10/03/2024
😊😊വൈക്കംകാരിയായ ഈ കാക്കയ്ക്ക് അടിയന്തിരമായി കൗൺസിലിങ് വേണം...😊😊
ബക്കറ്റിൽ വെള്ളം
വച്ചതിന് ശേഷം വീട്ടിൽ വിരുന്ന് വരുന്ന പക്ഷികളുടെ എണ്ണം കൂടി.. ദാഹജലം ആണ് കുളിക്കരുത് എന്ന മുന്നറിയിപ്പ് അവഗണിച്ചു അക്കും പുക്കും നോക്കി തഞ്ചത്തിൽ ഒന്ന് കുളിച്ചിട്ട് പോകുന്ന സൂത്രശാലികളും കൂട്ടത്തിൽ ഉണ്ട്. കോലാഹലമേട്ടിൽ നിന്നും എത്തിയ മൂന്ന് നാല് പക്ഷികൾ വീടിന് മുന്നിലൂടെ ഉള്ള റോഡ് ടാർ ചെയ്യുന്നിടത്തെ കോലാഹലവും പൊടിയും പുകയും ചൂടും സഹിക്കാനാവാതെ സ്വദേശത്തേയ്ക്ക് തന്നെ മടങ്ങി... വൈക്കത്തു നിന്ന് എത്തിയ ആറ് പുതിയ കാക്കകളും കല്ലറ പാടശേഖരങ്ങളിൽ നിന്നും പറന്നു വന്ന വെളുത്ത് മെല്ലിച്ച ക്യൂട്ട് ആയ രണ്ട് മൂന്ന് കൊറ്റികളും ഈ പരിസരത്തുണ്ട്.. അവർ അടുത്ത പറമ്പിൽ മേയ്യുന്ന പശുക്കളുടെ മേൽ സവാരി ചെയ്യുന്നു, ഇടയ്ക്ക് പശുക്കൾക്ക് ഇക്കിളി പകർന്നു ആനന്ദിക്കുന്നുമുണ്ട്. വൈക്കംകാരിയായ ഒരു കാക്ക വല്ലാത്തൊരു തെറ്റ്ധാരണയിലാണ്, നിരാശയിലാണ്, നിരാഹാരത്തിലുമാണ്. നന്നേ ഷീണിച്ചു പോയി. കഴിഞ്ഞ നാല് ദിവസമായി കുടിയും കുളിയുമില്ല കൂട്ടുകാരില്ല.. ബക്കറ്റിൽ നിന്നും വെള്ളം കുടിച്ചശേഷം ഒന്ന് പാളി പറക്കവേ വീടിന്റെ ജനാലയിലെ ഗ്ലാസിൽ തന്റെ പ്രതിരൂപം കണ്ട് പെട്ടെന്ന് നിലത്തേയ്ക്ക് പറന്നിറങ്ങി. മുറ്റത്ത് നിന്ന് മുകളിലേക്ക് പറന്നുയർന്നു ജനാല ചില്ലയിൽ കാണുന്ന തന്റെ പ്രതിരൂപത്തെ പറന്നുനിന്ന് കൊത്തി കൊത്തി പിടഞ്ഞു താഴേയ്ക്ക് വീഴും വീണ്ടും വീണ്ടും ഇത് ആവർത്തിച്ചു കൊണ്ടേ ഇരിക്കും മൂവന്തി വരെ.. പിന്നെ നിരാശനായി ഉയർന്നു പറന്ന് ദൂരെ എവിടെയോ ചേക്കേറുന്ന മരച്ചില്ലകളെ ലക്ഷ്യമാക്കി പടിഞ്ഞാറോട്ടു പറക്കും... പിറ്റേന്ന് പുലർച്ചേ വെളിച്ചം വീശും മുമ്പേ വീണ്ടും ഇവിടെ വന്ന് ഇത് ആവർത്തിക്കും.. പാവം കാക്ക.. ഇവൾക്ക് ഒരു കൗൺസിലിങ് ആവശ്യമായിരിക്കുന്നു, ജനാലപാളിയിൽ കാണുന്നത് അവളെ തന്നെ ആണ് അവളുടെ പ്രതിബിംബം ആണ് അവളുടെ ശത്രുക്കളോ മിത്രങ്ങളോ അല്ല എന്ന് അവളെ ഒന്ന് ബോധ്യപ്പെടുത്തിയാൽ മതി അവൾ രക്ഷപ്പെട്ടത് തന്നെ... പഴയകാല മനഃശാസ്ത്രഞ്ജനായ പ്രൊഫസർ AT കോവൂർ ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി...