14/02/2024
Happy Valentine's Day 😊
Post Written By :തോമസ് റാഹേൽ മത്തായി
പ്രണയം നല്ല സുഖമുള്ളൊരു സംഭവമാണ്. മാനസികമായും ശാരീരികമായും ഒരു ബബ്ബിൾ ബാത്ത്. എന്നാൽ, അതേ പോലെ തന്നെ നമ്മെ വേദനിപ്പിക്കാനും മുറിപ്പെടുത്താനുമുള്ള കെൽപ്പും പ്രണയത്തിനുണ്ട്. പ്രണയത്തിൽ മുറിവേറ്റ്, ആ മുറിവുകൾ ഉണങ്ങാതെ, നിരന്തരമായ വേദനയും പേറി വർഷങ്ങളോളം ജീവിക്കുന്നവരില്ലേ.
അടിസ്ഥാനപരമായി, ചില കാര്യങ്ങൾ പ്രണയത്തെ കുറിച്ച് മനസ്സിലാക്കിയാൽ നന്നായിരിക്കുമെന്ന് തോന്നുന്നു. നമ്മുടെ ടീനേജ് പ്രായത്തിൽ ഈ കാര്യങ്ങളെ കുറിച്ച് ഒരു ബോധം ഉണ്ടായിരുന്നെങ്കിൽ അനുഭവിച്ച വേദനകൾക്ക് അല്പം ആശ്വാസം ഉണ്ടായേനെ. അത് കൊണ്ട് ഈ പോസ്റ്റിൽ ലളിതമായും കൃത്യമായും അവ പറയാൻ ശ്രമിക്കുന്നു.
1. പ്രണയം FOREVER അല്ലാ
ചെറുപ്പം തൊട്ട് കണ്ട സിനിമകളും സീരിയലുകളും നോവലുകളും എന്ത് തന്നെ പറഞ്ഞാലും സമർത്ഥിച്ചാലും, ഒരു പ്രണയവും FOREVER അല്ലാ. രണ്ട് വ്യക്തികളുടെ ഇടയിൽ ഓർഗാനിക് ആയി മൊട്ടിട്ട് വളർന്ന് വരുന്ന ഒരു പ്രതിഭാസമാണ് എന്നത് കൊണ്ട് തന്നെ അത് എല്ലാക്കാലവും നിലനിൽക്കുക എന്നത് അസംഭാവ്യമാണ്. അതിനൊരു തുടക്കമുണ്ട്, ഒടുക്കവുമുണ്ട്. ഒരു കേറ്റമുണ്ട്, ഇറക്കമുണ്ട്. ഓരോരുത്തർക്കും, ഓരോ പ്രണയത്തിലും, അതിന്റെ സ്പീഡും കാലാവധിയും വ്യത്യസ്തവുമായിരിക്കും. പ്രണയത്തിൽ നിൽക്കുന്ന രണ്ട് പേരിൽ തന്നെ, ഒരാളുടെ ഉള്ളിൽ പ്രണയം ആദ്യം മരിച്ചേക്കാം. അപ്പോഴും മറ്റേയാൾ പ്രണയത്തിന്റെ കേറ്റത്തിൽ നിൽക്കുകയാണെങ്കിൽ, അയാൾക്ക് ഒരു ഐഡിയയും കിട്ടില്ല എന്താണ് സംഭവിക്കുന്നത് എന്ന്, ഓടുന്ന ട്രെയിനിൽ നിന്ന് പറയാതെ വലിച്ചെറിയപ്പെട്ട പോലെ ആവും അയാൾ.
