30/12/2023
ജമാഅത്ത് ഭരണഘടന ഭേദഗതിയും കഥയറിയാതെ ആട്ടം കാണുന്ന മുജാഹിദുകളും
_"ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ അവരുടെ ഭരണഘടന തിരുത്തിയിരിക്കുന്നു, മുമ്പ് ഹറാം എന്ന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ഹലാല്‍ ആക്കിയിരിക്കുന്നു, ഈ ആദര്‍ശമാറ്റത്തെ പോളിസി മാറ്റം എന്ന്‍ പറഞ്ഞ് ന്യായീകരിക്കുകയാണ് ജമാഅത്തുകാര്‍. ഉമര്‍ മൌലവിയുടെ പോരാട്ടത്തിന്റെ വിജയമാണിത്...."_
ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പ് ഭേദമന്യേ മുജാഹിദ് സുഹൃത്തുക്കള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണളുടെ രത്നച്ചുരുക്കമാണിത്. ഇതിൽ ജമാഅത്തെ ഇസ്ലാമി ഭരണഘടനയിൽ ഭേദഗതി വരുത്തിയിരിക്കുന്നു എന്നത് മാത്രമാണ് ശരിയായിട്ടുള്ളത്. (ഭരണഘടന 'തിരുത്തി' എന്ന പ്രയോഗം സൂക്ഷ്മമല്ല) ഭേദഗതി ചെയ്തിട്ടുണ്ടെന്ന കാര്യം ഒരു ജമാഅത്തുകാരനും നിഷേധിച്ചിട്ടുമില്ല. എന്തെന്നാല്‍ ജമാഅത്ത് അതിന്റെ ഭരണഘടന ഇതാദ്യമായല്ല ഭേദഗതി ചെയ്യുന്നത്. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഭേദഗതിയാകട്ടെ 2019 ൽ നടത്തിയതുമാണ്. (അതാകട്ടെ അവസാനത്തേതല്ല താനും.) എന്നിട്ടും എന്തോ വലിയ നിധി കിട്ടിയെന്ന വിധമാണ് 2023 ഡിസംബറിൽ മുജാഹിദുകൾ അത് എടുത്തുദ്ധരിക്കുന്നത്! നാല് വര്‍ഷത്തിലധികം പിന്നിലാണ് അവർ കിതച്ചോടിക്കൊണ്ടിരിക്കുന്നത് എന്നല്ലേ അതിന്നര്‍ഥം?!
ഒരു കേഡര്‍ പ്രസ്ഥാനമെന്ന നിലക്ക് ജമാഅത്തെ ഇസ്ലാമിക്ക് കൃത്യവും വ്യക്തവുമായ ഭരണഘടനയുണ്ട്. അതില്‍ ആദര്‍ശവും ലക്ഷ്യവും നയനിലപാടുകളും പാര്‍ട്ടി ഘടനയും വ്യവസ്ഥയുമെല്ലാം വ്യത്യസ്ത തലക്കെട്ടുകൾക്ക് കീഴിൽ രേഖപ്പെടുത്തപ്പെട്ടത് കാണാം. ഇവയില്‍ ഒരു നിലക്കും ഭേദഗതിയോ തിരുത്തോ പാടില്ലാത്തത് ആദര്‍ശം മാത്രമാണ്. അനിവാര്യമെങ്കില്‍ ഒരു സംഘടനയുടെ ലക്ഷ്യത്തില്‍ പോലും ഭേദഗതിയും മാറ്റവും ആവാം. നയനിലപാടുകളും പാര്‍ട്ടി ഘടനയും മെമ്പര്‍ഷിപ്പ് വ്യവസ്ഥകളുമെല്ലാം സാഹചര്യങ്ങളുടെ തേട്ടമനുസരിച്ച് ഭേദഗതികള്‍ക്ക് വിധേയമാക്കാവുന്നതാണ്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ കൂടാറുള്ള അഖിലേന്ത്യാ നുമാഇന്തഗാന്‍ (പ്രതിനിധി സഭ)യാണ് ജമാഅത്ത് ശൂറയിലെ പ്രത്യേക കമ്മിറ്റിക്ക് മുമ്പില്‍ ആവശ്യമെന്ന് തോന്നുന്ന ഭേദഗതി നിര്‍ദേശിക്കുക. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ശൂറ അത് തള്ളുകയോ കൊള്ളുകയോ മറ്റൊരു അവസരത്തിലേക്ക് മാറ്റിവെക്കുകയോ ചെയ്തേക്കാം. ഭൂരിപക്ഷാഭിപ്രായമുണ്ടെങ്കിലേ ഏതൊരു ഭേദഗതിയും വരുത്തുകയുള്ളൂ.
ജമാഅത്തെ ഇസ്ലാമി അതിന്റെ ഭരണഘടനയില്‍ ഇന്നുവരെ വരുത്തിയ ഭേദഗതികളില്‍ ആദര്‍ശത്തെ ബാധിക്കുന്നതോ, അതിനെ അട്ടിമറിക്കുന്നതോ, ഹറാം ഹലാല്‍ ആക്കുന്നതോ, ഹലാല്‍ ഹറാം ആക്കുന്നതോ ആയ വല്ലതുമുണ്ടെങ്കില്‍ അതാണ് വിമര്‍ശകര്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടേണ്ടത്. നാളിതുവരെ അങ്ങനെയൊന്ന് ഉണ്ടായതായി തെളിയിക്കാന്‍ മുജാഹിദുകള്‍ക്ക് കഴിഞ്ഞിട്ടില്ല, ഇനിയൊട്ട് കഴിയുകയുമില്ല.
ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശം ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് എന്നതാണ്. 'ഇലാഹി'ന്റെ ഉദ്ദേശ്യം എന്താണെന്നും, 'ഇബാദ'ത്തിന്റെ അർത്ഥ വിശാലത എത്രത്തോളമുണ്ടെന്നും, 'ത്വാഗൂത്ത്' എന്നതിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്നും ജമാഅത്തെ ഇസ്ലാമി യുക്തിയുക്തവും പ്രാമാണികവുമായി വിശദീകരിച്ചിട്ടുണ്ട്. അതിലെന്തെങ്കിലും മാറ്റങ്ങളോ തിരുത്തലുകളോ വരുത്തിയിട്ടുണ്ടെങ്കില്‍ അതാണ് മുജാഹിദ് സുഹൃത്തുക്കള്‍ വ്യക്തമാക്കേണ്ടത്.
ഇത്തരം വിഷയങ്ങളില്‍ കെ ഉമര്‍ മൌലവിയില്‍ നിന്ന്‍ ആരംഭിച്ചതും കെപി മുഹമ്മദ് മൌലവിയിലൂടെയും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയിലൂടെയും മറ്റും മുന്നോട്ട് നീങ്ങിയതുമായ ആരാധനാ മാത്ര മുജാഹിദ് യുക്തിവാദത്തെ ഇസ്ലാമിക ലോകത്ത് സലഫിലും ഖലഫിലും പെട്ട തലയെടുപ്പുള്ള ഇമാമുകളെയും ലോക സലഫി പണ്ഡിതന്മാരെയും ഉദ്ധരിച്ചുകൊണ്ട് ഭസ്മമാക്കിയ, ജമാഅത്തെ ഇസ്ലാമിയുടെ ഭാഗത്തുനിന്ന്‍ പുറത്തിറങ്ങിയ പഠനങ്ങള്‍ നിരവധി. അവയെ തിരുത്താന്‍ പോന്ന പണ്ഡിതന്മാര്‍ മുജാഹിദില്‍ ഇനിയും ജനിച്ചിട്ട് വേണം. അൽപമെങ്കിലും സലഫിയ്യത്ത് ഉണ്ടെങ്കിൽ ഒരു മുജാഹിദ് പണ്ഡിതനും അതിന് മിനക്കെടുകയില്ല താനും. ഇത്തരം വിഷയങ്ങളില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളായിരുന്നു പണ്ട് ഉമര്‍ മൌലവി നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നത്. അത് ക്രോഡീകരിച്ചാല്‍ വൈരുദ്ധ്യങ്ങളുടെ ഒരു മലബാര്‍ മഹോത്സവം തന്നെ ആസ്വദിക്കാം! (മുജാഹിദ് പണ്ഡിതനായ എന്‍വി സകരിയ്യയും ജമാഅത്ത് നേതാവായ ശൈഖ് മുഹമ്മദ് കാരകുന്നും ചേര്‍ന്ന് ചോദ്യം ഉത്തരം നിരൂപണം എന്ന രൂപത്തില്‍ എഴുതിയ 'ഫെയ്സ് റ്റു ഫെയ്സ്' എന്നൊരു പുസ്തകമുണ്ട്. അതില്‍ സകരിയ്യ മൌലവി ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് മറുപടി പറയവേ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഇടക്കിടെ ഉമര്‍ മൌലവിയെ ഉദ്ധരിച്ചത് കാണാം. അവയെ ന്യായീകരിക്കാനോ ഖണ്ഡിക്കാനോ കഴിയാതെ വന്നപ്പോള്‍ ചര്‍ച്ചയുടെ അവസാന ഭാഗത്തൊരിടത്ത് സകരിയ്യ മൌലവി ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറഞ്ഞുവെക്കുന്നത് 'ഉമര്‍ മൌലവിയില്‍ അതിജീവിക്കുന്ന പ്രസ്ഥാനം' എന്നാണ്! പച്ചമലയാളത്തില്‍ പറഞ്ഞാല്‍, മുജാഹിദുകളുടെ ജമാഅത്ത് വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ മുജാഹിദ് നേതാവായിരുന്ന ഉമര്‍ മൌലവിയുടെ വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര തന്നെ എടുത്തുദ്ധരിച്ചാല്‍ മതി എന്ന്‍! എന്നിട്ടും ജമാഅത്ത് ഭരണഘടനയിലെ ഭേദഗതി ആ ഉമര്‍ മൌലവിയുടെ വിജയമാണ് എന്നാണ് മുജാഹിദ് വാദമെങ്കില്‍ മുജാഹിദ് സംഘടന എട്ടുനിലയില്‍ പൊട്ടിത്തകര്‍ന്നതും അദ്ദേഹത്തിന്റെ വിജയമാണ് എന്ന്‍ പറയേണ്ടി വരും! അല്ലെങ്കിലും, ഉമർ മൗലവിക്ക് തൗഹീദിൽ തെറ്റുപറ്റി എന്നഭിപ്രായമുള്ളവർ മുജാഹിദുകൾക്കിടയിൽ തന്നെ ഉണ്ടായിരിക്കെ, അദ്ദേഹത്തിന്റെ സൽസബീൽ ചിലരുടെ വീക്ഷണത്തിൽ 'സിൽസിൽ ബൗൽ' ആണെന്നിരിക്കെ അവരിലെത്തന്നെ മറ്റു ചിലർ അതേ ഉമർ മൗലവിയെയും സൽസബീലിനെയും ഒന്നൊന്നര സംഭവമായി ഉയർത്തിക്കാണിക്കുന്നതിൽ എന്തർത്ഥം!
ഉമര്‍ മൌലവിയെപ്രതിയുള്ള മുജാഹിദുകളുടെ അവകാശവാദം സത്യസന്ധമാകണമെങ്കില്‍, മിനിമം ഭരണഘടന ഭേദഗതി ചെയ്യുകയില്ല എന്ന്‍ ജമാഅത്ത് അവകാശപ്പെടുകയും 'അല്ല, കാലക്രമത്തിൽ നിങ്ങളത് ഭേദഗതിവരുത്തുക തന്നെ ചെയ്യു'മെന്ന് ഉമര്‍ മൌലവി പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ടാവണം. അതല്ലെങ്കില്‍ നേരത്തെ പറഞ്ഞത് പോലുള്ള ആദര്‍ശ വിഷയത്തില്‍ വല്ല തിരുത്തും ജമാഅത്ത് വരുത്തിയിട്ടുണ്ടാവണം. അങ്ങനെ വല്ലതുമുണ്ടെങ്കില്‍ അതാണ് മുജാഹിദ് സുഹൃത്തുക്കള്‍ വ്യക്തമാക്കേണ്ടത്.
'ജമാഅത്തെ ഇസ്ലാമി ഭരണഘടന തിരുത്തുന്നു' എന്ന തലക്കെട്ടില്‍ എന്തോ അത്ഭുതം സംഭവിച്ചപോലെ മുജാഹിദുകളിൽ ഒരു വിഭാഗം പുറത്തിറക്കിയ ഹാഫിസ് ഷരീഫ്, അബ്ദുല്‍ ബാരി ബുസ്താനി എന്നിവരുടെ ഒരു അഭിമുഖ വീഡിയോ കണ്ടു. രൂപീകരിക്കപ്പെട്ട് 70 വര്‍ഷം പിന്നിട്ട ശേഷം ഇപ്പോഴാണ് ജമാഅത്ത് ആദ്യമായി ഭരണഘടന ഭേദഗതി (മുജാഹിദ് ഭാഷയിൽ തിരുത്ത്) വരുത്തുന്നത്, അതിപ്പോള്‍ പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പെട്ടെന്ന് നടത്തിയതാണ്, ജമാഅത്തിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പൊളിച്ചെഴുതുന്നതാണത്... എന്ന മട്ടിലാണ് അതിലെ സംസാരങ്ങള്‍. സംഭാഷണം അല്‍പം മുന്നോട്ട് പോകുമ്പോള്‍ ഇതേ മൌലവിമാര്‍ തന്നെ പറയുന്നു, ഈ മാറ്റം ഇപ്പോള്‍ ഉണ്ടായതല്ല, 1975 മുതല്‍ തന്നെ ഉണ്ടായിട്ടുണ്ടെന്ന്! എങ്കില്‍ പിന്നെ ഇപ്പോള്‍ ജമാഅത്ത് ഭരണഘടന തിരുത്തി, അത് ആദര്‍ശമാറ്റമാണ്, ഹറാം ഹലാലാക്കലും ശിര്‍ക്ക് തൌഹീദാക്കലുമാണ് എന്ന്‍ പറയുന്നതില്‍ എന്ത് വിശേഷം! '75 ന് മുമ്പും ശേഷവും പലതവണ 'തിരുത്തി'യിട്ടുണ്ടല്ലോ! അപ്പോഴൊന്നും ജമാഅത്ത് ആദര്‍ശം മാറ്റിയിരുന്നില്ല, നയം മാത്രമേ മാറ്റിയിരുന്നുള്ളൂ, ഇപ്പോഴാണ് ആദർശം മാറ്റിയത്/ തിരുത്തിയത് എന്നാണോ നിങ്ങളതിലൂടെ പറഞ്ഞുവെക്കുന്നത്?! -ഒന്ന് മനസ്സിലുറപ്പിച്ച് നാവുകൊണ്ട് വെളിവാക്കി പറയൂ...
'അനിസ്ലാമിക ഭരണവ്യവസ്ഥയോടുള്ള സമീപനത്തിന്റെ വിഷയത്തില്‍ സ്വന്തം ഭരണഘടനയില്‍ നിന്ന്‍ പിന്മാറിയ സ്ഥിതിക്ക് ജമാഅത്തെ ഇസ്ലാമിക്ക് ഇനി എന്ത് പ്രസക്തിയാണുള്ളത്' എന്നതാണ് മേല്‍ പറഞ്ഞ അഭിമുഖത്തില്‍ ഒരു മുജാഹിദ് മൌലവി ഉന്നയിക്കുന്ന ചോദ്യം. അതിന്, ഇന്ന് മാത്രമല്ല ഇന്നലെയും ജമാഅത്തിന് ഒരു പ്രസക്തിയുമില്ലായിരുന്നു എന്നാണ് അതിനോടുള്ള രണ്ടാമന്റെ കമെന്റ്! (ഉള്ളിലിരിപ്പും തീവ്രമായ ഹിസ്ബിയ്യത്തും കൊണ്ട് മാത്രം എട്ടുനിലയില്‍ പൊട്ടിയ, പരസ്പരം ശിര്‍ക്കും കുഫ്റും രിദ്ദത്തും ഹദീസ് നിഷേധവും ലിബറലിസവും യുക്തിവാദവും ആരോപിക്കുക വഴി ഭൂമിക്ക് ഭാരമായി മാറിയ മുജാഹിദിലെ ഏത് കഷ്ണത്തിനാണ് ഇപ്പോള്‍ പ്രസക്തിയുള്ളത്, ഉണ്ടെങ്കില്‍ അതെന്താണ് എന്ന്‍ മാത്രം ഇരുവരും പറഞ്ഞില്ല!) ഇസ്ലാം മനുഷ്യ ജീവിതത്തെ മുച്ചുടും ചൂഴ്ന്ന് നില്‍ക്കുന്ന ഒരു ജീവിത പദ്ധതിയാണെന്നും, കേവലം ആരാധനയല്ല, അനുസരണവും അടിമത്തവും ഉള്‍പ്പെടെ മുഴു ജീവിതവുമാണ് അല്ലാഹു മനുഷ്യരില്‍നിന്ന്‍ ആവശ്യപ്പെടുന്നത് എന്നും, അത് മതക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമായി വീതിച്ച് കൊടുക്കരുത് എന്നും, ഇസ്ലാമിന് സ്വന്തമായൊരു രാഷ്ട്രീയ വ്യവസ്ഥയുണ്ടെന്നും, ഹാക്കിമിയ്യത്താണ് അതിന്റെ അടിസ്ഥാനമെന്നും, മറ്റേതൊരു രംഗത്തുമെന്നത് പോലെ രാഷ്ട്രീയ രംഗത്ത് അത് പ്രബോധനം ചെയ്യാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണെന്നും, അത് ഗർഹണീയമായ മതരാഷ്ട്രവാദമല്ല, പ്രവാചകന്മാരുടെ മാതൃകയാണ് എന്നും പറയാന്‍ ജമാഅത്തെ ഇസ്ലാമിയല്ലാതെ മാറ്റാരാണ് ഇവിടെയുള്ളത്? ഇത്തരം വിഷയങ്ങളിൽ അൾട്രാ സെക്യൂലറിസ്റ്റുകൾക്ക് പരവതാനി വിരിക്കുന്ന ഏർപ്പാടാണ് മുജാഹിദുകളുടേതെന്നിരിക്കെ അഭിനവ കാലത്ത് അവർക്കെന്ത് പ്രസക്തി?!
പരാമൃഷ്ട അഭിമുഖത്തില്‍ ഉമര്‍ മൌലവിയുടെ ഒരു വീഡിയോ സംസാരം കേള്‍പ്പിക്കുന്നുണ്ട്. ഒട്ടനവധി പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്യുകയും ധാരാളം കിതാബുകള്‍ പരിശോധിക്കുകയും ഉമറാബാദില്‍ പോയി ലിസാനുല്‍ അറബ് നോക്കുകയും ചെയ്തപ്പോള്‍ ഉമർ മൗലവിക്ക് മനസ്സിലായത് ഇബാദത്തിന് അനുസരണം എന്ന്‍ അര്‍ഥമില്ല എന്നാണത്രേ! ഏത് ലിസാനുല്‍ അറബ്? ഇബ്നുല്‍ മന്‍സൂര്‍ രചിച്ച, അറബിയിലെ ഏറ്റവും വലിയ ഡിക്ഷ്ണറികളിലൊന്നായ, ഇബാദത്തിന് താഴെ കൊടുത്ത വിധം വിശദീകരണം നൽകിയ ലിസാനുല്‍ അറബ്!
العبادة: الطاعة ، عبد الطاغوت: اي أطاعه ، اياك نعبد: أي نطيع الطاعة التي نخضع معها،،، اعبدوا ربكم/، اي أطيعوا ربكم ،،، ومعنى العبادة في الاصل الطاعة مع الخضوع
(ഇബാദത്ത് എന്നാല്‍ അനുസരണം... ത്വാഗൂത്തിന് ഇബാദത്ത് ചെയ്തു എന്ന്‍ പറഞ്ഞാല്‍ അതിനെ അനുസരിച്ചു എന്നർഥം... 'നിനക്കു മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു': അതായത് വിധേയത്വത്തോട് കൂടിയ അനുസരണം ഞങ്ങള്‍ നിനക്കു മാത്രമാക്കുന്നു... 'നിങ്ങളുടെ റബ്ബിന് ഇബാദത്ത് ചെയ്യുക': അഥവാ നിങ്ങളുടെ റബ്ബിനെ അനുസരിക്കുക. ഇബാദത്തിന്റെ അടിസ്ഥാനപരമായ അര്‍ഥം താഴ്മയോട് കൂടിയ അനുസരണമെന്നാണ്.)
