02/04/2024
മലകയറ്റം- രണ്ടാം ഭാഗം
ഗൾഫിലേക്ക് കപ്പൽ കയറി മദിരാശിയിൽ എത്തിയ നാടോടിക്കറ്റിലെ മോഹൻലാലിനെയും ശ്രീനിവാസനെയും പോലെ ഇളിഭ്യരായി നിന്നൂ ഞങ്ങൾ. ഇനി എന്ത് ചെയ്യണമെന്ന് ഞാനും അളിയനും മുഖത്തോടു മുഖം നോക്കി ഇരുന്നു ഗാഢമായി ആലോചിച്ചു.
ഒന്നുകിൽ ബസ് കയറി തൃശൂരിൽ എത്തി സ്‌പ്ലെൻഡർ ഉടമയെ കണ്ടു കാര്യം പറയാം; സ്റ്റെപ്പിനി താക്കോലുമായി തിരികെയെത്തി വണ്ടി കൊണ്ടുപോകാം. അല്ലെങ്കിൽ മലയാറ്റൂർ മല ഒന്നുകൂടി തിരികെ കയറി വിശ്രമിക്കാനിരുന്ന ഇടങ്ങളിൽ പരതിനോക്കാം, പക്ഷെ താക്കോൽ കിട്ടുമെന്ന് ഒരുറപ്പുമില്ല. ആദ്യത്തെ വഴി അഭിമാനികളായ ഞങ്ങൾക്ക് ‘ഈഗോ’പ്രശ്നമാണ്. ‘ഒരു താക്കോൽ പോലും സൂക്ഷിക്കാൻ കഴിയാത്തവർ’, എന്ന് സ്‌പ്ലെൻഡർ മുതലാളി ഞങ്ങളെ ‘താഴ്ത്തി’ കണ്ടാലോ.. എന്നൊരു വൈക്ലബ്യം. അത് സത്യമാണെങ്കിലും, സമ്മതിച്ചു കൊടുക്കാൻ അഭിമാനം സമ്മതിക്കുന്നില്ല. രണ്ടാമത്തെ വഴി തിരഞ്ഞെടുത്താൽ risk ആണ്. സമയം വേസ്റ്റ് ആണ്; താക്കോൽ കിട്ടുമെന്ന് ഒരുറപ്പുമില്ല.
വിശപ്പും ദാഹവും കൊണ്ട് ഒരടി മുൻപോട്ടു നടക്കാൻ ആവാത്ത വിധം ഞങ്ങൾ തളർന്നിരിക്കുന്നു. തിരിച്ചു നടന്നു മല കയറുക എന്നത് Herculian ടാസ്ക് ആയി ഞങ്ങൾക്ക് അനുഭവപ്പെട്ടു.
എന്തായാലും വീട്ടിലേക്കു ഫോൺ വിളിച്ചു ഞങ്ങളുടെ ധർമ്മസങ്കടം അറിയിച്ചു. വീട്ടുകാർ ഒറ്റകെട്ടായി മത്സരിച്, കാണാതെ പോകുന്ന വസ്തുക്കൾ ഒക്കെ കണ്ടുപിടിച്ചു തരുന്ന അന്തോണീസ് പുണ്യവാളനും, പിന്നെ ഏതൊക്കെയോ പുണ്യവാളന്മാർക്കും നേർച്ചനേരലും തുടങ്ങി. അവര് പറഞ്ഞു തരുന്ന ideas ഒക്കെ ഞങ്ങളെ കൂടുതൽ ആശയകുഴപ്പത്തിലാക്കി.
ഒരു അരമണിക്കൂർ ആലോചന കഴിഞ്ഞപ്പോ അളിയൻ ഒന്നനങ്ങി:
“താഴത്തെ enquiry ഓഫിസിൽ ഒന്നന്വേഷിച്ചാലോ?; നിലത്തുകിടന്നു ഏതെങ്കിലും സുമനസുകൾക്കു നമ്മുടെ താക്കോൽ കിട്ടുകയും , അതവർ ഓഫേഴ്സിലേൽപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലോ?”
