
27/12/2024
✨🌟🌟 *എംടി - മലയാളത്തിൻ്റെ അടയാളവാക്യം*🌟✨
✒️💫 *പ്രകാശൻ കരിവെള്ളൂർ*💫🌟
എഴുത്തുകാരേറെയുണ്ട് മലയാളികളുടെ മനസ്സിൽ പതിഞ്ഞവരായി . എന്നാൽ തലമുറഭേദമില്ലാതെ ഏഴു പതിറ്റാണ്ടിലേറെക്കാലം വായനക്കാർ നെഞ്ചേറ്റി ലാളിക്കുന്ന ഒരു എഴുത്തുകാരനേയുള്ളൂ . അത് എംടിയാണ് . ആ രണ്ടക്ഷരം നമ്മുടെ അക്ഷര സംവേദനത്തിൻ്റെ - ഭാഷാവിനിമയത്തിൻ്റെ - വികാരവിചാര സർഗ്ഗാത്മകതയുടെ ശാശ്വത താളമായി വർത്തിക്കുന്നു .
ചരിത്രബോധവും സാമൂഹ്യബന്ധവും കുടുംബ - വൈയക്തിക സംഘർഷങ്ങളുമുള്ള ഒരു ശരാശരി മലയാളിക്ക് എംടിയേക്കാൾ ആത്മബന്ധമുള്ള മറ്റൊരെഴുത്തുകാരൻ ഉണ്ടാവാനിടയില്ല . സോഷ്യലിസ്റ്റ് റിയലിസത്തിനും സർവനിരാസആധുനികതയ്ക്കും അവസരവാദപരമായ ആധുനികോത്തരതയ്ക്കും ആത്മാഭിരാമ പുത്തനെഴുത്തിനുമപ്പുറം എങ്ങനെയാണ് എംടിയുടെ കഥകളും നോവലുകളും തിരക്കഥകളും നമ്മളിൽ പലരുടെയും ജീവിതത്തോട് ഇന്നും പ്രതിബദ്ധമായി തുടരുന്നത് ? തീർച്ചയായും കേരള സാംസ്കാരികതയ്ക്ക് വിസ്മയം അനുഭവപ്പെടേണ്ട ഒരു വാസ്തവമാണത്.
വ്യക്തി നാല് കെട്ടുകൾക്കകത്താണ് - കുടുംബത്തിൻ്റെ , സമൂഹത്തിൻ്റെ , സംസ്കാരത്തിൻ്റെ , അധികാരത്തിൻ്റെ . ഈ കെട്ടുകൾ വ്യക്തിക്ക് ബാധ്യതയാണ് . എന്നാൽ ചിലപ്പോഴൊക്കെ അവയിൽ ചിലതോ പലതോ ഏറിയും കുറഞ്ഞും നമ്മുടെ ആവശ്യമോ അഭയമോ അനിവാര്യതയോ ആയിത്തീരുന്നു . സ്വാർത്ഥത കൊണ്ടോ നിസ്സഹായത കൊണ്ടോ നിവൃത്തികേട് കൊണ്ടോ ഇവയ്ക്കൊക്കെ വിധേയപ്പെടേണ്ടി വരുമ്പോഴും ഈ "ബന്ധന "ങ്ങളെ ഭേദിക്കാനുള്ള ഒരു ത്വര ജൈവികമായ ഒരു സ്വച്ഛകാംക്ഷയായി നമ്മളിൽ മിടിക്കുന്നുമുണ്ട് . വ്യക്തി ജീവിതത്തിൻ്റെ ഈ സംഘർഷഗാഥകളാണ് സ്വാനുഭവകേന്ദ്രിതമായി എന്നാൽ സൂക്ഷ്മമായൊരു സാമൂഹ്യയാഥാർത്ഥ്യമായി ഓരോ എംടിക്കഥയും അവതരിപ്പിച്ചു കൊണ്ടിരുന്നത് . അമ്മ അച്ഛനെ കല്യാണം കഴിച്ചത് നിമിത്തം താൻ അനുഭവിക്കേണ്ട തറവാട്ടുസുഖസൗകര്യങ്ങൾ കൈവിട്ടു പോയതിൻ്റെ അസ്വസ്ഥതകൾ പേറുന്ന കുട്ടി വളർന്ന് അച്ഛൻ്റെ കൊലപാതകിയുടെ സഹായത്തോടെ ജീവിതം കരുപ്പിടിപ്പിക്കുന്ന കഥയാണ് നാലു കെട്ടിലുള്ളത് . തന്നെ അവഗണിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്ത ആ നാലുകെട്ട് വില കൊടുത്തു വാങ്ങി അത് പൊളിച്ച് കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീട് കെട്ടാൻ തീരുമാനിക്കുന്ന ആ അപ്പുണ്ണിയിൽ എംടി എന്ന വ്യക്തിയോടൊപ്പം മാറുന്ന മലയാളിയുടെ ജീവിതകാമനകൾ പലതും മിടിക്കുന്നുണ്ട് .
