05/11/2020
✍️സായിനാഥ് മേനോൻ............................................
ഭക്തകവിയ്ക്ക് ജന്മം നൽകിയ പുണ്യഭവനമീ പൂന്താനം ഇല്ലം.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ പാണ്ടിക്കാട് റോഡിൽ , കീഴാറ്റൂർ (പഴയ വള്ളുവനാട് താലൂക്കിൽ നെന്മേനി അംശം)എന്ന സ്ഥലത്താണ് മഹാക്ഷേത്ര തുല്യമായ പൂന്താനം ഇല്ലം സ്ഥിതി ചെയ്യുന്നത്.ഗുരുവായൂരൂപ്പനോടുള്ള അചഞ്ചല ഭക്തിയാൽ പ്രസിദ്ധനായ ,ഭക്തകവി പ്രമുഖന്മാരിൽ ഒരാളുമായ ശ്രീ പൂന്താനം നമ്പൂതിരിക്ക് ജന്മം നൽകിയ ഇല്ലമാണിത്. പൂന്താനം നമ്പൂതിരിയെ കുറിച്ച് കേൾക്കാത്ത മലയാളി ഉണ്ടാകില്ലാ. അതുമല്ലെൽ അദ്ദേഹം രചിച്ച ജ്ഞാനപ്പാന വായിക്കാത്ത മലയാളിയും ഉണ്ടാകില്ലാ . നമുക്കൊന്നു കൂടി സഞ്ചരിക്കാം അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ .
ഭക്തകവിയായ പൂന്താനം നമ്പൂതിരിയുടെ യഥാർത്ഥ നാമം ശങ്കരൻ നമ്പൂതിരി എന്നായിരുന്നു എന്നും രാമൻ നമ്പൂതിരി എന്നായിരുന്നു എന്നും രണ്ട് പക്ഷമുണ്ട് . പൂന്താനം ഇല്ലത്തിനടുത്തുള്ള ശങ്കരൻ കുന്ന് എന്നൊരു കുന്നുണ്ട് . ശങ്കരൻ എന്ന് പേരുള്ള പൂന്താനം ആ കുന്നിൽ പോയി വിശ്രമിക്കുമായിരുന്നു . അതിനാലാണ് ആ കുന്നിന് ശങ്കരൻ കുന്ന് എന്ന് പേർ വന്നത് എന്ന് പറയപ്പെടുന്നു .എങ്കിലും അദ്ദേഹം ഇല്ലത്തിന്റെ പേരിൽ തന്നെയാണറിയപ്പെടുന്നത് . അദ്ദേഹത്തിന്റെ കാലഘട്ടം കൃത്യമായി എവിടെയും രേഖപ്പെടുത്തിയിട്ടുമില്ലാ . പക്ഷെ സമകാലീനനായ ശ്രീ മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ ജീവിതം കാലഘട്ടം വച്ച് നോക്കുമ്പോൾ ശ്രീ പൂന്താനം നമ്പൂതിരിയുടെ ജീവിതം 16- ആം നൂറ്റാണ്ടിലാണെന്ന് ഉറപ്പിക്കാം ( 1547-1640).കുംഭമാസത്തിലെ അശ്വതി നക്ഷത്രമാണ് അദ്ദേഹത്തിന്റെ ജന്മ നക്ഷത്രം.തന്നെ കുറിച്ച് അദ്ദേഹം ഒരിക്കലും ഒന്നും എഴുതി വച്ചിരുന്നില്ലാ . എല്ലാം ഭഗവാനെ കുറിച്ചായിരുന്നു. അതിനാൽ കൃത്യമായ ജീവിത രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാ .
പൂന്താനം ഇല്ലത്തിന് എങ്ങനെ പോയാലും അഞ്ഞൂറിലധികം വർഷം പഴക്കം കാണും . കാലത്തിനനുസരിച്ചുള്ള മാറ്റം ഇല്ലത്തിൽ കാണാം . ഇല്ലം നാലുകെട്ടാണ്. . മനോഹരമായ പൂമുഖവും, ഭംഗിയുള്ള വാതിലും, തെക്കിനിത്തറയും ,നടുമുറ്റവും, ശ്രീലകവും , മൂന്ന് മുറികളും , പടിപ്പുരയും, അടങ്ങിയതാണീ നാലുകെട്ട്. നാലുകെട്ടിനോട് ചേർന്ന് മനോഹരമായ , വെട്ടുക്കല്ലാൽ നിർമ്മിതമായ പത്തായപ്പുരയും കാണാം നമുക്ക്. ഇല്ലത്തിന് മുൻ വശത്തായി കൃഷ്ണപ്രതിമ പ്രതിഷ്ഠിച്ചൊരു ഭാഗം കാണാം . അവിടെ നിന്നാണ് പൂന്താനം ജീവനോടെ സ്വർഗ്ഗലോകം പൂകിയത് .