അവന്റെ straightforward thinking നെ അഭിനന്ദിച്ചുകൊണ്ടു ഞങ്ങൾ ഓഫിസിലെത്തി. അവിടുത്തെ ഓഫീസർ, ഒരു bucket താക്കോലുകൾ ഞങ്ങൾക്ക് മുൻപിൽ കുടഞ്ഞിട്ടിട്ടു മൊഴിഞ്ഞു. “ ഇതെല്ലം ഇവിടെ വീണുകിട്ടിയ താക്കോൽക്കൂട്ടങ്ങൾ ആണ്. ഇപ്പറയുന്ന താക്കോൽ ഇതിലുണ്ടോയെന്നു നിങ്ങൾ തന്നെ കണ്ടുപിടിച്ചോളൂ.”
ഞെട്ടിപ്പോയി ഞങ്ങൾ!
അതിൽ “കുടുംബത്തിൽ പിറന്നത്” എന്ന് തോന്നിക്കുന്ന നാലോ , അഞ്ചോ എണ്ണം തിരഞ്ഞെടുത്തു കൊണ്ട് വന്നു, സർവ ദൈവങ്ങളെയും ധ്യാനിച്ച് കൊണ്ടും, ‘എങ്ങനെയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്തു തരണമെന്ന്’ splender സഖാവിനോട് ഭയഭക്തിയോടെ അഭ്യർത്ഥിച്ചു കൊണ്ടും, ഒന്നൊന്നായി ഓരോ താക്കോലുകൾ ഇട്ടു വണ്ടി സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചു. പക്ഷെ വണ്ടി നാലയലത്തു അടുക്കുന്നില്ല. മനസ് മടുത്ത അളിയൻ എന്നോട് ഒരു ചോദ്യം:
“ അല്ല ചേട്ടാ; നമുക്ക് ഒന്നൂടെ മോളിൽ കേറി ഒന്ന് അരിച്ചു പെറുക്കിയാലോ?”
“എന്നാ പിന്നങ്ങനെയാവട്ടെ” എന്ന് അതുകേട്ട പാടെ ഞാനും സമ്മതം മൂളി.
രണ്ടാം മലകയറ്റത്തിൽ ശരണം വിളികൾ ഒന്നുമുണ്ടായില്ല ; പതിനാലു സ്റ്റേഷനിലേക്കും ഞങ്ങളുടെ നോട്ടമെത്തിയില്ല; ഓരോ കാലടിയും അരിച്ചു പെറുക്കി സ്കാൻ ചെയ്തു ഞങ്ങൾ മലമുകളിൽ എത്തി. പള്ളിയകവും കുമ്പസാരക്കൂടിന്റെ പരിസരവും കാപ്പികടയുടെ ചുറ്റുവട്ടവും, നക്ഷത്രമെണ്ണി സ്വപ്‌നങ്ങൾ പങ്കിട്ടു മലർന്നു കിടന്ന പാറപ്പുറവും, എല്ലാം ഫോണിന്റെ ടോർച്ചുവെട്ടത്തിൽ അരിച്ചുപെറുക്കി നോക്കിയിട്ടും താക്കോൽ മാത്രം കണ്ടെത്താനായില്ല. നിരാശരായി വണ്ടിമുതലാളിക്കു മുൻപിൽ ഈഗോ പണയപ്പെടുത്താനുള്ള തീരുമാനവുമായി ഞങ്ങൾ മലമുകളിൽ നിന്ന് താഴോട്ടിറക്കം തുടങ്ങി. ബസ് കയറി thrishoor പോയി, പിന്നെ തിരിച്ചുവന്നു, വണ്ടിയെടുത്തു കൊണ്ടുപോവാനും ഒക്കെ വരുന്ന സമയനഷ്ടത്തെ കുറിച്ചും, അസമയത് ബസ് കിട്ടുമോ എന്നുള്ള ആശങ്കയും എല്ലാം ആലോചിച്ചു ഞങ്ങൾ വ്യാകുലരായി. അപ്പോഴും ഞങ്ങളുടെ നോട്ടം കാലടികളിലേക്കു തന്നെ.