ഭാഷാപരമായും സാങ്കേതികമായും ഇബാദത്തിന് അനുസരണം എന്ന അര്‍ഥമുണ്ടെന്നും ഖുര്‍ആനിലെ തൌഹീദീ സൂക്തങ്ങളില്‍ അത് ഉദ്ദേശ്യമാണെന്നും ഈ വിവരണത്തില്‍ നിന്ന്‍ തന്നെ മനസ്സിലാക്കാമെന്നിരിക്കെ, ഉമര്‍ മൌലവിയുടെ വാദവും ലിസാനുല്‍ അറബിലെ ഇബാദത്ത് വിവരണവും മുമ്പില്‍ വെച്ച് ചിന്തിക്കുമ്പോള്‍ ഒരു കാര്യം വ്യക്തം. ഒന്നുകില്‍ ഉമര്‍ മൌലവി ലിസാനുല്‍ അറബ് കണ്ടിട്ടില്ല. അല്ലെങ്കില്‍ മൂപ്പര്‍ക്ക് വായിച്ചിട്ട് മനസ്സിലായിട്ടില്ല. അതുമല്ലെങ്കില്‍ മൗലവി പച്ചക്കള്ളം തട്ടിവിടുന്നു. സൌദിയില്‍ പഠിച്ച ഉമര്‍ മൌലവി ലിസാനുല്‍ അറബ് കാണാതിരിക്കാനോ അതില്‍ പറഞ്ഞത് മനസ്സിലാകാതിരിക്കാനോ തരമില്ല. അപ്പോള്‍ പിന്നെ ഒരേയൊരു സാധ്യതയുള്ളത് ഒന്നൊന്നര കള്ളമാണ് അദ്ദേഹം തട്ടിവിട്ടത് എന്നതിന് മാത്രമാണ്. എന്നിട്ട് അതാണ് ഇപ്പോള്‍ ചില യുവ മുജാഹിദ് മൌലവിമാര്‍ വലിയ കാര്യമെന്നോണം കൊണ്ടുനടക്കുന്നത്! (ലിസാനുല്‍ അറബ് നോക്കാന്‍ ഉമറാബാദിലൊന്നും പോകേണ്ടതില്ല, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അത് ഉമർ മൗലവിയുടെ മൂക്കിന് താഴെ തിരൂര്‍കാട് ഇലാഹിയ്യാ കോളേജ് ലൈബ്രറിയില്‍ ഉണ്ടായിരുന്നു എന്നത് മറ്റൊരു തമാശ! ജമാഅത്തെ ഇസ്ലാമി കേരളയുടെ പ്രഥമ അമീര്‍ വിപി മുഹമ്മദലി (ഹാജി സാഹിബ്) കെഎം മൌലവിയുടെ മേല്‍ കുഫ്റ് ആരോപിച്ചു എന്നും ഇതേ പ്രസംഗത്തില്‍ ഉമര്‍ മൌലവി തട്ടിവിടുന്നുണ്ട്. അതൊക്കെ വിശ്വസിക്കാൻ മുജാഹിദുകളുടെ ജീവിതം ഇനിയും ബാക്കി!!)
തീര്‍ന്നില്ല, ഇബാദത്തിന് -ഭാഷയിലും ശറഇലും- അനുസരണം എന്നര്‍ഥമില്ല എന്നാണെങ്കില്‍, അതാണ് ഒട്ടനവധി പണ്ഡിതന്മാര്‍ പറയുകയും അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്തിട്ടുള്ളതെങ്കില്‍ പിന്നെ എന്തിനാണാവോ ഇതേ ഉമര്‍ മൌലവി ഇമാമുല്‍ മുഫസ്സിരീന്‍ ഇബ്നു ജരീര്‍ അത്ത്വബരി മുതൽ ഇമാം ഖുര്‍തുബി, ഇമാം റാസി, ഇമാം നവവി ഉൾപ്പെടെ ആധുനിക പണ്ഡിതന്മാരായ സയ്യിദ് റശീദ് റിദാ, ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖ്, ശൈഖ് ഇബ്നുബാസിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം സലഫി പണ്ഡിതന്മാര്‍ എന്നിവരെയെല്ലാം ഇബാദത്ത് വിഷയത്തില്‍ -അവര്‍ക്ക് തെറ്റ് പറ്റി എന്നു വാദിച്ചുകൊണ്ട്- പച്ചയായി തള്ളിപ്പറഞ്ഞത്?! സൌദി ഗ്രാന്‍റ് മുഫ്തിയായിരുന്ന ശൈഖ് ഇബ്നുബാസിന്‍റെ സാന്നിദ്ധ്യത്തില്‍ ഇബാദത്തിന്റെ ഉദ്ദേശ്യമെന്ത് എന്നതുള്‍പ്പെടെയുള്ള ജമാഅത്ത്-മുജാഹിദ് തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അദ്ദേഹം കൈകൊള്ളുന്ന തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകാം എന്ന്‍ പറഞ്ഞു കോഴിക്കോട്ടുവെച്ച് സൌദിയിലെ തന്നെ രണ്ട് പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം ആ കരാര്‍ പത്രിക ഉമര്‍ മൌലവിയും മുജാഹിദ് നേതാക്കളും കൂടി മുക്കിയത് എന്തിനായിരുന്നു?! 