"കാലം " സ്വാർത്ഥതയുടേതാണെന്ന് അര നൂറ്റാണ്ടിനു മുമ്പേ ദർശിച്ചു എം ടി . നമുക്ക് കയറിപ്പോവാനുള്ള ചവിട്ടുപടികളാണ് സ്വന്തബന്ധങ്ങൾ പോലും . ചവിട്ടി മുന്നേറുമ്പോൾ എല്ലാം കൈയടക്കാനുള്ള ആവേശാഹ്ളാദങ്ങൾ . എന്നാൽ നമ്മൾ മറ്റുള്ളവർക്കുള്ള ചവിട്ട് പടിയായിത്തീരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന അമർഷവും നോവും . സേതുവിനെന്നും സേതുവിനോട് മാത്രമേ സ്നേഹമുള്ളൂ എന്ന സുമിത്രയുടെ വീക്ഷണത്തിൽ നിന്നല്ല , ആ സുമിത്രയെപ്പോലും ചവിട്ടു പടിയാക്കിയ സേതുവിൻ്റെ വീക്ഷണകോണിലാണ് കാലം രചിക്കപ്പെട്ടിരിക്കുന്നത് . ആത്മാഭിരാമത്തിനപ്പുറം ആത്മവിചാരണയുടെ തീക്ഷ്ണതയാണ് എംടി പലപ്പോഴും അനുഭവിച്ചതും നമ്മെ അനുഭവപ്പെടുത്തിയതും .
"മലയാള നോവലിലെ ചങ്ങമ്പുഴ " എന്ന് ചിലർ ബഹുമതിയായി എംടിയിൽ ചാർത്തുന്ന വിശേഷണം എംടിയൻ സാഹിത്യത്തിൻ്റെ തീവ്രതീക്ഷ്ണതകളോട് കാട്ടുന്ന അനാദരവാണ് . കേവലമായൊരു വൈകാരികാവേഗമോ പദാഭിരാമമോ ആത്മരതിയോ എം ടി യിലില്ല . പ്രമേയപരമായി ഏറെ ആവർത്തിച്ച കുറേ ആത്മനിഷ്ഠതകൾ ആ രചനകളിലെമ്പാടും കാണാം എന്നത് വാസ്തവമാണ് . വ്യക്തി ദുഃഖത്തിൻ്റെ ഏകാന്ത ഗാഥകൾ എന്നൊക്കെ തോന്നാമെങ്കിലും ആ ദുഃഖം കുടുംബപരവും തൊഴിൽപരവും സാമൂഹികവും സാംസ്കാരികവുമായ നിരന്തര സംഘർഷങ്ങളുടെ ഉൽപ്പന്നമാണ് .
കള്ളനെന്നും തെമ്മാടിയെന്നും മുദ്രകുത്തി എറിഞ്ഞോടിക്കപ്പെട്ട ഗോവിന്ദൻ കുട്ടി എന്ന അബ്ദുള്ള വസൂരി വന്ന് ആളുകൾ ചത്ത് വീഴുമ്പോൾ ഒരു കൈക്കോട്ടുമായി ശവം മറവു ചെയ്യാനെത്തുകയാണ് .തൻ്റെ ഭാര്യ പ്രസവിച്ച , ജ്യേഷ്ഠൻ്റെ കുഞ്ഞിനെ മതമില്ലാത്ത മനുഷ്യനായി വളർത്താൻ പറ്റിയ ദേശവുമന്വേഷിച്ച് അയാൾ പുറപ്പെടുന്നത് അന്നത്തേതിനേക്കാൾ പ്രസക്തമാകുന്നു ഇന്ന് . വ്യക്തിവിഷാദത്തെ സാമൂഹ്യോന്മുഖതയോട് ഇണക്കി വേറിട്ടൊരു ഊർജ്ജം സൃഷ്ടിക്കുന്നുണ്ട് അസുരവിത്ത് .