പതിമൂന്നാം സ്ഥലം-“ നമ്മള് ചിലപ്പോ കൂടുതൽ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടാവും ചേട്ടാ. അതിന്റെ ശിക്ഷയാവും ..അതിന്റെ പരിഹാരം ആയിട്ടു ദൈവം ഈ സങ്കടം ഒക്കെ കണക്കുകൂട്ടിയാൽ മതിയായിരുന്നു.” എന്നൊക്കെ senti നിറഞ്ഞ ആത്മഗതം ചെയ്തു കൊണ്ടാണ് അളിയന്റെ നടപ്പു. “അതെപ്പോഴാ അത്രയ്ക്കും പാപം ചെയ്തത്?”എന്ന കൺഫ്യൂഷനുമായി ഞാനും.
പന്ത്രണ്ടാം സ്ഥലം കഴിഞ്ഞു. കർത്താവു കുരിശിൽ കിടന്നു “എന്തുകൊണ് അങ്ങ് എന്ന് കൈവിട്ടു? എന്ന് പിതാവായ ദൈവത്തോട് ചോദിക്കുന്നതും മരിക്കുന്നതും ഒക്കെ കേൾക്കുന്നുണ്ട്. ബാഗിലെ തുളയും ഞങ്ങളുടെ അശ്രദ്ധയും ഒക്കെ മറന്നു താക്കോൽ നഷ്ടപ്പെട്ടതിന്റെ റെസ്പോണ്സിബിലിറ്റി ദൈവത്തിനു വിട്ടു കൊടുത്തു കൊണ്ട് ഞങ്ങളും ചോദിച്ചു-“എന്ത് കൊണ്ട് ഞങ്ങളെ കൈവിട്ടു?” എന്ന്.
പതിനൊന്നാം സ്ഥലം കഴിഞ്ഞു. യേശുവിന്റെ കൈകാലുകളിൽ ആണിയടിച്ചു കയറ്റുന്നു- ഞങ്ങടെ കൈകാലുകളും ഏതാണ്ട് അതെ ഫീലിങ്ങിൽ.
പത്താം സ്ഥലം കഴിഞ്ഞു -“ഓറേശ്ളേം നഗരിയിലെ സ്ത്രീകൾ യേശുവിനെ ആശ്വസിപ്പിയ്ക്കാൻ എത്തുന്നു.” ഇവിടെ വീട്ടിൽ നിന്നുള്ള ഫോൺവിളികൾ ഇടയ്ക്കിടയ്ക്ക് ആശ്വസിപ്പിക്കാൻ എത്തുന്നുണ്ട്.