പൂന്താനം ഇല്ലക്കാരുടെ പരദേവത അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയാണ് .മച്ചിൽ കരിങ്കൽ പീഠത്തിൽ വാൾ വച്ച് തിരുമാന്ധാംകുന്നിലമ്മയെ ആരാധിക്കുന്നുണ്ട് .കൊല്ലത്തിൽ ഒരു കളം പാട്ടും പതിവുണ്ട് . നിത്യേന പൂജ പതിവുണ്ട്. ഉത്തമ ഭക്തനായ പൂന്താനം തിരുമേനിക്ക് വയസ്സായി . നടക്കാൻ ഒന്നും വയ്യ . അല്ലെൽ സ്ഥിരമായി ഗുരുവായൂർക്ക് കണ്ണനെ തൊഴാൻ പോകുമായിരുന്നു . വയ്യാതെ ആയപ്പോഴും അദ്ദേഹം കണ്ണനെ തൊഴാൻ ഗുരുവായൂർ നടയ്ക്കൽ ചെന്ന സ്രാഷ്ടാംഗം നമിച്ച് തന്റെ സങ്കടം ഉണർത്തിച്ചു . കണ്ണാ ആരോഗ്യം അനുവദിക്കണില്ല്യാ . നടക്കാൻ വയ്യാ . ഭഗവാനെ കാണാതെ ഇരിക്കാനും വയ്യാ . എന്ന് പറഞ്ഞായിരുന്നു പ്രാർത്ഥന.അപ്പോൾ ശ്രീകോവിലിൽ നിന്നൊരശരീരി കേട്ടു "പൂന്താനം സങ്കടപ്പെടേണ്ടാ ,ഞാൻ ഇടത്ത് പുറത്തുണ്ടാകും എന്ന് “.അതു കേട്ട പൂന്താനം കൃതാർത്ഥതയോടെ ഇല്ലത്തേക്ക് മടങ്ങി . തന്റെ ഇല്ലത്തിന്റെ ഇടത്ത് ഭാഗത്തുള്ള വിഷ്ണുക്ഷേത്രത്തിനടുത്തായി രണ്ട് കയ്യിൽ വെണ്ണയുമായി നിൽക്കുന്ന കണ്ണന്റെ രൂപം പ്രത്യക്ഷപ്പെട്ടിരിക്കുന്നു .അദ്ദേഹത്തിന് നിത്യവും കുളിച്ച് തൊഴാൻ പാകത്തിൽ തന്നെ . ആ മഹാത്മാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നോക്കൂ കണ്ണന്റെ സ്നേഹം. ആ ക്ഷേത്രത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണ് പ്രതിഷ്ഠ . ഉപദേവന്മാരായി ഗണപതിയും പൂന്താനത്തിനായി പ്രത്യക്ഷപ്പെട്ട വെണ്ണകണ്ണനും . ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പൂന്താനം നമസ്കരിച്ചിരുന്ന ഒരു കല്ലും കാണാം .
പൂന്താനം നമ്പൂതിരിക്ക് ഒരിക്കൽ വസൂരി ബാധിച്ചു. അസുഖം കലശലായി. ആ സമയത്ത് മഹാജ്ഞാനിയായ പൂന്താനം തിരുമേനി തിരുമാന്ധാംകുന്നിലമ്മയെ മനസ്സിൽ സ്മരിച്ച്, അമ്മയെ പ്രകീർത്തിച്ചു ഒരു കീർത്തനം എഴുതി . തിരുമാന്ധാംകുന്നിലമ്മയുടെ ശിരസ്സ് തൊട്ട് വർണ്ണിച്ചാണദ്ദേഹം എഴുതി തുടങ്ങിയത് , ഭഗവതിയുടെ ഓരോ ഭാഗങ്ങളെ കുറിച്ച് എഴുതുമ്പോൾ പൂന്താനം നമ്പൂതിരിയുടെ ശരീരത്തിലെ അതാത് ഭാഗത്തെ വസൂരി മാഞ്ഞു പോയി . ആ കീർത്തനം പൂർത്തിയായപ്പോഴേക്കും വസൂരി പമ്പ കടന്നു . ആലോചിച്ചു നോക്കൂ അദ്ദേഹത്തിന്റെ ഭക്തിയുടെ ശക്തിയും അമ്മയുടെ കരുണയും . പൂന്താനം എഴുതിയ കീർത്തനത്തിന്റെ പേരാണ് ഘനസംഘം . ഇന്നും ആ കീർത്തനം തിരുമാന്ധാംകുന്നിലമ്മയ്ക്ക് പ്രിയങ്കരം തന്നെ .
പൂന്താനം നമ്പൂതിരിയെ കുറിച്ച് അനവധി ഐതിഹ്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. കണ്ണന്റെ ഭക്തരിൽ കണ്ണന് ഏറ്റവും പ്രിയം പൂന്താനത്തിനോട് തന്നെയാണ്. അതിനുദാഹരണമായ കുറച്ച് കഥകൾ വായിക്കാം നമുക്കിവിടെ .