വിജയിക്കാൻ പുറപ്പെട്ട് പരാജിതരായവരുടെ "വിലാപയാത്ര "യാണ് എംടിയുടെ ഏറെ പ്രിയതരമായ ഒരു പ്രമേയം . അത് ഒരു ഉണ്ണിയുടേയോ മഞ്ഞിലെ വിമലട്ടീച്ചറുടേയോ മാത്രം കഥയല്ല . ഒന്നാമതെത്താനുള്ള അർഹത, എത്തുന്നവരേക്കാൾ കൂടുതലുണ്ടായിട്ടും എപ്പോഴും എവിടെയും രണ്ടാമതായിപ്പോവുന്നവരുടെ കഥ പറഞ്ഞ് ഒന്നാമനായിത്തീർന്ന എഴുത്തുകാരനാണ് എംടി . രണ്ടാമൂഴത്തിലെ ഭീമൻ പച്ചമണ്ണിൻ മനുഷ്യത്വമായി നമുക്ക് മുന്നിൽ നിവർന്നു നിൽക്കുന്നതിൻ്റെ ഊർജ്ജം അയാളുടെ പരാജയങ്ങളാണ് . ജയിച്ചിരുന്നെങ്കിൽ അയാൾ അത്ര കരുത്തനാവുമായിരുന്നില്ല . സംഘർഷങ്ങളിൽ തകർന്നടിയുന്ന ജീവിതാനുഭവങ്ങൾ വ്യക്തിയെ നിർവീര്യമാക്കുമോ അല്ല , അയാളുടെ മനസ്സിനെ സ്ഫുടം ചെയ്തെടുക്കുമോ ?
രണ്ടാമത്തേതിൻ്റെ സാധ്യതയിലേക്കാണ് എം ടി യുടെ ആഖ്യാനങ്ങൾ നമ്മെ നയിച്ചത് . നിഷേധവും പ്രതിഷേധവുമൊക്കെയുണ്ട് എം ടിക്ക് . എന്നാൽ അതൊരിക്കലും ജീവിതത്തോടല്ല .
അശാന്തമായ തൃഷ്ണകൾ സമ്മാനിക്കുന്ന ആ ആ ശനിരാശകൾ ആവിഷ്കരിക്കുന്നതിൽ ഒട്ടും കൃത്രിമത്വം പുലർത്തുകയോ ഏച്ചു കെട്ടുകയോ ചെയ്യുന്നില്ല എംടി . എം ടി പറയാതെ പറഞ്ഞു വച്ചതെല്ലാം ചേർത്തുവച്ചാൽ നമ്മൾ എത്തിച്ചേരുക നമ്മുടെ തന്നെ ആന്തരികയാഥാർത്ഥ്യങ്ങളിലായിരിക്കും . അനുഭാവിഷ്കാരത്തിൽ ബഷീറിനോളം സുതാര്യതയില്ല എം ടി ക്ക് എന്നതൊരു പോരായ്മയായി തോന്നിയിട്ടില്ല എനിക്ക് . ബഷീറിനേക്കാൾ ഗഹനമാണ് എം ടി യുടെ ബോധധാര . ഇരുട്ടിൻ്റെ ആത്മാക്കൾക്ക് സുതാര്യമാവാനേ കഴിയില്ലല്ലോ .
കുടുംബം , സദാചാരം, സൗന്ദര്യം എന്നൊക്കെ പറഞ്ഞ് നമ്മൾ അനുവർത്തിക്കുന്ന ക്രൂരമായ മനുഷ്യത്വരാഹിത്യങ്ങൾ സൂക്ഷ്മതലത്തിൽ വിചാരണ ചെയ്യാൻ എം ടി ശ്രമിച്ചിട്ടുണ്ട് . നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളോട് സ്വന്തം വൈരൂപ്യം കൊണ്ട് പോരാടി ഒടുവിൽ അയലത്തെ ചെറുപ്പക്കാരനുമായുള്ള അടുപ്പം ഉണ്ടാക്കിയ അപവാദത്തിൻ്റെ പേരിൽ ജീവനൊടുക്കിയ കുട്ട്യേടത്തി വളർത്തുമൃഗങ്ങളിൽ ട്രപ്പീസിൽ നിന്നു വീണ ജാനമ്മയെപ്പോലെ കരുത്തയാണ് . വീണിടത്തു നിന്നും വീണ്ടും എഴുന്നേറ്റ് നിൽക്കാൻ കുട്ട്യേടത്തിക്ക് കഴിഞ്ഞില്ല . ജാനമ്മയ്ക്ക് അത് കഴിഞ്ഞു . വിവാഹത്തിന് മുമ്പ് പ്രസവിച്ച മകൻ . അമ്മയും അമ്മമ്മയും ചേർന്ന് പെറ്റമ്മയെ ഓപ്പോൾ എന്ന് വിളിക്കാൻ ശീലിപ്പിക്കുന്നു . മകളെ വിവാഹം കഴിപ്പിച്ചയക്കാൻ ഒരമ്മയുടെ സ്വാർത്ഥത . ഒരു ഭാര്യയായി ജീവിക്കാൻ ആ യുവതിക്കും സ്വാർത്ഥത . മാതൃത്വത്തിൽ പോലും കലരുന്ന ഈ സ്വാർത്ഥതയുടെ കയ്പ് എംടിയുടെ മറ്റു കഥകളിലും നമ്മൾ രുചിച്ചിട്ടുണ്ട് .
ചതി , പക , വഞ്ചന തുടങ്ങിയ തമോഭാവങ്ങളും നമ്മുടെ മനസ്സിൻ്റെ അനിഷേധ്യയാഥാർത്ഥ്യങ്ങളാണ് . ആരെയെങ്കിലും ചതിച്ചവർ അല്ലെങ്കിൽ ആരാലെങ്കിലും ചതിക്കപ്പെട്ടവർ ! - രണ്ടിലും പെടാതെ ആരെങ്കിലുമുണ്ടാകുമോ ? ശത്രു എന്ന കഥ ചതിയുടെ ഇര ചതിച്ചവനെ പക കൊണ്ട് വേട്ടയാടുന്നത് നമ്മെ അനുഭവിപ്പിക്കുന്നുണ്ട് . താഴ് വാരം എന്ന പേരിൽ എംടി തന്നെ അത് തിരക്കഥയാക്കിയപ്പോൾ മനസ്സ് കാഴ്ചയായി മാറുന്ന വായനാനുഭവമാണ് പകർന്നത് .
എം ടി യുടെ ഇരുട്ടിൻ്റെ ആത്മാവും ഓപ്പോളും സ്നേഹത്തിൻ്റെ മുഖങ്ങളും ( മുറപ്പെണ്ണ് ) കുട്ട്യേടത്തിയും ഓളവും തീരവും ചെറിയ ചെറിയ ഭൂകമ്പങ്ങളും (എന്ന് സ്വന്തം ജാനകിക്കുട്ടി ) എം ടി തന്നെയാണ് തിരക്കഥകളാക്കിയത് . പള്ളിവാളും കാൽച്ചിലമ്പും നിർമ്മാല്യമായപ്പോൾ എം ടി തന്നെ സംവിധാനവും ചെയ്തു .
ആശ്വാസമാകാത്ത വിശ്വാസത്തിൻ്റെ മുഖത്ത് കാർക്കിച്ച് തുപ്പിയ നിർമ്മാല്യത്തിലെ വെളിച്ചപ്പാട് എം ടി സൃഷ്ടിച്ച ഏറ്റവും ശക്തമായ കഥാപാത്രമാണ് . ദേവീ വിഗ്രഹത്തിൽ തെറിച്ചു വീണ ആ ചോരയും തുപ്പലും പോലെ അത്രയും തീക്ഷ്ണമായ ഒരു ദൈവനിഷേധം ഇവിടെ ഒരു യുക്തിവാദിക്കോ ശാസ്ത്രജ്ഞനോ കമ്യൂണിസ്റ്റിനോ പോലും സാധിച്ചിട്ടില്ല . എഴുപതുകൾ തനിക്കൊരുക്കിത്തന്ന സാംസ്കാരിക പരിസരമാണ് അങ്ങനെയൊരു സിനിമ ഉണ്ടാക്കാൻ തന്നെ പ്രാപ്തനാക്കിയതെന്നും ഇന്ന് അത് റീമെയ്ക്ക് ചെയ്താൽ കൂടെ നിൽക്കാൻ ഇവിടത്തെ പുരോഗമന സംഘടനകൾക്ക് പോലും ധൈര്യമില്ലെന്നും എം ടി തുറന്നു പറഞ്ഞിട്ടുണ്ട്.