ഒൻപതാം സ്ഥലം:’ ഈശോ മൂന്നാം പ്രാവശ്യം നിലത്തു വീഴുന്നു’ …
എന്ന് പാരലൽ ആയി മുകളിലോട്ടു പോകുന്നവർ ചൊല്ലുന്നത് ഞങ്ങൾ കേൾക്കുന്നുണ്ട്! അവരെ മുട്ടാതിരിക്കാൻ മാക്സിമം ഒതുങ്ങിക്കൊടുക്കവേ,
അളിയന്റെ കാലടികളിൽ എന്തോ ഒന്ന് തടഞ്ഞു. കല്ലിൽ തട്ടിയപോലെ…. ‘കാലുമുറിഞ്ഞൊ?’ എന്നുചിന്തിച്ചു കുനിഞ്ഞ അവൻ ‘പരുക്കില്ല’ എന്നുറപ്പിച്ചു..കൂട്ടത്തിൽ യാദ്ര്ശ്ചികമായി കണ്മുന്നിൽ പാറകൾക്കിടയിൽ ഒരു ഇല കമഴ്ന്നു കിടക്കുന്നതു കണ്ടു അത് പെറുക്കിയെടുത്തു. അതിനടിയിൽ എന്തോ ‘തിളക്കം’.. ‘അതാ ഒരു താക്കോൽ’ എന്ന് തിരിച്ചറിഞ്ഞു. രണ്ടുകല്ലുകൾക്കിടയിൽ നിന്നും ആ കൊച്ചു താക്കോൽ പെറുക്കിയെടുത്തു. എന്നിട്ടു എന്റെ നേരെ തിരിഞ്ഞു.-“ “കണ്ടോ ചേട്ടാ , നമ്മുടെ പോലെ മറ്റേതോ മണ്ടന്മാരുടെ കയ്യിൽ നിന്നും പോയ താക്കോല്.. എന്തായാലും ഇത് ഓഫിസിൽ ഏൽപ്പിച്ചേക്കാം . ആർക്കെങ്കിലും എന്നെങ്കിലും ഉപകാരം ആയാലോ?”
“ശരിയാടാ മോനെ, എടുത്തോ”, എന്നും പറഞ്ഞു, ഞാൻ അവനെ തിരിഞ്ഞു നോക്കി. താക്കോൽ കണ്ണിൽ പെട്ടതും എന്റെ ഉള്ളിൽ തൃശൂര്പൂരത്തിന്റെ മേളം കൊട്ടിയതും ഒരുമിച്ചായിരുന്നു. “ “എടാ മോനെ , ഇത് നമ്മുടെ താക്കോലാടാ” എന്ന് പരിസരം മറന്നു ഞാൻ ആർത്തുവിളിച്ചു. ഭക്ത്യാധിസരം പ്രാർത്ഥനയിൽ മുഴുകിയിരുന്നവർ distracted ആയി എന്തുപറ്റിയെന്നാരാഞ്ഞു. “കളഞ്ഞു പോയ താക്കോൽ കണ്ടുകിട്ടീ” എന്നും വിളിച്ചുപറഞ്ഞു ഞങ്ങൾ താഴേക്ക് കുതിച്ചു.
അന്തോണീസ് പുണ്യവാളനാണോ, മലമുകളിലെ തോമാശ്ലീഹയാണോ, അതോ വീട്ടിലിരിക്കുന്നവർ വിളിച്ചു പ്രാർത്ഥിച്ച പരശ്ശതം പുണ്യവാളന്മാരാണോ, ഞങ്ങളുടെ ധര്മസങ്കടം തിരിച്ചറിഞ്ഞതും അഭിമാനം കാത്തതും എന്നതൊന്നും ഞങ്ങൾക്കറിയില്ല. എന്തായാലും നേർച്ചകളൊക്കെ ഡ്യൂ വരുത്താതെ പിന്നീട് തീർത്തു.
ഈ അനുഭവം ഞങ്ങളെ പഠിപ്പിച്ച പാഠങ്ങളുണ്ട്. ജീവിതം മലകയറുന്നതിനു തുല്യമാണ്.
ജീവിതത്തിൽ വന്ന വഴിയേ തിരിച്ചുപോവേണ്ടി വരുന്നതും, ഒരു ലക്ഷ്യത്തിനു വേണ്ടി പലതവണ ചില ശ്രമങ്ങൾ നടത്തേണ്ടി വരുന്നതും സ്വാഭാവികമാണ്. Ego ഒക്കെ മാറ്റിവച്ചു “തുടങ്ങിയിടത്തു നിന്നും വീണ്ടും തുടങ്ങുക” എന്നത് തന്നെ പ്രധാനം.അതല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നതാണ് സത്യം.