2. പ്രണയത്തിൽ ambivalence സ്വാഭാവികമാണ്
എപ്പോഴും, ഒരേ ഇന്റെൻസിറ്റിയിൽ, ആഞ്ഞടിക്കുന്ന ഒന്നല്ലാ പ്രണയം. ഇത് നമുക്ക് വേണോ വേണ്ടയോ, ഇയാൾ എനിക്ക് ചേരുന്ന പങ്കാളി ആണോ അല്ലെയോ എന്ന കൺഫ്യൂഷൻ, ഈ ambivalence, തികച്ചും സ്വാഭാവികമാണ്. ഒരു തിര പോലെ, ആ ഫീലിംഗിന് ഉയർച്ചയും താഴ്ചയും ഉണ്ടാവാം. ചിലപ്പോൾ ഈ വ്യക്തിയാണ് എന്റെ സർവവും, ഇയാൾക്ക് വേണ്ടിയാണ് ഞാൻ ജനിച്ചത് എന്ന് അനുഭവപ്പെടുന്ന പോലെ തന്നെ, ചിലപ്പോൾ ഇയാളാരാണ് എന്ന ലെവലിൽ തികഞ്ഞ നിർവികാരതയോ, അവരുടെ രീതികളോട് വെറുപ്പ് വരെയും തോന്നാം. കാരണം, അയാൾ വേറൊരു വ്യക്തിയാണ്, വേറെ മനുഷ്യനാണ്, എന്നത് തന്നെ. എല്ലാ കാര്യങ്ങളും അങ്ങനെ റെഡി ആവുന്നെ എങ്ങനെയാ, നിങ്ങൾക്ക് വേണ്ടി പറഞ്ഞ് ഉണ്ടാക്കുന്നെ അല്ലല്ലോ! അങ്ങനെ അല്ലാതെ, നിങ്ങൾ പ്രേമിക്കുന്ന വ്യക്തിയാണ് എല്ലാം, ദൈവമാണ് അയാൾ, എന്ന ലെവലിൽ എപ്പോഴും തോന്നുന്നുണ്ടെങ്കിൽ അതൊരു പ്രശ്നമാണ് താനും. കാരണം, നിങ്ങളപ്പോൾ ആ വ്യക്തിയെ അല്ലാ സ്നേഹിക്കുന്നത്, നിങ്ങളുടെ നീഡ്സിന്റെ അടിസ്ഥാനത്തിൽ മനസ്സിൽ നിർമ്മിച്ച ഒരു ഇമേജിനെ അയാളിലേക്ക് പ്രോജക്ട് ചെയ്യുന്നു എന്ന് മാത്രം. ആ ബബ്ബിൾ എപ്പോഴേലും പൊട്ടും.
3. പ്രണയം അൺകണ്ടീഷനൽ അല്ലാ
അതായത്, നല്ല പണിയെടുത്താലേ ഈ സംഭവം മുന്നോട്ട് പോവുള്ളൂ എന്ന്. ഓർഗാനിക് ആയി മൊട്ടിടുന്നെയെല്ലാം കൊള്ളാം, രണ്ട് പേരും അത്യാവശ്യം പണിയെടുത്താൽ മാത്രമേ അത് നിക്കുള്ളൂ. There's no way around it. ഒരാൾ തന്നെ എത്ര പണിയെടുത്തിട്ടും കാര്യമില്ലാ താനും. അത് മരിക്കും അത്ര തന്നെ! എന്താണ് ഈ പണി. ചുമതലകൾ പങ്ക് വെയ്ക്കുന്നത് മാത്രമല്ലാ, അങ്ങോട്ടും ഇങ്ങോട്ടും emotionally available ആയി ഇരിക്കുന്നതും വളരെ പ്രധാനമാണ്. സമയം ചെലവഴിക്കണം, നല്ല ക്വാളിറ്റി ടൈം. കരിയർ വളർച്ചക്ക് സമയവും എനർജിയും കൊടുക്കില്ലേ, പൈസയുണ്ടാക്കാൻ നമ്മൾ അത് പോലെ തന്നെ മെനക്കെടില്ലേ, പേരന്റിങ്ങിൽ വരെ നമ്മൾ അത് ശ്രദ്ദിക്കും, പക്ഷേ പാർട്ണറെ മാത്രം എപ്പോഴും നമ്മൾ ഗ്രാൻറ്റെഡ് ആയി എടുക്കുന്നു. അത് നടപ്പില്ല. സമയവും എനർജിയും കൊടുത്തു നന്നായിട്ട് അധ്വാനിച്ചാലെ പ്രണയവും നിലനിൽക്കുകയുള്ളൂ. അല്ലെങ്കിൽ വാടിക്കരിയും, പെട്ടെന്ന് തന്നെ.
