15/12/2022
" #അവിടുത്തെ #നാമം
#പരിശുദ്ധമാണ്.....
''മറിയം പറഞ്ഞു:
എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾമുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്.''
(ലൂക്കാ.1:46-49)
''പരിശുദ്ധാത്മാവിനാൽ നിറഞ്ഞ എലിസബത്തിന്റെ സ്തുതികൾക്ക് പ്രത്യഭിവാദനമായി പരിശുദ്ധ അമ്മ നൽകിയത് മനോഹരമായ ഒരു സ്തോത്രഗീതമാണ്.....
തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ച ദൈവത്തെ മഹത്വപ്പെടുത്തുന്നതു വഴി മറിയത്തിന്റെ ഹൃദയത്തിലെ എളിമയെന്ന പുണ്യം നമുക്കും ഈയവസരത്തിൽ വെളിപ്പെടുത്തിത്തരികയാണ്......
ഈ എളിമയാണ് ലോകരക്ഷകന്റെ അമ്മയായ മറിയം നമുക്ക് നൽകുന്ന പാഠം....
പരിശുദ്ധ അമ്മയിൽ നാം
കണ്ടെത്തുന്ന എളിമ സത്യത്തിൽമാത്രം അധിഷ്ഠിതമായതാണ്....
തന്റെ യോഗ്യതകളെക്കുറിച്ച് വ്യക്തമായ അവബോധം മറിയത്തിനുണ്ടായിരുന്നു.....
ദൈവത്തിന്റെ കൃപകളുടെയും കരുണയുടെയും അഭാവത്തിൽ താൻ ഒന്നുമല്ലെന്ന് തിരിച്ചറിയാനും അതു ഹൃദയംകൊണ്ട് അംഗീകരിക്കാനും ആ കന്യകയ്ക്ക് സാധിച്ചിരുന്നു....
തന്റെ ഇല്ലായ്മകളും പോരായ്മകളും അംഗീകരിക്കാൻ കഴിയുന്ന വ്യക്തികളിൽ മാത്രമേ ദൈവത്തിനു പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂവെന്ന് മറിയം മനസ്സിലാക്കിയിരുന്നു....
നമ്മുടെ അപര്യാപ്തതകളേക്കുറിച്ചു ശരിയായ ബോധ്യം തരുന്നത് എളിമ
നിറഞ്ഞ ഹൃദയം നമ്മിൽ ഉണ്ടാകുമ്പോഴാണ്....
അതുകൊണ്ടു തന്നെ നമ്മുടെ പോരായ്മകളെ പ്രതിയുള്ള ആത്മനിന്ദയിൽനിന്നും,
നമ്മുടെ കുറവുകൾക്ക് മറ്റുള്ളവരെ പഴിക്കുന്ന ആത്മവഞ്ചനയിൽനിന്നും മുക്തി നേടുന്നതിന് എളിമയുള്ള പ്രകൃതം പരമപ്രധാനമാണ്.....
എന്നാൽ കഴിവുകളുണ്ടായിരിക്കേ അവ ഉപയോഗിക്കാതെ പിൻവലിയുന്നത് എളിമയുമല്ലെന്നു വ്യക്തം....
ഒരാളുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുകയല്ല എളിമയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നേരെ മറിച്ച്, ദൈവം ഓരോരുത്തരിലും നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ തിരിച്ചറിഞ്ഞുകൊണ്ട് അവ തനിക്കും മറ്റുള്ളവർക്കും വേണ്ടി ഉപയോഗിക്കുകയും അതുവഴി ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുകയെന്നതാണ്.....
ഓരോരുത്തർക്കും ദൈവത്തിൽനിന്നും സ്വന്തമാക്കാനാവുന്ന എല്ലാ പുണ്യങ്ങളുടെയും അടിസ്ഥാനമാണ് എളിമ....
എല്ലാ മഹത്വത്തിന്റെയും ഉടയവനും
നമ്മുടെ കർത്താവുമായ യേശുക്രിസ്തു സൃഷ്ടികളോടുള്ള സ്നേഹത്താൽ സ്വയം ശൂന്യനായി തീർന്നുകൊണ്ടാണ് എളിമയിലേക്കുള്ള വഴി നമ്മെ പഠിപ്പിക്കുന്നത്.....
പരിശുദ്ധ അമ്മയുടെ കൈപിടിച്ച് യേശുവിലേക്ക് കൂടുതൽ അടുക്കുമ്പോൾ എളിമയെന്ന പുണ്യത്തിന്റെ വിവിധ ഭാവങ്ങളായ ക്ഷമാശീലവും സൗമ്യതയും സഹനശക്തിയും പരസ്നേഹവുമൊക്കെ നമ്മിൽ പ്രതിഫലിക്കും....
''തന്റെ ഏകജാതന് മാതാവാകുവാൻ തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ അമ്മയിൽ എളിമയെന്ന പുണ്യം നിറച്ച സ്നേഹപിതാവേ, അങ്ങേ പുത്രനു അനുരൂപരാകുവാനും ദൈവമക്കളെന്നു വിളിക്കപ്പെടുവാനും ഞങ്ങളെ എളിമയെന്ന പുണ്യത്താൽ നിറയ്ക്കേണമേ......
അവിടുത്തെ കരുണയാൽ ഞങ്ങളെ രൂപാന്തരപ്പെടുത്തി മറ്റുള്ളവരുടെ
നന്മയ്ക്കും അങ്ങയുടെ മഹത്വത്തിനുമായി ഞങ്ങളെ ഓരോരുത്തരെയും ഉപയോഗിക്കണമേ....''
---------ആമേൻ......