മലയാള സിനിമയ്ക്ക് ഒരു സാഹിതീയ മുഖം സമ്മാനിച്ചത് എംടി മാത്രമാണ് . സാഹിത്യകാരന്മാരും സാഹിത്യകാരികളും പലർ വന്നു സിനിമ എഴുതാൻ . എന്നാൽ എം ടി യോളം സാഹിതീയമാവാൻ അന്നും ഇന്നും സാധിച്ചിട്ടില്ല ആർക്കും . ഇന്ത്യൻ സിനിമയിൽ തന്നെ സാഹിത്യം ഭാഷയായും പ്രമേയമായും
ഏറ്റവും കൂടുതൽ പ്രയോഗിച്ചത് എം ടി യാണ് . അദ്ദേഹം സിനിമയ്ക്കായി തന്നെ എഴുതിയ തിരക്കഥകളും സാഹിത്യമൂല്യത്താൽ കനപ്പെട്ടവയാണ് . നിത്യഹരിതനായകനായ പ്രേംനസീറിനെ നെഗറ്റീവ് ക്യാരക്ടറായി മുഴുനീളം അവതരിപ്പിച്ച നിഴലാട്ടം സമ്പന്നതയുടെ ധൂർത്ത് എങ്ങനെ ദാരിദ്ര്യത്തിലേക്ക് പതിക്കുന്നു എന്നതിൻ്റെ ദാർശനിക വ്യാഖ്യാനമാണ് . സ്വന്തം മനസ്സാക്ഷിയിൽ നിന്ന് ഒളിച്ചോടാൻ കഴിയാതെ ഇരയ്ക്ക് വേണ്ടി വീണ്ടും വേട്ടക്കാരനെതിരെ തോക്കേന്തുന്ന ഇന്ദിര പഞ്ചാഗ്നിയിലെ ജ്വലിക്കുന്ന ഒരു പ്രമേയ തീവ്രതയാണ് . എഴുപതുകൾ അടയാളപ്പെടുത്തിയ നക്സലിസം പല സിനിമകൾക്കും വിഷയമായിട്ടുണ്ടെങ്കിലും എം ടി യുടെ പഞ്ചാഗ്നി
അതിൻ്റെ രാഷ്ട്രീയ തീക്ഷ്ണതയോടുള്ള ആദരവും പിൽക്കാലത്ത് പ്രസ്ഥാനത്തിന് സംഭവിച്ച അപചയങ്ങളിലുള്ള ഖേദവുമാണ് .ആരണ്യകത്തിൽ ദേവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൽ എം ടി വർഗീസിൻ്റെ ഛായ ചാലിച്ചു ചേർത്തതും നക്സലിസത്തിൻ്റെ വർഗബോധത്തോട് എംടി രാഷ്ട്രീയാദരം പുലർത്തിയിരുന്നു എന്നതിൻ്റെ നിദർശനമാണ് .ചോരയിൽ മുക്കി പ്രണയ ലേഖനമെഴുതാൻ കൊതിച്ച കൗമാരത്തിൻ്റെ നോവുകളും നിനവുകളും എംടിയോളം ആത്മബദ്ധമായി ആവിഷ്ക്കരിക്കാൻ കഴിഞ്ഞ മറ്റൊരു ചലച്ചിത്രകാരൻ മലയാളത്തിലില്ല . നഖക്ഷതങ്ങൾ എൺപതുകളിലെ മനോനിബദ്ധപ്രണയത്തിൻ്റെ മാനിഫെസ്റ്റോ യായിരുന്നു. മൂന്ന് പുതുമുഖങ്ങൾ നായകസ്ഥാനത്തുണ്ടായ ആ സിനിമ ഒരു വർഷക്കാലം തുടർച്ചയായി പ്രദർശിപ്പിച്ച് , ഇന്ന് കൊട്ടിഘോഷിക്കുന്ന നൂറ് കോടി ക്ലബ്ബിനെ നൂറ്റെട്ടിരട്ടി നിഷ്പ്രഭമാക്കിയ സിനിമയാണ്.
നോവലിൽ രണ്ടാമൂഴം നേടിയ പുനരാഖ്യാന അപനിർമ്മാണ വിജയം അതിൻ്റെ നൂറിരട്ടി വിള കൊയ്ത രചനകളാണ് എം ടി യുടെ ഒരു വടക്കൻ വീരഗാഥ , വൈശാലി , പെരുന്തച്ചൻ തുടങ്ങിയ സിനിമകൾ.
