22/01/2022
മാപ്പിള സമുദായവും മാപ്പിള സഖാക്കളും
___________________________
ജമാഅത്തും മുസ്‌ലിം സമുദായവും തമ്മിലെന്ത് ? എന്ന പേരിൽ 'അസീസ് തുവ്വൂർ' എന്നൊരാൾ എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ കാണാനിടയായി
"ഇസ്‌ലാം ആശയസംവാദത്തിന്റെ സൗഹൃദ നാളുകൾ " എന്ന പേരിൽ ജമാഅത്തെ ഇസ്‌ലാമി നടത്തിയ കാമ്പയിൻ ഇടത് പാളയങ്ങളിൽ എന്തുമാത്രം അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ ചെറിയ ഒരു ഉദാഹരണം മാത്രമാണത്
അന്തരീക്ഷ പാളിയിലെ ആദ്യത്തേതായ 'ട്രോപ്പൊസ്‌ഫിയറി'നെ അനുസ്മരിച്ചാൽ അതിൽ ഉയരം കൂടും തോറും ചൂട് കുറയുന്നു എന്നതാണെങ്കിൽ
ഒരു മുസ്‌ലിം, കമ്മ്യൂണിസ്റ്റ് ചക്രവ്യൂഹത്തിൽ അകപ്പെട്ടാൽ പാർട്ടിയിൽ അവരുടെ പദവി കൂടും തോറും അവരിലെ ഇസ്‌ലാമിന്റെ സാന്ദ്രത കുറയും എന്നാണല്ലോ അനുഭവ പാഠം . ഇസ്‌ലാമിക ബോധവും ഉയർത്തിപ്പിടിച്ചുകൊണ്ട് അവർക്ക് പാർട്ടിയിൽ നില നിൽക്കാനോ വളരാനോ കഴിയില്ല എന്നർത്ഥം . അത്തരക്കാരായ ആളുകൾ ചുരുങ്ങിയത് ഇസ്ലാമിനെക്കുറിച്ച് പറയാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കണം പക്ഷേ , ജമാഅത്തെ ഇസ്‌ലാമി ഉയർത്തിപ്പിടിക്കുന്ന ഇസ്‌ലാമിക സ്വത്വ സംരക്ഷണ ശ്രമം കേരളത്തിൽ ഫലം കാണുകയും തങ്ങളുടെ ഉട്ടോപ്യൻ വർഗ്ഗരാഷ്ട്രീയം 'സോവിയറ്റ് യൂണിയൻ' ആവർത്തിക്കുകയും ചെയ്യുമെന്ന് അവർ ന്യായമായും ഭയപ്പെടുന്നു . അതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമിയേക്കാൾ സമുദായത്തിൽ സ്വാധീനം തങ്ങൾക്കാണെന്ന് ഈ ജലകുമിളകൾ വീമ്പടിക്കുന്നത് .
"ഡിവൈഡ് ആൻഡ് റൂൾ " പരീക്ഷിച്ച് വിജയിച്ച ബ്രിട്ടഷുകാരിൽ നിന്നും പഠിച്ച പാഠം ഇപ്പോഴും തെറ്റുകൂടാതെ ഉരുവിട്ടുകൊണ്ടിരിക്കുന്ന കേരളാ സി പി എം മുസ്ലിംകൾക്കിടയിൽ നടക്കുന്ന ഏത് ഐക്യശ്രമങ്ങളെയും ഭയപ്പെടുക സ്വാഭാവികമാണ്.
എന്നാൽ ഇതിനെ മറികടക്കാനുള്ള മെയ് വഴക്കം സി എ എ , എൻ ആർ സി ആനന്തരം മുസ്‌ലിംലീഗ് അടക്കമുള്ള മുസ്‌ലിംകൾ നേടിയെടുത്തിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും അതിൽ ഭാഗഭാക്കാകാനും ജൈവികമായ ശേഷിയില്ലാതെ പോയത് ഇസ്‌ലാമിന്റെ സാന്ദ്രതയില്ലാത്തവർ ആരൊക്കെയാണോ അവർ മാത്രമാണ്
കേരളത്തിൽ സംഘികളെയും കൃസംഘികളെയും തരാതരം കൂട്ടുപിടിച്ചും തലോടിയുമാണ് 'കാപ്റ്റന്റെ' നേതൃത്വത്തിൽ രണ്ടാമതും കേരളം അവർ കൈക്കലാക്കിയത് അതിന്റെ 'ഹാങ്ങോവർ' വിടാത്തതുകൊണ്ടാണ് കേരളാ രാഷ്ട്രീയം പറയുന്നേടത്തും തുർക്കിയും , ഓട്ടോമൻ ഖിലാഫത്തും ഹാഗിയ സോഫിയയും പുട്ടിലെ പീര പോലെ കടന്നുവരുന്നത്