പൂന്താനം തിരുമേനിയുടെ വേളി കഴിഞ്ഞു . ദീർഘനാൾ നീണ്ടു നിന്ന അനപത്യദുഃഖത്തിനൊടുവിൽ ഉണ്ണി പിറന്നപ്പോൾ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. ഉണ്ണിയുടെ ചോറൂൺ ദിനം വന്നെത്തി. ചോറൂൺ കഴിഞ്ഞു കുഞ്ഞിനെ പത്നി താരാട്ട് പാടി ഉറക്കി കിടത്തി. ചോറൂണിന് വന്നവർ നനഞ്ഞുണങ്ങിയ വസ്ത്രം മനസ്സാ വാചാ കർമ്മണാ അറിയാതെ കുഞ്ഞിന്റെ ശരീരത്തിന് മേൽ ഇട്ടു . ഉണ്ണി ശ്വാസം മുട്ടി മരിച്ചു. നെഞ്ചു പൊട്ടി കരഞ്ഞു മാതൃപിതൃ ഹൃദയങ്ങൾ. ആറ്റുനോറ്റുണ്ടായൊരുണ്ണിയെ നഷ്ടപ്പെട്ട പൂന്താനം നമ്പൂതിരിക്ക് സങ്കട പറയാൻ കണ്ണൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ . അദ്ദേഹം നേരേ ഗുരുവായൂർക്ക് ചെന്ന് നമസ്കരിച്ച് കണ്ണനോട് പൊട്ടിക്കരഞ്ഞു പ്രാർത്ഥിച്ചു എന്തെ കണ്ണാ എനിക്കീ ദുർഭാഗ്യം. അദ്ദേഹം പ്രാർത്ഥന കഴിഞ്ഞ് ചമ്രം പടിഞ്ഞിരുന്നു നടയ്ക്കൽ. കണ്ണടച്ചു പ്രാർത്ഥനയിൽ ആയിരുന്നു അദ്ദേഹം . കുറച്ച് കഴിഞ്ഞപ്പോൾ തന്റെ മടിയിൽ ഒരു കനം. ഒരു കുഞ്ഞിന്റെ പുഞ്ചിരി ശബ്ദം.അദ്ദേഹം കൺതുറന്ന് നോക്കി . അതാ തന്റെ മടിയിൽ സാക്ഷാൽ ഗുരുവായൂരപ്പൻ . വെണ്ണകണ്ണൻ . പീലിതിരുമുടിയും, മഞ്ഞപ്പട്ടും, ഒക്കെയായി കണ്ണൻ ചിരിച്ചു കളിക്കുന്നു. പൂന്താനം സന്തോഷത്താൽ പൊട്ടിക്കരഞ്ഞു. സാക്ഷാൽ വൈകുണ്ഠവാസൻ തന്റെ മടിയിൽ . എന്തു ഭാഗ്യാ ഞാൻ ചെയ്തെ എന്നദ്ദേഹം ഓർത്ത് കാണും . അങ്ങനെ ദർശ്ശനം നൽകി ഭഗവാൻ അപ്രത്യക്ഷനായി . ശ്രീകോവിലിൽ നിന്നപ്പോൾ ഒരശരീരി കേട്ടുവത്രെ, പൂന്താനത്തിന് ഞാനുള്ളപ്പോൾ മറ്റൊരുണ്ണി എന്തിനാ എന്ന് . കൃഷ്ണാ ഇതെഴുതുമ്പോൾ എനിക്കെന്റെ കണ്ണീർ നിയന്ത്രിക്കാനാകുന്നില്ലാ . കൺ നിറഞ്ഞൊഴുകുന്നു . അപ്പോൾ പൂന്താനത്തിന്റെ കാര്യം പറയണോ .അദ്ദേഹം തിരിച്ച് ഇല്ലത്തു ചെന്ന് തന്റെ ജീവിതം ഭഗവദ്ചിന്തകൾക്കായി മാറ്റിവെച്ചു. ആ സമയത്താണ് അദ്ദേഹം ജ്ഞാനപ്പാന എന്ന ദാർശ്ശനിക കാവ്യം / ഭക്തി കാവ്യം രചിച്ചത്.ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മറ്റുണ്ണികൾ വേണ്ടെന്നുവെക്കുമ്പോൾ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയിൽ.അനുവാചക ഹൃദങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാർശനീക കാവ്യംഎന്ന നിലയിൽ പ്രസിദ്ധമായ കൃതിയാണിത് ഇത്. ഭക്തിയേയും ജ്ഞാനത്തേയും കർമ്മപാശം കൊണ്ട് ബന്ധിപ്പിച്ച് ശക്തമായ രീതിയിൽ അനുവാചക ഹൃദയത്തിലേക്ക് കവി തന്റെ സന്ദേശം സന്നിവേശിപ്പിക്കുന്നു.ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്.പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയും ഗുരുവായൂരപ്പന് ഏറ്റവും ഇഷ്ടപ്പെട്ട കൃതിയും ജ്ഞാനപ്പാനയാണ് . പി. ലീല പാടിയ ജ്ഞാനപ്പാന കേൾക്കാത്ത മലയാളികൾ ഉണ്ടൊ . കണ്ണൻ ഉണരുന്നത് ആ പാട്ട്കേട്ടല്ലേ.ആറ്റുനോറ്റുണ്ടായ ഓമനപ്പുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ ഒരു കവിയിലുണ്ടാക്കിയ അദമ്യദുഃഖത്തിൽ നിന്നും ഉണ്ടായതാണ് ഈ കൃതിയെന്നു വിശ്വസിക്കപ്പെടുന്നു.
