05/03/2022
"കൂടണയും വരെ കൂടെയുണ്ട് കോൺഗ്രസ് "
റഷ്യ - ഉക്രെയ്ൻ യുദ്ധത്തിനിടയിൽ പെട്ട മലയാളികളെ രക്ഷപ്പെടുത്താനുള്ള വലിയ ദൗത്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ നിരയിലുണ്ട്. പ്രാഥമിക ഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ കോൺഗ്രസ് സംഘടനകൾ വഴി രക്ഷാദൗത്യം ഏകോപിപ്പിക്കാനാണ് കെപിസിസി ശ്രമിച്ചത്. വിദേശത്തെ നമ്മുടെ കുട്ടികളെ ഉൾപ്പെടുത്തി കെപിസിസി ഹെൽപ് ഡസ്ക് രൂപീകരിച്ചു. നവ മാധ്യമങ്ങളിലൂടെ ആ വിവരം ജനങ്ങളിലെത്തിച്ചു.
ഇന്ത്യൻ എംബസി കുട്ടികളുടെ കോളുകൾ സ്വീകരിക്കുന്നുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ യുദ്ധ മേഖലകളിൽ നിന്നും മലയാളികൾ നമ്മുടെ നമ്പരുകളിൽ വിളിക്കുകയും വിവരങ്ങൾ പറയുകയും അവരുടെ ദൃശ്യങ്ങൾ പുറത്തെത്തിക്കുകയും ചെയ്തു.
ബങ്കറുകളിലെ ദയനീയ ജീവിതവും ഷെല്ലിംഗ് ഭീകരതയും എംബസ്സിയിലും മാധ്യമങ്ങളിലുമെത്തിക്കാൻ ആ ദൃശ്യങ്ങളിലൂടെ നമ്മുടെ ഹെൽപ്പ് ഡസ്കിന് കഴിഞ്ഞു.
രാഷ്ട്രീയത്തിനതീതമായി പോളണ്ടിലും മറ്റും മലയാളികളുടെ കൂട്ടായ്മയുണ്ടാക്കി. കുട്ടികൾക്കും എംബസ്സിയ്ക്കുമിടയിൽ കെപിസിസിയുടെ ഹെൽപ് ഡസ്ക് ഒരു പാലം പോലെ പ്രവർത്തിച്ചു.
ഉക്രെയ്ൻ അതിർത്തിയിൽ എത്തുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ തളർന്നു വരുന്ന അവർക്ക് നമ്മുടെ പ്രവർത്തകർ പറ്റാവുന്ന സഹായങ്ങളൊക്കെയൊരുക്കിയിട്ടുണ്ട്.
റെഡ് ക്രോസിൻ്റെയും മലയാളി നഴ്സുമാരുടെയും സഹായത്തോടെ അതിർത്തിയിൽ എത്തിയവർക്ക് പ്രഥമശുശ്രൂഷ നൽകി. എംബസ്സിയുടെ വാഹനങ്ങൾ കുട്ടികൾ കുടുങ്ങി കിടക്കുന്ന ഭാഗങ്ങളിലേയ്ക്ക് എത്തിച്ച് രക്ഷാപ്രവർത്തനം നടത്താൻ ഹെൽപ് ഡസ്കിന് കഴിഞ്ഞു.
മാതാപിതാക്കൾക്ക് ആശ്വാസമായി കുട്ടികളെ കണ്ടെത്താനും വിവരങ്ങൾ കൊടുക്കാനും കഴിഞ്ഞു.
മലയാളികളെ അവഗണിക്കുന്ന അവസ്ഥ ഇപ്പോൾ ക്യാംപിലുണ്ട്. ഇന്ത്യയിലെത്താനുള്ള ഫ്ലൈറ്റ് ടിക്കറ്റ് നൽകുന്നതിലൊക്കെ ഏജൻ്റുമാർ അവർക്ക് താത്പര്യമുള്ളവർക്ക് മുൻ ഗണന കൊടുക്കുന്നുണ്ട്.
എന്നാൽ നമ്മുടെ ശക്തമായ ഇടപെടൽ കൊണ്ട് കാര്യങ്ങൾ മലയാളികൾക്കും അനുകൂലമാക്കിയിട്ടുണ്ട്.
ദൗത്യം തുടരുകയാണ്. 13000 ഫോൺ കോളുകളോളം ജിൻസും ഗോകുലും ജോയലും മനുവും ജീവകും അസറുദ്ദീനും ഒക്കെ അടങ്ങുന്ന നമ്മുടെ പ്രവർത്തകർക്ക് ലഭിച്ചു.അഞ്ഞൂറോളം കുട്ടികളെ അതിർത്തി കടത്തി കെപിസിസി സേവനം തുടരുകയാണ്.
പിണറായി വിജയനും സംസ്ഥാന സർക്കാരും നോക്കുകുത്തികളായി നിൽക്കുമ്പോളാണ് കോൺഗ്രസ്സിൻ്റെ ചുണക്കുട്ടികൾ ഉറങ്ങാൻ പോലും പോകാതെ രക്ഷാപ്രവർത്തനത്തിൻ്റെ മുൻ നിരയിൽ നിൽക്കുന്നത്. മുന്നണിയിൽ നിന്ന് കാര്യങ്ങൾ സംഘടിപ്പിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഒപ്പം KMCC പോലുള്ള സംഘടനകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
കുട്ടികളേ,
നിങ്ങളെ ഓർത്ത് ഈ പ്രസ്ഥാനം അഭിമാനം കൊള്ളുകയാണ്. അവസാനത്തെ മലയാളിയെയും ഉക്രയ്നിൽ നിന്നും രക്ഷിക്കുന്നതു വരെ നിങ്ങൾ ദൗത്യം തുടരുക.
ജയ് ഹിന്ദ്.