എം ടി , കഥകളെ ആധുനികമാനവജീവിതത്തിൻ്റെ സംഘർഷ സങ്കീർണ്ണതകളെ മുൻനിർത്തി പുതുക്കുകയാണ് . അവിടെ നമ്മൾ ശീലം വച്ച് പറഞ്ഞ വായ്ത്താരി ബോധങ്ങളെല്ലാം തിരുത്തപ്പെടുകയാണ് . ചതിയൻ ചന്തു എന്നതിന് പകരം ചന്തുവിനെ ചതിച്ചവർ എന്ന പ്രമേയം രൂപപ്പെടുന്നു . അച്ഛനെ മകൻ കൊല്ലുന്നതിന് അസൂയ അഥവാ ഈഗോ എന്ന ബാലിശ ന്യായങ്ങളേക്കാൾ കാരണമാകുന്നു മനുഷ്യത്വ പരമായ ധാർമ്മികവ്യഥകൾ . യാഗം ചെയ്ത് മഴ പെയ്ത അതിശയോക്തി പെണ്ണിൻ്റെ കണ്ണീരിനാൽ പ്രളയമാകുന്ന ദുരന്തത്തിന് വഴി മാറുന്നത് എംടിക്കല്ലാതെ വേറാർക്ക് സങ്കൽപ്പിക്കാനാകും ഭാരതീയ ഭാഷകളിൽ ?
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എംടി എഴുതിയ ചില തിരക്കഥകളുണ്ട് . അത് വായിക്കുകയോ , കാണുകയോ ചെയ്യുമ്പോഴാണ് നമ്മളറിയുക - സംഭവം , എംടിക്ക് ഒരു കാരണം മാത്രമാണ് .സ്കൂൾ കുട്ടി ബസ്സോടിച്ച അനുബന്ധവും മെഡിക്കൽ കോളേജ് റാഗിംഗിൽ നിന്നുണ്ടായ അമൃതം ഗമയയും അനുഭവിച്ചവർക്കറിയാം എന്താണ് എംടിയെൻ മാജിക്ക് എന്ന് .വാക്കിൻ്റെ , അതിലൊളിപ്പിക്കുന്ന ഗഹനതയുടെ ജാടയില്ലായ്കയാണ് എം ടി. എം ടി എഴുതിയത് മനസ്സിലാകാത്ത മലയാളി 2000 ന് മുമ്പ് ഒരു അസാധ്യതയാണ് .പണ്ടത്തെ നമ്പൂതിരി സമുദായത്തിൻ്റ സ്ത്രീവിരുദ്ധക്രൂരതകളിൽ ഏറ്റവും കുപ്രസിദ്ധമായിരുന്ന സ്മാർത്തവിചാരത്തെ എത്ര തീക്ഷ്ണമായാണ് പരിണയം എന്ന സിനിമയിലൂടെ എംടി വിചാരണ ചെയ്തത് !
ഒരു എഴുത്തുകാരൻ്റെ ജീവിതത്തിലെ നിമ്ന്നോന്നതങ്ങൾ ആത്മനിഷ്ഠമായി ആവിഷ്കരിക്കുന്ന സിനിമയാണ് അക്ഷരങ്ങൾ . രതിയിലും പണത്തിലും അധിഷ്ഠിതമായ സ്ത്രീ പുരുഷ ബന്ധങ്ങളുടെ ക്ഷണികതയാണ് തൃഷ്ണയിൽ എംടി പ്രമേയമാക്കിയത് . മിഥ്യയിൽ കുടുംബബന്ധങ്ങളുടെ നിരർത്ഥകതയാണ് നമ്മുടെ മനസ്സുലയ്ക്കുന്നത് . നാലുകെട്ട് എന്ന നോവലിലല്ലാതെ , മറ്റൊരു അപ്പുണ്ണിയെക്കൂടി എം ടി സൃഷ്ടിച്ചിട്ടുണ്ട് - രംഗം എന്ന സിനിമയിൽ . ഒരു കഥകളിസദനത്തെയും അതിൻ്റെ ആശാനെയും നെഞ്ചോട് ചേർത്ത ഒരു സാധു കഥകളി നടനാണയാൾ . താൻ മനസ്സിൽ കൊണ്ടു നടന്ന ആശാൻ്റെ മകളെ വിദേശത്ത് നിന്ന് ഡാൻസ് പഠിച്ചു വന്ന ആശാൻ്റെ മകൻ സ്വന്തമാക്കുന്നത് നോക്കി നിൽക്കേണ്ടി വന്ന പാവം . എന്നാൽ അവൻ സദനത്തെ തകർക്കുന്നത് അപ്പുണ്ണിക്ക് പൊറുക്കാനായില്ല . കീചകവധം കളിയിൽ ഭീമനെ അവതരിപ്പിച്ച അപ്പുണ്ണി കീചക വേഷം കെട്ടിയ വില്ലനെ ശരിക്കും തന്നെ കൊല്ലുന്ന അതു പോലൊരു ക്ലൈമാക്സ് മലയാളത്തിൽ അത്യപൂർവമാണ് . പുറമ്പോക്കിലെ പരുക്കൻ ജീവിതങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുക്കാനും എംടിയുടെ തൂലികയ്ക്ക് വിരു തേറുന്നു . അടിയൊഴുക്കുകൾ , ഇടനിലങ്ങൾ തുടങ്ങിയ സിനിമകൾ അതിന് ഉദാഹരണമാണ് .