സന്താനഗോപാലം പാന എന്ന കൃതി രചിച്ച് കൊണ്ടിരിക്കുന്ന സമയം പൂന്താനം സംസ്കൃത പണ്ഡിതനും കവിയുമായ മേല്പ്പത്തൂര് ഭട്ടതിരിയെ സമീപിക്കുകയും കൃതിയിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തേണ്ടതുണ്ടോ എന്നാരായുകയും ചെയ്തു. മലയാളത്തിലായ കാവ്യം വായിക്കാൻ താല്പര്യമില്ലാത്ത ഭട്ടതിരി ആവശ്യം നിരസിച്ചപ്പോൾ പൂന്താനം വല്ലാതെ ദുഖിച്ച് തിരിച്ച് പോയി .വാതരോഗിയായിരുന്ന മേൽപ്പത്തൂരിന് ആ ദിവസം രോഗം മൂർച്ചിച്ചു. അദ്ദേഹം ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു കിടന്നു . അന്ന് രാത്രി ഭഗവാൻ മേൽപ്പത്തൂരിന് സ്വപ്നത്തിൽ ദർശ്ശനം നൽകുകയും , ഭട്ടതിരിയുടെ വിഭക്തിയെക്കാൾ എനിക്ക് പൂന്താനത്തിന്റെ ഭക്തിയാണിഷ്ടം എന്ന് പറഞ്ഞ് അപ്രത്യക്ഷനായി. ഈ സംഭവത്തിന് ശേഷം മേൽപ്പത്തൂർ പൂന്താനത്തിന്റെ കൃതിയുടെ പിഴവുകൾ തീർത്ത് കൊടുത്തു എന്ന് പറയപ്പെടുന്നു . ഈ പിഴവ് തീർത്ത് കൊടുത്ത കൃതി ജ്ഞാനപ്പാനയാണെന്നും , അല്ലാ സന്താനഗോപാലം പാന ആണെന്നും അഭിപ്രായമുണ്ട് .ഒരിക്കൽ ഗുരുവായൂർ നടയ്ക്കൽ നിന്ന് പൂന്താനം സഹസ്രനാമം ചൊല്ലുമ്പോൾ പത്മനാഭോ മരപ്രഭു എന്ന് തെറ്റായി ചൊല്ലുന്നത് കേട്ട് മേൽപ്പത്തൂർ ഇങ്ങനെ തിരുത്തി പൂന്താനത്തെ” പത്മനാഭോ മരപ്രഭു അല്ലാ പത്മനാഭോ അമരപ്രഭു എന്നാണ് ചൊല്ലെണ്ടത് എന്ന്. അപ്പോൾ അതാ ശ്രീകോവിലിൽ നിന്നൊരശരീരി വന്നു . ഞാൻ മരപ്രഭുവുമാണ് അമരപ്രഭുവുമാണ് എന്ന് .ഇത് കേട്ട ഭട്ടതിരിക്ക് മനസിലായി പൂന്താനത്തിന്റെ ഭക്തിയുടെ പ്രാധാന്യം . നോക്കൂ ഭഗവാൻ തന്റെ ഭക്തനു വേണ്ടി ഇറങ്ങിചെല്ലുന്നത്.
