18/11/2022
ഇതൊരു വാട്സ്ആപ്പ് ഫോർവേഡ് പോസ്റ്റ് ആണെങ്കിലും ഇതിനോട് ഞാൻ യോജിക്കുന്നു.
✍️Jithin K Jacob കഴിഞ്ഞ ആഴ്ച ചെന്നെയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എന്റെ കൂടെ യാത്ര ചെയ്ത 6 പേർ ആസാം സ്വദേശികളായ ചെറുപ്പക്കാർ ആയിരുന്നു. അവർ ഗുവഹത്തിയിൽ നിന്ന് ഫ്ലൈറ്റിനു ചെന്നൈ, തുടർന്ന് കൊച്ചിയിലേക്ക് പറക്കുകയാണ്. ഇവരുടെ പ്രായം 25 പോലും ഉണ്ടാകില്ല.. അവർ എറണാകുളം ജില്ലയിൽ ചെറിയ ജോലികൾ ചെയ്യുന്നവരാണ്.
2006 ൽ ജോലി കിട്ടി ട്രെയിനിൽ തമിഴ്‌നാട്ടിലേക്ക് പോകുമ്പോൾ ആലുവ എത്തുമ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിൽ ഇടിച്ചു കയറി പോകുന്നത് കാണാമായിരുന്നു. കാലം മുന്നോട്ട് പോകും തോറും അവർ ജനറൽ കമ്പർട്മെന്റിൽ നിന്ന് സ്ലീപ്പർ ടിക്കറ്റിലേക്കും, അവിടെ നിന്ന് AC കോച്ചുകളിലേക്കും മാറി. ഇപ്പോൾ അവർ നാട്ടിൽ പോയി വരുന്നത് വിമാനത്തിൽ..!
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള സംസ്ഥാനം കേരളമാണ്. ഇതേ കേരളത്തിൽ ആകട്ടെ ഉള്ള തൊഴിൽ ചെയ്യാൻ ആളില്ലാത്ത അവസ്ഥയുമാണ്.
വീട്ടിലെ ഒരു ചടങ്ങിന് പന്തൽ ഇടാൻ വന്ന ചേട്ടൻ പറഞ്ഞത് 'പണി ഇല്ലാഞ്ഞിട്ടല്ല, ചെയ്യാൻ വരില്ല, വന്നാൽ തന്നെ അമിത കൂലിയാണ്. കിട്ടിയ പണം കുറെ ബീവറേജിൽ കൊടുക്കും. കയ്യിലെ കാശ് തീരുന്നത് വരെ പിന്നെ പണിക്ക് വരില്ല'.
എന്റെ നാട്ടിലൊക്കെ നല്ലൊരു പ്ലമ്പർ, ഇലക്ട്രിഷ്യൻ ഇവരെയൊന്നും കിട്ടാനില്ല. വീട്ടുജോലി, പറമ്പിലെ പണിയൊന്നും ചെയ്യാൻ ആളില്ല. മുടി വെട്ടാൻ പോലും തൊട്ടടുത്ത് ആളില്ല.
ഉള്ളവർ മിടുക്കർ ആയത്കൊണ്ട് തന്നെ ഡിമാൻഡ് കൂടുതലുമാണ്. അതേസമയം ഈ മേഖലകളിൽ ക്വാളിറ്റി ഉള്ളവർ വളരെ കുറവുമാണ്.
എല്ലാവരും സർക്കാർ ജോലി തെണ്ടി നടക്കുവാണ്. ബാക്കി തൊഴിലിനൊന്നും അന്തസില്ല എന്നാണ് വെയ്പ്പ്. അതേസമയം ഇതേപണികളൊക്കെ കേരളത്തിന് പുറത്ത് പോയി നല്ല വെടിപ്പായി ചെയ്യുകയും ചെയ്യും.
നമ്മുടെ പൊതു സമൂഹത്തിന്റെ ധാരണ ഒരു ഡിഗ്രി, പിജി ഉണ്ടെങ്കിൽ അഭ്യസ്‌തവിദ്യരായി എന്നാണ്. ആ ചിന്തയാണ് മാറേണ്ടത്.
പഠനം കഴിഞ്ഞ് സ്വന്തമായി ഒരു സംരഭം തുടങ്ങാൻ ഒരു മാതാപിതാക്കളും മക്കളെ സമ്മതിക്കില്ല, ഇനി അവർ സമ്മതിച്ചാലും ബന്ധുക്കളും നാട്ടുകാരും ഇളകും..
ഒരു പ്ലസ് വൺ മുതലെങ്കിലും പഠനത്തോടൊപ്പം ചെറിയ ജോലികൾ ചെയ്ത് കുട്ടികൾ സ്വന്തമായി വരുമാനം കണ്ടെത്തണം. അത് അവരിൽ ഉണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. സ്കൂളുകളിൽ നിർബന്ധമായും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകണം.
