ചരിത്ര പശ്ചാത്തലം
ആദ്യ കാലത്ത് നൂറനാട് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. കൊല്ലം ജില്ലയില്‍പ്പെട്ട നൂറനാട് കേന്ദ്രമാക്കി കൊല്ലവര്‍ഷം 1078-ല്‍ ഒരു റവന്യു ഡിവിഷന്‍ രൂപീകരിക്കപ്പെട്ടു. അത് നൂറനാട് സബ്ഡിസ്ട്രിക്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അക്കാലത്ത് അടൂര്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്രമായിരുന്നു ‘നൂറനാട്’. നൂറനാട്, ഭരണിക്കാവ്, താമരക്കുളം, ചുനക്കര, പാലമേല്‍ , തോന്നല്ലൂര്‍ , കുളനട, വ
ള്ളികുന്നം, ശുരനാടിന്റെ കുറേ ഭാഗങ്ങള്‍ എന്നീ പകുതികളില്‍ നിന്നും (വില്ലേജാഫീസുകള്‍ക്ക് പകുതി കച്ചേരി എന്ന് വിളിച്ചിരുന്നു) നൂറ് റവന്യു കരകള്‍ ഉള്‍പ്പെടുത്തി നൂറ് നാട് എന്ന് നാമകരണം ചെയ്യപ്പെട്ടു. നൂറ് (100) നാട് ലോപിച്ചാണ് പില്‍ക്കാലത്ത് നൂറനാട് ഉണ്ടായത്. പണ്ടുകാലത്ത് കരുനാഗപ്പള്ളി കഴിഞ്ഞാല്‍ രണ്ട് സബ്‌രജിസ്ട്രാര്‍ ആഫീസുകളാണ് ഉണ്ടായിരുന്നത്. നൂറനാടും മാവേലിക്കരയും. നൂറനാട് സബ്‌ജില്ലയുടെ ചരിത്ര പ്രാധാന്യവും വിസ്തൃതിയും മനസ്സിലാക്കിയാണ് ഒന്നാമത്തെ അഞ്ചലാഫീസ് നൂറനാട് സ്ഥാപിതമായത്. ഇന്ന് ഈ അഞ്ചലാഫീസ് പാലമേല്‍ പഞ്ചായത്തിലാണ്. 1957 ആഗസ്റ്റ് 17 ന് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ നൂറനാട്, ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ ഉള്‍പ്പെട്ടു. പണ്ടുകാലത്ത് ഒരു ആലിന്‍ചുവട്ടില്‍ ഏതാനും കാട്ടുകല്ലുകളാല്‍ ഉണ്ടാക്കപ്പെട്ട ഒരു തറയായിരുന്നു ഇന്ന് നാം കാണുന്ന നൂറനാട്-പടനിലം പരബ്രഹ്മ ക്ഷേത്രം. ഇപ്പോഴത്തെ ഇടപ്പോണ്‍ - പാറ റോഡ് ക്ഷേത്രത്തിന് തൊട്ടു മുന്‍വശത്തു കൂടിയായിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത്. നൂറനാടിന്റെ ഭരണ സിരാകേന്ദ്രവും ചരിത്രം ഉറങ്ങുന്നതുമായ പടനിലം കരക്കാര്‍ ക്ഷേത്രാവകാശത്തിനു വേണ്ടി കരമത്സരം നടത്തി കലഹത്തിലേര്‍പ്പെട്ട് പട നയിച്ചിരുന്നതിനാല്‍ ‘പടനില’മായി എന്ന ഒരു ഐതിഹ്യവും, കായംകുളം രാജാവിന്റെ പട കിടന്ന സ്ഥലമായതിനാല്‍ ‘പടനില’മായി എന്ന ഒരു ചരിത്രവും കേട്ടുകേഴ്വിയിലൂടെ നാട്ടില്‍ നിറഞ്ഞു നില്‍ക്കുന്നു. തിരുവിതാംകൂറിലെ ഏറ്റവും പ്രബലമായ രാജ്യങ്ങളില്‍ ഒന്നായിരുന്നു കായംകുളം. കായംകുളത്തിന്റെ അതിര്‍ത്തികളില്‍പെട്ട സ്ഥലങ്ങളെയല്ലാം തന്നെ പടനിലം എന്നുപറയുന്നു. ചക്കുവളളി പടനിലം, ഓച്ചിറ പടനിലം, ചെറിയനാട് പടനിലം, മാന്നാര്‍ പടനിലം, നൂറനാട് പടനിലം ഇവയെല്ലാം പടനിലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. പടനില ക്ഷേത്രങ്ങളിലെല്ലാം ശിവക്ഷേത്രങ്ങള്‍ കാണാം. നൂറനാട് പടനിലത്ത് രാജാവിന്റെ പടക്കുതിരകളെ കുളിപ്പിക്കുവാന്‍ ഒരു വലിയ ചിറ പോലുള്ള കുളം ഉപയോഗിച്ചിരുന്നു. ഇതിനെ പില്‍ക്കാലത്ത് ‘പൊട്ടന്‍ചിറ’ എന്ന് വിളിച്ചുപോന്നു. നാലു നൂറ്റാണ്ട് മുമ്പാണ് പടനിലത്ത് പടയൊഴിഞ്ഞത് (കായംകുളം രാജാവിന്റെ പടയെ പിന്‍വലിക്കപ്പെട്ടത്). തദവസരത്തില്‍ നൂറനാട്ട് ഇന്നത്തെപ്പോല ജനവാസമുണ്ടായിരുന്നില്ല. ഏതാനും പ്രമാണി കുടുംബങ്ങളും അവരുടെ ശില്‍ബന്ധികളും സഹായികളും, അവരാല്‍ നയിക്കപ്പെട്ട കായിക അഭ്യാസികളുടേയും കാലമായിരുന്നു. രാജാവ് ഒഴിഞ്ഞ പടനിലത്തിന്റെ അവകാശികളാകുവാന്‍ കരക്കാര്‍ തെക്കും വടക്കുമായി മത്സരത്തില്‍ ഏര്‍പ്പെട്ടു. അങ്ങനെയും പടനിലം എന്ന പേര് വന്നു. ആദ്യകാലത്ത് 22 കരകളായിരുന്നു. കര കൂടാനും കരയിറങ്ങാനും ഇന്നും നിബന്ധനകള്‍ നിര്‍ബന്ധമാണ്. തെക്കും വടക്കുമുളള കരക്കാര്‍ തമ്മിലുള്ള പടവെട്ടില്‍ വടക്കേക്കര ക്ഷീണിച്ചപ്പോള്‍ ചത്തിയറക്കാരെ (ശക്തിച്ചിറ ലോപിച്ചാണ് ചത്തിയറ ആയത്) ഒഴിച്ചു കടത്തിക്കൊണ്ടുവന്നു. അതിന്റെ ഓര്‍മ്മയ്ക്കായി വൃശ്ചികം ഒന്നാം തീയതി പടനിലം ക്ഷേത്രത്തില്‍ കര കൂടുമ്പോള്‍ ചത്തിയറക്കാര്‍ വാദ്യമേളങ്ങളോടുകൂടി പറയംകുളം വരെ വരികയും അതിനുശേഷം ശബ്ദമുണ്ടാക്കാതെ നെടുകുളഞ്ഞി മുറിയിലെത്തി സംഭാരവും കുടിച്ച് ക്ഷീണം തീര്‍ത്തശേഷം നടുവിലേ മുറിയിലെത്തി വിശ്രമിച്ച് കഞ്ഞികുടിയും കഴിഞ്ഞ് ശാസ്താംതറ വഴി മേളത്തോട് കൂടി ആശാന്‍മുക്കിലെത്തുന്നു. അവിടെ നിന്നും വടക്കേ കരക്കാരുമായി ചേര്‍ന്ന് തെക്കോട്ട് അമ്പലത്തിലേക്ക് ഒരു പൂവന്‍കോഴിയുമായി യാത്രയാകും. അമ്പലത്തിലെത്തി ഇരുകരക്കാരും പ്രദക്ഷിണം വച്ച് കോഴിയെ അമ്പലത്തിലേക്ക് പറപ്പിച്ച് തിരികെയെടുത്ത് രണ്ടു കരക്കാരും ചേര്‍ന്ന് രണ്ടായി വലിച്ചുകീറും. അതിനുശേഷം കര കൂടി നാല്പത്തൊന്നു ദിവസത്തെ ഉത്സവം നിശ്ചയിച്ച് പിരിയുന്നു. ഇന്ന് ഈ ചടങ്ങ് ഒരു സ്മൃതിയായി മാത്രം നിലനില്‍ക്കുന്നു. നൂറനാടിന്റെ കിഴക്കുഭാഗത്തുള്ള കരിങ്ങാലിപ്പുഞ്ചയില്‍ പള്ളിമുക്കത്ത് വടക്കുവശത്തെത്തിയാല്‍ പിന്നെ ജലമാര്‍ഗ്ഗമില്ലായിരുന്നു. അതുകൊണ്ട് ഒരു വലിയ തോടു വെട്ടി നൂറനാടിന്റെ പടിഞ്ഞാറുഭാഗത്തുള്ള പെരുവേലില്‍ ചാലുമായി കൂമ്പിളൂര്‍ച്ചിറ വഴി യോജിപ്പിച്ചു. പകലും രാത്രിയുമായി വെട്ടിയുണ്ടാക്കിയ തോടിന് “പാണ്ടിയാന്‍ തോട്” എന്നു വിളിക്കുന്നു.