4. പ്രണയിക്കുന്നയാൾ നിങ്ങളുടെ സ്വത്തല്ലാ
നിങ്ങളുടെ കാമുകി അല്ലെങ്കിൽ കാമുകൻ നിങ്ങളുടെ സ്വന്തമാണ് എന്ന ഫീലിങ് നല്ല റൊമാന്റിക്കാണ്, പക്ഷേ അയാൾ വേറൊരു വ്യക്തിയാണെന്നും, നിങ്ങളുടെ പ്രോപ്പർട്ടി അല്ലാ എന്നുമുള്ള ബോധ്യം എപ്പോഴും ഉണ്ടാവണം. ഒരു വ്യക്തി എന്ന നിലയിൽ, അയാളുടെ വികാരവിചാരങ്ങളുടെയും നിലപാടുകളുടെയും ഓട്ടോണമിയെ (autonomy) പൂർണ്ണമായും അംഗീകരിച്ചു, ആ സ്‌പേസ് ബഹുമാനിച്ച് നിന്നേ പറ്റൂ. വ്യത്യസ്തമായ അഭിപ്രായങ്ങളോ നിലപാടുകളോ ഉണ്ടെങ്കിൽ നിങ്ങൾക്ക് അവരുമായി സംസാരിച്ചു കോമൺ ഗ്രൗണ്ടിൽ എത്താം, അല്ലാതെ അവ അടിച്ചേൽപ്പിക്കാൻ പാടില്ല. ആ വ്യക്തിയുടെ സ്പേസിലേക്ക് അനുവാദമില്ലാതെ ഓടിക്കയറുന്നതോ, അത് നിയന്ത്രിക്കുന്നതോ, അയാളിൽ നിങ്ങളോടുള്ള പ്രണയം മരിക്കാൻ കാരണമായേക്കാം. കൂടെ നിൽക്കുമ്പോഴും, പരസ്പരം സ്‌പേസ് കൊടുത്തു, വ്യക്തിപരമായി നന്നായിട്ട് വളരാനും പൂവിടാനും രണ്ട് പേർക്കും സാധിക്കണം. അതിനാണ് പ്രേമിക്കുന്നത്. അല്ലാതെ ഒരാൾ ചീഞ്ഞ് മറ്റെയാൾക്ക് വളമാവുകയല്ലല്ലോ വേണ്ടത്.
5. Be kind in love
ഈഗോ ഇല്ലാതെ പ്രണയിക്കുക, പങ്കാളിയുടെ വികാരങ്ങളെ എപ്പോഴും കണക്കിലെടുക്കണം. ഇതൊരു മത്സരമോ, കംപാരിസണോ അല്ലാ എന്ന് എപ്പോഴും ഓർക്കുക. ഞാനെന്ന ഭാവം പൂർണ്ണമായും മാറ്റി വെയ്ക്കാൻ ആർക്കും പറ്റില്ലാ. എങ്കിലും, നമ്മുടെ ഓരോ വാക്കും ഓരോ പ്രവർത്തിയും നമ്മുടെ പങ്കാളിയെ എങ്ങനെ ഇമോഷണലി ബാധിക്കുമെന്നത് എപ്പോഴും ആലോചിക്കുക. അല്ലാതെ, ഞാൻ എന്തും മുഖത്ത് നോക്കി പറയും എന്ന ധാർഷ്ട്യത്തോടെ മനസ്സിനെ നോവിക്കുന്ന രീതിയിൽ സംസാരിക്കാതെ ഇരിക്കുക. സത്യങ്ങൾ kind ആയിട്ടും പറയാം, if you care about their emotions. ഇനി അഥവാ, അവരെ വേദനിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായെങ്കിൽ, ഈഗോ മാറ്റി വെച്ചു എത്രയും പെട്ടെന്ന് പോയി അവരോട് സംസാരിച്ചു ക്ഷമ ചോദിച്ചു അത് അലിയിച്ചു കളയുക. അല്ലാതെ മനസ്സിൽ ഇതെല്ലാം കൂട്ടിവെച്ചു കണക്ക് ചോദിക്കാൻ ഇരിക്കരുത്, നിങ്ങളുടെ ശത്രു അല്ലാ അപ്പുറത്തുള്ളത്, സ്നേഹിച്ചു വിശ്വസിച്ചു നിങ്ങളുടെ കൂടെ ജീവിക്കാൻ തീരുമാനമെടുത്ത ആളാണ്, അത് മറക്കരുത്.
നിങ്ങൾക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിലോ, വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിലോ, കമെന്റ് ഇടുക. എല്ലാവർക്കും മനസ്സ് നിറയേ പ്രണയവും ഉമ്മകളും നേർന്നു കൊള്ളുന്നൂ.
Original post link: https://www.facebook.com/photo/?fbid=7707853745911832&set=a.931777816852826