ദീൻ അടക്കം അഞ്ചു പേരെക്കുറിച്ച് സൂചന ലഭിച്ചു.
സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡിവൈ.എസ്.പി. കെ.എം. ദേവസ്യ അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ എസ്.ഐ. മാത്യു, എസ്.ഐ. ഷാഹുൽഹമീദ്, പ്രത്യേക അന്വേഷണസംഘത്തിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, സഞ്ജീവ്, പ്രശാന്ത്, മനോജ്കുമാർ, മങ്കട സ്റ്റേഷനിലെ വിനോദ്, ബൈജു കുര്യാക്കോസ്, അബ്ദുൾ സലാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
---------------------------------------------
Thattarakkad Varthakal
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
---------------------------------------------
Follow this link to join my WhatsApp group: https://chat.whatsapp.com/FnGzubZoHcBAbdECk0kLcU