പൂന്താനത്തിന്റെ ഭാഗവതപാരായണം അതീവഹൃദ്യമായിരുന്നു . വായനയിൽ പ്രാഗൽഭ്യം ഉള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം . ഒരിക്കൽ അദ്ദേഹം കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ഭാഗവത പാരായണത്തിനായി ചെന്നു .ദശമസ്കന്ധത്തിലെ രുക്മിണിയുടെയും കൃഷ്ണന്റെയും പ്രണയ കഥയെ കുറിച്ച് വിവരിക്കുന്ന കർഹിചിദധ്യായം വായിക്കുകയായിരുന്നു.അന്നത്തെ വായന കഴിഞ്ഞ് അടയാളം വച്ച് പൂന്താനം ഗ്രന്ഥം മടക്കി .പിറ്റേദിവസം നോക്കിയപ്പോൾ വായിച്ച കർഹിചിദധ്യായം ഭാഗത്ത് തന്നെ അടയാളം മാറ്റി വച്ചിരിക്കുന്നു. തുടർന്ന് പലദിവസങ്ങളിലും അതാവർത്തിച്ചു. അദ്ദേഹം വിഷണ്ണനായി . ആരോ തന്നെ കളിപ്പിക്കുന്നു എന്ന് മനസ്സിലായി.അന്ന് രാത്രി സാക്ഷാൽ കൊട്ടിയൂരപ്പൻ പൂന്താനത്തിന്റെ മുന്നിൽ പ്രത്യക്ഷനായി “ കർഹിചിദധ്യായം പൂന്താനം വായിക്കുന്നത് കേട്ട് മതിയാവുന്നില്ലാ അത് കൊണ്ട് ഞാൻ ആണ് പൂന്താനത്തിന്റെ ഗ്രന്ഥത്തിന്റെ അടയാളം മാറ്റി വച്ചത് എന്ന് പറഞ്ഞുവത്രെ. കൊട്ടിയൂർ ക്ഷേത്രത്തിലെ ഭാഗവതപാരായണം കഴിഞ്ഞ് പൂന്താനം മടങ്ങാൻ നേരം ഗ്രന്ഥമെടുക്കാൻ പോയ നേരം ആ വായിക്കുന്ന സ്ഥലത്ത് തന്റെ ഗ്രന്ഥമെടുത്ത് സാക്ഷാൽ ശ്രീ പരമേശ്വരൻ പാർവ്വതി ദേവിക്ക് കർഹിചിദധ്യായം വായിച്ച് കേൾപ്പിക്കുന്നു . ഒരു ഭക്തന് ഇതിനെക്കാൾ വല്ല്യ വരം കിട്ടാൻ ഉണ്ടൊ . പാർവ്വതി ദേവി ആ സമയം പതിയോട് ഇങ്ങനെ അരുളി ചെയ്തുവത്രെ, വായന കേമാവണുണ്ട് . പക്ഷെ ഭക്തി വിഷയത്തിൽ പൂന്താനം തന്നെയാണ് കേമൻ എന്ന് പറഞ്ഞത് കേട്ട പൂന്താനം സാഷ്ട്രാംഗം പ്രണമിച്ചു . അതിന് ശേഷം പൂന്താനത്തിന് കർഹിചിദ് ഭട്ടതിരി എന്ന പേരും ലഭിച്ചു .
ഒരിക്കല്‍ പരമ കൃഷ്ണ ഭക്തനായ പൂന്താനം ഗുരുവായൂര്‍ക്ക് പോകുവാനിറങ്ങി അക്കാലത്ത് കാല്‍നടയായ് വേണം ഗുരുവായൂരെത്തുവാന്‍.തിങ്കൾ ഭജനത്തിന് ഗുരുവായൂർ പോണ പതിവുണ്ട് പൂന്താനത്തിന് .കൂറേ ദൂരം പിന്നിട്ടപ്പോള്‍ അദ്ദേഹത്തെ കൊളളക്കാര്‍ പിടികൂടി കൈയ്യിലെ ഭാണ്ടവും മോതിരവും ആവശ്യപ്പെട്ടു.പൂന്താനം ആപത്ബാന്ധവനായ കൃഷ്ണനെ വിളിച്ച് കരയുവാന്‍ തുടങ്ങി.പെട്ടന്ന് കോഴിക്കോട് സാമൂതിരിയുടെ മന്ത്രിയായ മങ്ങാട്ടച്ചന്‍ അവിടെയെത്തി കുറച്ച് നേരത്തെ വാള്‍പ്പയറ്റ്കൊണ്ട് കൊളളക്കാരെ എതിര്‍ത്ത് തോല്‍പ്പിച്ചു.തന്റെ ജീവന്‍ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്‍റെ മോതിരം നല്‍കി യാത്രയാക്കി .അടുത്തദിവസം രാവിലെ ഗുരുവായൂരെത്തിയ പൂന്താനത്തിനെ ക്ഷേത്രം പൂജാരി ഒരുമോതിരം ഏല്‍പ്പിച്ചു എന്നിട്ട് പറഞ്ഞു സ്വപ്ന ദര്‍ശനത്തില്‍ ഗുരുവായൂരപ്പന്‍ പ്രത്യക്ഷപ്പെട്ട് രാവിലെ നട തുറക്കുമ്പോൽ
വിഗ്രഹത്തിൽ ഒരു മോതിരം കാണുമെന്നും ഇത് പൂന്താനത്തിനെ ഏല്‍പ്പിക്കണമെന്നും പറഞ്ഞു .പൂന്താനം സൂക്ഷിച്ച് നോക്കിയപ്പോള്‍ മങ്ങാട്ടച്ചന് സമ്മാനിച്ച തന്‍റെ മോതിരമാണെന്നും മങ്ങാട്ടച്ചനായ് വന്ന് രക്ഷിച്ചത് സാക്ഷാല്‍ ഗുരുവായൂരപ്പനാണെന്നും മനസ്സിലായി.പൂന്താനം ആനന്ദാശ്രുക്കൾ പൊഴിച്ചു . നടയ്ക്കൽ നമസ്കരിച്ചു. നോക്കൂ ഭഗവാന്റെ ലീലകൾ . തന്റെ ഭക്തന് വേണ്ടി ഭഗവാൻ അവതരിക്കുക തന്നെ ചെയ്യും . ഇനിയും അനവധി ഐതിഹ്യങ്ങൾ ഉണ്ട് . പോസ്റ്റിന്റെ നീളം കുറയ്ക്കേണ്ടതിനാൽ മാറ്റിവയ്ക്കുന്നു .