എല്ലാ ജോലിയും ചെയ്യാൻ ആളെ വേണം. കഠിനധ്വാനം ചെയ്താൽ എല്ലാ ദിവസവും ജോലിയും, നല്ല വരുമാനവും ഉണ്ടാകുകയും ചെയ്യും. കിട്ടുന്ന വരുമാനം സൂക്ഷിച്ച് ഉപയോഗിക്കാനും, ചെറുതെങ്കിലും ഒരു തുക ഭാവിയിലേക്ക് നിക്ഷേപിക്കാനും പഠിക്കണം. എല്ലാ തൊഴിലിനും അന്തസുണ്ട്. ചെയ്യുന്ന തൊഴിൽ ആത്മാർത്ഥതയോടെ ചെയ്യുകയാണ് വേണ്ടത്.
നാട്ടുകാർ തെണ്ടികളുടെ വാ അടിപ്പിക്കാൻ പോയാൽ അതിനെ നേരം കാണൂ.
നമ്മുടെ യുവജനത സർക്കാർ ജോലി തരൂ എന്ന് പറഞ്ഞ് പോസ്റ്റ് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ ഇവിടുത്തെ തൊഴിലും, നമ്മുടെ നാട്ടിൽ ചെലവഴിക്കേണ്ട പണവും കേരളം കടന്നു പോകുകയാണ് എന്നോർക്കണം. നമ്മുടെ യുവജനത ചെയ്യാൻ മടിക്കുന്ന ജോലികൾ ഇപ്പോൾ അന്യസംസ്ഥാനക്കാരാണ് ചെയ്യുന്നത്. അവർ കിട്ടുന്ന പണം കേരളത്തിൽ അല്ല ചെലവഴിക്കുന്നത്, മറിച്ച് അവരുടെ നാട്ടിലേക്ക് അയക്കുകയാണ്. അവിടെയും നമുക്കാണ് നഷ്ടം.
ഇനിയിപ്പോൾ സംഭവിക്കാൻ പോകുന്നത് അന്യസംസ്ഥാനക്കാർ കേരളത്തിൽ പുതിയ സ്ഥാപനങ്ങൾ തുറക്കും, അവരുടെ നാട്ടിൽ നിന്ന് കൂടുതൽ ആളുകൾ ഇങ്ങോട്ട് ഇനിയും വരും. അവരുടെ കൂടുതൽ സെറ്റിൽമെന്റുകൾ ഇവിടെ ഉയരും.
കഠിനധ്വാനം ചെയ്യുന്ന അവർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നമ്മുടെ സ്ഥാപനങ്ങൾ പൂട്ടിപ്പോകും. നമ്മൾ അവരുടെ സ്ഥാപനങ്ങളിൽ ജോലി എടുക്കേണ്ട അവസ്ഥ ഭാവിയിൽ ഉണ്ടാകും.
ഭരിക്കുന്നവർക്ക് പോലും ഒരു ദിശാബോധവുമില്ല. സർക്കാർ - ഗവർണർ പോര്, ഏതോ മേയറുടെ അഴിമതി വാർത്തകൾ, സ്വപ്ന, സരിത, അമേരിക്ക, കുത്തക മുതലാളി ഇതൊക്കെയാണ് ഇവിടെ ചർച്ചയാകുന്നതും മാധ്യമ വാർത്തകളും.
ഒരുവശത്ത് കേരളത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലാത്തത് കൊണ്ട് കുട്ടികളെ എങ്ങനെയും വിദേശത്തേയ്ക്ക് കടത്താനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കൾ. മറുവശത്ത് ഇവിടെയുള്ള തൊഴിൽ സാദ്ധ്യതകളും, നമ്മുടെ മാർക്കറ്റിൽ ചെലവഴിക്കേണ്ട പണവും അന്യസംസ്ഥാനക്കാർ കൊണ്ടുപോകുകയും ചെയ്യുന്നു.
നമ്മൾ വിദേശത്തേക്ക് കുടിയേറുമ്പോൾ, അന്യസംസ്ഥാനക്കാർ കേരളത്തിലേക്ക് കുടിയേറുന്നു. വിദേശത്തേക്ക് പോകുന്ന മലയാളികൾ കേരളത്തിലേക്ക് ഒരിക്കലും തിരികെ വരില്ല, അതുപോലെ തൊഴിൽ ചെയ്യാൻ ആളില്ലാത്തത് കൊണ്ട് ചെറിയ ജോലികൾ ചെയ്യാൻ കേരളത്തിലേക്ക് വരുന്ന അന്യസംസ്ഥാനക്കാർ കുറേക്കാലം കഴിയുമ്പോൾ കേരളത്തിൽ സ്ഥിരതാമസമാക്കി ഇവിടുത്തെ വോട്ടർ ആയി മാറുന്നു.. 😍
ഇതൊക്കെ ചർച്ച ചെയ്യാനോ, പരിഹാരം കാണാനോ ആരും ശ്രമിക്കുന്നു പോലുമില്ല.
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നു എന്ന് പറഞ്ഞ് പന്തം കൊളുത്തി പ്രകടനം നടത്തുന്നവർ മനസിലാക്കേണ്ട കാര്യം, അധികം വൈകാതെ കേരളത്തിൽ തന്നെ ജോലി ചെയ്യാൻ മലയാളി ഹിന്ദി പഠിക്കേണ്ട അവസ്ഥ ഉണ്ടാകും. അതുകൊണ്ട് ഹിന്ദിയോട് കടക്കൂ പുറത്ത് എന്ന് പറയാൻ തല്ക്കാലം നിൽക്കേണ്ട 😁