29/12/2023
ആയഞ്ചേരിയിൽ ആരോഗ്യ ഉപ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് നവീകരിച്ച ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു. പരേതനായ പീറ്റയിൽ കണാരൻ മാസ്റ്റർ സംഭാവന നൽകിയ 10 സെൻ്റ് സ്ഥലത്താണ് അര നൂറ്റാണ്ട് മുമ്പ് സബ് സെൻ്റർ കെട്ടിടം പണിതത്. അക്കാലത്ത് ആതുര ശുശ്രൂഷയ്ക്കും കൂടാതെ സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ, എന്നിവരും പ്രധാനമായും ആശ്രയിച്ചിരുന്നതും ഈ സബ് സെന്ററാണ്.
പിന്നീട് ചികിത്സയ്ക്കായി കുടുംബാരോഗ്യ കേന്ദ്രവും പോഷകാഹാര വിതരണത്തിന് അംഗൻവാടികളും സ്ഥാപിതമായപ്പോൾ ആരോഗ്യ സബ് സെൻ്ററിൻ്റെ പ്രസക്തി നഷ്ടപ്പെട്ടു. കൂടാതെ വർദ്ധിച്ചുവരുന്ന ജനസംഖ്യക്കാനുപാതികമായി ജീവനക്കാരുടെ അപര്യാപ്തതയും കെട്ടിടങ്ങളുടെ കാലോചിതമായ നവീകരണപ്രവർത്തി നടത്താത്തതും ഉപയോഗശൂന്യമാകുന്നതിന് ആക്കംകൂട്ടി.
ഇപ്പോൾ എൻ.ആർ. എച്ച്.എം. പദ്ധതിയിൽ നിന്ന് ഏഴ് ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ച് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാണ് നവീകരണ പ്രവർത്തി പൂർത്തീകരിച്ചത്. ഇനിമുതൽ ഒരു ജെ. എച്ച്. ഐ, ഒരു ജെ. പി എച്ച്. എൻ, ഒരു എം.എൽ.എസ്. പി. എന്നിവരുടെ സേവനം ലഭ്യമാണ്. പ്രാഥമിക ചികിത്സക്ക് സബ് സെൻ്റർ ആശ്രയിക്കുക വഴി കുടുംബാരോഗ്യ കേന്ദ്രത്തിലെ തിരക്ക് കുറക്കുകയെന്നതും ഇതിൻ്റെ ലക്ഷ്യമാണ്.
കെട്ടിടത്തിന്റെ ഉദ്ഘാടനം വടകര പാർലമെൻറ് അംഗം കെ. മുരളീധരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷ്റഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ സി.എച്ച്. മൊയ്തു, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഹാരിസ്, എം.വി.ഷൈബ, എൻ. അബ്ദുൽ ഹമീദ്, പി. കെ. ആയിഷ ടീച്ചർ, സി. എം. നജുമുന്നിസ, എ. സുരേന്ദ്രൻ, പ്രബിത അണിയോത്ത്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ചെറിയാൻ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ടി. കെ. അശോകൻ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, എൻ. കെ. ചന്ദ്രൻ, എം. ഇബ്രാഹിം മാസ്റ്റർ, ഒ. റഷീദ്, പുത്തൂർ ശ്രീവൽസൻ, മൻസൂർ ഇടവലത്ത്, ജെ.എച്ച്.ഐമാരായ സന്ദീപ്, ഇന്ദിര, ആശാവർക്കർ രൂപ കേളോത്ത് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് സരള ക്കൊള്ളിക്കാവിൽ സ്വാഗതവും സെക്രട്ടറി കെ.ശീതള നന്ദിയും പറഞ്ഞു.
ഫോട്ടോ: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ കെട്ടിടം കടമേരിയിൽ കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.