കണ്ണനാമുണ്ണിക്ക് കണ്ണീരാൽ അഭിഷേകം ചെയ്തെഴുതി സമർപ്പിച്ച നിവേദ്യം ആയിരുന്നു ആയിരുന്നു പൂന്താനം തിരുമേനിയുടെ കൃതികൾ . ജ്ഞാനപ്പാന അടക്കം.സന്താന ഗോപാലം പാന , ജ്ഞാനപ്പാന, ശ്രീകൃഷ്ണകർണ്ണാമൃതം എന്നീ കൃതികളും , ഘനസംഘം തുടങ്ങീ ധാരാളം സ്തോത്രങ്ങളും പൂന്താനം രചിച്ചിട്ടുണ്ട് . എല്ലാത്തിന്റെയും ഭാവം ഭക്തി തന്നെ .
പൂന്താനത്തിന് വയസ്സായി. എങ്കിലും ഭഗവാനോടുള്ള ഭക്തിക്ക് ഒരു കുറവും വന്നില്ലാ . ഏറിടുന്നു കണ്ണനോടുള്ള സ്നേഹം ദിനം തോറും എന്ന അവസ്ഥയായിരുന്നു. ഒരു ദിവസം രാത്രി കണ്ണൻ സ്വപ്നത്തിൽ വന്ന് പറഞ്ഞു , നാളെ ഞാൻ വരുന്നുണ്ട് വൈകുണ്ഠത്തിലേക്ക് പോകാൻ തയ്യാറായിക്കൊള്ളൂ എന്ന് . അടുത്ത ദിവസം പൂന്താനം ഭഗവാനെ സ്വീകരിക്കാനായി തയ്യാറായി നിന്നു . അതാ ഉണ്ണി കണ്ണൻ വന്നിരിക്കുണു . കയ്യിൽ ഓടക്കുഴലും പിടിച്ച് , മഞ്ഞപ്പട്ടും ധരിച്ച്, പീലിതിരുമുടിയെല്ലാം ചൂടി കണ്ണൻ ഇല്ലത്തേക്ക് കയറി .പൂന്താനം കാൽക്കൽ വീണ് നമസ്ക്കരിച്ച് സ്വീകരിച്ചു.അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്ന് വീട്ടുകാർക്ക് ആരെയോ സ്വീകരിക്കുന്നതിന്റെ ചേഷ്ടകളാണ് അദ്ദേഹം കാണിക്കുന്നത് എന്നും , വയസ്സായതിന്റെ പ്രശ്ന്മാണ് എന്നും കരുതി ഇരുന്നു . ആ സമയം പൂന്താനം ആനന്ദഗിരി ശൃംഗങ്ങളിൽ നിൽക്കുകയായിരുന്നു. അദ്ദേഹം തന്റെ വീട്ടിൽ ഉള്ളവരോട് വിളിച്ചു പറഞ്ഞു ഞാൻ വൈകുണ്ഠത്തിലേക്ക് പോകുന്നു ആരേലും കൂടെ വരുന്നോ എന്ന് . ആരും ഒന്നും പറഞ്ഞില്ലാ . പൂന്താനത്തിന്റെ ഭക്തിയുടെ ശക്തിയറിയാവുന്ന ഇല്ലത്തെ ദാസി അടിയൻ വരുന്നുണ്ട് എന്ന് പറയുകയും അത് പറഞ്ഞയുടൻ അവർ മരിച്ച് വീഴുകയും ചെയ്തു .പൂന്താനം ജീവനോടെ വൈകുണ്ഠത്തിലേക്ക് കണ്ണന്റെ കൂടെ രഥത്തിൽ പോയി . ഇഹലോകത്തിൽ നിന്ന് ആ പുണ്യാത്മാവ് ആ അന്തർദ്ധാനം ചെയ്തു . ഭഗവാൻ പ്രത്യക്ഷപ്പെട്ട് പൂന്താനത്തെ വൈകുണ്ഠത്തിലേക്ക് കൊണ്ടു പോയ ഭാഗം ഇന്നും നമുക്ക് ഇല്ലത്ത് ചെന്നാൽ കാണാം . ഭക്തരിൽ അത്യത്തമൻ ആയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം ഇതൊക്കെ കൊണ്ടാണ് ഞാൻ മഹാക്ഷേത്രം എന്ന് എഴുതിയത്. ശരിയല്ലെ കൂട്ടരെ ഞാൻ പറഞ്ഞത്.