അയലത്തെ അടിയാത്തിപ്പെണ്ണിനോട് വലിയ വീട്ടിലെ യുവാവിനുണ്ടായ പ്രണയം എത്ര മനോഹരമായാണ് എംടി ആരൂഢത്തിൽ മൗനം കൊണ്ടു പൊതിഞ്ഞു വച്ചത് ? ! ദയയോട് കൂടി കൊല്ലുക എന്നതിൻ്റെ അർത്ഥം എന്താണെന്ന് മുഴുവനായും അറിയാൻ നമ്മൾ സദയം എന്ന സിനിമ കാണണം . ഒരാൾ മരണത്തിലേക്ക് പോകുമ്പോൾ എല്ലാവരും അയാളോട് അടുപ്പം കാണിക്കുമെന്നും എന്നാൽ അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ വേണ്ടപ്പെട്ടവർക്കും സഹപ്രവർത്തകർക്കുമൊക്കെ ബാധ്യതയാവുമെന്നുമാണ് സുകൃതത്തിലെ രവിശങ്കർ എന്ന പത്രപ്രവർത്തകൻ്റെ അനുഭവം തെളിയിക്കുന്നത് ! എംടിക്ക് മാത്രം കണ്ടെത്താൻ കഴിയുന്ന അപൂർവ ദർശനമാണിത് .
സിനിമയ്ക്ക് കീഴടങ്ങാത്ത സാഹിത്യം - എന്നാൽ സിനിമയ്ക്ക് ഏറ്റെടുക്കാൻ പാകത്തിലുള്ള പ്രമേയങ്ങളും മനോവ്യാപാരങ്ങളും അതായിരുന്നു എം ടി യുടെ തിരക്കഥാ സമീപനം -ഗോപുരനടയിൽ എന്ന നാടകത്തിലും അതെ - അരങ്ങ് അമ്പരന്നു നിൽക്കുന്നു , അധികാരത്തിൽ നിന്ന് അകന്നുള്ള ആ ജീവിത സംത്രാസങ്ങൾക്ക് മുന്നിൽ . സംസ്ഥാന ഗവൺമെൻ്റിൻ്റെ അവാർഡ് നേടിയിട്ട് പോലും അതിൽ കൈ വെക്കാൻ നമ്മുടെ നാടകക്കാർക്ക് ഒരു പാടൊന്നും ധൈര്യം കിട്ടിയിട്ടില്ല.
രമണീയമായ ഒരു കാലത്തിൽ നിന്ന് ആസ്വാദകനാവുകയും അതോടൊപ്പം വരണ്ട ജീവിതാനുഭവങ്ങളിൽ നിന്ന് ഊർജ്ജം നേടുകയും ചെയ്ത, മലയാളത്തിൻ്റെ കാലദേശ
സമഗ്രതയാണ് എം ടി .
വൻ കടലിൽ തുഴയെറിഞ്ഞ മലയാളത്തിൻ്റെ ഹെമിങ് വേ .... ഒമ്പത് ദശകങ്ങളിൽ ജീവിച്ച് ഒമ്പതിനായിരം വർഷങ്ങളുടെ സാഫല്യം നേടിയ മലയാളചാരുത.
✒️✨ *പ്രകാശൻ കരിവെള്ളൂർ*🔥