1980 കളില്‍ ഖത്തറില്‍ വെച്ച് സലഫി പണ്ഡിതനായ ശൈഖ് ഇബ്നു ഹജറിന്റെ സാന്നിധ്യത്തില്‍ ജമാഅത്ത്-മുജാഹിദ് തര്‍ക്കം ചര്‍ച്ച ചെയ്യാനുള്ള ജമാഅത്ത് പ്രവര്‍ത്തകരുടെ ക്ഷണത്തോട് അനുകൂലമായി പ്രതികരിച്ച ശേഷം -തൊട്ടടുത്ത ദിവസത്തേക്കുള്ള വിമാന ടിക്കറ്റ് സ്വന്തം ചിലവില്‍ ഞാന്‍ മാറ്റി എടുത്തുതരാം എന്ന്‍ എംവി മുഹമ്മദ് സലീം മൌലവി പറഞ്ഞിട്ടു പോലും- ഇതേ ഉമര്‍ മൌലവി പെട്ടെന്ന് നാട്ടിലേക്ക് വിമാനം കയറിയത് 'ധൈര്യം കൊണ്ടുള്ള വിറ'കൊണ്ടായിരിക്കും അല്ലേ?!
ഇസ്ലാമികേതര വ്യവസ്ഥക്ക് കീഴില്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളെ ഇസ്ലാമിനും മുസ്ലിംകള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുക, വലിയ തിന്മയെ തടുക്കാന്‍ ചെറിയ തിന്മയെ പിന്തുണക്കുക എന്ന നിലപാട് സ്വീകരിച്ച് വോട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോഴൊന്നും ജമാഅത്തിന് ആദര്‍ശമാറ്റം സംഭവിക്കുകയോ അവര്‍ ഹറാം ഹലാല്‍ ആക്കുകയോ ചെയ്തിട്ടില്ല എന്നല്ലേ, ഇപ്പോഴത്തെ ഭരണഘടനാ ഭേദഗതിയിൽ വിവാദമുണ്ടാക്കുന്ന മേൽ പറഞ്ഞ വീഡിയോ അഭിമുഖക്കാർ ഉൾപ്പെടെ ഓരോ മുജാഹിദുകാരനും പറയാതെ പറയുന്നത്? അങ്ങനെയെങ്കില്‍, പണ്ട് ജമാഅത്ത് ശൂറയെ മുജാഹിദുകള്‍ ഹലാല്‍-ഹറാമുകള്‍ മാറ്റിമറിക്കുന്ന സുനഹാദോസ് എന്ന്‍ വിളിച്ചാക്ഷേപിച്ചതോ? ശിര്‍ക്ക് എന്ന്‍ പറഞ്ഞിരുന്ന വോട്ട് പിന്നീട് ഹലാലാക്കി എന്ന്‍ തള്ളിമറിച്ചിരുന്നതോ?! നിയമനിര്‍മാണാധികാരം ഭൂരിപക്ഷത്തിന് എന്ന ജനാധിപത്യത്തിന്റെ അടിത്തറയും, മനുഷ്യരുടെ പൊതുജീവിതത്തില്‍ നിന്ന്‍ ദൈവത്തെയും മതത്തെയും മാറ്റിനിര്‍ത്തുന്ന പാശ്ചാത്യന്‍ മതേതരത്വവും തൌഹീദിന് വിരുദ്ധമാണ് എന്ന്‍ പറഞ്ഞതിന്റെ പേരില്‍ ജമാഅത്തിന്റെ മേല്‍ കുതിര കയറിയിരുന്നതോ? ഇപ്പറഞ്ഞ അടിസ്ഥാനങ്ങളില്‍ ഏതിനെയെങ്കിലും ജമാഅത്ത് ഭരണഘടനാ ഭേദഗതിയിൽ തള്ളിപ്പറയുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ ആ ഭേദഗതിയെങ്ങനെ ആദര്‍ശമാറ്റമാകും? അങ്ങനെയൊന്ന് മഷിയിട്ട് തെരഞ്ഞിട്ട് പോലും അതില്‍ കാണാനില്ലെങ്കില്‍ പിന്നെ ജമാഅത്തിന്റെ ഇപ്പോഴത്തെ ഭരണഘടനാ ഭേദഗതിയിൽ A മുതൽ Z വരെയുള്ള മുജാഹിദ് ഗ്രൂപ്പുകള്‍ക്ക് എന്തുണ്ട് വിശേഷം?!