പൂന്താനവും അവണൂർ മനയും
പൂന്താനം ഇല്ലവും അവണൂർ മനയും
പൂന്താനം ഇല്ലം ഇന്നും കാത്തുസംരക്ഷിക്കുന്നുണ്ടെലും പരമ്പര അന്യം നിന്ന് പോയി . പൂന്താനത്തിന്റെ ബന്ധു എന്ന് പറയാൻ ഇന്ന് അവണൂർ മനക്കാർ മാത്രമെ ഉള്ളൂ . പൂന്താനം ഇല്ലത്തിലെ അവസാന തലമുറയായ പൂന്താനത്ത് മനയ്ക്കൽ നാരായണൻ നമ്പൂതിരിക്കും ,പത്നി മുക്കുതല മൂത്തേടത്ത് മനയ്ക്കൽ നങ്ങേലി അന്തർജ്ജനത്തിനും രണ്ടു മക്കൾ ജനിച്ചു.മൂത്ത മകൻ രാമൻ നമ്പൂതിരിയും , സഹോദരി സാവിത്രി അന്തർജ്ജനവും ആയിരുന്നു രണ്ട് മക്കൾ . ശ്രീ രാമൻ നമ്പൂതിരി സ്വാതന്ത്ര്യ സമരസേനാനിയും, ഉന്നത ആദർശ്ശങ്ങൾക്ക് വേണ്ടി നിലക്കൊള്ളുന്ന വ്യക്തിയുമായിരുന്നു. പുരോഗമന ചിന്താഗതിക്കാരനായ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിയ്ക്കായി ഇറങ്ങിപ്പുറപ്പെട്ട് വ്യക്തിത്വം. ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട് ആ മഹാനുഭാവൻ.കേളപ്പജിക്കൊപ്പം സമരങ്ങളിൽ പങ്കെടുത്തു .അദ്ദേഹം മൂത്തകുരമ്പ് ഇല്ലത്ത് ആര്യ അന്തർജ്ജനത്തെ വിവാഹം ചെയ്തു . ഇവർക്ക് സന്താനങ്ങൾ ഇല്ലാ . പൂന്താനം ഇല്ലത്തെ അവസാന ആൺ തരിയായിരുന്നു ശ്രീ പൂന്താനത്ത് മനയ്ക്കൽ രാമൻ നമ്പൂതിരി .അദ്ദേഹത്തിന്റെ സഹോദരി സാവിത്രി അന്തർജ്ജനം വിവാഹം കഴിച്ചത് അവണൂർ മനയ്ക്കലെ ദാമോദരൻ നമ്പൂതിരി അദ്ദേഹത്തെയാണ് . പൂന്താനം ഇല്ലത്ത വച്ച് വിദ്യാഭ്യാസം നേടിയ സാവിത്രി അന്തർജ്ജനം , സംഗീത ഉപകരണങ്ങൾ വായിക്കുന്നതിലും മറ്റും പ്രാഗൽഭ്യം നേടിയിരുന്നു . അവണൂർ ദാമോദരൻ നമ്പൂതിരിക്കും സാവിത്രി അന്തർജ്ജനത്തിനും , അവണൂർ മന നാരായണൻ നമ്പൂതിരി, അവണൂർ മന നീലകണ്ഠൻ നമ്പൂതിരി, അമ്മിണി അന്തർജ്ജനം, അവണൂർ മന ദാമോദരൻ നമ്പൂതിരി എന്നീ നാലുമക്കളും അവരുടെ മക്കളിലൂടെയുമായും പൂന്താനം നമ്പൂതിരിയുടെ ബന്ധുത്വം നില നിന്നു പോരുന്നു .
പൂന്താനം മനയ്ക്കൽ ശ്രീ രാമൻ നമ്പൂതിരിയുടെയും പത്നിയുടെയും കാലശേഷം പൂന്താനം ഇല്ലത്തിനും സ്വത്തുക്കൾക്കും അനന്താരവകാശികൾ ഇല്ലാതായി. ഒടുവിൽ രാമൻ നമ്പൂതിരിയുടെ സഹോദരി സാവിത്രി അന്തർജ്ജനത്തിന്റെ പരമ്പര അവണൂർ മനയിൽ ഉണ്ടെന്നും സ്വത്തുക്കൾ നിയമവിധേയമായി അവണൂർ മനയിലേക്ക് കൊടുക്കാനും തീർപ്പായി .1993 ആഗസ്റ്റ് മാസം 29 ആം തിയതി ഗുരുവായൂർ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അവണൂർ മനക്കാർ പൂന്താനം ഇല്ലവും, കൃഷ്ണക്ഷേത്രവും ഗുരുവായൂർ ദേവസ്വത്തിലേക്ക് , കണ്ണന് കാണിക്കയായി സമർപ്പിച്ചു. പൂന്താനത്തിന്റെ ബന്ധുക്കൾ തന്നെ ഇല്ലം ഭഗവാന് സമർപ്പിച്ചു . അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കരുണാകരൻ ആണ് എല്ലാം ഏറ്റുവാങ്ങിയത്.അവണൂർ മനക്കാർക്ക് വേണംച്ചാൽ ഇല്ലം കയ്യിൽ തന്നെ വയ്ക്കാമായിരുന്നു. കാരണം ഇത്രയും മഹത്തരമായ , പരിശുദ്ധമായ, മഹാക്ഷേത്രതുല്യമായ, ഇതിഹാസങ്ങൾ വാണ , പൂന്താനം ഇല്ലത്തിന്റെ അവകാശികൾ എന്നാച്ചാൽ അതിനെക്കാൾ വല്ല്യ ഭാഗ്യമോ . പക്ഷെ അവർക്കറിയാം വസ്തുക്കളെക്കാൾ വല്ല്യ ഭാഗ്യമാണ് ബന്ധുത്വത്തിന്റേതെന്ന്. അവർക്കറിയാം ഇതെല്ലാം കണ്ണന്റെതാണ് . എല്ലാം കണ്ണനിൽ ലയിക്കണമെന്ന്.അവരുടെ നന്മയുള്ള മനസ്സിന് ന്റെ കൂപ്പു കൈ.