1453 ൽ സുൽത്താൻ മുഹമ്മദ് അൽഫാതിഹ് കോൺസ്റ്റാന്റിനോപ്പോൾ കീഴടക്കിയപ്പോൾ ക്രിസ്ത്യാനികളിൽനിന്നു വില കൊടുത്തു വാങ്ങി ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റി എന്നും , അങ്ങനെ വഖഫ് ചെയ്ത കെട്ടിടമാണ് ഹാഗിയാ സോഫിയ എന്നും , അന്ന് മുതൽ 1935 ൽ കമാൽ അത്താതുർക്ക് അത് മ്യുസിയമാക്കി മാറ്റുന്നതുവരെയുള്ള അഞ്ഞൂറോളം വർഷവും അത് മസ്ജിദ് തന്നെയായിരുന്നു എന്നുമൊക്കെയുള്ള ചരിത്ര വസ്തുതകൾ പരാമർശവിധേയമാകാതെ പോകുന്നതിലും നമുക്ക് അത്ഭുതമൊന്നും തോന്നാത്തതും അതുകൊണ്ടൊക്കെ തന്നെയാണ്
കേന്ദ്രത്തിൽ കോണ്ഗ്രസ് മൃദുഹിന്ദുത്വം കളിച്ചാണ് 'നായ തൊട്ട കലം പോലെ' ആയത് എന്നറിയാത്തവരായി ആരുമില്ല അതുകൊണ്ട് കേരളത്തിൽ ഇപ്പോൾ സി പി എം തീവ്രഹിന്ദുത്വത്തിൽ തന്നെ സംഘ് പരിവാറിനോട് മത്സരിക്കാനുള്ള ശ്രമത്തിലാണ് എന്ന് കോടിയേരിയുടെ പുതിയ വെളിപാടുകളിൽ നിന്ന് ബോധ്യമാകുന്നുണ്ട്
അതിലും സംഘികളെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല എന്ന് കാലം തന്നെ നിങ്ങളെ പഠിപ്പിക്കണം എന്ന് വരുന്നത് കഷ്ടമാണ്
"ജമാഅത്ത് നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങൾ ഫലത്തിൽ ജമാഅത്ത് ലക്ഷ്യം വെക്കുന്നത് കമ്മ്യൂണിസ്റ്റ് കാരെ മാത്രമല്ല" എന്ന അസീസിന്റെ നിരീക്ഷണം വളരെ ശരിയാണ് .
ഇസ്‌ലാമിന്റെ മറുപക്ഷത്ത് നിൽക്കാൻ യോഗ്യമല്ലാത്ത എല്ലാ മനുഷ്യ നിർമ്മിത ഇസങ്ങളെയും ചിന്താധാരകളെയും ജമാഅത്ത് പ്രശ്നവൽക്കരിക്കുന്നുണ്ട്
അവർക്കാർക്കും അവരുടെ ആശയങ്ങൾക്കും ആദർശങ്ങൾക്കും ബലമുണ്ടെങ്കിൽ ജമാത്തുകാരുമായി സംവാദം ആകാവുന്നതുമാണ് .
ആശയമൊക്കെ എന്നോ മടക്കിവെച്ച് ആയുധംകൊണ്ട് മാത്രം സംസാരിക്കുന്ന കേരളാ സി പി എമ്മിന് അതറിയുമോ എന്നറിയില്ല
സോഷ്യലിസം എന്ന ഒരിക്കലും നടക്കാത്ത ഉട്ടോപ്യൻ ആശയം നടപ്പിലാക്കാൻ ശ്രമിക്കുന്നത് വർഗ്ഗീയവാദമല്ലാതാകുകയും എന്നാൽ ഏറ്റവും പ്രായോഗികവും ജനോപകാരപ്രദവുമായ ഇസ്‌ലാം നടപ്പിലാക്കണമെന്ന് പറയുന്നത് വർഗ്ഗീയ വാദവുമാകുന്നതിലെ ഗുട്ടൻസ് തിരിയണമെങ്കിൽ നിങ്ങൾ അകത്ത് സൂക്ഷിക്കുന്ന ഇസ്‌ലാം വിരുദ്ധതയുടെ തോത് എത്രയെന്ന് നോക്കിയാൽ മതി അളക്കാനുള്ള മാപിനി ഇപ്പോൾ മുസ്ലിംകളുടെ കയ്യിലുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞ വാരം ഇറങ്ങിയ മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെ കവർ പേജിലൂടെ ഒന്ന് സഞ്ചരിച്ചാൽ മതി .
നിങ്ങളെയടക്കം ഇന്ത്യയിൽ നിന്ന് പുറത്താക്കാനുള്ളവരുടെ ലിസ്റ്റും പോക്കറ്റിലിട്ട് മത രാഷ്ട്രം സ്ഥാപിക്കാനുള്ള rss ന്റെ ശ്രമവും ,
എല്ലാവരെയും ഉൾക്കൊണ്ടും ബഹുമാനിച്ചും എല്ലാവരുടെയും അസ്തിത്വവും അവകാശങ്ങളും സംരക്ഷിച്ചും ക്ഷേമരാഷ്ട്രം ലക്ഷ്യം വെക്കുന്ന ജമാഅത്തിന്റെ ശ്രമവും ഒരേ കണ്ണിലൂടെ കാണുന്ന ആ കാഴ്ചയിലും ഇസ്‌ലാം വിരുദ്ധത മാത്രമല്ലാതെ മറ്റൊന്നും ദർശിക്കാൻ ആർക്കും കഴിയില്ല .
നാസർ കാരക്കാട്