പറയൂ, മുജാഹിദ് സുഹൃത്തുക്കളേ, ജമാഅത്ത് ആദര്‍ശം മാറ്റി എന്നാരോപിക്കാനായി അതിന്റെ ഭരണഘടനയില്‍നിന്ന്‍ നിങ്ങള്‍ ഉദ്ധരിക്കാറുള്ള വാചകങ്ങള്‍ ആദര്‍ശപരമോ ആദര്‍ശം വിശദീകരിക്കുന്ന കൂട്ടത്തിലുള്ളതോ ആണോ? സംഘടനാ അച്ചടക്കത്തിന്റെ ഭാഗമായുള്ള ജമാഅത്ത് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് വരുന്ന കാര്യങ്ങളല്ലെ? അതെങ്ങനെയാണ് ആദര്‍ശമാവുക? അതില്‍ വരുത്തുന്ന മാറ്റമെങ്ങനെയാണ് ആദര്‍ശമാറ്റമാവുക? 'ഓരോ ജമാഅത്തംഗത്തിനും താഴെ വിവരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായിരിക്കും' എന്ന ടൈറ്റിലിന് താഴെയും, ഉദ്ദിഷ്ട മാനദണ്ഡങ്ങളെക്കുറിച്ച് പറയവേ 'ഓരോ ജമാഅത്ത് അംഗവും താഴെ വിവരിക്കുന്ന സംഗതികള്‍ക്കായി പരിശ്രമിക്കേണ്ടതാണ്' എന്ന തലക്കെട്ടിന് കീഴിലുമായി പറഞ്ഞുവെച്ച വാചകങ്ങളെയാണല്ലോ നിങ്ങൾ നഗ്നമായി ദുർവ്യാഖ്യാനിക്കുന്നത്. ജമാഅത്ത് അംഗങ്ങള്‍ക്ക് മാത്രം ബാധകമായതും, സംഘടനാ അച്ചടക്കവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും അവര്‍ നിര്‍വഹിക്കേണ്ടതുമായ ഉത്തരവാദിത്വങ്ങളോ, കൈവരിക്കണമെന്ന്‍ പ്രസ്ഥാനം ആഗ്രഹിക്കുന്ന ഗുണങ്ങളോ ആയി എണ്ണിപ്പറഞ്ഞ കാര്യങ്ങളല്ലേ അത്? അവയിൽ ചിലതില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതെങ്ങനെയാണ് ആദര്‍ശമാറ്റമാവുക? ആകുമെന്നാണ് വാദമെങ്കില്‍, ആദര്‍ശം എന്നത് സംഘടനാ മെമ്പര്‍മാര്‍ക്ക് മാത്രം ബാധകമായതാണെന്നാണ് ജമാഅത്ത് പറയുന്നത് എന്നുകൂടി നിങ്ങള്‍ ആരോപിക്കാത്തതെന്ത്?! ജമാഅത്ത് പ്രവര്‍ത്തകരായി അറിയപ്പെടുന്നവരില്‍ 90% വും അംഗങ്ങള്‍ അല്ലാത്തവരാണല്ലോ. അവരെയൊക്കെ ശിർക്ക് ചെയ്യാനും ത്വാഗൂത്തിന് ഇബാദത്ത് ചെയ്യാനും ജമാഅത്ത് നേരത്തെ തന്നെ അനുവദിച്ചു, ഇപ്പോൾ ഈ ഭരണഘടന ഭേദഗതിയോടെ മെമ്പർമാരെയും അതിന്നനുവദിച്ചു എന്നാണോ നിങ്ങളുടെ ലേറ്റസ്റ്റ് വാദം?!
ഇസ്ലാമേതര വ്യവസ്ഥകളോടുള്ള ദീനിയ്യായ അടിസ്ഥാന നിലപാട് എന്താണ് എന്നത് ജമാഅത്ത് സവിസ്തരം വിശദീകരിച്ചിട്ടുള്ളതാണ്. ആ നിലപാടില്‍നിന്ന്‍ കടുകിട വ്യതിചലിക്കാതെ തന്നെ അത്തരം വ്യവസ്ഥകളോട് പ്രയോഗിക രംഗത്ത് സ്വീകരിക്കാവുന്ന ഇജ്തിഹാദിയ്യായ വ്യത്യസ്ത സമീപന രീതികളില്‍ ഒന്നില്‍ നിന്ന്‍ മാറി മറ്റൊന്ന് കൈകൊണ്ടാല്‍, അക്കാര്യം ഭരണഘടനയിൽ ഉൾപ്പെടുത്തിയാൽ അതെങ്ങനെയാണ് ആദര്‍ശമാറ്റമാവുക? ഇനിയും തിരിഞ്ഞില്ലെങ്കിൽ മുജാഹിദുകള്‍ക്ക് പെട്ടെന്ന് മനസ്സിലാവുന്ന ഒരു ഉദാഹരണം പറയാം: സമസ്തക്കാര്‍ ശിര്‍ക്ക് ചെയ്യുന്നവരാണ് എന്ന് നിങ്ങള്‍ പറയാറുണ്ടല്ലോ. അതില്‍ ശരിയുമുണ്ട്. അതേസമയം ശിര്‍ക്ക് ചെയ്യുന്ന