ഇന്ന് പൂന്താനം ഇല്ലവും ക്ഷേത്രവും ഗുരുവായൂർ ദേവസ്വം നല്ല രീതിയിൽ തന്നെ കാത്തുസംരക്ഷിക്കുന്നുണ്ട് .അഷ്ടമി രോഹിണി , ഗുരുവായൂർ ഏകാദശി, നവരാത്രി, പൂന്താന ജന്മദിനം എന്നീ ദിനങ്ങൾ വിശേഷ ദിവസങ്ങളായി കൊണ്ടാടുന്നു . എല്ലാം കൊല്ലവും ഇല്ലത്ത് വച്ച് സപ്താഹവും നടക്കാറുണ്ട് . പൂന്താനം എന്ന ഭക്തോത്തമന്റെ നാമവും ,പൂന്താനം ഇല്ലം എന്ന മഹാക്ഷേത്രവും കാലാകാലങ്ങളോളം നിലനിൽക്കും .
പൂന്താനം നമ്പൂതിരിയെ കുറിച്ചുള്ള ഐതിഹ്യങ്ങൾ കുട്ടിക്കാലത്ത് ഒരുപാട് കേട്ടിട്ടുണ്ടെലും അവരുടെ ബന്ധുക്കളിൽ നിന്ന് കേൾക്കുക എന്ന ലക്ഷ്യം വച്ചാണ് ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ദേഹത്തെ ഞാൻ ബന്ധപ്പെട്ടത്. അദ്ദേഹത്തിൽ നിന്നറിയാൻ കഴിഞ്ഞു അവണൂർ മനയും, അവിടുത്തെ മുത്തശ്ശിയായ ,അവണൂർ മനയ്ക്കലെ ദാമോദരൻ നമ്പൂതിരിയുടെയും , പൂന്താനത്തെ രാമൻ നമ്പൂതിരിയുടെ സഹോദരിയായ സാവിത്രി അന്തർജ്ജനത്തിന്റെയും മകനായ ശ്രീ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നിയായ ശ്രീദേവി അന്തർജ്ജനത്തെ കുറിച്ചും. അങ്ങനെ സുഹൃത്തായ നവീൻ രുദ്രൻ വഴി അവണൂർ മനയിലെ നാരായണേട്ടനെ വിളിക്കുകയും അദ്ദേഹത്തിന്റെ അമ്മയായ ശ്രീദേവി അന്തർജ്ജനം ( മുത്തശ്ശി) ത്തെ കാണാൻ വന്നോളാനായി പറയുകയും ചെയ്തു . ഒരുപാട് അറിവുകൾ പകർന്ന് തന്നു മുത്തശ്ശി . ഒരുപാട് കാര്യങ്ങൾ നാളെയുടെ തലമുറയ്ക്കായി മുത്തശ്ശി കാത്തുസൂക്ഷിച്ചിരുക്കുന്നു . എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അവണൂർ മനയിലെ ശ്രീദേവി മുത്തശ്ശിക്കും , ഉച്ചയൂൺ നൽകി ആഥിത്യ മര്യാദ എങ്ങനെ ആവണമെന്ന് കാണിച്ചു തന്ന , നിറകുടം തുളുമ്പാത്ത പെരുമാറ്റത്തിന് ഉദാഹരണമായ അവണൂർ മന നാരായണേട്ടനും , അദ്ദേഹത്തിന്റെ പത്നിക്കും( അമ്മയ്ക്കും )കുടുംബാംഗങ്ങൾക്കും ന്റെ നന്ദി രേഖപ്പെടുത്തുന്നു .
നവീനും, ഉണ്ണിയേട്ടനും നന്ദി രേഖപ്പെടുത്തുന്നു . അതു പോലെ ഗൂഗിളിനും നന്ദി . ഇതെഴുതാൻ പ്രേരിപ്പിച്ച കണ്ണനോടും ❤️.
“കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളിക മുകളേറിയമന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ”
വള്ളുവനാടൻ ( സായിനാഥ് മേനോൻ)