സമസ്തക്കാരോട് വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട സമീപനമെന്താണ്? ഏതെങ്കിലും വിഷയത്തില്‍ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമോ? അവരുടെ മദ്രസകളില്‍ മുജാഹിദ് മെമ്പര്‍മാരുടെ കുട്ടികളെ ചേര്‍ക്കാമോ? ഇത്തരം വിഷയങ്ങളില്‍ ഇന്നലെ വരെ സ്വീകരിച്ച നിലപാട് മാറ്റി മറ്റൊരു നിലപാട് ഏതെങ്കിലും മുജാഹിദ് ഗ്രൂപ്പ് കൈകൊണ്ടാല്‍ അതിനെ ആദര്‍ശമാറ്റം എന്ന്‍ വിളിക്കാമോ? ഹലാല്‍-ഹറാമുകള്‍ മാറ്റിമറിക്കല്‍ എന്ന്‍ പറയാമോ? ഇല്ലെങ്കില്‍, ഇസ്ലാമേതര വ്യവസ്ഥകളോടുള്ള പ്രയോഗിക സമീപനത്തിന്റെ വിഷയത്തില്‍ അത്തരമൊരു മാറ്റമേ ജമാഅത്തെ ഇസ്ലാമി ഇന്നുവരെ കൈകൊണ്ടിട്ടുള്ളൂ. അത് മാത്രമേ ഭരണഘടനാ ഭേദഗതിയിലും നിങ്ങള്‍ക്ക് കാണാനാവൂ. അതിനെ ആദര്‍ശമാറ്റമാക്കി ചിത്രീകരിക്കുന്നത് നിങ്ങളുടെ ബുദ്ധിപരമോ വൈജ്ഞാനികമോ ആയ സത്യസന്ധതയില്ലായ്മയുടെയും അന്ധമായ സംഘടനാ വിരോധത്തിന്റെയും പ്രകടമായ ലക്ഷണം മാത്രമാണ്.
നേരത്തെ സൂചിപ്പിച്ച അഭിമുഖ വീഡിയോയിൽ മുജാഹിദ് മൗലവി പറഞ്ഞുവെക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഇപ്പോൾ പെട്ടെന്നുള്ള ഭരണഘടനാ തിരുത്തിൽ ദുരൂഹത/ രഹസ്യമായ ചില അജണ്ടകളുണ്ട് എന്നതാണത്. ഈ വാദത്തിന് തെളിവെന്നോണം ടിയാൻ പറഞ്ഞൊപ്പിക്കുന്നതാകട്ടെ, ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും RSS നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയും! അതിനെ രഹസ്യ JIH - RSS ചർച്ചയാക്കി മാറ്റി മുജാഹിദ് ബുസ്താനി! അതിന്റെ തുടർച്ചയാണത്രെ ജമാഅത്ത് ഭരണഘടനാ ഭേദഗതി! ഇമ്മാതിരി കള്ളങ്ങൾ തട്ടിവിട്ടപ്പോൾ പക്ഷേ മുജാഹിദ് മൗലവി സുപ്രധാനമായ ഒരു കാര്യമോർത്തില്ല, ജമാഅത്തിന്റെ ഭരണഘടന അവസാനമായി ഭേദഗതി ചെയ്തത് 2023ൽ അല്ല, 2019ൽ ആണ് എന്നതാണത്!
എന്തിനാണ് മുജാഹിദുകളേ, ഇസ്ലാഹികള്‍ എന്ന പേരും പറഞ്ഞുകൊണ്ട് ഇമ്മാതിരി ഉടായിപ്പും ഫസാദുമായി നടക്കുന്നത്? _''ഭൂമിയില്‍ ഫസാദുണ്ടാക്കാതിരിക്കുവിന്‍' എന്ന് അവരോട് പറയപ്പെട്ടാല്‍, 'ഞങ്ങള്‍ ഇസ്ലാഹിന്റെ ആളുകളാകുന്നു' എന്നണവര്‍ മറുപടി പറയുക. അറിയുക, അവര്‍ തന്നെയാകുന്നു ഫസാദുണ്ടാക്കുന്നവര്‍, പക്ഷേ, അവരത് അറിയുന്നില്ല."_ (അല്‍ബഖറ: 11,12) എന്ന ഖുര്‍ആനിക പരാമര്‍ശം നിങ്ങളെക്കുറിച്ചാകാതിരിക്കട്ടെ!
ഉടന്‍ പ്രതീക്ഷിക്കുക:
*_ജമാഅത്ത് ഭരണഘടനാ ഭേദഗതിയും പ്രൂഫും പോയിന്‍റുമില്ലാത്ത മുജാഹിദുകളും_*
(ജമാഅത്തിനെതിരായ മുജാഹിദ് ആരോപണങ്ങളുടെ രീതിശാസ്ത്രം കടമെടുത്ത് പറഞ്ഞാൽ, പല തവണ ആദർശം മാറ്റിയ മുജാഹിദുകളെക്കുറിച്ച് ഉദാഹരണ സഹിതം അവിടെ വായിക്കാം, ഇൻശാ അല്ലാഹ്.)
-അബ്ദുല്‍ അസീസ് പൊന്‍മുണ്ടം
30/12/2023